പുനരുപയോഗം
ഒരു വസ്തു അതിന്റെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനായോ അഥവാ വിഭിന്നമായ മറ്റൊരു ആവശ്യത്തിനായോ വീണ്ടും ഉപയോഗിക്കുന്ന പ്രക്രിയയാണ് പുനരുപയോഗം എന്നുപറയുന്നത്. ഇപ്രകാരം വസ്തുക്കളെ സാധാരണ രീതിയിലോ അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി സൃഷ്ടിപരമായോ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവു നിയന്ത്രിക്കുന്നതിനും ഹരിത സമ്പദ്‍വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സാധിക്കുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന മാർഗ്ഗമാണ് പുനരുപയോഗം.[1] പുതിയ ഉല്പന്നങ്ങളുടെ നിർമ്മാണത്തിനായി, ഉപയോഗം കഴിഞ്ഞ ഉല്പന്നങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ വേർതിരിക്കുന്ന പ്രക്രിയയാണ് പുനരുൽപ്പാദനം അഥവാ പുനഃചംക്രമണം. ഒരു ഉല്പന്നത്തിന്റെ പുനരുപയോഗത്തിലൂടെ (പുനരുല്പാദനമല്ല) സമയം, ധനം, ഊർജ്ജം, അസംസ്കൃത വസ്തുക്കൾ എന്നിവ ലാഭിക്കാൻ സാധിക്കുന്നു. പുനരുപയോഗവും പുനരുല്പാദനവും വ്യത്യസ്തമായ പ്രക്രിയകളാണ്. നിരാസം, പരിമിതപ്പെടുത്തൽ, പുനരുപയോഗം, പുനരുല്പാദനം എന്നിവയാണ് മാലിന്യ സംസ്കരണ രംഗത്ത് അനുവർത്തിക്കുന്ന പ്രധാന രീതികൾ.
പ്രയോജനങ്ങളും പരിമിതികളും
[തിരുത്തുക]വസ്തുക്കളുടെ പുനരുപയോഗത്തിന് അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാലിന്യനിർമാർജ്ജനം, അസംസ്കൃതവസ്തുക്കളുടെ സംരക്ഷണം, തോഴിലവസരങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവ പ്രധാനനേട്ടങ്ങളാണ്. ശേഖരണം, വൃത്തിയാക്കൽ, വിഷപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം, കടത്ത് എന്നിവ പ്രധാന പരിമിതികളാണ്.
ഗുണങ്ങൾ
[തിരുത്തുക]- ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ പുനരുപയോഗിക്കാൻ കഴിയുന്നവയായി മാറ്റിസ്ഥാപിക്കുന്നതിലൂടെ ഊർജ്ജവും അസംസ്കൃത വസ്തുക്കളും സംരക്ഷിക്കാൻ സാധിക്കുന്നു, വീണ്ടുമുള്ള ഉല്പാദനത്തിന്റെ എണ്ണം കുറയ്‌ക്കാൻ സാധിക്കുന്നു.
- സംസ്കരണത്തിന്റെ ആവശ്യവും ചെലവും കുറയുന്നു.
- പുനർനിർമ്മാണം സാമ്പത്തിക മേഖലയ്ക്ക്, പ്രത്യേകിച്ചും അവികസിതവും വികസ്വരവുമായ മേഖലകളിൽ പുതിയയതും തദ്ദേശീയവുമായ തൊഴിലവസരങ്ങളും അതുവഴി സാമ്പത്തിക നേട്ടവും പ്രധാനം ചെയ്യുന്നു.