പി.എൽ. ദേശ്പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എൽ. ദേശ്പാണ്ഡെ
पुरुषोत्तम लक्ष्मण देशपांडे
ജനനം(1919-11-08)8 നവംബർ 1919
മരണം12 ജൂൺ 2000(2000-06-12) (പ്രായം 80)
വിദ്യാഭ്യാസംM.A., LL.B.
തൊഴിൽWriter, Actor, Music Composer, Film and Television Producer and Director
തൊഴിലുടമDoordarshan
ജീവിതപങ്കാളി(കൾ)Ms Diwadkar and Sunita Thakur
വെബ്സൈറ്റ്www.puladeshpande.net

കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യകാരനുമായിരുന്നു പി.എൽ. ദേശ്പാണ്ഡെ. സിനിമ, നാടക രംഗങ്ങളിലും പ്രശസ്തനായ ഇദ്ദേഹം അൻപതോളം കൃതികളുടെ രചയിതാവാണ്. പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്നാണ് പൂർണമായ പേര്.

പദവികൾ[തിരുത്തുക]

1919 നവംബർ 8-ന് മുംബൈയിൽ ജനിച്ചു. എം.എ., എൽഎൽ.ബി. ബിരുദങ്ങൾ നേടി. ആകാശവാണിയിൽ പ്രക്ഷേപകൻ, ടി.വി. പ്രൊഡ്യൂസർ, ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൊഫസ്സൽ കോളജുകളിൽ അധ്യാപകൻ, പ്രിൻസിപ്പൽ എന്നീ തസ്തികകളിലും സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പദവിയിലും സേവനമനുഷ്ഠിച്ചു.

ഹാസ്യനാടകം[തിരുത്തുക]

തുച്ഛേ അഹേ തുച്ഛ്യപാശി (ഓരോരുത്തർക്കും അവരവർക്കുള്ളത്) എന്ന കോമഡിയാണ് ദേശ്പാണ്ഡെയെ പ്രശസ്തനാക്കിയത്. പതിനഞ്ച് പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞ ഈ നാടകത്തിൽ മൂന്ന് രംഗങ്ങളുണ്ട്. മുഖ്യ കഥാപാത്രമായ കാകാ സാഹേബ് അറുപത് വയസ്സുള്ള അവിവാഹിതനാണ്. ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അദ്ദേഹം ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു ഇതിൽ. വെറും വാക്കുകളിൽ നിന്നല്ലാതെ ജീവിതസന്ദർഭങ്ങളുടെ ചിത്രീകരണത്തിലൂടെ യഥാർഥ ഹാസ്യം സൃഷ്ടിക്കാൻ നാടകകൃത്തിന് കഴിയുന്നുണ്ട്.

  • തുകാ മേ നേ അതേ
  • സുന്ദർ മി ഹോനാർ
  • തീഫൂലാറാണി

തുടങ്ങിയവയാണ് ദേശ്പാണ്ഡെയുടെ മറ്റു നാടകങ്ങൾ.

നല്ല നടനും തിരക്കഥാകൃത്തും[തിരുത്തുക]

നല്ല നടൻ കൂടിയായ ഇദ്ദേഹം ബാതാത്യാച്ഛിചാവൽ എന്ന നാടകത്തിലെ ഏകാംഗ അഭിനയത്തിലൂടെയും പ്രശസ്തനായി. യൂറോപ്യൻ നാടകങ്ങളുടെ പരിഭാഷകളും അനുവർത്തനങ്ങളും ഈ നാടകകൃത്ത് ഏറെ നടത്തിയിട്ടുണ്ട്. അനേകം മറാഠി നാടകങ്ങൾക്കും സിനിമകൾക്കും തിരക്കഥ രചിക്കുകയും സംവിധാനവും സംഗീതസംവിധാനവും നിർവഹിക്കുകയും ചെയ്തു. ഖഗീർഭാരതി, നാസ്തി ഉത്തരോവ്, ഹാസവാനുക് എന്നിവ ദേശ്പാണ്ഡെയുടെ ഹാസ്യ ഉപന്യാസങ്ങളുടെ സമാഹാരങ്ങളും അപൂർവായ്, വംഗചിത്രേ എന്നിവ സഞ്ചാരസാഹിത്യകൃതികളും വ്യക്തിഅനിവല്ലി, ഗാനഗോട്ട് എന്നിവ തൂലികാചിത്രങ്ങളുടെ സമാഹാരവുമാണ്. ഹെമിങ്വേയുടെ കിഴവനും കടലും ഇദ്ദേഹം മറാഠിയിലേക്ക് വിവർത്തനം ചെയ്തു.

പുരസ്കാരങ്ങൾ[തിരുത്തുക]

നീണ്ടകാലത്തെ നാടക-സിനിമാ രംഗത്തെ പ്രവർത്തനങ്ങളെ അധികരിച്ച് ഇദ്ദേഹത്തിന് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ, സാഹിത്യഅക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, മഹാരാഷ്ട്രാഭൂഷൺ, സംഗീത അക്കാദമി ഫെലോഷിപ്പ്, രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ്., കേന്ദ്ര സർക്കാരിന്റെ പദ്മഭൂഷൺ എന്നിവ അവയിൽപ്പെടുന്നു. 2000 ജൂൺ 12 -ന് പൂനെയിൽ ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശ്പാണ്ഡെ, പി.എൽ. (1919 - 2000) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പി.എൽ._ദേശ്പാണ്ഡെ&oldid=3636716" എന്ന താളിൽനിന്ന് ശേഖരിച്ചത്