Jump to content

പിൻഹോൾ ക്യാമറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പിൻഹോൾ ക്യാമറ

ലെൻസിന് പകരം ചെറിയ അപ്പർച്ചർ (പിൻ‌ഹോൾ എന്ന് വിളിക്കപ്പെടുന്നവ) ഉപയോഗിക്കുന്ന ലളിതമായ ക്യാമറയാണ് പിൻ‌ഹോൾ ക്യാമറ. ഏറ്റവും ലളിതമായ പിൻഹോൾ ക്യാമറ ഉള്ളിൽ ഫിലിം ഉൾപ്പെടുത്തിയ, ചെറിയ ദ്വാരമുള്ള ലൈറ്റ് പ്രൂഫ് ബോക്സ് ആണ്. ഒരു ദൃശ്യത്തിൽ നിന്നുള്ള പ്രകാശം ചെറിയ ദ്വാരത്തിലൂടെ കടന്നുപോകുകയും എതിർവശത്ത് വിപരീത ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്നു, ഇത് ക്യാമറ ഒബ്‌സ്ക്യുറ ഇഫക്റ്റ് എന്നറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ക്യാമറ ഒബ്‌സ്ക്യുറ

[തിരുത്തുക]

ക്യാമറ ഒബ്സ്ക്യുറ അല്ലെങ്കിൽ പിൻഹോൾ ഇമേജ് ഒരു സ്വാഭാവിക ഒപ്റ്റിക്കൽ പ്രതിഭാസമാണ്. ചൈനീസ് മോസി രചനകളിലും (ക്രി.മു. 500-ൽ) അരിസ്റ്റോട്ടിലിയൻ പ്രശ്‌നങ്ങളിലും (ഏകദേശം 300 ബി.സി - 600 സി.ഇ.) ഇതിന്റെ ആദ്യകാല വിവരണങ്ങൾ കാണാം.

ഒരു പിൻഹോളിലൂടെ പ്രകാശത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഇബ്നു അൽ ഹെയ്താമിന്റെ നിരീക്ഷണങ്ങൾ ചിത്രീകരിക്കുന്ന ഒരു രേഖാചിത്രം
ആദ്യകാല പിൻഹോൾ ക്യാമറ. ഒരു ചെറിയ ദ്വാരത്തിലൂടെ വെളിച്ചം ഇരുണ്ട പെട്ടിയിലേക്ക് പ്രവേശിക്കുകയും ദ്വാരത്തിന് എതിർവശത്തുള്ള ഭിത്തിയിൽ വിപരീത ചിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു.[1]

അറബ് ഭൗതികശാസ്ത്രജ്ഞനായ അൽഹാസെൻ എന്നറിയപ്പെടുന്ന ഇബ്നു അൽ ഹെയ്തം (965-1039) ആണ് ക്യാമറ ഒബ്സ്ക്യുറ ഇഫക്റ്റിനെക്കുറിച്ച് വിശദമായി പഠിക്കുകയും വിവരിക്കുകയും ചെയ്തത്. അതിന് ശേഷം നൂറ്റാണ്ടുകളായി മറ്റുള്ളവർ ഇത് പരീക്ഷിക്കാൻ തുടങ്ങി. പ്രധാനമായും ഷട്ടറുകളിൽ ചെറിയ ദ്വാരമുള്ള ഇരുണ്ട മുറികളിൽ, പ്രകാശത്തിന്റെ സ്വഭാവം പഠിക്കുന്നതിനും സൂര്യഗ്രഹണങ്ങളെ സുരക്ഷിതമായി കാണുന്നതിനും ഒക്കെയാണ് ഇത് ഉപയോഗിച്ചിരുന്നത്.

