പി. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. രാഘവൻ
Member of Kerala Legislative Assembly
ഓഫീസിൽ
1991–2001
മണ്ഡലംഉദുമ
വ്യക്തിഗത വിവരങ്ങൾ
ജനനം(1945-10-15)ഒക്ടോബർ 15, 1945
മുന്നാട്, ദക്ഷിണ കനറ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് രാജ്
മരണംജൂലൈ 5, 2022(2022-07-05) (പ്രായം 76)
മുന്നാട്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്, കാസർഗോഡ് ജില്ല, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിസിപിഐ (എം)
പങ്കാളികമല
കുട്ടികൾ2
മാതാപിതാക്കൾsചെവിരി രാമൻ നായർ
പേറയിൽ മാണിയമ്മ
വസതിsമുന്നാട്, കാസർഗോഡ്

ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാഷ്ട്രീയക്കാരനായിരുന്നു പി. രാഘവൻ. 1991 മുതൽ 2001 വരെ അദ്ദേഹം കേരള നിയമസഭയിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ജീവചരിത്രം[തിരുത്തുക]

ഇന്നത്തെ കാസർകോട് ജില്ലയിലെ ബേഡഡുക്കയിലെ മുന്നാട്, ചേവിരി രാമൻ നായരുടെയും പേറയിൽ മാണിയമ്മയുടെയും ഏഴു മക്കളിൽ ഇളയവനായി 1945 ഒക്ടോബർ 15 നാണ് പി.രാഘവൻ ജനിച്ചത്.[1] മുന്നാട് എയുപി സ്കൂൾ, ഇരിയണ്ണി ഹൈസ്കൂൾ, കാസർകോട് സർക്കാർ കോളേജ്, ഉഡുപ്പി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. [1] സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടി. [1] മുന്നാട് എയുപി സ്കൂളിൽ വിദ്യാർഥിയായിരിക്കെ കെഎസ്എഫിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. [1] ഉഡുപ്പി ലോ കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ് ഫെഡറേഷൻ യൂണിറ്റ് സെക്രട്ടറി ആയ അദ്ധേഹം അക്കാലത്ത് കെഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [1]

പഠനകാലത്തിന് ശേഷം കെഎസ്‌വൈഎഫിൽ സജീവമായ അദ്ദേഹം കെഎസ്‌വൈഎഫിന്റെ കാസർകോട് താലൂക്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. [1] "തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം" എന്ന മുദ്രാവാക്യവുമായി കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ വളണ്ടിയർ ആയിരുന്ന അദ്ദേഹം അതിന്റെ പേരിൽ അറസ്റ്റിലാവുകയും തിഹാർ ജയിലിൽ ഒരു മാസത്തെ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. [1] 1969 ഡിസംബറിൽ തലപ്പള്ളം കേസിൽ അറസ്റ്റിലായ അദ്ദേഹം കാസർകോട് സബ്ജയിലിൽ രണ്ടാഴ്ച തടവിലായി. [1] പാർട്ടി ബന്തടുക്കയും തലപ്പള്ളത്തും സംഘടിപ്പിച്ച വളണ്ടിയർ ക്യാമ്പ് നക്‌സലൈറ്റ് ക്യാമ്പാണെന്ന് തെറ്റിദ്ധരിപ്പിച്ചത് പ്രദേശവാസിയുടെ പരാതിയിലാണ്. [1] വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിൽ കോടതി കേസ് തള്ളി. [1]

1974ൽ കാസർകോട് ബാറിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[1]

വ്യക്തി ജീവിതവും മരണവും[തിരുത്തുക]

അദ്ദേഹത്തിനും ഭാര്യ കമലയ്ക്കും അജിത് കുമാർ, അരുൺ രാഘവൻ എന്നീ രണ്ട് മക്കളുണ്ട്.[2] 2022 ജൂലൈ 5-ന് അദ്ദേഹം അന്തരിച്ചു.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സ്കൂൾ കാലം മുതൽ രാഘവൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കാസർകോട് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ മെഹബൂബ് ബസ് തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. [3] 1964 [4]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗമായി. 1984ൽ കാസർകോട് ജില്ല നിലവിൽ വന്നപ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. [4] തുടർന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 37 വർഷം ആ സ്ഥാനത്ത് തുടർന്നു. [5]

ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന അദ്ദേഹം കാസർകോട് മേഖലയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.[4] 1989 മുതൽ 2012 വരെ സിഐടിയു കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്നു.[4] സിഐടിയു ദേശീയ നിർവാഹക സമിതി അംഗമായും സിഐടിയു സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.[4] കോളേജ് പഠനകാലത്ത് ബസ് കണ്ടക്ടർ വരദരാജപൈ കൊല്ലപ്പെട്ട സംഭവം ഏറ്റെടുത്ത രാഘവൻ, സിഐടിയു ജനറൽ സെക്രട്ടറിയായിരിക്കെ നിർമിച്ച സിഐടിയു കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് വരദരാജപൈയുടെ സ്മാരകമാക്കി.[3]

പിന്നീട് പി രാഘവന്റെ നേതൃത്വത്തിൽ ജില്ലാ മോട്ടോർ തൊഴിലാളി സഹകരണ സംഘം രൂപീകരിച്ച് ‘വരദരാജ പൈ’ എന്ന പേരിൽ ബസുകൾ നിരത്തിലിറക്കി.[3] മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ശക്തിപ്പെടുത്തിയ രാഘവൻ യൂണിയൻ ജില്ലാ പ്രസിഡന്റായും ബസ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായും ഫെഡറേഷൻ ദേശീയ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു.[3]

രാഘവന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഇരുപത്തിയഞ്ചിലധികം സഹകരണ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.[5] ജില്ലയിൽ സിപിഐയും സിഐടിയുവും വളരാനുള്ള പ്രധാന മാർഗമായി രാഘവൻ കണ്ടത് സഹകരണ മേഖലയെയാണ്.[3] കാസർകോട് എൻജികെ പ്രിന്റിംഗ് സൊസൈറ്റി, മോട്ടോർ തൊഴിലാളി സഹകരണ സംഘം, കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റി, ബേഡകം ക്ലേ വർക്കേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, കാസർകോട് ആയുർവേദ സഹകരണ സംഘം, പഴം-പച്ചക്കറി സഹകരണ സംഘം, കാസർകോട് ദിനേശ് ബീഡി സഹകരണ സംഘം തുടങ്ങിയ സഹകരണ സംഘങ്ങൾ സ്ഥാപിച്ചത് രാഘവൻ ആണ്.[3] മരിക്കുമ്പോൾ കാസർകോട് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെയും കാസർകോട് പീപ്പിൾസ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു അദ്ദേഹം.[3]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം[തിരുത്തുക]

1991 മുതൽ 2001 വരെ പി. രാഘവൻ, 9, 10 നിയമസഭകളിൽ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു.[6] എട്ട് വർഷം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.[4]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

  • തലശ്ശേരി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് ഇ നാരായണൻ സ്മാരക അവാർഡ്.[4]

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 balu.kg. "പി രാഘവൻ; കാസർകോട് ജില്ലയിൽ സഹകരണ-തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട നേതാവ്". Asianet News Network Pvt Ltd. Retrieved 2022-07-06.
  2. 2.0 2.1 Daily, Keralakaumudi. "Uduma former MLA P Raghavan passes away". Keralakaumudi Daily (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-07-06.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 ലേഖകൻ, മാധ്യമം (2022-07-06). "പി. രാഘവൻ: സഹകരണമേഖലയിൽ കൈയൊപ്പ് ചാർത്തിയ നേതാവ് | Madhyamam". www.madhyamam.com. Retrieved 2022-07-06.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "സിപിഐ എം നേതാവും ഉദുമ മുൻ എംഎൽഎയുമായ പി രാഘവൻ അന്തരിച്ചു". Deshabhimani. Retrieved 2022-07-06.
  5. 5.0 5.1 vipinvk. "ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു". Asianet News Network Pvt Ltd. Retrieved 2022-07-06.
  6. "Members - Kerala Legislature". Retrieved 2022-07-06.
"https://ml.wikipedia.org/w/index.php?title=പി._രാഘവൻ&oldid=3756102" എന്ന താളിൽനിന്ന് ശേഖരിച്ചത്