പുനം കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Punam krishi_Dry land Paddy field

നനവാർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദിമഗോത്രങ്ങളുടെ തനതായ കൃഷി സമ്പ്രദായമാണ്‌ പുനം കൃഷി. ചേരിക്കൽ കൃഷി[1] എന്ന പേരിലും അറിയപ്പെടുന്നു. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ്‌ പുനം കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്നു എന്നതാണ്‌ പുനം കൃഷിയുടെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവീടെ വീണ്ടും ചെടികളും മരങ്ങളും തഴച്ചുവളരുകയും ചെയ്യും. പിന്നീട് അതേ സ്ഥലത്ത് കൃഷി ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കാം. മുഖ്യ വിള നെല്ലാണ്‌.[2]

കുറിച്യർ ഒരു പ്രാവശ്യം കൃഷിയിറക്കിയ സ്ഥലത്ത് ഏഴുവർഷം കഴിഞ്ഞേ കൃഷിയിറക്കിയിരുന്നുള്ളൂ. മറ്റു ചില ആദിവാസി സമുദായങ്ങൾ പത്തും പതിനഞ്ചും വർഷങ്ങള് ഇടവേളയിടാറുണ്ട്. വീണ്ടും കൃഷിയിറക്കാനാവശ്യമായ മൂപ്പ് എത്തുന്നത് അത്രയും വർഷങ്ങൾക്കു ശേഷമാണെന്ന് അവർ വിശ്വസിക്കുന്നു.

മേഘാലയത്തിലെ ആദിവാസികളുടെ കൃഷിരീതിയിൽ നടത്തിയ പഠനം ഇടവേളകളുടെ ദൈർഘ്യം കുറയുന്നതനുസരിച്ച് വിളവ് കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പത്തുവർഷത്തെ ഇടവേളയാണ്‌ അവർക്കിടയിൽ ആശാവഹമായി കണ്ടെത്തിയത്.

മറ്റു സവിശേഷതകൾ[തിരുത്തുക]

പുനം കൃഷി

വിത്ത് വൈവിധ്യമാണ്‌ പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. മുഖ്യവിള നെല്ലാണെങ്കിലും കടുക്, തുവരപ്പരിപ്പ്, അമര, ചേമ്പ്, കിഴങ്ങുകൾ, മുത്താറി, തിന, വരക്, ചീര, വാഴ, മഞ്ഞൾ, മുളക്, പയറുവർഗ്ഗങ്ങൾ തുടങ്ങിയവയും പച്ചക്കറിയിനങ്ങളും കൃഷി ചെയ്യാറുണ്ട്. പുനവെള്ളരി എന്ന ഇനം വെള്ളരിയും കൂടുതലായി കൃഷിചെയ്യപ്പെടുന്നു.

പുനം കൃഷിയിടങ്ങൾ ജൈവവൈവിധ്യങ്ങൾക്ക് പുകഴ് പെറ്റതാണ്‌. ചെറിയ സ്ഥലങ്ങളിൽ തന്നെ വിവിധ ഇനം വിളകൾ ഒരേ സമയം കൃഷിചെയ്യാൻ സാധിക്കുന്നു.

നിലം ഉഴുത് മണ്ണൊരുക്കൽ സമ്പ്രദായം പുനം കൃഷിയിലില്ല. നിലമൊരുക്കലിൽ പ്രദേശത്തിനും കാലാവസ്ഥക്കും അനുസരിച്ചുള്ള വ്യത്യാസങ്ങൾ പ്രകടമാണ്‌. ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കാട് പൂർണ്ണമായും കത്തിച്ചശേഷമാണ്‌ നിലമൊരുക്കുന്നത്. ഇവിടങ്ങളിൽ പ്രത്യേകിച്ച് നിലമൊരുക്കൽ പിന്തുടരുന്നില്ല. എന്നാൽ ഉയരം കൂടിയമകളിൽ കാര്യമായ നിലമൊരുക്കൽ അനുവർത്തിക്കുന്നുണ്ട്. കത്തിച്ച ഭൂമി ചാലുകളായും വരമ്പുകളായും മാറ്റിയശേഷം വരമ്പുകളിൽ കൃഷിയിറക്കുന്നു.

