പി.കെ. പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ശ്രദ്ധേയനായ ഒരു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് പി.കെ. പ്രകാശ്. പരിസ്ഥിതി, മനുഷ്യാവകാശം, ദലിത്-ആദിവാസി, രാഷ്ട്രീയ മേഖലകളിലെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രകാശിന്റെ റിപ്പോർട്ടുകൾ സവിശേഷ ശ്രദ്ധനേടിയവയാണ്‌. മികച്ച മാധ്യമ പ്രവർത്തകനുള്ള രാംനാഥ് ഗോയങ്ക അവാർഡ്, മനുഷ്യാവകാശ പത്രപ്രവർത്തനത്തിനുള്ള പി യു സി എൽ അവാർഡ്, മികച്ച ഗ്രാമീണ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.ആദിവാസികളുടെ ജീവിത അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കും ദലിത്-ആദിവാസി ഭൂമിപ്രശ്നം സംബന്ധിച്ച റിപ്പോർട്ടുകൾക്കും സംസ്ഥാന സർക്കാരിന്റെ അംബേദ്കർ മധ്യമ അവാർഡ് രണ്ടു പ്രാവശ്യം പി കെ പ്രകാശിനു ലഭിച്ചു.

പത്രപ്രവർത്തനരംഗത്ത്[തിരുത്തുക]

പെരുമ്പാവൂർ മേതല പുളിക്കൽ പി.എൻ കൃഷ്ണൻ നായരുടേയും ദേവകിഅമ്മയുടേയും മകനായി ജനിച്ച പി.കെ. പ്രകാശ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ സജീവ രാഷ്ട്രീയ പ്രവർത്തനത്തിനു ശേഷമാണ് മാധ്യമ രംഗത്തേക്ക് വരുന്നത്.1995 മുതൽ 2010 വരെ മാധ്യമം ദിനപത്രത്തിലെ പ്രധാന മാധ്യമ പ്രവർത്തകരിലൊരാളായിരുന്നു. പിന്നീട് റിപ്പോർട്ടർ ടിവിയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.2015 വരെ റിപ്പോർട്ടർ ടിവിയുടെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. റിപ്പോർട്ടർ ടിവിയിൽ ബിഗ് സ്റ്റോറിയുടെ അവതാരകനായിരുന്നു. 2015ൽ പ്രകാശ് ചീഫ് എഡിറ്ററായി ഇൻഡ്യൻ ടെലഗ്രാം എന്ന ന്യൂസ് പോർട്ടൽ ആരംഭിച്ചു. മൂന്നാർ ഭൂമി കൈയ്യേറ്റം 1999ൽമാധ്യമം ആഴ്ചപ്പതിപ്പിലൂടെ ആദ്യമായി പുറത്തു കൊണ്ടുവന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്ന് എൽ ഡി എഫ് കൺവീനറായിരുന്ന വി എസ് അച്യുതാനന്ദൻ മൂന്നാർ ഭൂമിപ്രശ്നത്തിൽ ഇടപെടുന്നത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മതികെട്ടാൻ വനം കൈയേറ്റവും വാഗമൺ ഭൂമി കൈയേറ്റവും പുറത്തു കൊണ്ടുവന്നത് മാധ്യമം ആഴ്ചപ്പതിപ്പിലുടെയും മാധ്യമം പത്രത്തിലുടെയും പി കെ പ്രകാശായിരുന്നു. കേരളത്തിലാദ്യമായി അവയവ കൊള്ള പുറത്തു കൊണ്ടുവന്നതും പി കെ പ്രകാശിന്റെ റിപ്പോർട്ടുകളിലുടെയാണ്. ഇടുക്കി ജില്ലയിലെ പൂമാല കേന്ദ്രീകരിച്ച് കോഴിക്കോടേയും എറണാകുളത്തേയും സ്വകാര്യ ആശുപത്രികൾ ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നത് തെളിവുകൾ സഹിതം പ്രകാശ് പുറത്തു കൊണ്ടുവന്നു. വലിയ വിവാദങ്ങൾക്ക് ഇത് വഴിയൊരുക്കി.സംസ്ഥാന സർക്കാർ പൊലീസ് അന്വേഷണവും ഐഎംഎ എത്തിക്സ് കമ്മിറ്റി അന്വേഷണവും ദേശീയ പട്ടികവർഗ വകുപ്പ് പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു.കേരളത്തിൽ നടക്കുന്ന അവയവ കച്ചവടത്തെ കുറിച്ചുള്ള പ്രകാശിന്റെ റിപ്പോർട്ടുകൾ ഈ അന്വേഷണ കമ്മീഷനുകൾ പൂർണമായി ശരിവെച്ചു.ആദിവാസി ഭൂമിപ്രശ്നം,മറയൂരിലെ ചന്ദനം കള്ളക്കടത്ത്,വനം കൈയ്യേറ്റം,കർഷക ആത്മഹത്യ,ആഗോള വത്കരണത്തിന്റെ ഫലമായി രാഷ്ട്രീയപാർട്ടികളിലുണ്ടാവുന്ന അപചയം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രകാശിന്റെ റിപ്പോർട്ടുകൾ, പലപ്പോഴും ഈ വിഷയങ്ങൾ പൊതുജനത്തിന്റെ സ്വത്വരശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ചു. വി എസ് അച്യുതാനന്ദന്റെ ആത്മകഥ' സമരം തന്നെ ജീവിതം' പി കെ പ്രകാശിന്റെ രചനയാണ്.2005 ൽ മാധ്യമം വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വി എസിന്റെ ആത്മകഥ പിന്നീട് പുസ്തകമാക്കി. കേരളത്തിലെ ആദിവാസി ഭൂമിപ്രശ്നങ്ങളെക്കുറിച്ച് കെ ജയചന്ദ്രൻ ഫെലോഷിപ്പിന്റെ ഭാഗമായി പി കെ പ്രകാശ് എഴുതിയ അന്യാധീനപ്പെടുന്ന ഭൂമി: ആദിവാസി ഭൂമിപ്രശ്നത്തിന്റെ ചരിത്രവും രാഷ്ട്രീയവും' എന്ന പുസ്തകം ആദിവാസി ഭൂമിപ്രശ്നം സംബന്ധിച്ച റഫറൻസ്ഗ്രന്ഥമാണ്. ഭാര്യ: അധ്യപികയായ ശൈലജ. മകൾ ദേവിക.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പി.യു.സി.എൽ.അവാർഡ് 2002ലും 2003ലും [2]
  • കേരള സർക്കാറിന്റെ അംബേദ്കർ മീഡിയ അവാർഡ് 2004ലും 2006ലും
  • രാംനാഥ് ഗോയങ്ക എക്സലൻസി ഇൻ ജേർണലിസം അവാർഡ്-2007-08[3][4]
  • സ്റ്റേറ്റ്സ്മാൻ അവാർഡ് ഫോർ റൂറൽ റിപ്പോർട്ടിംഗ് 2007.[5]
  • നാഷനൾ ഫൗണ്ടേഷന്റെ ഫോർ ഇൻഡ്യയുടെ പന്ത്രാണ്ടാമത് നാഷണൽ മീഡിയ ഫെലോഷിപ്പ്.[6]

