പിണറായി, പാറപ്പുറം സമ്മേളനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന സമ്മേളനം പിണറായി-പാറപ്രം സമ്മേളനം എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിക്കപ്പെടുന്നത്. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചേർന്ന് പി. കൃ‍ഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്. [1]

ചരിത്രം[തിരുത്തുക]

ഇതിനുമുൻപ് 1937 സെപ്തംബറിൽ കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വച്ച് വളരെ രഹസ്യമായി പി. കൃഷ്ണപിള്ള, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, കെ ദാമോദരൻ, എൻ സി ശേഖർ എന്നീ നാലുപേരടങ്ങുന്ന ഒരു ഘടകം കേന്ദ്രക്കമ്മറ്റിയിൽ നിന്നും എത്തിയ എസ്.വി. ഘാട്ടെയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ആ കമ്മറ്റിയാണ് പിണറായി - പാറപ്രം സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.

കെ ദാമോദരൻ, ഇ എം എസ്‌ നമ്പൂതിരിപ്പാട്‌, എൻ ഇ ബാലറാം, പി നാരായണൻ നായർ, കെ കെ വാര്യർ, എ കെ ഗോപാലൻ, സുബ്രഹ്മണ്യശർമ്മ, ഇ പി ഗോപാലൻ, പി എസ്‌ നമ്പൂതിരി, സി എച്ച്‌ കണാരൻ, കെ എ കേരളീയൻ, ടി എസ്‌ തിരുമുമ്പ്‌, കെ പി ഗോപാലൻ, വി വി കുഞ്ഞമ്പു, ചന്ദ്രോത്ത്‌ കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി, വില്ല്യംസ്നെലക്സ്‌, എ വി കുഞ്ഞമ്പു, കെ കുഞ്ഞിരാമൻ, പി എം കൃഷ്ണമേനോൻ, കെ കൃഷ്ണൻ നായർ, കെ എൻ ചാത്തുക്കുട്ടി, മഞ്ജുനാഥ റാവു, കോങ്ങശേരി കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പിണറായി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കെ പി ഗോപാലൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്‌ പാറപ്പുറം കർഷക സംഘമാണ്‌. പാറപ്രത്തെ വിവേകാനന്ദ വായനശാലയ്ക് സമീപം താമസിച്ചിരുന്ന വടവതി അപ്പുക്കുട്ടി കാരണവർ എന്നയാളിന്റെ സംരക്ഷണത്തിൽ അതീവ രഹസ്യമായാണ്‌ പാറപ്പുറം സമ്മേളനം സംഘടിപ്പിച്ചത്‌. ഈ സമ്മേളനത്തിൽ നിന്നും പോലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധ തിരിച്ച് വിടാൻ റാഡിക്കൽ ടീച്ചേഴ്‌സ് യൂണിയന്റെ ഒരു സമ്മേളനം പിണറായിയിൽ ആർ. സി. അമല സ്‌കൂളിൽ അന്നുതന്നെ സംഘടിപ്പിച്ചിരുന്നു. 1940 ജനുവരി 26 -ന് ഉത്തരകേരളത്തിലാകെ പോസ്റ്ററുകൾ വഴിയും ചുമരെഴുത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം ജനങ്ങൾ അറിഞ്ഞു. [2]

അവലംബം[തിരുത്തുക]

  • ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2.
  1. സി.എൻ, ചന്ദ്രൻ (2014-12-01). "പോരാട്ടങ്ങളുടേയും അതിജീവിക്കലിന്റേയും മഹത്തായ 75 വർഷങ്ങൾ". ജനയുഗം ഓൺലൈൻ. ശേഖരിച്ചത് 2015-12-20.
  2. "പാർട്ടി ചരിത്രം". സി.പി.ഐ എം കേരള സംസ്ഥാന ഘടകം. ശേഖരിച്ചത് 2015-12-20.