വിവിധ വിഭാഗങ്ങളുടെ രീതികൾ[തിരുത്തുക]

കുറിച്യർ[തിരുത്തുക]

വയനാട്, കണ്ണൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കണ്ണവം വങ്ങളിലെ നിവാസികളാണ്‌ കുറിച്യർ. കണ്ണവം വനങ്ങളിൽപ്പെടുന്ന നരിക്കോട്ടുമല, വാഴമല എന്നിവിടങ്ങളിലാണ്‌ കൂടുതലും പുനംകൃഷി ചെയ്യുന്നത്. ആദ്യമായി പാകമായ (മൂപ്പെത്തിയത്) കാട് കണ്ടെത്തുന്നു. കുംഭമാസത്തിൽ ഈ കാട് വെട്ടിത്തെളിക്കുന്നു. വെട്ടിയിട്ടശേഷം കാട് ഉണങ്ങാനായി ഒരുമാസത്തോളമെടുക്കും. ഉണങ്ങിയശേഷം അരിക് ചെത്തി തീവക്കുന്നു. അരിക് ചെത്തുന്നത് അടുത്തുള്ള കാട്ടിലേക്ക് തീപടരാതിരിക്കാനാണ്‌. കത്തിയ കാടിന്റെ അവശിഷ്ടങ്ങളും വെന്ത വെണ്ണീറും ചണ്ടിയും മറ്റും ചേർന്ന നല്ല വളമായിത്തീരും. പിന്നീട് കൈക്കോട്ട് ഉപയോഗിച്ച് വേരും നാരും കുറ്റികളും മാറ്റി കൃഷിഭൂമി വൃത്തിയാക്കുന്നു. അതിനുശേഷം വിത്ത് വിതക്കുന്നു. വിഷുവിനു മുന്നേ തന്നെ വിതയ്ക്കൽ കഴിഞ്ഞിരിക്കും. വിതച്ച ശേഷം രണ്ടാശ്ചയെങ്കിലും മണ്ണിൽ കിടന്ന് വിത്ത് കായാനിടുന്നു. വിത്ത് ഉഴുന്ന പതിവില്ല, പകരം മണ്ണിളക്കാത് വെറുതെ വിതറുന്ന രീതിയാണുള്ളത്. മണ്ണ് അല്പം കൊത്തിയിട്ടേക്കാം. ഇങ്ങനെ കൊത്തിയിടുന്ന മണ്ണ് അടഞ്ഞു നിൽകുന്നതിനാൽ മഴ പെയ്താൽ വിത്ത് ഒലിച്ചു പോകാറില്ല. മണ്ണ്കൊത്താനായി പേരക്കൊക്ക എന്ന പണിയായുധം ഉപയോഗിക്കുന്നു. തുടർച്ചയായി മൂന്ന് ദിവസം വിതയുണ്ടെങ്കിൽ നാലാം ദിവസം വിശ്രമമായിരിക്കും. പിന്നെ അഞ്ചാം ദിവസമേ വിതയ്ക്കുകയുള്ളൂ. ഇതിനെ മുമ്മൂട് എന്നാണ്‌ പറയുക.

പുനം കൃഷിയിൽ ഭൂമി തട്ടാക്കുന്ന പരിപാടി ഇല്ല. ചെരിവുള്ള സ്ഥലമാണെങ്കിൽ അല്പം മണ്ണ് ഒലിച്ച് പോകും. എന്നാൽ ഇത് തടയാനായി മരത്തടികൾ, കുറ്റികൾ കൊണ്ട് തടസ്സം ഉണ്ടാക്കും. കള പറിക്കുന്നത് രണ്ടു തവണയാണ്‌. മഴപെയ്ത് രണ്ടാഴ്ച കഴിഞ്ഞാൽ കളയും കാടുമൊക്കെ പൊടിച്ചുവരാൻ തുടങ്ങുന്നതോടെ ആദ്യത്തെ കളപറിക്കൽ ആരംഭിക്കുന്നു. അതോടെ നെല്ല് പൊന്തിവരും. തുടർന്ന് കതിര്‌ പുറത്തേക്ക് വരുന്നതിനു മുൻപ് രണ്ടമത്തെ കള പറിക്കലും നടത്തുന്നു.

