പുപുൽ ജയകർ
പുപുൽ ജയകർ | |
---|---|
ജനനം | |
മരണം | മാർച്ച് 29, 1997 | (പ്രായം 81)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാംസ്കാരികം, സാഹിത്യം |
ഒരു ഇന്ത്യൻ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പുപുൽ ജയകർ(സെപ്റ്റംബർ 11, 1915 – മാർച്ച് 29, 1997). ഇന്ത്യയുടെ പരമ്പരാഗത ഗ്രാമീണ കലാരൂപങ്ങളുടെയും കൈത്തറി, കരകൗശല മേഖലകളുടെയും ഉന്നമനത്തിനായുള്ള പ്രവർത്തങ്ങളിലൂടെ ശ്രദ്ധ നേടി. ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ കലാമേളകൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സാംസ്കാരിക ഉപദേഷ്ടാവായും പ്രവർത്തിച്ചു[1]. 1967-ൽ പത്മഭൂഷൺ ബഹുമതി ലഭിച്ചു[2].
ആദ്യകാലജീവിതം
[തിരുത്തുക]1915-ൽ ഒരു ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളായി യുണൈറ്റഡ് പ്രൊവിൻസിലെ (ഇന്നത്തെ ഉത്തർപ്രദേശ്) ഇറ്റാവയിൽ ജനിച്ചു. മാതാവ് സൂററ്റിൽ നിന്നുള്ള ഒരു ഗുജറാത്തി ബ്രാഹ്മണസ്ത്രീയായിരുന്നു. ഒരു സഹോദരനും നാല് സഹോദരിമാരുമായിരുന്നു. പിതാവിന്റെ ജോലിസംബന്ധമായ സ്ഥലം മാറ്റങ്ങൾ പുപുലിന് ചെറുപ്പത്തിൽ തന്നെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ കൈത്തൊഴിലുകളും മറ്റും മനസ്സിലാക്കുന്നതിന് സഹായിച്ചു. പിതാവിന് അലഹബാദിൽ നിയമനം ലഭിച്ച കാലഘട്ടത്തിലാണ് നെഹ്രു കുടുംബവുമായി അടുപ്പമുണ്ടാകുന്നത്[3].
1936-ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദമെടുത്തു[4]. തിരികെ ഇന്ത്യയിലെത്തിയ ശേഷം ബാരിസ്റ്റർ മന്മോഹൻ ജയകറിനെ വിവാഹം കഴിക്കുകയും ബോംബേയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
പ്രവർത്തനങ്ങൾ
[തിരുത്തുക]ബോംബേയിൽ അവർ ടോയ് കാർട്ട് എന്ന പേരിൽ കുട്ടികൾക്കായി ഒരു ഇംഗ്ലീഷ് മാസിക ആരംഭിച്ചു. ഇതിൽ ജാമിനി റോയ്, എം.എഫ്. ഹുസൈൻ തുടങ്ങിയ ശ്രദ്ധേയരായ ചിത്രകാരന്മാർ ഇല്ലസ്ട്രേഷൻ ചെയ്തിരുന്നു. 1940-ൽ കസ്തൂർബാ ട്രസ്റ്റിൽ, കോൺഗ്രസ് പ്രവർത്തകയായിരുന്ന മൃദുല സാരാഭായിയുടെ സഹായി എന്ന നിലക്ക് അവർ രാഷ്ട്രീയത്തിലും ദേശീയപ്രസ്ഥാനത്തിലും സജീവമായി. 1940-കളുടെ അവസാനത്തിൽ ജെ. കൃഷ്ണമൂർത്തിയുമായി സൗഹൃദത്തിലായി. ഇതേ കാലഘട്ടത്തിൽ തന്നെയാണ് അവർ കൈത്തറി വ്യവസായമേഖലയിൽ പ്രവർത്തനമാരംഭിച്ചതും മദ്രാസിലെ ബസന്റ് നഗറിൽ വീവേഴ്സ് സർവീസ് സെന്റർ ആരംഭിച്ചതും[5].
ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു പുപുൽ ജയകറിന്. 1966-ൽ പ്രധാനമന്ത്രിയായപ്പോൾ ഇന്ദിരാഗാന്ധി അവരെ തന്റെ സാംസ്കാരിക ഉപദേഷ്ടാവായി നിയമിച്ചു. അവർ കരകൗശല-കൈത്തറി കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററും പിന്നീട് ചെയർ പെഴ്സണും ആയി. 1974 മുതർ 3 വർഷം അവർ ആൾ ഇന്ത്യ ഹാൻഡിക്രാഫ്റ്റ്സ് ബോർഡിന്റെ അദ്ധ്യക്ഷപദവിയിൽ ഇരുന്നു.[3]
1982-ൽ ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസിന്റെ വൈസ് പ്രസിഡന്റായി. 1984-ൽ ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം അവർ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആന്റ് കൾചറൽ ഹെറിറ്റേജ് സ്ഥാപിച്ചു[6]. 1985 മുതൽ 1989 വരെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ വൈസ് ചെയർമാനായിരുന്നു.
ബംഗാളിലെ ഹങ്ക്രി ജനറേഷൻ എന്ന സാഹിത്യപ്രസ്ഥാനത്തെ പുപുൽ ജയകർ പിന്തുണച്ചിരുന്നു. ഇന്ത്യ, യു.എസ്., ഇംഗ്ലണ്ട്, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൃഷ്ണമൂർത്തി ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിൽ അവർ പ്രമുഖ പങ്ക് വഹിച്ചു. മരണം വരെയും കൃഷ്ണമൂർത്തി ഫൗണ്ടേഷനിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
കുടുംബം
[തിരുത്തുക]1937-ൽ മന്മോഹൻ ജയകർ എന്ന ബാരിസ്റ്ററെ വിവാഹം കഴിച്ചു. അദ്ദേഹം 1972-ൽ അന്തരിച്ചു. 1938-ൽ മകൾ, രാധിക ഹെഴ്സ്ബെർഗർ, ജനിച്ചു. പ്രശസ്ത കഥക് നർത്തകി അദിതി മംഗൾദാസ് അനന്തരവളാണ്[7].
പുപുൽ ജയകർ 1997 മാർച്ച് 29-ന് മുംബൈയിൽ നിര്യാതയായി.
അവലംബം
[തിരുത്തുക]- ↑ ബേൺസ്, ജോൺ എഫ്. (ഏപ്രിൽ 2, 1997). "പുപുൽ ജയകർ, 81; ലെഡ് റിവൈവൽ ഓഫ് ആർട്ട്സ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് ഇൻ ഇന്ത്യ". ദി ന്യൂയോർക്ക് ടൈംസ്.
- ↑ "Padma Bhushan Awardees". Ministry of Communications and Information Technology. Retrieved 2009-06-28.
- ↑ 3.0 3.1 Mrázek, Jan (2008). What's the use of art?: Asian visual and material culture in context. University of Hawaii Press. p. 84. ISBN 0-8248-3063-6.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Singh, Kuldip (April 2, 1997). "Obituary: Pupul Jayakar". The Independent. London.
- ↑ "പാസ്റ്റ് പെർഫക്റ്റ്". ദി ഹിന്ദു. ഫെബ്രുവരി 28, 2004. Archived from the original on 2004-05-30. Retrieved 2014-03-04.
- ↑ The tapestry of her life Malvika Singh, Indian Seminar, 2004.
- ↑ "ഫ്ലീറ്റ് ഫീറ്റ്". ദി ഹിന്ദു. 1 ജനുവരി 2010. Retrieved 4 മാർച്ച് 2014.