മുംബെ ഹരിവംശ റായ് ബച്ചൻ ജേണലിസം അവാർഡ് 2002. കെ ജയചന്ദ്രൻ ഫെലോഷിപ്പ് 2001. കാലിക്കറ്റ് പ്രസ് ക്ലബ് തെരുവത്ത് രാമൻ അവാർഡ് 2002. കാലിക്കറ്റ് പ്രസ് ക്ലബ് കെ സി മാധവ കുറുപ്പ് അവാർഡ് 2004ലും 2006ലും. കേരള മീഡിയ അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് 2006. എറണാകുളം പ്രസ് ക്ലബിന്റെ പ്രഥമ സി പി മമ്മു അവാർഡ് 2006. കേരള ശബ്ദം വാരികയും കൊല്ലം പ്രസ് ക്ലബും സംയുക്തമായി ഏർപ്പെടുത്തിയ ആർ കൃഷ്ണസ്വാമി അവാർഡ് 2006. ചെന്നൈ ഏഷ്യൻ കൊളജ് ഓഫ് ജർണലിസം മീഡിയഡവലപ്മെന്റ് ഫൗണ്ടേഷൻ ഫെലോഷിപ്പ്. മുകുന്ദൻ സി മേനോൻ ഫെലോഷിപ്പ് 2006. ജയ്ജി പീറ്റർ ഫൗണ്ടേഷൻ ഫെലോഷിപ്പ് 2003. റിപ്പോർട്ടർ ടിവിയിലെ ബിഗ്സ്റ്റോറിക്ക് ഉഗ്മ മാധ്യമ അവാർഡ് 2014.

അവലംബം[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._പ്രകാശ്&oldid=3257344" എന്ന താളിൽനിന്ന് ശേഖരിച്ചത്