Jump to content

പുലകേശി രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ಬಾದಾಮಿ ಚಾಲುಕ್ಯರು
ബാദാമി ചാലൂക്യരാജവംശം
(543–753)
പുലകേശി I (543–566)
കീർത്തിവർമ്മൻ I (566–597)
മംഗളേശ (597–609)
പുലകേശി II (609–642)
വിക്രമാദിത്യ I (655–680)
വിനയാദിത്യ (680 -696)
വിജയാദിത്യ (696–733)
വിക്രമാദിത്യ II (733–746)
കീർത്തിവർമ്മൻ II (746–753)
ദന്തിദുർഗ്ഗ
(രാഷ്ട്രകൂടർ )
(735–756)

ചാലൂക്യവംശത്തിലെ ഏറ്റവും പ്രഗൽഭനായ ഭരണാധികാരിയായിരുന്നു പുലകേശി രണ്ടാമൻ ( ഇമ്മഡി പുലകേശി ) . ഹർഷവർദ്ധനന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ആക്രമണങ്ങൾ തടഞ്ഞതും[1], കാഞ്ചീപുരത്തെ പല്ലവരെ പരാജയപ്പെടുത്തിയതും[1] ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കുന്നു. പുലകേശി എന്ന പേരു പുലികേശി എന്നും ചില പുസ്തകങ്ങളിൽ പരാമർശിച്ചു കാണാറുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

പുലകേശിയുടെ സദസിലെ ജൈന കവിയായിരുന്ന രവികീർത്തിയുടെ ഐഹോളെ ലിഖിതങ്ങളിൽ നിന്നും ഈ രാജാവിന്റെ ഭരണകാലത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്.സംസ്കൃതത്തിലും പഴയ കന്നഡ ലിപിയിലും ആയി എഴുതിയ മികച്ച കാവ്യം തന്നെയായിരുന്നു പുലകേശി രണ്ടാമന്റെ ജീവചരിത്രം . തന്റെ ഇളയച്ഛനായ മംഗളേശയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാണ് പുലകേശിക്ക് രാജ്യാധികാരം ലഭിച്ചത്. എരേയ ( Ereya ) എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല നാമം. കിരീടധാരണത്തിനു ശേഷം പുലകേശി രണ്ടാമൻ എന്ന പേരിന്റെ കൂടെ ചാലൂക്യ പരമേശ്വര എന്നപേരു കൂടി ഇദ്ദേഹം സ്വീകരിച്ചിരുന്നു.

സാമ്രാജ്യം

[തിരുത്തുക]
പുലകേശി II ന്റെ ഭരണകാലത്ത് ചാലൂക്യ സാമ്രാജ്യം c. 640 CE.

ബനാവസിയിലെ കദംബർ, തലക്കാടിലെ ഗംഗർ, കുടകിലെ ആലൂപർ തുടങ്ങിയവരെ പുലകേശി കീഴടക്കി. മാൾവ, അവന്തി തുടങ്ങിയ പ്രദേശങ്ങളിലേക്കും ചാലൂക്യ സാമ്രാജ്യം വ്യാപിച്ചു. നർമദാ തീരത്ത് വച്ചു ഹർഷവർദ്ധനന്റെ സൈന്യത്തെ പുലകേശി പരാജയപ്പെടുത്തി. രവികീർത്തിയുടെ രചനകളനുസരിച്ച് പുലികേശി ഹർഷന്റെ മുന്നേറ്റം തടയുന്നതിനു പുറമേ കിഴക്കും പടിഞ്ഞാറുമുള്ള തീരപ്രദേശങ്ങൾ വരെ സൈനികമുന്നേറ്റം സംഘടിപ്പിച്ചു. ഹർഷൻ പരാജയത്തിനു ശേഷം ഹർഷൻ (സന്തോഷവാൻ) ആയിരുന്നില്ലെന്നും രവികീർത്തി കൂട്ടിച്ചേർക്കുന്നു[1]. ഉത്തര കൊങ്കണത്തിലെ മൗര്യന്മാരെയും ഇദ്ദേഹം പരാജയപ്പെടുത്തി.കാഞ്ചിയിലെ സമൃദ്ധിയെക്കുറിച്ച് അറിഞ്ഞ പുലകേശി രണ്ടാമൻ പല്ലവരാജാവായ മഹേന്ദ്രവർമ്മനെ ആക്രമിച്ച് (പുല്ലലൂർ എന്ന സ്ഥലത്തുവെച്ച്, ക്രി.വ. 620-ഇൽ) യുദ്ധത്തിൽ തോല്പ്പിച്ചു. പല്ലവർക്കു നേരെയുള്ള ആക്രമണവേളയിൽ പല്ലവരാജാവ് പുലകേശിയെ ഭയന്ന് കാഞ്ചീപുരത്തെ കോട്ടയിൽ ഒളിച്ചു എന്നും രവികീർത്തി സൂചിപ്പിക്കുന്നുണ്ട്[1].

പല്ലവരെ പരാജയപ്പെടുത്തി അദ്ദേഹം 611 ഇൽ വേങ്ങി കൈവശപ്പെടുത്തി. സഹോദരനായ കുബ്ജ വിഷ്ണുവർദ്ധനെ അവിടത്തെ അധികാരം ഏൽപ്പിച്ചു. ഈ വിഷ്ണുവർദ്ധൻറെ വംശമാണ്‌ പിന്നീട് കിഴക്കേ ചാലൂക്യർ എന്ന പേരിൽ വളർന്നു വന്നത്. [2]

പുലകേശി II,പേർഷ്യയിലെ സ്ഥാനപതിയെ സ്വാഗതം ചെയ്യുന്നു. രേഖാചിത്രം അജന്താ ഗുഹാചിത്രത്തെ ആസ്പദമാക്കി.

ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഷ്വാൻ ത്സാങ് ദക്ഷിണഭാരതം സന്ദർശിച്ചു. ദീർഘവീക്ഷണമുള്ള പ്രതിഭാശാലിയും ദയാലുവുമായ ഒരു ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന് ഷ്വാൻ ത്സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രജകൾ എല്ലാവരും രാജാവിന്റെ ആജ്ഞാനുവർത്തികൾ ആയിരുന്നു.[3] രാജ്യദ്രോഹത്തെക്കാൾ നല്ലത് മരണമെന്ന് അക്കാലത്തെ ജനങ്ങൾ കരുതിയിരുന്നു.[4] ദൃഡഗാത്രരായ ഉയരം കൂടിയ പ്രജകളെയായിരുന്നു ഷ്വാൻ ത്സാങ് കൂടുതലായി കണ്ടിരുന്നത്. തർക്കങ്ങൾ തീർക്കുവാനും മറ്റും ജനങ്ങളുടെ ഇടയിൽ ദ്വന്ദ്വയുദ്ധങ്ങൾ സാധാരണമായിരുന്നു. "[5]പുലകേശിയുടെ സൈനികർ മികച്ച പരിശീലനം ലഭിച്ചവരായിരുന്നു .സൈന്യത്തിൽ വ്യാപകമായി ആനകളെ ഉപയോഗിച്ചിരുന്നു. യുദ്ധത്തിനു മുന്പായി ആനകളെ മദ്യം കുടിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നതായി ഷ്വാൻത്സാങ് പറയുന്നു. പുലകേശി ഒരു ഹൈന്ദവ രാജാവായിരുന്നു എങ്കിലും ബുദ്ധമതത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. അക്കാലത്ത് നൂറോളം ബൗദ്ധവിഹാരങ്ങൾ കണ്ടതായി ഷ്വാൻത്സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. [6] ആ സമയത്ത് രാജ്യത്തെ 99,000 ഗ്രാമങ്ങൾ അടങ്ങുന്ന മൂന്നു മഹാരാഷ്ട്രകങ്ങൾ ആയി വിഭജിച്ചിരുന്നു. ഇന്നത്തെ കർണ്ണാടക,മഹാരാഷ്ട്ര,ആന്ധ്ര , കൊങ്കൺ ഗോവ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതായിരുന്നു സാമ്രാജ്യം. രാജ്യത്തിന്റെ പുരോഗതിയിൽ ആകൃഷ്ടനായ പേർഷ്യൻ ചക്രവർത്തി ഖുസ്രോ II , പുലികേശി രണ്ടാമനുമായി സ്ഥാനപതികളെ കൈമാറിയിരുന്നു.[7][8]

അന്ത്യം

[തിരുത്തുക]
പുലകേശി രണ്ടാമനെ നരസിംഹവർമ്മൻ പരാജയപ്പെടുത്തുന്നു.

പുലികേശി പരാജയപ്പെടുത്തിയ പല്ലവരാജാവ് മഹേന്ദ്രവർമ്മന്റെ മകനായ നരസിംഹവർമ്മൻ സൈനിക ശക്തി വർദ്ധിപ്പിച്ചു. മണിമംഗലം, പരിയാലം എന്നീ സ്ഥലങ്ങളിൽ വെച്ച് നടന്ന യുദ്ധത്തിൽ നരസിംഹവർമ്മൻ പുലകേശി രണ്ടാമനെ വധിച്ചു.ചാലൂക്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ബദാമി നരസിംഹവർമ്മൻ ചുട്ടെരിച്ചു.ശേഷമുള്ള പതിമൂന്ന് വർഷം ബാദാമി പല്ലവരുടെ കീഴിലായിരുന്നു. പുലകേശിയുടെ മൂന്നാമത്തെ പുത്രനായ വിക്രമാദിത്യ ഒന്നാമൻ പിന്നീട് പല്ലവർക്കെതിരേ ശക്തമായി പ്രത്യാക്രമണം നടത്തി.ബാദാമി തിരിച്ചു പിടിച്ച വിക്രമാദിത്യ , പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരം വരെ പിടിച്ചെടുത്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115–117. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഇന്ത്യാ ചരിത്രം , വോള്യം ഒന്ന് , ചാലൂക്യസാമ്രാജ്യം. പേജു 182-184 - എ ശ്രീധര മേനോൻ
  3. The Silk Road Journey with Xuanzang by Sally Hovey Wriggins: p.146
  4. The Silk Road Journey with Xuanzang by Sally Hovey Wriggins: p.146
  5. Dust in the Wind: Retracing Dharma Master Xuanzang's Western Pilgrimage: p.428
  6. Dust in the Wind: Retracing Dharma Master Xuanzang's Western Pilgrimage: p.428
  7. From the notes of Arab traveller Tabari (Kamath 2001, p. 60)
  8. Chopra (2003), p. 75, part 1
"https://ml.wikipedia.org/w/index.php?title=പുലകേശി_രണ്ടാമൻ&oldid=3701930" എന്ന താളിൽനിന്ന് ശേഖരിച്ചത്