ജിയാംബാറ്റിസ്റ്റ ഡെല്ല പോർട്ട 1558 ൽ തന്റെ മാജിയ നാച്ചുറലിസിൽ ഒരു കോൺകേവ് കണ്ണാടി ഉപയോഗിച്ച് ചിത്രം പേപ്പറിൽ പ്രദർശിപ്പിക്കുന്നതിനും ഇത് ഒരു ഡ്രോയിംഗ് സഹായമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും എഴുതി. ഏതാണ്ട് ഇതേ കാലയളവിൽ പിൻഹോളിന് പകരം ലെൻസിന്റെ ഉപയോഗം അവതരിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിൽ, ലെൻസുള്ള ക്യാമറ ഒബ്‌സ്ക്യുറ ഒരു ജനപ്രിയ ഡ്രോയിംഗ് എയ്ഡായി മാറി, അത് പിന്നീട് ആദ്യം ഒരു ചെറിയ കൂടാരത്തിലും പിന്നീട് ഒരു പെട്ടിയിലും എന്ന രീതിയിൽ ഒരു മൊബൈൽ ഉപകരണമായി വികസിപ്പിച്ചെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വികസിപ്പിച്ച ഫോട്ടോഗ്രാഫിക് ക്യാമറ അടിസ്ഥാനപരമായി ലെൻസുള്ള ബോക്സ്-ടൈപ്പ് ക്യാമറ ഒബ്സ്ക്യുറയുടെ ഒരു രൂപാന്തരീകരണമായിരുന്നു.

ഒപ്റ്റിക്‌സിന്റെ പശ്ചാത്തലത്തിൽ "പിൻ-ഹോൾ" എന്ന പദം ജെയിംസ് ഫെർഗൂസന്റെ 1764 ലെ, Lectures on select subjects in mechanics, hydrostatics, pneumatics, and optics (മെക്കാനിക്സ്, ഹൈഡ്രോസ്റ്റാറ്റിക്സ്, ന്യൂമാറ്റിക്സ്, ഒപ്റ്റിക്സ് എന്നിവയിലെ തിരഞ്ഞെടുത്ത വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ) എന്ന പുസ്തകത്തിൽആണ് ആദ്യം ഉപയോഗിച്ചു കാണുന്നത്.[2] [3]

ആദ്യകാല പിൻഹോൾ ഫോട്ടോഗ്രഫി

[തിരുത്തുക]

പിൻ‌ഹോൾ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ആദ്യ വിവരണം 1856-ൽ സ്കോട്ടിഷ് ശാക്ത്രജ്ഞനായ ഡേവിഡ് ബ്രൂസ്റ്ററുടെ ദി സ്റ്റീരിയോസ്കോപ്പ് എന്ന പുസ്തകത്തിൽ കാണാം, ഈ ആശയം "ലെൻസുകളില്ലാത്ത ക്യാമറ, പിൻ-ഹോൾ മാത്രമുള്ള ക്യാമറ" എന്നാണ്.

സർ വില്യം ക്രൂക്ക്സ്, വില്യം ഡി വിവേലെസ്ലി അബ്നി എന്നിവരാണ് പിൻ‌ഹോൾ സാങ്കേതികത പരീക്ഷിച്ച മറ്റ് ആദ്യകാല ഫോട്ടോഗ്രാഫർമാർ.[4]

ഫിലിം, ഇന്റഗ്രൽ ഫോട്ടോഗ്രഫി പരീക്ഷണങ്ങൾ

[തിരുത്തുക]

ശാസ്ത്രജ്ഞനായ വില്യം കെന്നഡി ഡിക്സൺ പറയുന്നതനുസരിച്ച്, തോമസ് ആൽ‌വ എഡിസണും സഹപ്രവർത്തകരും ചലിക്കുന്ന ചിത്രങ്ങൾക്കായി ആദ്യ പരീക്ഷണങ്ങൾ നടത്തിയത് 1887 ലാണ്. അതിൽ "സിലിണ്ടർ ഷെല്ലിൽ സ്ഥാപിച്ചിരിക്കുന്ന മൈക്രോസ്കോപ്പിക് പിൻ-പോയിന്റ് ഫോട്ടോഗ്രാഫുകൾ" ഉൾപ്പെടുന്നു. ചലിക്കുന്ന ചിത്രങ്ങളെ ശബ്‌ദ റെക്കോർഡിംഗുകളുമായി സംയോജിപ്പിക്കാൻ സിലിണ്ടറിന്റെ വലുപ്പം ഫോണോഗ്രാഫ് സിലിണ്ടറുമായി യോജിക്കുന്ന തരത്തിലാണ് നിർമ്മിച്ചത്. ചിത്രങ്ങൾ വലുതാക്കുമ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ മൂലം, മൈക്രോസ്കോപ്പിക് പിൻ-പോയിന്റ് ഫോട്ടോഗ്രഫുകൾ അധികം താമസിയാതെ തന്നെ ഉപേക്ഷിച്ചു.[5] 1893-ൽ ചലിക്കുന്ന ചിത്രങ്ങൾക്കായ് കൈനറ്റോസ്കോപ് ഉപയോഗിക്കാൻ തുടങ്ങി.

