പി.പി. ആന്റണി
പി.പി. ആന്റണി | |
---|---|
![]() പി.പി. ആന്റണി | |
ജനനം | ആന്റണി ജൂലൈ 15, 1889. തൃശുർ |
മരണം | മാർച്ച് 9, 1955 തിരുവനന്തപുരം | (പ്രായം 65)
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ഭിഷഗ്വരൻ, സാഹിത്യകാരൻ, കൊച്ചി നിയമസഭാംഗം |
Notable work | ഒമർഖയ്യാമിന്റെ റുബായിയാത്തിന്റെ പരിഭാഷ |
മലയാള സാഹിത്യകാരനും കൊച്ചി അസംബ്ലി അംഗവും ഭിഷഗ്വരനുമായിരുന്നു കുസുമം എന്ന തൂലികാനാമത്തിൽ ലേഖനങ്ങളും കവിതകളും എഴുതിയിരുന്ന പി.പി. ആന്റണി(15 ജൂലൈ 1889 - 9 മാർച്ച് 1955).[1]
ജീവിതരേഖ
[തിരുത്തുക]തൃശുരിലെ ഒരു പഴയ കൽദായ സുറിയാനി കുടുംബാംഗം. പിതാവ് പാണേങ്ങാടൻ പാവുണ്ണി, അമ്മ വാഴപ്പിള്ളി മറിയം, ത്യശൂരിലെ സർക്കാർ സ്കൂളിൽ പഠിച്ചു. പഠിക്കാൻ മിടുക്കനായ ആന്റണി റാങ്കോടുകൂടിയാണ് പത്താംക്ലാസ് പാസായത്. ഔദാര്യനിധികളായ ചിലരുടെ സഹായം ലഭിച്ചതുകൊണ്ട് ആന്റണിക്ക് തുടർന്നു പഠിക്കാനായി. എറണാകുളം മഹാരാജാസിൽനിന്നും ഇന്റർമീഡിയറ്റ് ജയിച്ചു. തുടർന്ന് അല്പകാലം കൊച്ചി അഞ്ചൽ വകുപ്പിൽ ആന്റണി ഉദ്യോഗം ഭരിച്ചു. പക്ഷ അധികം താമസിയാതെ ജോലി ഉപേക്ഷിച്ച് മദിരാശിയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയി, മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ സിറിയൻ കാത്തലിക്ക് സഭാംഗമായ ഇട്ടിയന്നം എന്ന യുവതിയെ ആന്റണി വിവാഹം ചെയ്തു. അതോടെ അദ്ദേഹവും ആ സഭാംഗമായി, പഠനകാലത്ത് സ്കോളർഷിപ്പു കിട്ടി. അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയ അധികാരികൾ പഠനത്തോടൊപ്പം അധ്യാപനത്തിനും അനുവദിച്ചു. ഹൗസ് സർജൻസി പൂർത്തിയാക്കും മുമ്പ് തന്നെ അദ്ദേഹം സൈന്യത്തിൽ ചേർന്നു. ആശുപ്രതിയായി പ്രവർത്തിച്ചിരുന്ന ഒരു കപ്പലിൽ ജോലി ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത്, ആ ജോലി അദ്ദേഹത്തെ ശസ്ത്രക്രിയാവിദഗ്ദ്ധനാക്കി. കൊച്ചി സർക്കാരിനു കീഴിൽ ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹം കുന്നംകുളത്തും, ത്യശൂരും, ചിറ്റൂരും, ചാലക്കുടിയിലും, എറണാകുളത്തും സേവനം അനുഷ്ഠിച്ചു. ഇതിനിടെ ഇട്ടിയന്നം മരിച്ചു. പിന്നീട് അദ്ദേഹം പാവറട്ടിയിൽ ഔസേപ്പിന്റെ മകൾ ലൂസിയെ വിവാഹം ചെയ്തു. ആനിബസന്റിന്റെ ചിന്തകളാൽ ആകൃഷ്ടനായ ഡോക്ടർ റാഷണലിസ്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടു. അതോടെ യുക്തിവാദിയായി, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ് എന്നിവരുമായുള്ള സൗഹൃദം ഈ ചിന്ത വളർത്തി. യുക്തിവാദി, മിതവാദി തുടങ്ങിയ ആനുകാലിക ങ്ങളിൽ നാനാവിഷയങ്ങളെപ്പറ്റി കവിതകളും, ലേഖനങ്ങളും എഴുതിത്തുടങ്ങി.
തൃശൂരിൽ ധർമ്മോദയം കമ്പനി, പബ്ലിക് ലൈബ്രറി എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചു. തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നു കൊച്ചി അസംബ്ലിയിലേക്കു മത്സരിച്ചു. ആദ്യതവണ വിജയിച്ചില്ല. എന്നാൽ രണ്ടാം തവണ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. സിലോണിലും, യൂറോപ്പിലും പര്യടനം നടത്തി, ക്രമേണ താൻ രോഗബാധിതനായിരിക്കുന്നുവെന്ന് ഡോക്ടർ മനസ്സിലാക്കി, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ബാധിച്ച അർബുദരോഗം അദ്ദേഹത്തെ അവശനാക്കി. തിരുവനന്തപുരത്തു മകളോടൊപ്പം താമസിച്ച് ചികിത്സ നടത്തി എങ്കിലും 1955 മാർച്ച് 9 ന് അദ്ദേഹം മരിച്ചു.
മതം, ശാസ്ത്രം , പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിരവധി ലേഖനങ്ങൾ, മഹദ് വ്യക്തികളെപ്പറ്റി അനുസ്മരണങ്ങൾ, ഏതാനും കവിതകൾ, ഒമർഖയ്യാമിന്റെ റുബായിയാത്തിന്റെ പരിഭാഷ എന്നിവയാണ് ആന്റണിയുടെ സംഭാവന. വോൾട്ടയർ, ജോർജ് ജേക്കബ് ഹോളിയോക്, ഇംഗർ സോൾ, മാഡംക്യൂറി തുടങ്ങിയ ചിന്തകരേയും, ശാസ്ത്രജ്ഞരയും പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ ശ്രദ്ധേയങ്ങളാണ്. അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങൾ പുസ്തകരൂപത്തിൽ ആദ്യമായി പുറത്തുകൊണ്ടുവന്നത് സഹോദരൻ അയ്യപ്പനാണ്. കവിതകളിൽ പ്രധാനം റുബായിയാത്തിന്റെ പരിഭാഷ ആണ്, കവിതയുടെ സന്ദേശത്തിലായിരുന്നു, അതിന്റെ പ്രസാദമാധുര്യങ്ങളിലായിരുന്നില്ല. അദ്ദേഹത്തിന് താല്പര്യം.
കൃതികൾ
[തിരുത്തുക]- ഒമർഖയ്യാമിന്റെ റുബായിയാത്തിന്റെ പരിഭാഷ
- കുസുമത്തിന്റെ കൃതികൾ
- കുസുമത്തിന്റെ ലേഖനങ്ങൾ