Jump to content

പീറ്റർ ജോസഫ് വില്യം ഡീബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ ജോസഫ് വില്യം ഡീബൈ
ജനനം(1884-03-24)മാർച്ച് 24, 1884
മരണംനവംബർ 2, 1966(1966-11-02) (പ്രായം 82)
പൗരത്വംNetherlands / United States
കലാലയംRWTH Aachen
University of Munich
അറിയപ്പെടുന്നത്Debye model
Debye relaxation
Debye temperature
പുരസ്കാരങ്ങൾNobel Prize in Chemistry (1936)
Priestley Medal (1963)
National Medal of Science (1965)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics, Chemistry
സ്ഥാപനങ്ങൾUniversity of Zürich (1911–12)
University of Utrecht (1912–14)
University of Göttingen (1914–20)
ETH Zürich (1920–27)
University of Leipzig (1927–34)
University of Berlin
Cornell University (1940–50)
ഡോക്ടർ ബിരുദ ഉപദേശകൻArnold Sommerfeld
ഡോക്ടറൽ വിദ്യാർത്ഥികൾLars Onsager
Paul Scherrer
Raymund Sänger
Franz Wever
George K. Fraenkel Fritz Zwicky

നോബൽ പുരസ്കാരജേതാവായ ഡച്ച്-അമേരിക്കൻ ഭൗതിക രസതന്ത്രജ്ഞനായിരുന്നു പീറ്റർ ജോസഫ് വില്യം ഡീബൈ. ദ്വിധ്രുവ (dipolar) തന്മാത്രകൾ എന്ന സങ്കല്പം, എക്സ്റേ രശ്മികളുടെ വിഭംഗനം (X-ray diffraction) വഴിയുള്ള തന്മാത്രാഘടനാ പഠനങ്ങൾ എന്നിവയ്ക്കാണ് 1936-ലെ രസതന്ത്രത്തിനുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

നെതർലൻഡിലെ മാസ്ട്രിക്കിൽ 1884 മാ. 24-ന് ജനിച്ചു. 1905-ൽ ആക്കനി (Aachen)ലെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എൻജീനിയറിങിൽ ഡിപ്ലോമ ബിരുദവും, 1908-ൽ മ്യൂണിച്ച് സർവകലാശാലയിൽ നിന്ന് പിഎച്ച്. ഡി. ബിരുദവും നേടി. പിന്നീട് സൂറിച്ച്, യൂടറെക്ട്, ഗോട്ടിങ്ഗെൻ, ലീപ്സിഗ്, ബെർലിൻ എന്നീ സർവകലാശാലകളിൽ സൈദ്ധാന്തിക-ഭൗതികശാസ്ത്ര (theoretical physics) വിഭാഗത്തിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻ പൗരത്വം സ്വീകരിക്കാൻ നിർബന്ധിതനായതോടെ 1940-ൽ ഇദ്ദേഹം ജർമനിവിട്ടു. ഇറ്റലിയിലെ കോർണൽ (Cornell) സർവകലാശാലയിൽ നിന്നുള്ള ക്ഷണം സ്വീകരിച്ച് അവിടെ എത്തിയ ഡീബൈ പത്തു വർഷക്കാലം രസതന്ത്രവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1952-ൽ ഔദ്യോഗിക കാര്യങ്ങളിൽ നിന്നും വിരമിച്ചുവെങ്കിലും ശാസ്ത്രരംഗത്ത് ഇദ്ദേഹത്തിന്റെ സാന്നിധ്യം എന്നും സജീവമായിരുന്നു.

