Jump to content

പി.എ. സോളമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ.സോളമൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും കേരളത്തിലെ മുൻ എം.പി.യുമായിരുന്നു പി.എ.സോളമൻ . അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവാണ്. കൊല്ലം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു. ആലപ്പുഴ ചേർത്തല പനച്ചിക്കൽ ആൻഡ്രൂസിന്റെയും കത്രീനാമ്മയുടെയും മകനായാണ് ജനനം. പതിന്നാലാം വയസ്സിൽത്തന്നെ കയർ തൊഴിലാളിയായി സംഘടനാരംഗത്തു വന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. 1958 മുതൽ 64 വരെ രാജ്യസഭാ എം.പി. ആയിരുന്നു.[1] 1958 ൽ ആണ് പി.എ.സോളമൻ കേരളത്തിൽനിന്ന് രാജ്യസഭാംഗമായത്. അക്കാലത്ത് കമ്മ്യൂണിസ്റ്റുക്കാർക്ക് സർക്കാർജോലി നിഷേധിച്ചിരുന്നു പ്രത്യേകിച്ച് കേന്ദ്രസർവ്വീസിലും പട്ടാളത്തിലും. കമ്മ്യൂണിസ്റ്റ്കാർക്ക് സർക്കാർജോലി നൽകേണ്ടതില്ലെന്ന രഹസ്യസർക്കുലർ ജവാഹർലാൽ നെഹ്‌റുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് സോളമൻ ആയിരുന്നു. ജനാധിപത്യ വിരുദ്ധമായ ആ സർക്കുലർ പിൻവലിക്കാൻ നെഹ്‌റു ഉത്തരവിട്ടു. മലയാറ്റൂർ രാമകൃഷ്ണന് പിൽക്കാലത്ത് ഐ.എ.എസ്സിൽ പ്രവേശനം ലഭിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്. രാജ്യസഭാംഗം ആയിരുന്നപ്പോൾ 'ഇരുമ്പ് ഇന്ത്യ' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. കുറേക്കാലം ജനയുഗത്തിന്റെ പത്രാധിപ സമിതിയിലും പ്രവർത്തിച്ചിരുന്നു. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'അത്തിമരത്തിനും മുക്തി' എന്ന പുസ്തകം അവസാനമായി രചിച്ചു.

20-ാമത്തെ വയസ്സിലാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമായത്.പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് പലതവണ അദ്ദേഹം വിധേയനായിട്ടുണ്ട്. 1939ൽ അദ്ദേഹം ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ യൂണിറ്റ് സെക്രട്ടറിയായി. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് ഒന്നരക്കൊല്ലത്തിലധികം ആലപ്പുഴ സബ് ജയിലിൽ വി.എസ്.അച്യുതാനന്ദനൊപ്പം ശിക്ഷ അനുഭവിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ചു നിന്ന സോളമൻ ആശാൻ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. പക്ഷത്തായി. 2010-ൽ 93ാം വയസ്സിൽ അന്തരിച്ചു.

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

വർഗ്ഗംːആലപ്പുഴ ജില്ലയിൽ ജനിച്ചവർ

  1. https://rajyasabha.nic.in/rsnew/member_site/mpterms.aspx
"https://ml.wikipedia.org/w/index.php?title=പി.എ._സോളമൻ&oldid=3636691" എന്ന താളിൽനിന്ന് ശേഖരിച്ചത്