Jump to content

പാമ്പുമേക്കാട്ടുമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാമ്പുമേക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പടിപ്പുരമാളിക

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

ഐതിഹ്യം

[തിരുത്തുക]
മേക്കാട്ട്മന കവാടം

മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

ചരിത്രം

[തിരുത്തുക]

കേരളത്തിലെ സർപ്പ ആരാധനയ്ക്ക് ശൈവ വൈഷ്ണവ ബന്ധങ്ങൾ ഉണ്ട്. ജൈന മതത്തിലെ സർപ്പ സാന്നിധ്യം ഹിന്ദു മതത്തിൽ നിന്നും കടം കൊണ്ടതാണ്. കന്യാകുമാരി മുതൽ ഗോകരണം വരെ സർപ്പാരാധന കാണാം. പ്രാദേശികമായി സർപ്പരാധനക്കു അവകാശമുള്ള ചില കേന്ദ്രങ്ങൾ ഉണ്ട്. അവർക്ക് അവരുടേതായ ആരാധന ക്രമങ്ങൾ പാരമ്പര്യമായി ഉണ്ട്.

പ്രതിഷ്ഠകൾ

[തിരുത്തുക]
നാഗരാജാവ്

മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.

വിശേഷദിവസങ്ങൾ

[തിരുത്തുക]

കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.

വിശ്വാസങ്ങൾ

[തിരുത്തുക]
നാഗയക്ഷി

മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

ഇരുളിലാണ്ട ആചാരങ്ങൾ

[തിരുത്തുക]

ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

ഭരണ നിർവ്വഹണം

[തിരുത്തുക]
കാവിലെ ഒരു പ്രതിഷ്ഠ

ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.

മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

ആവാഹനകർമ്മം

[തിരുത്തുക]
തെക്കേ കാവിന്റെ ഒരു ദൃശ്യം

സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.

മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം

[തിരുത്തുക]
കിഴക്കെ കാവ്

പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.

ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.

പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പാമ്പു മേയ്ക്കട്ടുമന മാഹാത്മ്യം--പി.സുകുമാരൻ മാസ്റ്റർ

പാരമ്പര്യങ്ങളുടെ മേക്കാട്—unpulished.

"https://ml.wikipedia.org/w/index.php?title=പാമ്പുമേക്കാട്ടുമന&oldid=4095658" എന്ന താളിൽനിന്ന് ശേഖരിച്ചത്