പാലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്ക്
(Spinacia oleracea)
പാലക്ക് ചെടി
പാലക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. oleracea
Binomial name
Spinacia oleracea
Spinach plant in November, Castelltallat

പോഷകസമ്പന്നമായ ഇലക്കറി വിളയാണ്‌ പാലക്ക്‌ അഥവാ ഇന്ത്യൻ സ്‌പിനാച്ച്‌. താരതമ്യേന തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ്‌ പാലക്ക്‌. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്‌ ഈ ഇലക്കറി[1]

ഭക്ഷ്യവസ്തു[തിരുത്തുക]

ഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ്‌ പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്‌, കോളിഫ്‌ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക്‌ ഉപയോഗിക്കാം.

പോഷകം[തിരുത്തുക]

ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.

കൃഷി[തിരുത്തുക]

ഈ ഇലക്കറിവിളയുടെ ഉഷ്‌ണമേഖലാ ഇനങ്ങൾ നാട്ടിൻ പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. സെപ്‌റ്റംബർ മുതൽ മാർച്ചു വരെ മാസങ്ങളിൽ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളർത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഇലക്കറിയാണ്‌ പാലക്ക്‌.[2] ഊട്ടിപോലെ തണുത്ത കാലാവസ്‌ഥയുള്ള മലമ്പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ഇതിനു പ്രചാരം കുറവാണ്‌. കൊടുംചൂടുള്ള കാലാവസ്‌ഥ പാലക്കിന്റെ വളർച്ചക്കു ഹാനികരമാണ്‌. തണുപ്പുള്ള മലമ്പ്രദേശങ്ങളിൽ ഇത്‌ ആണ്ടു മുഴുവൻ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്‌ഥയിൽ മറ്റു പ്രദേശങ്ങളിൽ സെപ്‌തംബർ മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ കൃഷിചെയ്യാം. ഓൾ ഗ്രീൻ, ഹരിതശോഭ തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഇനങ്ങളാണ്‌. ഓൾ ഗ്രീൻ ഗ്രീൻഹൗസുകളിൽ ആണ്ടുമുഴുവൻ കൃഷിചെയ്യാം.

വിത്തു പാകി മുളപ്പിച്ചാണ്‌ പാലക്ക്‌ കൃഷി ചെയ്യുന്നത്‌. ട്രേകളിലോ പ്ലാസ്‌റ്റിക്‌ ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത്‌ ആയാസഹരിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ്‌ കൃഷിക്കു അനുയോജ്യം. മണ്ണിന്‌ നല്ല നീർവാർച്ചയുണ്ടായിരിക്കണം. തുടർച്ചയായി നനച്ചുകൊടുത്താൽ വളർച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്തുകയാണെങ്കിൽ മണ്ണ്‌, മണൽ, കമ്പോസ്‌റ്റ്, കൊക്കോപീറ്റ്‌, എന്നിവ തുല്യഅളവിൽ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന്‌ ഒരു രാത്രി മുഴുവനും വെള്ളത്തിൽ മുക്കിവെക്കണം.

വളപ്രയോഗം[തിരുത്തുക]

വെള്ളത്തിൽ ലയിക്കുന്ന 19:19:19 എൻ.പി.കെ. മിശ്രിതം രണ്ടു മുതൽ അഞ്ചുഗ്രാം വരെ ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ആഴ്‌ചയിൽ ഒരിക്കൽ ചെടികൾക്കു തളിച്ചുകൊടുക്കണം. ജൈവവളം മാത്രം നൽകിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ്‌ നൽകുന്നതെങ്കിൽ അടിവളമായി എല്ലുപൊടിയും മേൽവളമായി വേപ്പിൻ പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയും ചേർത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താൽ വിളവുകൂടും. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേർത്തുകൊടുക്കണം. രണ്ട്‌, മൂന്ന്‌ ആഴ്‌ചകൾക്കുള്ളിൽ വിളവെടുക്കാം.

രോഗ, കീട നിയന്ത്രണം[തിരുത്തുക]

സ്യൂഡോമോണാസ്‌ ലായനി രണ്ടാഴ്‌ചയിൽ ഒരിക്കൽ തളിച്ചുകൊടുത്താൽ രോഗബാധനിയന്ത്രിക്കാം.

വിളവെടുപ്പ്[തിരുത്തുക]

വിത്തു നട്ട്‌ ഒരു മാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പിൽ നിന്നും അഞ്ചു സെന്റിമീറ്റർ ഉയരത്തിൽ മൂർച്ചയുള്ള കത്തികൊണ്ട്‌ തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാൽ ഇലകൾ കേടായിപ്പോകും.

പാലക്ക് വിഭവങ്ങൾ[തിരുത്തുക]

  • ദാൽ പാലക്ക്*[3]

'ആവശ്യമുള്ള സാധനങ്ങൾ:' പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ്‌, പരിപ്പ് :- 1കപ്പ്‌, സവാള :- ചെറുതായി അരിഞ്ഞത് :- 1, ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂൺ, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂൺ, മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ, ഗരം മസാല പൊടി - 1/2 ടീ സ്പൂൺ, പച്ചമുളക് - 4 എണ്ണം, ജീരകം ചതച്ചത് - 1 ടീ സ്പൂൺ, എണ്ണ - 2 ടീ സ്പൂൺ, ഉപ്പു് - ആവശ്യത്തിനു്.