യൂജിൻ എസ്റ്റാനാവ് ഇന്റഗ്രൽ ഫോട്ടോഗ്രഫിയിൽ പരീക്ഷണങ്ങൾ നടത്തുകയും 1925 ൽ ലാ നേച്ചറിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1930 ന് ശേഷം ലെന്റിക്കുലാർ സ്ക്രീനിന് പകരം പിൻഹോളുകൾ ഉപയോഗിച്ച് തന്റെ പരീക്ഷണങ്ങൾ തുടരാൻ അദ്ദേഹം തീരുമാനിച്ചു.[6]

ഉപയോഗം

[തിരുത്തുക]

ഒരു പിൻഹോൾ ക്യാമറ ചിത്രം ഒരു തത്സമയ കാഴ്ചയ്ക്കായി (സൂര്യഗ്രഹണങ്ങളെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിന്) അല്ലെങ്കിൽ പേപ്പറിൽ പതിപ്പിക്കുന്നതിന് ഉപയോഗിക്കാം. പിൻഹോൾ ഫോട്ടോഗ്രാഫിയിൽ, ഫോട്ടോഗ്രാഫിക് ഫിലിം, അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് പേപ്പർ പിൻഹോൾ അപ്പേർച്ചറിന് എതിർവശത്ത് വെച്ച് ചിത്രം പകർത്താം.

പിൻഹോൾ ഫോട്ടോഗ്രാഫിയുടെ ഒരു സാധാരണ ഉപയോഗം സൂര്യന്റെ ചലനം ദീർഘ നേരത്തേക്ക് പിടിച്ചെടുക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഫോട്ടോഗ്രാഫിയെ സോളോഗ്രാഫി എന്ന് വിളിക്കുന്നു. പിൻ‌ഹോൾ ഫോട്ടോഗ്രാഫി കലാപരമായ കാരണങ്ങളാൽ മാത്രമല്ല, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും, അതായത് ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാനും പരീക്ഷിക്കാനും ഉപയോഗിക്കുന്നു.

സിസിഡികളുള്ള (ചാർജ്-കപ്പിൾഡ് ഉപകരണങ്ങൾ) പിൻ‌ഹോൾ ക്യാമറകൾ ചിലപ്പോൾ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്, അവ കണ്ടെത്താൻ പ്രയാസമാണ് എന്നതാണ് ഇതിന് കാരണം.

ആധുനിക നിർമ്മാണ രീതികൾ ഡിജിറ്റൽ ക്യാമറകളിൽ പ്രയോഗിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള പിൻഹോൾ ലെൻസുകളുടെ ഉത്പാദനം പ്രാപ്തമാക്കി [7]; ഇത് ക്യാമറ ഒബ്സ്ക്യുറ പ്രഭാവം നേടാൻ ഫോട്ടോഗ്രാഫർമാരെയും വീഡിയോഗ്രാഫർമാരെയും അനുവദിക്കുന്നു.

