പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
PuthukavuDeviKshethram,Kodakara.JPG

തൃശൂർ ജില്ലയിൽ തൃശൂർ-ചാലക്കുടി ദേശീയപാതക്കുസമീപം കൊടകര ഗ്രാമപഞ്ചായത്തിലാണ് പുത്തുക്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടകര പുത്തുക്കാവ് ഗ്രാമത്തിൻറെ മദ്ധ്യത്തിലായി മൂന്ന് വശവും വിശാലമായ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട മേലേക്കാവിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി കോപിച്ചാൽ വസൂരിയും, പ്രസാദിച്ചാൽ സർവ്വ ഐശ്വര്യവും കൈവരുമെന്നാണ് തട്ടകത്തിലെ വിശ്വാസം.

ചരിത്രം[തിരുത്തുക]

കൊച്ചിരാജാവ് ക്ഷേത്രത്തിലേക്ക് അഞ്ചേക്കർ 13 സെൻറ് സ്ഥലം കരം ഒഴിവാക്കി ദാനം ചെയ്തതായി ചരിത്രരേഖയുണ്ട്. ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടിനെ നിയോഗിച്ചതും രാജാവാണത്രേ. 1973 മുതൽ ക്ഷേത്രം കൊടകര പഞ്ചായത്തിലെ മരത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര, കാവിൽ, അഴകം-വെല്ലപ്പാടി എന്നീ വിവിധ ദേശക്കാരുടെ പ്രതിനിധികളാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

ചിരപുരാതനകാലത്ത് കൊടുങ്ങല്ലൂർ ഭഗവതി തൻറെ ഭക്തനായ കോടശ്ശേരി കർത്താവിൻറെ കൂടെ ഇപ്പോഴത്തെ ക്ഷേത്രത്തിൻറെ സമീപമുള്ള മേലേക്കാവിൽ വന്നിരുന്നു എന്നാണ് ഐതിഹ്യം. കോടശ്ശേരി കർത്താവ് കൊടുങ്ങാല്ലൂർ ഭഗവതിയെ ദർശിച്ചതിനു ശേഷം വരുന്നവഴി യാത്രാക്ഷീണം കൊണ്ട് പുത്തുക്കാവിൽ എത്തിയപ്പോൾ തന്റെ കുട ഇപ്പോഴുള്ള “ശ്രീമൂലസ്ഥാന“ത്തു വച്ചിട്ടു കുളിക്കാൻ പോയെന്നും കുളി കഴിഞ്ഞ് തൻറെ കുട എടുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വരുകയും അങ്ങനെയാൺ ദേവി മേലേക്കാവിൽ കുടികൊണ്ടെന്നും ഐതിഹ്യം. പിന്നീട് മേലേക്കാവ് മതിൽ കെട്ടി സം‌രക്ഷിക്കുകയും ദേവിയെ ഇപ്പോഴുള്ള പുത്തുക്കാവ് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠിക്കുകയും ചെയ്തു.

പ്രതിഷ്ഠ[തിരുത്തുക]

മേലേക്കാവിൽ കുടിയിരുന്ന ദേവിയെ പുത്തുക്കാവ് ക്ഷേത്രം പണിത് പുന:പ്രതിഷ്ഠ നടത്തുകയാണ്‌‍ ചെയ്തത്. ക്ഷേത്രത്തിൽ വിഗ്രഹത്തിനു പകരം വാൽക്കണ്ണാടിയാണ് പ്രതിഷ്ഠ. മേലേക്കാവിൽ ഘണ്ഠാകർണൻ പ്രതിഷ്ഠയുമുണ്ട്. ഇത് വീരഭദ്രൻ ആണെന്ന് പറയപ്പെടുന്നു.

വിശേഷദിവസങ്ങൾ[തിരുത്തുക]

മകരമാസം 10-മ് തിയതി നടക്കുന്ന താലപ്പൊലി ആൺ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിൻറെ മുന്നോടിയായിപത്താമുദയത്തിൻറെ അന്ന് താലപ്പൊലി കൊടികയറ്റം ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ആദ്യം തന്ത്രിയുടെ ഇല്ലത്തേക്കും പിന്നീട് തട്ടകത്തിലെ കുടുംബങ്ങളിലും ദേവി എഴുന്നെള്ളുകയും പറയെടുപ്പും നടക്കുന്നു.

പുത്തൂക്കാവ് താലപ്പൊലി തട്ടകത്തമ്മയുടെ ആണ്ടുവിശേഷം എന്നാണറിയപ്പെടുന്നത്. ക്ഷേത്രം ഭരണസമിതിയിലെ ദേശങ്ങൾ ഊഴമിട്ടാണ്‌ താലപ്പൊലി മഹോൽസവം കൊണ്ടാടുന്നത്. മരുത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര ദേശങ്ങൾ, അഴകം-വെല്ലപ്പാടി ദേശങ്ങൾ, കാവിൽ ദേശം എന്നിങ്ങനെ മൂന്ന് ഊഴമായിട്ടാണ്‌ താലപ്പൊലി ആഘോഷത്തിന്‌ നേതൃത്വം വഹിക്കുക. താലപ്പൊലിയുടെ തലേന്നാൾ ആനച്ചമയം, താലപ്പൊലി ദിവസം 7 ആന്യ്ക്ക് എഴുന്നെള്ളിപ്പ്, ശീവേലി, ഉച്ചയ്ക്ക് ആൽത്തറയിൽ ഓട്ടൻ തുള്ളൽ, പഞ്ചവാദ്യം, മേളം വൈകിട്ട് ദീപാരാധന, വിവിധ സമുദായങ്ങളുടെ താലിവരവ്, കലാപരിപാടികൾ, വെടിക്കെട്ട്, സാമുദായികകലാരൂപങ്ങൾ എന്നിവ അരങ്ങേറാറുണ്ട്.

ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ദേവതയായി കണക്കാക്കുന്ന പുത്തുക്കാവിൽ ഭഗവതിയുടെ ഉത്സവത്തിന് കുടുംബിസമുദായക്കാറുടെ താലി എഴുന്നള്ളത്ത് ആണ് ആദ്യപരിപാടി. കൊടകര തട്ടാൻ സമുദായക്കാരുടെ താലിവരവ്, മരുത്തോംപിള്ളി പുലയസമുദായക്കാരുടെ താലിവരവും, മുടിയാട്ടവും, കാളകളിയും, ആശാരിമാരുടെ തട്ടിന്മേൽകളി, സാംബവസമുദായക്കാരുടെ കാളി-ദാരികൻ നൃത്തവും പറയൻ തുള്ളലും ഉത്സവത്തിന്റെ പ്രത്യേകതകളാണ്.

ക്ഷേത്രത്തിൽ കൊല്ലംതോറും കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നു. എല്ലാമാസവും ഭരണിനാളിൽ ഭരണി ഊട്ട് നടത്തിവരുന്നു.

ചിത്രശാല[തിരുത്തുക]