പാലക്കാംതൊടി അബൂബക്കർ മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂബക്കർ മുസ്‌ലിയാർ
ജനനം
കരുവമ്പൊയിൽ ,കൊടുവള്ളി
മരണം1923 ഏപ്രിൽ 20
സെൻട്രൽ ജയിൽ, വെല്ലൂർ .
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം,ഖാദിരിയ്യ സൂഫി


ബ്രിട്ടീഷ് രാജിലെ മലബാർ ജില്ല കേന്ദ്രീകരിച്ചു അധിനിവേശ വിരുദ്ധ പോരാട്ടം നടത്തിയ സ്വാതന്ത്ര്യപോരാളിയും, ഖിലാഫത്ത് പ്രവർത്തകനും ഇസ്ലാമിക മതപണ്ഡിതനും, അധ്യാപകനും, ഖാദിരിയ്യ സൂഫിയുമായിരുന്നു ‘പാലക്കാംതൊടി അബൂബക്കർ മുസ്ലിയാർ’ എന്ന പുത്തൂർ ഉപ്പാപ്പ. കോഴിക്കോട് താലൂക്കിലെ താമരശ്ശേരി കേന്ദ്രീകരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ ഇദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ തൂക്കി കൊല്ലുകയായിരുന്നു. [1] [2]

ജീവിത രേഖ[തിരുത്തുക]

1874ൽ മലബാർ ജില്ലയിലെ കൊടുവള്ളി കരുവമ്പൊയിൽ പാലക്കാംതൊടി കുഞ്ഞിരായിൻ ഹാജിയുടെ മകനായി ജനനം, പ്രാഥമിക മത പഠനം സ്വദേശത്ത്, പൊന്നാനിയിൽ ഉപരിപഠനം നടത്തി വിളക്കത്തിരിക്കൽ ബിരുദം നേടി. ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാർ എന്നിവരുടെ കീഴിൽ ദാറുൽഉലൂമിൽ കർമ്മ ശാസ്ത്ര ഗവേഷണം. തുടർന്ന് ശാഹ് അബ്ദുൽ വഹാബ് ഹസ്റത്ത്, മുഹമ്മദ് അബ്ദുൽ ജബ്ബാർ. ഹസ്റത്ത് എന്നിവരിൽ നിന്നും ജ്ഞാനം നേടി. വെല്ലൂർ ബാഖിയാത്തിൽ നിന്ന് ബിരുദം നേടി സ്വദേശത്തേക്ക് മടക്കം. താമരശ്ശേരി പള്ളി ദർസിൽ പ്രധാന അധ്യാപകനായി തുടക്കം. ശേഷം കൊടുവള്ളി പിന്നീട് പ്രശസ്തമായ പുത്തൂർ പുതിയോത്ത് പള്ളി ദർസിൽ അധ്യാപനം. പിന്നാലെ ഖത്തീബ് ചുമതലയിലും നിരവധി മഹല്ലുകളുടെ ഖാളിയായും നിയുക്തനായി. ഖാദിരിയ്യ അടക്കമുള്ള ആധ്യാത്മിക ധാരകളുടെ ഗുരുവായും പ്രശസ്തനായി. മലബാറിൽ അറിയപ്പെടുന്ന ആത്മീയ സൂഫി പുരോഹിതനായി പേരെടുത്ത ഇദ്ദേഹം ക്ഷാമം കാലത്ത് മഴക്ക് വേണ്ടി പ്രാർത്ഥന നടത്തിയുടൻ മഴ പെയ്തത് ജനങ്ങൾക്കിടയിലെ വിശുദ്ധ പദവി ഊട്ടിയുറപ്പിക്കാൻ കാരണമായ സംഭവമാണ്.[3]

ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ നിതാന്ത ജാഗ്രതയിലായിരുന്ന ഈ പണ്ഡിതൻ. പഠന ക്ലാസ്സുകളിലൂടെയും മതപ്രഭാഷണങ്ങൾ വഴിയും ബ്രിട്ടീഷ് രാജിനെതിരെ മുരീദന്മാർ ഉൾപ്പെടെയുള്ള ശിഷ്യന്മാരെയും പൊതുജനങ്ങളെയും സജ്ജമാക്കി. കോൺഗ്രസിലും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഭാഗമായി പ്രവർത്തിച്ചു. തൊള്ളായിരത്തി ഇരുപതുകളിൽ ഗാന്ധിജി, ശൗക്കത്തലി എന്നിവരുടെ കോഴിക്കോട് സന്ദർശനത്തിന് പിറകെ നാടുനീളെ ഖിലാഫത്ത് കമ്മിറ്റികൾ നിലവിൽ വന്നപ്പോൾ കോഴിക്കോട് താലൂക്കിൽ ഖിലാഫത്ത് പ്രവർത്തനം ശക്തമാക്കുന്നതിൽ അബൂബക്കർ മുസ്ലിയാർ സുപ്രധാന പങ്ക് വഹിച്ചു. പുത്തൂർ ഖിലാഫത്ത് കമ്മിറ്റി, കോഴിക്കോട് താലൂക്ക് ഖിലാഫത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വം വഹിച്ചു. ബ്രിട്ടീഷ്-ജന്മി മേൽക്കോയ്മക്കെതിരെ ജനങ്ങളെ ഏകോപിപ്പിച്ചു. [4]

