പിറവം റോഡ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിറവം റോഡ്
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1964

പിറവം റോഡ്, മലയാള സാഹിത്യത്തിലെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തു വർക്കി രചിച്ച ഒരു പ്രണയ നോവലാണ്. മനുഷ്യന്റെ ചഞ്ചലമായ വിവിധ മാനസിക നിലകളാണ് മുട്ടത്തുവർക്കി ഈ നോവലിലൂടെ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്.

മുട്ടത്തു വർക്കി എഴുതിയ ഇരുപത്തിരണ്ടാമത്തെ നോവലായിരുന്നു ഇത്.  നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്  1964 ൽ ആയിരുന്നു. കോട്ടയത്തെ ഡി.സി. ബുക്സ് ആയിരുന്നു ഇതിന്റെ പ്രസാധകർ.

കഥാതന്തു[തിരുത്തുക]

ഈ ലോകം ജീവിതം സുഖിച്ചു ജീവിക്കാൻ മാത്രമുളളതാണെന്ന് ഉറച്ചു  വിശ്വസിക്കുന്നയാളാണ് നോവലിലെ കേന്ദ്ര കഥാപാത്രമായ കൊച്ചൂട്ടൻ എന്ന കൃഷ്ണക്കുറുപ്പ്. അയാൾക്ക് ഒരു കാമുകിയുണ്ട്, ആശാദേവി എന്നു പേര്. അവൾ അയാളുടെ ബാല്യകാല സുഹൃത്തുകൂടിയാണ്.  ഇയാൾ ഒരു സ്ത്രീലമ്പടനാണെങ്കിലും തന്റെ ബാല്യകാല സുഹൃത്തായ ആശാദേവിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്. കൊച്ചൂട്ടൻ ഒരു ദിവസം തീവണ്ടിയിൽ യാത്രചെയ്യുന്ന സമയം അപരിചിതയും സുന്ദരിയുമായി യുവതിയെ കണ്ടുമുട്ടുകയും അവർ തമ്മിൽ അപ്പോൾത്തന്നെ പരിചയപ്പെടുകയും ചെയ്തു. യുവതിയുടെ സൌന്ദര്യം കൊച്ചൂട്ടന്റെ മനസ്സിനെ മഥിച്ചു. യാത്രാമദ്ധ്യേ യുവതി പിറവം റോഡ് ജംഗ്ഷനിൽ ഇറങ്ങി. ആ പെൺകുട്ടിയുടെ മണിപ്പേഴ്സിൽനിന്നു യുവതിയെ സംബന്ധിച്ച വിവരങ്ങൾ കൊച്ചൂട്ടൻ മനസ്സിലാക്കുകയും അവളെ അന്വേഷിച്ചു പുറപ്പെടുകയും ചെയ്തു. വളരെ കഷ്ടപ്പാടുകൾ സഹിച്ച് അവളുടെ വീട് കണ്ടെത്തുവാൻ കൊച്ചൂട്ടനു സാധിച്ചു. ഈ പെൺകുട്ടിയുടെ പേരു മാധുരിയെന്നാണ്. അവളുടെ വീട്ടുകാരുമായി കൊച്ചൂട്ടൻ സൌഹൃദത്തിലാകുകയും പെൺകുട്ടിയ്ക്ക് നൃത്തം പഠിക്കുവാൻ കൊച്ചൂട്ടനൊപ്പം നഗരത്തിലേയ്ക്കയച്ചു. അവിടെ വച്ച് അവർ കൂടുതലടുക്കുകയും പ്രണയത്തിലാകുകയും ചെയ്തു. കൊച്ചൂട്ടനുമായുള്ള അടുപ്പത്തിന് മാധുരിയുടെ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു.  കൊച്ചൂട്ടന്റെ പിതാവ് അവർ തമ്മിലുള്ള അടുപ്പത്തെക്കുറിച്ചറിയുകയും അയാളെ അതിൽനിന്നു പിന്തിരിപ്പിക്കുവാൻ വൃഥാ ശ്രമിക്കുകയും ചെയ്തു. മാധുരിയെ വിവാഹം കഴിക്കണമെന്നുള്ള കടുംപിടുത്തത്തിനുമുന്നിൽ പിതാവ് സമ്മതം മൂളുകയും ചെയ്തു. ഇതിനിടയിൽ അയാളുടെ ബാല്യകാല സുഹത്തായ ആശാദേവി ജ്വരം ബാധിച്ച് ആശുപത്രിയിലാകുകയും അവൾ കൊച്ചൂട്ടന് ഒരു കത്തയയ്ക്കുകയും ചെയ്യുന്നു. കത്തുവായിച്ച കൊച്ചൂട്ടൻ പശ്ചാത്തപിക്കുകയും താമസംവിനാ ആശുപത്രിയിലെത്തി തെറ്റുകൾ ഏറ്റുപറയുകയും തന്നോടു ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കൊച്ചൂട്ടൻ അയാളുടെ ബാല്യകാലസുഹൃത്ത് ആശാദേവിയെ വിവാഹം കഴിക്കാൻ പോകുന്ന വിവരം ചെവിയിലെത്തിയ മാധുരി കൊച്ചൂട്ടന് എഴുത്തഴുതി വച്ച ശേഷം തീവണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നു. മാധുരിയുടെ മരണവാർത്തയറിഞ്ഞ ആശാദേവി മോഹാലസ്യപ്പെടുകയും ജ്വരം അതിന്റെ മൂർദ്ധന്യതയിലെത്തി ആശുപത്രിയിൽ മരണമടയുകയും ചെയ്തു. നോവലിന്റെ അവസാന ഭാഗത്ത് പശ്ചാത്താപ വിവശനായി കൊച്ചൂട്ടൻ വിലപിക്കുന്നു. 

അലംലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിറവം_റോഡ്_(നോവൽ)&oldid=2583576" എന്ന താളിൽനിന്ന് ശേഖരിച്ചത്