പി.വി. നായർ
പി.വി. നായർ | |
---|---|
ജനനം | വേലായുധൻ മണ്ണടി |
മരണം | 1992 ജൂൺ മണ്ണടി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പുരാവസ്തുഗവേഷകൻ, നാടകകൃത്ത് |
അറിയപ്പെടുന്നത് | പുരാവസ്തു ശേഖരം |
അറിയപ്പെടുന്ന കൃതി | ധർമ്മകാഹളം (നാടകം) |
എഴുത്തുകാരൻ, ചരിത്രകാരൻ, കവി, പുരാവസ്തുഗവേഷകൻ, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു പി. വേലായുധൻ നായർ എന്ന മണ്ണടി പി.വി. നായർ. പുരാവസ്തു വകുപ്പിന്റെ ഉപദേശക സമിതി അംഗമായും ഓണററി ഫീൽഡ് ഓഫീസറായും പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ എഴുതിയ അദ്ദേഹത്തിന്റെ ധർമ്മകാഹളം എന്ന നാടകം തിരുവിതാംകൂർ സർക്കാർ നിരോധിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]മണ്ണടിയിൽ ആക്കൽ പത്മനാഭപിള്ളയുടെ മകനായി ജനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് പഠന കാലത്തുതന്നെ സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. വേലുത്തമ്പിയെക്കുറിച്ചു നിരവധി ഗവേഷണങ്ങൾ നടത്തി. 'വേലുത്തമ്പി ജസ്റ്റിസ് പാർട്ടി' എന്നൊരു കക്ഷി രൂപീകരിച്ചു പ്രവർത്തിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്ന ഡോ. കെ. മഹേശ്വരൻ നായരുടെ പരിചയത്തിൽ മണ്ണടിയിൽ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോൿലോർ ആൻഡ് ഫോക് ആർട്സ് കേരള ഗവണ്മന്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. അന്യമായി ക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളെയും നാടൻകലാ സാഹിത്യം, അവയുടെ ആചാര്യന്മാരും പ്രയോക്താക്കളും എന്നിവരെയൊക്കെ കണ്ടെടുക്കാനും വീണ്ടെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഏഴാമത്തുകളി, ഉറിപിന്നിക്കളി, മാർഗ്ഗംകളി, ഭൈരവൻപാട്ട്, ദാരികൻപാട്ട്, കോലം തുള്ളൽ, കുറവർകളി, പുലയ സമുദായത്തിൽ പ്രചാരത്തിലുള്ള സീതകളി തുടങ്ങി അനേകം മണ്മറയാറായ കലകളെ കണ്ടെടുക്കാനും അവയുടെ പാട്ടുകളും ദൃശ്യവും റിക്കോർഡ് ചെയ്ത് ആർക്കൈവ് ചെയ്യാനും കഴിഞ്ഞു.
ആയുർവേദം, വൈദ്യം, ജ്യോതിഷം, തച്ചു ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലെ അമ്പതിനായിരത്തിലധികം താളിയോല ഗ്രന്ഥങ്ങൾ ശേഖരിച്ചിരുന്നു. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.[1]
1992 ജൂൺ മാസത്തിൽ അന്തരിച്ചു.
കൃതികൾ
[തിരുത്തുക]- ധർമ്മകാഹളം (നാടകം)
- ഈ ശബ്ദം മനുഷ്യന്റേതാണ് (നാടകം)