സൂറിച്ച് സർവകലാശാലയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഡീബൈ ഗൗരവപൂർവം ഗവേഷണപഠനങ്ങൾ ആരംഭിച്ചത്. വിവിധ താപനിലകളിൽ പദാർഥങ്ങളുടെ ആപേക്ഷിക താപമായിരുന്നു പഠനവിഷയം. ഗോട്ടിൻഗെൻ സർവകലാശാലയിൽ പി. ഷെററുമായി ചേർന്നു നടത്തിയ എക്സ്റേ പഠനങ്ങളാണ് ഇദ്ദേഹത്തെ ശാസ്ത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. തന്മാത്രാഘടന മനസ്സിലാക്കുവാൻ പരലുകളുടെ എക്സ്റേ വിഭംഗനമാണ് അന്നുവരെ നിലവിലിരുന്ന മാർഗം. 1916-ൽ ഡീബൈയും, ഷെററും ചേർന്ന് 'പൌഡർ ക്രിസ്റ്റലോഗ്രാഫി' എന്ന നൂതനസങ്കേതം വികസിപ്പിച്ചെടുക്കുകയും ധൂളിയുടെ എക്സ്റേ വിഭംഗനം വഴി തന്മാത്രാഘടന കണ്ടുപിടിക്കാം എന്ന് തെളിയിക്കുകയും ചെയ്തു. സ്ഥിരമായ അതിന്യൂനാധാനങ്ങളുള്ള (permanent dipole) തന്മാത്രകൾ എന്ന സങ്കല്പം ഇക്കാലത്താണ് ഡീബൈ മുന്നോട്ടുവച്ചത്. ഒരറ്റത്ത് ധനചാർജും മറ്റേ അറ്റത്ത് ഋണചാർജും രൂപീകരിക്കത്തക്കവണ്ണം അണുക്കൾ വിന്യസിക്കപ്പെട്ടിരിക്കുന്ന തന്മാത്രകളാണിവ. ഈ വൈദ്യുതധ്രുവതയുടെ ശക്തി അതായത് ദ്വിധ്രുവാഘൂർണം (dipole moment) കണക്കാക്കുന്ന ഏകകം ഡീബൈ യൂണിറ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

1920-ൽ സൂറിച്ചിലേക്ക് മടങ്ങിയ ഡീബൈ, എറിക്ക് ഹക്കൽ (Erich Huckel) എന്ന ശാസ്ത്രജ്ഞനുമായി ചേർന്ന് ഇലക്ട്രൊളൈറ്റുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ആവിഷ്കരിക്കപ്പെട്ടതാണ് 'ഡീബൈ ഹക്കൽ സിദ്ധാന്തം'(Debye-Huckel theory of electrolytes, 1923) ഇലക്ട്രൊളൈറ്റുകൾ പൂർണമായും അയോണികരിക്കപ്പെട്ടവയാണെങ്കിലും അവയുടെ ലായനികളുടെ അയോണീകരണം പൂർണമാകാത്തതിന്റെ കാരണമാണ് ഈ സിദ്ധാന്തത്തിലൂടെ ഇവർ വിശദീകരിച്ചത്. ഒരു അയോൺ അതിനെ വലയം ചെയ്തു നിൽക്കുന്ന വിപരീതചാർജുള്ള അയോൺ സംഘത്തെ ആകർഷിക്കുന്നതിനാലാണ് ഒരു വൈദ്യുതമേഖലയിൽ അയോണുകളുടെ ചലനനിരക്ക് കുറയുന്നതെന്നും അതുകാരണമാണ് ഇലക്ട്രൊളൈറ്റ് ലായനികൾ പ്രതീക്ഷയ്ക്കൊത്തപോലെ ചാലകത പ്രദർശിപ്പിക്കാത്തതെന്നും ഈ സിദ്ധാന്തം നിർദ്ദേശിക്കുന്നു. ഇക്കാലത്തും തുടർന്ന് ലിപ്സിഗ്, കോർണൽ എന്നീ സർവകലാശാലകളിൽവച്ചും എക്സ്റേയുടേയും മറ്റു പ്രകാശരശ്മികളുടേയും വിഭംഗനം വഴി തന്മാത്രാഘടന കണ്ടുപിടിക്കാനുള്ള പഠനങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു. തത്ഫലമായി, ദ്രാവകത്തിലൂടേയും വാതകത്തിലൂടേയും എക്സ്റേ രശ്മികൾ കടത്തിവിട്ട് തന്മാത്രകളുടെ അണുക്കൾ തമ്മിലുള്ള അകലം കണക്കാക്കാനും പോളിമറുകളുടെ തന്മാത്രാഭാരം, വലിപ്പം, ഘടന എന്നിവ മനസ്സിലാക്കാനും കഴിയും എന്ന് ഇദ്ദേഹം തെളിയിച്ചു.

1966 ന. 22-ന് ന്യൂയോർക്കിലെ ഇത്താക്കയിൽ ഡീബൈ മരണമടഞ്ഞു.

പ്രധാന നേട്ടങ്ങൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. National Science Foundation – The President's National Medal of Science. Nsf.gov (1966-02-10). Retrieved on 2012-07-25.

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പീറ്റർ ജോസഫ് വില്യം ഡീബൈ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.