കന്നി- തുലാം മാസത്തോടെ വിളവെടുപ്പെല്ലാം അവസാനിക്കുന്നു.

മുതുവർ[തിരുത്തുക]

ഇടുക്കി ജില്ലയിലെ പ്രമുഖ ആദിവാസി വിഭാഗമാണ്‌ മുതുവർ അഥവാ മുതുവാന്മാർ. കൃഷിമുറയിൽ കകുറിച്യരുടേതിൽ നിന്നും പ്രധാന വ്യത്യാസം കാലത്തിലാണ്‌. കാടുവെട്ടൽ ധനുമാസത്തിന്റെ അവസാനത്തോടെയും മകരമാസാദ്യവുമായാണ്‌. തീ വക്കുന്നത് കുംഭമാസത്തിലാണ്‌. വിത്തിനങ്ളിലും കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. മീനമാസത്തിൽ ആദ്യത്തെ മഴപെയ്യുന്നതോടെ വിത ആരംഭിക്കുന്നു. തിനയാണ്‌ ആദ്യം വിതക്കുക. പിന്നീട് അരിമോടൻ, ആടിമോടൻ എന്നീ നെല്ലിനങ്ങളും റാഗീ, ചോളം, ചാമ എന്നിവയും വിതക്കുന്നു. പെരുവാഴ എന്ന നെല്ലിനം വിഷു കഴിഞ്ഞശേഷമാണ്‌ വിതക്കുന്നത്. കളപറിക്കൽ രണ്ടോ മൂന്നോ തവണയൂണ്ടാകും

കാണിക്കാർ[തിരുത്തുക]

തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രധാന ഗോത്രജനതയാണ്‌ കാണിക്കാർ.വൃശ്ചികമാസത്തിൽ മലങ്കാറ്റ് വീശാൻ ആരംഭിക്കുന്നതോടെ കാട് വെട്ടിത്തെളിക്കുന്നു. കാണിത്തലവനായ മുട്ടുകാണിയാണ്‌ അനുയോജ്യമായ കാട് കണ്ടുപിടിക്കുന്നത്. കാടുകൾ കണ്ടെത്തി അതിലെ ഈറ്റച്ചെടികൾ വെട്ടി നോക്കുന്നു. ഏഴ് ഈറ്റകൾ വെട്ടി നോക്കിയശേഷം അതിനുള്ളിൽ വെള്ളമോ ചെളിയോ കാണുകയാണെങ്കിൽ പ്രസ്തുത കാട് കൃഷിക്ക് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതല്ല എങ്കിൽ പുതിയ സ്ഥലം അന്വേഷിക്കുന്നു.

കാടു തെളിക്കൽ വെള്ളിയാശ്ചയായിരിക്കണം, വെട്ടൽ സൂര്യോദയത്തിൽ വേണം എന്നൊക്കെയുള്ള നിർബന്ധങ്ങൾ ഉണ്ട്. വൻ മരങ്ങൾ മാത്രം ഒഴിവാക്കി മറ്റെല്ലാം വെട്ടിനിരത്തുന്നു. ഇങ്ങനെ വെട്ടിയിട്ട കൃഷിയിടത്തെ 'കാല' എന്നാണ്‌ വിളിക്കുക. ധനുമാസം അവസാനത്തോടെ കാട് തെളിക്കൽ പൂർത്തിയാകും. രണ്ട് മാസത്തോള കാട് ഉണങ്ങുന്നു. ഇതിനുശേഷം തീയിടുന്നു. ഏഴു ദിവസത്തിനകം മഴപെയ്തിരിക്കും എന്നാണ്‌ വിശ്വാസം. തീയിട്ടതിനുശേഷം ഒരോരുത്തർക്കനുസരിച്ച് ഭൂമി വീതിച്ചു നൽകുന്നു. കുടിയിലെ അംഗസംഖ്യക്കനുസരിച്ചാണ്‌ വീതം വക്കുന്നത്.