പിൻഹോൾ ക്യാമറ ഫോട്ടോഗ്രാഫിയുടെ സവിശേഷതകൾ

[തിരുത്തുക]
  • പിൻ‌ഹോൾ‌ ഫോട്ടോഗ്രാഫുകൾ‌ക്ക് അനന്തമായ ദൃശ്യ ആഴം ഉണ്ട്, അതിനാൽ എല്ലാം ഫോക്കസിൽ‌ വരുന്നു.
  • ലെൻസ് ഡിസ്ടോർഷനുകൾ ഇല്ലാത്തതിനാൽ, വൈഡ് ആംഗിൾ ഇമേജുകൾ പൂർണ്ണമായും റെക്റ്റിലീനിയറായി തുടരും.
  • എക്‌സ്‌പോഷർ സമയം സാധാരണയായി ദൈർഘ്യമേറിയതാണ്, അതിന്റെ ഫലമായി ചലിക്കുന്ന വസ്തുക്കൾ മങ്ങുകയും, വളരെ വേഗത്തിൽ നീങ്ങുന്ന വസ്തുക്കൾ ചിത്രത്തിൽ പതിയാതിരിക്കുകയും ചെയ്യും.

നിർമ്മാണം

[തിരുത്തുക]
സ്വയം നിർമ്മിച്ച പിൻഹോൾ ക്യാമറ

പ്രത്യേക ആവശ്യത്തിനായുള്ള പിൻഹോൾ ക്യാമറകൾ നമുക്ക് സ്വയമേ തന്നെ നിർമ്മിക്കാൻ കഴിയും. അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ, ഫോട്ടോഗ്രാഫിക് പിൻഹോൾ ക്യാമറയ്ക്ക്, ഒരു അറ്റത്ത് പിൻഹോളുള്ള വെളിച്ചം കടക്കാത്ത ബോക്സ് ആണ് ഉള്ളത്. ഫിലിം അല്ലെങ്കിൽ ഫോട്ടോഗ്രാഫിക് പേപ്പർ മറ്റേ അറ്റത്ത് ടേപ്പ് ചെയ്യാം. ടേപ്പ് ഹിംഗുള്ള കാർഡ്ബോർഡിന്റെ ഫ്ലാപ്പ് ഒരു ഷട്ടറായി ഉപയോഗിക്കാം. ഒരു തുന്നൽ സൂചി അല്ലെങ്കിൽ ചെറിയ വ്യാസമുള്ള ബിറ്റ് ഉപയോഗിച്ച് ടിൻഫോയിലിലോ, അലുമിനിയം ഷീറ്റിലോ ചെറിയ ദ്വാരം ഉണ്ടാക്കാം. എന്നിട്ട് ഈ കഷണം ബോക്സിൽ വെളിച്ചം കടക്കാത്ത രീതിയിൽ ടാപ്പുചെയ്യുന്നു. ഒരു ചെറിയ സിലിണ്ടർ കണ്ടെയ്നർ ഒരു പിൻഹോൾ ക്യാമറയാക്കാൻ കഴിയും.

ഫോട്ടോഗ്രാഫിക് മെറ്റീരിയലിലേക്കോ സ്‌ക്രീനിലേക്കോ പ്രവേശിക്കുന്ന പ്രകാശത്തിന്റെ പ്രതിഫലനം ഒഴിവാക്കാൻ, ഫലപ്രദമായ പിൻഹോൾ ക്യാമറയുടെ ഉൾവശം കറുത്ത നിറത്തിൽ ആയിരിക്കും.[8]

സ്ലൈഡിംഗ് ഫിലിം ഹോൾഡർ ഉപയോഗിച്ച് പിൻഹോൾ ക്യാമറകൾ നിർമ്മിച്ചാൽ ഫിലിമും പിൻഹോളും തമ്മിലുള്ള ദൂരം ക്രമീകരിക്കാൻ കഴിയും. ഇത് ക്യാമറയുടെ വീക്ഷണകോണിൽ മാറ്റം വരുത്താനും ക്യാമറയുടെ ഫലപ്രദമായ എഫ്-സ്റ്റോപ്പ് അനുപാതത്തിൽ വ്യത്യാസം വരുത്താനും അനുവദിക്കുന്നു. ഫിലിം പിൻ‌ഹോളിനടുത്തേക്ക് നീക്കുന്നത് വൈഡ് ആംഗിൾ ഫീൽഡ് കാഴ്ചയ്ക്കും ഹ്രസ്വ എക്‌സ്‌പോഷർ സമയത്തിനും കാരണമാകും. പിൻ‌ഹോളിൽ‌ നിന്നും ദൂരത്തേക്ക് ഫിലിം നീക്കുന്നത് ഒരു ടെലിഫോട്ടോ അല്ലെങ്കിൽ‌ ഇടുങ്ങിയ ആംഗിൾ‌ കാഴ്‌ചയ്‌ക്കും കൂടിയ എക്‌സ്‌പോഷർ‌ സമയത്തിനും കാരണമാകും.

