പാലക്കാട് ചുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട് ചുരം
പാലക്കാട് ചുരം
Locationകേരളം, ഇന്ത്യ
Rangeപശ്ചിമ ഘട്ടം

കേരളത്തിലെ പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ, പശ്ചിമഘട്ടത്തിൽ ഉള്ള വിടവാണ് പാലക്കാട് ചുരം അഥവാ പാലക്കാട് വിടവ് (Palakkad Gap). ഇതിന്റെ വടക്കുഭാഗത്ത് വാളയാർ മലകളും തെക്കുഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. ഇത് പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്. സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുക്കമേറിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ തമിഴനാടിന്നുമിടയിൽ പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.[1]

പാലക്കാട് ചുരം അലോസ് ഡി.എസ്സ്.എം (ഉപഗ്രഹ ചിത്രം) ഉപയോഗിച്ച് കാണിച്ചിരിക്കുന്നു

പ്രാധാന്യം[തിരുത്തുക]

ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിചുകൊണ്ടുള്ള ഒരു പ്രധാന ദേശീയപാതയും ( ദേശീയപാത 47 ) ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഒരു തീവണ്ടി പാതയും (ചെന്നൈ - ഷൊർണൂർ) കടന്നുപോകുന്നത്. ക്രിസ്താബ്ദത്തിന്റെ [സി.ഇ] ആദ്യശതകങ്ങളിൽ ദക്ഷിണേന്ത്യയും റോമാ സാമ്രാജ്യവുമായി, കേരളതീരത്തെ മുസിരിസ് കേന്ദ്രീകരിച്ച് നടന്നിരുന്ന കടൽ വഴിയുള്ള വ്യാപാരത്തിനെ തമിഴ്നാടുമായി ബന്ധിപ്പിച്ചിരുന്നതും ഈ ചുരമായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി തമിഴ്നാട്ടിൽ നിന്ന് വിവിധ വിഭാഗങ്ങളിൽപെട്ട ആളുകൾ ഈ തുറസ്സു വഴി കടന്നുവന്ന് പെരിയാറിന്റെ തടം മുതൽ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളിൽ താമസമുറപ്പിക്കുകയും കേരളസംസ്കാരത്തിൽ ഇഴുകിച്ചേരുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ഇതുവഴി കടന്നുവന്നവരാണ്. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയിലും സാംസ്ക്കാരികത്തനിമകളിലും കൂടി പാലക്കാട് ചുരത്തിന്റെ സ്വാധീനം പ്രകടമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ പടയുടെ മലബാർ ആക്രമണത്തിലും ഈ ചുരം അതിന്റേതായ ഒരു പങ്ക് വഹിച്ചിരുന്നു. പാലക്കാട് വിടവിന്റെ ഒരു ദൃശ്യം

സവിശേഷത[തിരുത്തുക]

പാലക്കാട് വിടവും ഭാരതപ്പുഴയും കാണിക്കുന്ന ടോപ്പോഗ്രഫിക്കൽ മാപ്പ്

വീതി[തിരുത്തുക]

വീതിയിൽ ലോകത്തിലെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] വിടവാണ് പാലക്കാട് ചുരം.

കാലാവസ്ഥ[തിരുത്തുക]

കാലവർഷത്തിന്റെ കാര്യത്തിലും ഈ ചുരം പ്രധാന പങ്കു വഹിക്കുന്നു. തെക്കു പടിഞ്ഞാറൻകാലവർഷകാറ്റ് തമിഴ് നാട്ടിലേക്കും വടക്കു കിഴക്കൻകാലവർഷക്കാറ്റ് കേരളത്തിലേക്കു വീശുന്നത് ഇതിലൂടെയാണ്. ജനുവരി-ഫെബ്രുവരി മാസങ്ങാളിലേ പാലക്കാട്- തൃശ്ശൂർ ജില്ലകളിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നത് ഈ ചുരം തന്നെയാണ്. ഇതിലൂടെ വീശുന്ന വരണ്ട കാറ്റാണ് ഇതിനു കാരണം.

ഉയരം[തിരുത്തുക]

ചുരത്തിന്റെ തെക്കും വടക്കും 2000 മീ. വരെ പൊക്കമുള്ള മലനിരകളാണ്. 144 മീറ്ററാണ് ചുരത്തിന്റെ ഏറ്റവും കൂടിയ പോക്കം.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Britannica Encyclopedia". Retrieved 8 March 2015.
"https://ml.wikipedia.org/w/index.php?title=പാലക്കാട്_ചുരം&oldid=3566450" എന്ന താളിൽനിന്ന് ശേഖരിച്ചത്