പരിപ്പ് ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വേവിക്കുക (പ്രഷർ കുക്കറിൽ മതി ) . ഇത് നന്നായി ഉടയ്ക്കുക .എണ്ണ ചൂടാക്കി പൊടികൾ ചെറുതായി മൂപ്പിക്കുക. ഇതിൽ പാലക്കും ഉപ്പും പച്ചമുളകും ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനുട്ട് മൂടി വച്ചു വേവിക്കുക. ഇനി ഉടച്ചു വച്ച പരിപ്പ് ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി ചപ്പാത്തിയുടെ കൂടെ കഴിക്കാം.

  • പാലക് പനീർ* [4]

'ആവശ്യമുള്ള സാധനങ്ങൾ:' പാലക്ക് - ഏകദേശം അരക്കിലോയുടെ കെട്ട്, പനീർ - ഏകദേശം അര കിലോ, പച്ചമുളക് - 5-6 (ആവശ്യത്തിന്), അണ്ടിപ്പരിപ്പ് - 15-20 എണ്ണം, തക്കാളി വലുത് - 1, സവാള - ഒന്നര(വലുത്), ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - , ഒരു വലിയ സ്പൂൺ, ഗരം മസാല - 2 സ്പൂൺ, മല്ലിപ്പൊടി - ഒരു സ്പൂൺ, ,ജീരകം - ഒരു സ്പൂൺ, ഉലുവയില ഉണക്കിയത്(കസൂരി മേത്തി എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും) - കുറച്ച്, , മല്ലിയില, പാകത്തിന് ഉപ്പ്, , പാചകയെണ്ണ (വെളിച്ചെണ്ണ ഈ കറിക്ക് നല്ലതല്ല), ഒരു സ്പൂൺ വെണ്ണ. ഉണ്ടാക്കുന്ന വിധം: പാലക്ക് ഇലകൾ നന്നായി കഴുകിയശേഷം (അരിയാതെ)തിളച്ചവെള്ളത്തിലിട്ട് അഞ്ചു മിനിട്ട് അടച്ചുവയ്ക്കുക. അപ്പോഴേക്കും ഇലകൾ വാടിക്കുഴഞ്ഞിട്ടുണ്ടാവും. ഇത് പച്ചമുളകും ചേർത്ത് മിക്സിയിട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. പച്ചമുളക് ആവശ്യത്തിന് ചേർക്കുക. അരച്ചശേഷം അരപ്പിന് ആവശ്യത്തിന് എരിവില്ലേ എന്നു നോക്കുക. (ഓർക്കുക: ഇനി നമ്മൾ ഈ കറിയിൽ വേറെ എരിവൊന്നും ചേർക്കുന്നില്ല). ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ സ്വല്പം എണ്ണയൊഴിച്ച് പനീർ കഷ്ണങ്ങളിട്ട് ഇളക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഒരു ഇളം ബ്രൗൺ നിറമാവുമ്പോൾ കോരി മാറ്റുക. തീ കൂട്ടി വച്ചാൽ പനീർ പെട്ടെന്നു കരിഞ്ഞുപോകും. ഇനി, ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് വറുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ജീരകമിട്ട് പൊട്ടുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കാം. ഇതിലേക്ക് തക്കാളി കഷ്ണങ്ങൾ ഇട്ട് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞുയോജിച്ചാൽ ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കാം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ വാങ്ങാം. വഴറ്റി വച്ചിരിക്കുന്ന മിശ്രിതവും അണ്ടിപ്പരിപ്പ് വറുത്തതും കൂടി നന്നായി അരച്ചെടുക്കുക. ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് അരപ്പും, പാലക്കും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർക്കുക. ഈ കറി കുറച്ചു കട്ടിയായിട്ടാണ് ഇരിക്കേണ്ടത്. അയവ് പോരെങ്കിൽ വെള്ളം ചേർക്കരുത്. പകരം കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം. ഒന്നു തിളച്ചാൽ വാങ്ങാം. അധികം തിളപ്പിച്ചാൽ പാലക്കിന്റെ പച്ചനിറം നഷ്ടപ്പെടും. വാങ്ങുന്നതിനുതൊട്ടുമുമ്പ് കുറച്ചു മല്ലിയില അരിഞ്ഞതും ഉലുവയിലയും ഒരു സ്പൂൺ വെണ്ണയും ചേർക്കുക. പാലക്ക് പനീർ റെഡി! ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

https://www.krishipadam.com/indian-spinach-cultivation-videos/

  1. http://kerala-farmer.blogspot.in/p/blog-page_73.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-10.
  3. http://www.ammachiyudeadukkala.in/2014/02/blog-post_8323.html#axzz4VLj8unDo
  4. http://bindukp2.blogspot.in/2011/12/blog-post_08.html
"https://ml.wikipedia.org/w/index.php?title=പാലക്ക്&oldid=3806035" എന്ന താളിൽനിന്ന് ശേഖരിച്ചത്