പരമ്പരാഗത ക്യാമറയിൽ ലെൻസ് മാറ്റി ഒരു പിൻഹോൾ ഉപയോഗിക്കുന്നതിലൂടെ പിൻഹോൾ ക്യാമറ. എഫ്-നമ്പറിലെ വർദ്ധനവിന്റെ ഫലമായി, ഒരേ എക്‌സ്‌പോഷർ സമയം നിലനിർത്തിക്കൊണ്ടുതന്നെ, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഒരു ഫാസ്റ്റ് ഫിലിം ഉപയോഗിക്കേണ്ടതായി വരും.

ഒരു ഡിജിറ്റൽ ക്യാമറ ലെൻസിനു പകരം പിൻഹോളുകൾ (സ്വയം നിർമ്മിച്ചതോ അല്ലെങ്കിൽ വാണിജ്യപരമായി ഉപയോഗിക്കുന്നതോ) ഉപയോഗിക്കാം. ഒരു ഡിജിറ്റൽ എസ്‌എൽ‌ആർ ഉപയോഗം പിൻഹോൾ ഫോട്ടോഗ്രാഫി പരീക്ഷിക്കാനുള്ള ഒരു ജനപ്രിയ മാർഗമാണ്.[9]

പിൻഹോൾ വലുപ്പത്തിന്റെ പ്രാധാന്യം

[തിരുത്തുക]
ഒരു പിൻഹോൾ ക്യാമറ ഉപയോഗിച്ച് 20 മിനിറ്റ് എക്‌സ്‌പോഷറിൽ എടുത്ത ചിത്രം
ഒരു പിൻഹോൾ ക്യാമറ ഉപയോഗിച്ച് 20 മിനിറ്റ് എക്‌സ്‌പോഷറിൽ എടുത്ത ചിത്രം
2 സെക്കൻറ് എക്‌സ്‌പോഷർ സമയം ഉപയോഗിച്ച് എടുത്ത പിൻഹോൾ ക്യാമറ ചിത്രം
2 സെക്കൻറ് എക്‌സ്‌പോഷർ സമയം ഉപയോഗിച്ച് എടുത്ത പിൻഹോൾ ക്യാമറ ചിത്രം

ഒരു നിശ്ചിത പോയിന്റ് വരെ, ചെറിയ ദ്വാരം, ചിത്രം ഷാർപ്പ് ആക്കുന്നു, പക്ഷേ അങ്ങനെ ചെയ്താൽ പ്രൊജക്റ്റ് ചെയ്ത ചിത്രം തെളിച്ചം കുറഞ്ഞതാകും. ഒപ്റ്റിമലായി, പിൻഹോൾ വലുപ്പം, അതിനും പ്രൊജക്റ്റ് ചെയ്ത ചിത്രത്തിനും ഇടയിലുള്ള ദൂരത്തിന്റെ 1/100 അല്ലെങ്കിൽ അതിൽ കുറവായിരിക്കണം.

വക്രതയിലെ ക്രമക്കേടുകൾ ഹയർ ഓർഡർ ഡിഫ്രാക്ഷൻ ഇഫക്റ്റുകൾക്ക് കാരണമാകുമെന്നതിനാൽ മികച്ച പിൻഹോളുകൾ തികച്ചും വൃത്താകൃതിയിലാണ്, അതേ പോലെ വളരെ നേർത്ത മെറ്റീരിയലിലും. വ്യാവസായികമായി ഉൽ‌പാദിപ്പിക്കുന്ന പിൻ‌ഹോളുകൾ നിർമ്മിക്കാൻ‌ ലേസർ‌ ഉപയോഗിക്കുന്നു, പക്ഷേ ഒരു ഹോബി എന്ന രീതിയിൽ‌ ഫോട്ടോഗ്രാഫിക് ജോലികൾ‌ക്കായി മതിയായ ഉയർന്ന നിലവാരമുള്ള പിൻ‌ഹോളുകൾ ലേസർ സഹായമില്ലാതെ തന്നെ‌ നിർമ്മിക്കാൻ‌ കഴിയും.