മീനമാസത്തിലെ പുതുമഴ പെയ്യുന്നതോടെ വിതക്കുന്നു. വിത്തിനു മീതെ തോട്ടക്കമ്പ് എന്നു പേരുള്ള കൃഷിയായുധം ഉപയോഗിച്ച് മണ്ണ് കൊത്തിയിടുന്നു. നെൽവിത്തുകളാണ്‌ ആദ്യം വിതക്കുക. അതിനുശേഷം കോരവ്, റാഗി, തിന, ചാമ എന്നിവയും വിതക്കുന്നു. തുടർന്ന് തുവര, മഞ്ഞൾ, കടുക്, മുളക് എന്നിവയും വിതക്കുന്നു. ഇടവം മിഥുനം മാസങ്ങളിലായി കളയെടുപ്പ് നടത്തി, ചിങ്ങമാസത്തോടെ വിളവെടുപ്പ് തീർക്കുകയും ചെയ്യുന്നു.

കപ്പ പുനംകൃഷിയിൽ ഉൾപ്പെടുത്തിവരുന്നുണ്ട്. ഇത് കുംഭം മീനം മേടം മാസങ്ങളിലാണ്‌ നടുന്നത്. വൃശ്ചികമാസത്തിൽ വിളവെടുക്കുന്നു.

കാസർകോട് ജില്ല[തിരുത്തുക]

കാസർകോട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ജന്മിമാരാണ്‌ പുനം കൃഷിയിറക്കിയിരുന്നത്. ജന്മിമാരിൽ നിന്ന് പാട്ടത്തിനെടുത്തും ചിലയിടങ്ങളിൽ കൃഷിയിറക്കാറുണ്ട്. ധനുമാസം പത്തൊടെയാണ്‌ മിക്കാവാറും കാടു വെട്ടുക. ഇതിനെ 'കൊത്തുപിടിക്കുക' എന്നാണ് പറയുക. നന്നായി ഉണങ്ങിയ കാട് കുംഭമാസം ആദ്യം കത്തിക്കും. പിന്നീട് ഈ സ്ഥലത്തെ 'മെതി' എന്നാണു പറയുക. മീനമാസത്തിലാണ്‌ വിത്തിടൽ. ഇതിനുള്ള മുഹൂർത്തം നോക്കുന്നതിനെ പോതുകൊള്ളൽ എന്നാണ്‌ പറയുന്നത്. മീനം 10 വിത്ത് വിതക്കാൻ നല്ല ദിവസമായി കണക്കാക്കുന്നു. മണ്ണ് ഉഴാതെ വെറുതെ വിത്തിടുകയാണ്‌ പതിവ്. വിതക്കുന്നതിനെ 'വാളുക' എന്നു പറയുന്നു. കള പറിക്ക് 'കത്തിരിപായതാക്കുക' എന്നാണ്‌ പറയുക. പറിച്ച കള കൃഷിയിടത്തു തന്നെ താഴ്ത്തുന്നു. ആദ്യമായി പുനം കൊയ്യുന്നതിനെ 'നാത്തണ്ടറുക്കൽ' എന്നാണ്‌ വിളിക്കുക.[3]

ഗോത്രവർഗ്ഗ അടിത്തറ[തിരുത്തുക]

മണ്ണിനേയും പ്രകൃതിയേയും ആദരിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ തനിമയുള്ള കൃഷിരീതിയാണ്‌ പുനം കൃഷി എന്നു പറയാം. വിത്തിനെ അമൂല്യമായും വളരെ ആദരവോടെയുമാണ്‌ അവർ കണ്ടിരുന്നത്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും അവർ വിത്ത് സൂക്ഷിച്ചു വച്ചിരുന്നു. ആദിമഗോത്രങ്ങളുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ കൃഷി വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. പാട്ടുകളിലും നൃത്തങ്ങളിലും കൃഷിയുമായുള്ള ബന്ധം നിഴലിക്കുന്നു. കൃഷിയുമായുള്ള എല്ലാ അനുഷ്ഠാനങ്ങളിൽ സംഗീതവും നൃത്തവും ഇടകലർന്നിരിക്കുന്നു.