ബ്രിട്ടീഷ് രാജിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച ഇദ്ദേഹത്തിന് സമരമുഖങ്ങളിൽ നിന്നും നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. 1921 ഇൽ ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഖിലാഫത്ത് പ്രക്ഷോഭം സായുധമാർഗ്ഗം സ്വീകരിക്കുകയും പിന്നീടതിനെ ബ്രിട്ടീഷ് പട്ടാളം അടിച്ചമർത്തുകയും ചെയ്തതോടെ സമീപ സ്ഥലങ്ങളിലുള്ള ഖിലാഫത്ത് പ്രവർത്തകരെയും അമർച്ച ചെയ്യാനുള്ള പദ്ധതി ബ്രിട്ടീഷ് പട്ടാളം തയ്യാറാക്കി. അബൂബക്കർ മുസ്ലിയാർ ആയിരുന്നു ഹിറ്റ്ലിസ്റ്റിലെ പ്രധാനി. തനിക്കായി സർക്കാർ വല വിരിച്ചതറിഞ്ഞ അബൂബക്കർ മുസ്ലിയാർ ശിഷ്യരോടൊപ്പം കിഴക്കൻ മലകളിൽ ഒളിവ് ജീവിതം ആരംഭിച്ചു. ഒളിവ് വാസത്തിനിടയിലും ബ്രിട്ടീഷ് രാജിനെതിരെ ജനങ്ങളെ ബോധവത്കരിച്ചു. ഒറ്റിനെ തുടർന്ന് പട്ടാളം അവിടെയുമെത്തി, തുടർന്ന് വെല്ലൂരിലേക്കുള്ള യാത്രാമധ്യേ പട്ടാളത്തിൻറെ പിടിയിലകപ്പെട്ടു. വെല്ലൂർ ജയിലിലടക്കപ്പെട്ട മുസ്ലിയാരുടെ വിചാരണയും അവിടെ വെച്ചായിരുന്നു. പാലങ്ങൾ തകർത്തു, ബ്രിട്ടീഷ് അധികാരികളെ കൊന്നൊടുക്കി തുടങ്ങിയ കുറ്റാരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു. ‘ഞാൻ ആരെയും ആക്രമിച്ചിട്ടില്ല നിരപരാധികളുടെ ചോര ചീന്തിയിട്ടില്ല എന്നാൽ ബ്രിട്ടീഷ് സർക്കാരിനെതിരെ ഞാൻ പ്രക്ഷോഭം നടത്തി എന്നുള്ളത് സത്യമാണ്’. തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി അവിടെ വെച്ചും ഖേദം പ്രകടിപ്പിക്കാൻ അധികാരികൾ സമ്മർദ്ദം ചെലുത്തിയെങ്കിലും മുസ്ലിയാർ തയ്യാറായില്ല. 1922 ആഗസ്റ്റ് 9 ന് കോയമ്പത്തൂർ സെന്ട്രൽ ജയിലിൽ നല്കിയ സ്റ്റേറ്റ്മെന്റിലും കുറ്റ പത്രത്തിൽ ആരോപിക്കും പ്രകാരം അതിക്രമങ്ങൾ ഒന്നും നടത്തിയില്ലെന്ന് ബോധിപ്പിച്ച മുസ്ലിയാർ ‘താൻ നാടിന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവനാണെന്നും അതിൽ തെറ്റായി ഒന്നും കാണുന്നില്ലെന്നും വ്യക്തമാക്കി’. [5]. 1922 ഡിസംബർ ഏഴിന് ജഡ്ജ് എച്ഛ്.ബി. ജാക്സൺ ‘അബൂബക്കർ മുസ്ലിയാർ’ രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും, ബ്രിട്ടീഷ് ഗവർമെന്റിനെതിരായി സായുധ സമരം നയിച്ചെന്നും പ്രസ്താവിക്കുകയും അദ്ദേഹത്തെയും അനുചരരേയും മരിക്കുന്നതുവരെ തൂക്കിലേറ്റാനുള്ള വിധി പുറപ്പെടുവിപ്പിക്കുകയുമുണ്ടായി. [6]