ഒപ്റ്റിമൽ പിൻഹോൾ വ്യാസം കണക്കാക്കുന്നതിനുള്ള ഒരു രീതിക്കായി ആദ്യം ശ്രമിച്ചത് ജോസെഫ് പെറ്റ്‌സ്വാളാണ്. ഈ സമവാക്യം നിർണ്ണയിച്ച പിൻഹോൾ വലുപ്പം ഉപയോഗിച്ച് ഏറ്റവും മൂർച്ചയുള്ള ചിത്രം നിർമ്മിക്കാൻ കഴിയും.

ഇവിടെ d പിൻഹോൾ വ്യാസം ആണ്, f ഫോക്കൽ ലെങ്തും (പിൻഹോളിൽ നിന്ന് ഇമേജ് പ്ലെയിനിലേക്കുള്ള ദൂരം) λ പ്രകാശത്തിന്റെ തരംഗദൈർഘ്യവുമാണ്.

ദൃശ്യത്തിന്റെ ആഴം അടിസ്ഥാനപരമായി അനന്തമാണ്, എന്നാൽ ഇതിനർത്ഥം ഒപ്റ്റിക്കൽ മങ്ങൽ സംഭവിക്കുന്നില്ല എന്നല്ല. അപ്പേർച്ചറിൽ നിന്ന് ഫിലിം പ്ലെയിനിലേക്കുള്ള ദൂരം, അപ്പർച്ചർ വലുപ്പം, പ്രകാശ സ്രോതസ്സിലെ തരംഗദൈർഘ്യം, വസ്തുക്കളുടെ ചലനം എന്നിവയെ ആശ്രയിച്ച് ചിത്രത്തിന്റെ കൂർമ്മതയിൽ വ്യത്യാസം വരാം. കൂടാതെ, പിൻ‌ഹോൾ ഫോട്ടോഗ്രാഫിക്ക് മൂടൽമഞ്ഞിന്റെ ഫലങ്ങൾ ഒഴിവാക്കാൻ കഴിയില്ല.

ഫോക്കൽ ലെങ്ത് (ഇമേജ് ദൂരം) ഫംഗ്ഷനായി പിൻഹോൾ ക്യാമറയുടെ റസലൂഷൻ പരിധിയുടെ ഗ്രാഫ്.

1970 കളിൽ, യംഗ്, പിൻഹോൾ ക്യാമറയുടെ റെസല്യൂഷൻ പരിധി പിൻഹോൾ വ്യാസത്തിന്റെ പ്രവർത്തനമായി കണക്കാക്കി[10] ഫിസിക്സ് ടീച്ചറിൽ ഒരു ട്യൂട്ടോറിയൽ പ്രസിദ്ധീകരിച്ചു.[11] വിവിധതരം വ്യാസങ്ങളും ഫോക്കൽ ദൈർഘ്യങ്ങളും പ്രവർത്തനക്ഷമമാക്കുന്നതിന്, അദ്ദേഹം രണ്ട് സാധാരണ വേരിയബിളുകൾ നിർവചിച്ചു: പിൻ‌ഹോൾ ദൂരം റെസല്യൂഷൻ പരിധിയാൽ വിഭജിച്ചിരിക്കുന്നു, ഫോക്കൽ ലെങ്ത് s 2 /λ എന്ന അളവിൽ ഹരിക്കുന്നു, ഇവിടെ s പിൻഹോളിന്റെ ആരം ആണ്, λ പ്രകാശത്തിന്റെ തരംഗദൈർഘ്യമാണ് (ഏകദേശം 550 നാനോമീറ്റർ). അദ്ദേഹത്തിന്റെ ഫലങ്ങൾ ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

സ്വാഭാവിക പിൻഹോൾ പ്രതിഭാസം

[തിരുത്തുക]
ഭാഗിക സൂര്യഗ്രഹണത്തിന്റെ ചിത്രം മരത്തിലെ ഇലകൾ മൂലമുള്ള പിൻഹോൾ എഫക്റ്റ് കാണിക്കുന്നു.
ഒരു പൂർണ്ണ സൂര്യഗ്രഹണത്തിന്റെ ചിത്രം, ഇലകൾ മൂലമുള്ള പിൻഹോൾ എഫക്റ്റ്.