നെല്ല് വാറ്റിയ മദ്യം ഇത്തരം ആഘോഷങ്ങളിൽ പ്രധാന പാനിയാമാണ്‌. പന്നിയേയും ചടങ്ങിന്റെ ഭാഗമായി കശാപ്പ് ചെയ്യുന്നു. പുനം കൃഷി ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്നതുവരെ ആഘോഷങ്ങൾ നീണ്ടു നിൽകുന്നു. ഈ ആഘോഷങ്ങളും സൽക്കാരങ്ങളും പാട്ടും നൃത്തവും മറ്റും കർഷകർക്കിടയിലുള്ള കൂട്ടയ്മയും സഹവർത്തിത്തവും ഊട്ടിയുറപ്പിക്കുന്നു. ആഘോഷങ്ങളെല്ലാം തീ, മഴ, സൂര്യൻ എന്നീ പ്രകൃതിശക്തികളെ ആദരിക്കുന്നതിനായാണ്‌ കൊണ്ടാടുന്നത്.

കേരളത്തിലെ പുനം കൃഷിക്കാരായ ആദിമനിവാസികൾ മണ്ണിനോടും പ്രകൃതിയോടും ഗണ്യമായ ആദരവ് പ്രകടിപ്പിച്ചൂകൊണ്ടാണ്‌ കൃഷി ചെയ്യുന്നത്. നല്ല മുഹൂർത്തം നോക്കിയശേഷമേ കൃഷി ചെയ്യുക പതിവുള്ളൂ. മണ്ണിനെ പൂജിച്ചശേഷം മാത്രമാണ്‌ വിതക്കുന്നത്. കുറിച്യരുടെ പൂജ ഉദഹരണമാണ്‌. അവർ കൃഷിയിടത്തിലെ ഏതെങ്കിലും മൂലക്ക് വച്ചാണ് പൂജ ചെയ്യുന്നത്. മുഹൂർത്തം കണ്ടെത്തി ഒരു താലത്തിൽ വിത്തും തേങ്ങയും എടുത്ത് കൃഷിയിടത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു ഭാഗത്തു കൊണ്ടുപോയി വച്ച്, മണ്ണ് നന്നായി കഴുകിയശേഷം തേങ്ങയെടുത്തു പൊളിച്ച് അതിലെ വെള്ളം താലത്തിലെ നെല്ലിലും നിലത്തും തെളിക്കുന്നു, അതിനുശേഷം മൊഴി പറയുന്നു. മൊഴി എന്നത് മലദൈവങ്ങളോടുള്ള പ്രാർത്ഥനയാണ്‌. മലദൈവത്തോടും ഭൂമിയോടും തങ്ങളെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷിക്കുന്നതിനും വിളവ് വർദ്ധിപ്പിച്ച് ഐശ്വര്യം പ്രധാനം ചെയ്യണമെന്നും അകമഴിഞ്ഞ് പ്രാർത്ഥിക്കുകയാണ്‌ മൊഴിയിലൂടെ അവർ ചെയ്യുന്നത്. കൊയ്ത്തിനുശേഷം മലദൈവങ്ങളോട് നന്ദി പറയുന്ന ചടങ്ങുണ്ട്. നല്ല വിളവുണ്ടാക്കിയതിനു നന്ദി പറയുന്നതിനും മൊഴിക്കാരൻ ആവശ്യമുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സി.ആർ. കൃഷ്ണപിള്ള (1936). "അദ്ധ്യായം ൬ - വിളവുകൾ". തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, നാലാം ക്ലാസിലേയ്ക്ക്) (ദേജാവ്യൂ, എച്ച്.ടി.എം.എൽ.). എസ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം. p. ൩൭. Retrieved 2011 നവംബർ 2. {{cite book}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-08-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2011-08-14.
"https://ml.wikipedia.org/w/index.php?title=പുനം_കൃഷി&oldid=3637345" എന്ന താളിൽനിന്ന് ശേഖരിച്ചത്