1923 ഏപ്രിൽ നാലിന് (1341 റമളാൻ നാല്) അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. സ്വഭാവ വൈശിഷ്ടതയും, ചില അതിമാനുഷിക പ്രവർത്തനങ്ങളും കാരണം പുരോഹിതനെന്ന പ്രതേക പരിഗണന ജയിൽ അധികാരികളുടെ ഭാഗത്ത് നിന്നും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിനാൽ കുറ്റവാളികളുടെ ശ്മശാനത്തിൽ മറവ് ചെയ്യാതെ വെല്ലൂർ പള്ളിയോട് ചേർന്ന് എല്ലാ വിധ മതാചാരങ്ങളും അർപ്പിച്ച ശേഷമാണ് അദ്ദേഹത്തെ അധികാരികൾ മറമാടിയത്. പരേതനോടുള്ള ആദര സൂചകമായി വെല്ലൂർ അങ്ങാടി അന്ന് തുറന്നില്ല. മൃതശരീരം കാണാൻ ഒരു മൈൽ ദൂരത്തിൽ ജനങ്ങൾ തടിച്ചു കൂടിയതും, സൂഫികളുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ മൂന്ന് ദിവസം ഇടമുറിയാതെ മതാചാരങ്ങൾ കല്ലറകരികിൽ നടത്തപ്പെട്ടതും ചുരുങ്ങിയ കാലയളവിൻ അദ്ദേഹം വെല്ലൂരിൽ നേടിയ പ്രശസ്തി വരച്ചു കാട്ടുന്നു.[7]

അവലംബങ്ങൾ[തിരുത്തുക]

  1. R.H. Hitchcock- Peasant Revolt in Malabar: A history of the Malabar Rebellion, 192, Usha Publication, New Delhi, 1983, ഡോ. മോയിൻ മലയമ്മ, മലബാർ സമരം: കോഴിക്കോട് താലൂക്കിലെ ചെറുത്തുനിൽപും പാലക്കാംതൊടിക അബൂബക്ർ മുസ്‌ലിയാരും, ഗ്രെയ്‌സ് ബുക്‌സ്, മലപ്പുറം, 2018
  2. K.N. Panikkar- Against Lord and State; Religion and Peasant Uprisings in Malabar 1836-1921
  3. ശഅബാന് 26 ശനി ദിവസം അബൂബക്കർ മുസ്ലിയാർ കുടുംബത്തിന് അയച്ച അറബി മലയാളം കത്ത് ഗവേഷകൻ മോയിൻ മലയമ്മ പരിഭാഷപ്പെടുത്തി സമർപ്പിച്ച പാലക്കാംതൊടി അബൂബക്കർ മുസ്ലിയാരും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും എന്ന പ്രബന്ധത്തിൽ ഉദ്ധരിച്ചത്
  4. സി. ഗോപാലൻ നായർ - , കെ. മാധവൻ നായർ - 1921. മാപ്പിള കലാപം, മാതൃഭൂമി
  5. R.H. Hitchcock- Peasant Revolt in Malabar: A history of the Malabar Rebellion, 192, Usha Publication, New Delhi, 1983
  6. സീനിയർ സ്പെഷ്യൽ ജഡ്ജ് ജി.എച്ഛ്.ബി. ജാക്സൺ- കേസ് നമ്പര് 32 - 07 -12 1922 . Peasant Revolt in Malabar: A history of the Malabar Rebellion
  7. തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്ന് (ഹിജ്റ 1341 റമളാൻ 3) അബൂബകർ മുസ്ലിയാർ അയച്ച കത്ത്- പാലക്കാംതൊടി അബൂബക്കർ മുസ്ലിയാരും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും എന്ന പ്രബന്ധത്തിൽ ഉദ്ധരിച്ചത്. ഗ്രെയ്സ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. മോയിൻ മലയമ്മയുടെ 'മലബാർ സമരം: കോഴിക്കോട് താലൂക്കിലെ ചെറുത്തുനിൽപും പാലക്കാംതൊടിക അബൂബക്ർ മുസ്്‌ലിയാരും' എന്ന പുസ്തകത്തിലും ഇത് പറയുന്നുണ്ട്.