ഒരു പിൻഹോൾ ക്യാമറ ഇഫക്റ്റ് ചിലപ്പോൾ സ്വാഭാവികമായി സംഭവിക്കാം. വൃക്ഷത്തിന്റെ ഇലകളാൽ രൂപം കൊള്ളുന്ന ചെറിയ "പിൻഹോളുകൾ" പരന്ന പ്രതലങ്ങളിൽ സൂര്യന്റെ തനിപ്പകർപ്പ് ചിത്രങ്ങൾ സൃഷ്ടിക്കും. ഗ്രഹണ സമയത്ത് ഇത് നിരീക്ഷിക്കാം. ഇത് ഒരു ഭാഗിക ഗ്രഹണത്തിന്റെ കാര്യത്തിൽ ചെറിയ ചന്ദ്രക്കലകൾ സൃഷ്ടിക്കുന്നു, പൂർണ്ണ ഗ്രഹണത്തിന്റെ കാര്യത്തിൽ പൊള്ളയായ വളയങ്ങളും കാണാം.

നിരീക്ഷണം

[തിരുത്തുക]

ലോക പിൻഹോൾ ഫോട്ടോഗ്രാഫി ദിനം, എല്ലാ വർഷവും ഏപ്രിൽ അവസാന ഞായറാഴ്ച ആചരിക്കുന്നു.[12]

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. Kirkpatrick, Larry D.; Francis, Gregory E. (2007). "Light". Physics: A World View (6 ed.). Belmont, California: Thomson Brooks/Cole. pp. 339. ISBN 978-0-495-01088-3.
  2. "Nick's pinhole photography". idea.uwosh.edu. Archived from the original on 2018-09-30. Retrieved 29 January 2018. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. Ferguson, James (1764). Lectures on select subjects in mechanics, hydrostatics, pneumatics, and optics with the use of the globes, the art of dialing, and the calculation of the mean times of new and full moone and eclipses.
  4. "Pinhole photography history". photo.net. Archived from the original on 2017-02-02. Retrieved 29 January 2018.
  5. "History of the kinetograph, kinetoscope, & kinetophonograph [by] W. K. L. Dickson and Antonia Dickson". HathiTrust. Retrieved 29 January 2018.
  6. Timby, Kim (31 July 2015). 3D and Animated Lenticular Photography. ISBN 9783110448061. {{cite book}}: Check |first= value (help)
  7. "Pinhole Pro Lens by Thingyfy". 2018.
  8. "How to Make and Use a Pinhole Camera". Archived from the original on 2016-03-05.
  9. "V3 - digital transformation news, analysis and insight". v3.co.uk. Archived from the original on 2009-04-19. Retrieved 18 October 2018. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  10. Young, M. (1971). "Pinhole optics". Applied Optics. 10 (12): 2763–2767. doi:10.1364/ao.10.002763. PMID 20111427.
  11. Young, Matt (1989). "The pinhole camera: Imaging without lenses or mirrors". The Physics Teacher. 27 (9): 648–655. doi:10.1119/1.2342908.
  12. Website of Worldwide Pinhole Photography Day is organized on the last Sunday of April every year.

പുറം കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • എറിക് റെന്നർ പിൻഹോൾ ഫോട്ടോഗ്രാഫി: ഹിസ്റ്റോറിക് ടെക്നിക് മുതൽ ഡിജിറ്റൽ ആപ്ലിക്കേഷൻ വരെ
"https://ml.wikipedia.org/w/index.php?title=പിൻഹോൾ_ക്യാമറ&oldid=4084504" എന്ന താളിൽനിന്ന് ശേഖരിച്ചത്