പാപ്പാ ഉമാനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാപ്പാ ഉമാനാഥ്

ജനനം(1931-08-05)5 ഓഗസ്റ്റ് 1931
കോവിൽപാട്ട്, മദ്രാസ്, ബ്രിട്ടീഷ് ഇന്ത്യ
മരണം17 ഡിസംബർ 2010(2010-12-17) (aged 79)
തിരുച്ചിറപ്പള്ളി, തമിഴ്നാട്
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ. (എം)
ജീവിത പങ്കാളി(കൾ)ആർ. ഉമാനാഥ്
കുട്ടി(കൾ)യു. വാസുകി
നിർമ്മല റാണി

തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ, വനിതാവകാശ പ്രവർത്തക ആയിരുന്നു പാപ്പാ ഉമാനാഥ് (ജനനം 5 ആഗസ്റ്റ് 1931 – മരണം 17 ഡിസംബർ 2010, യഥാർത്ഥനാമം ധനലക്ഷ്മി) .[1] അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്നു പാപ്പാ. 1989 ലെ തമിഴ്നാട് പൊതു തിരഞ്ഞെടുപ്പിൽ തിരുവെരുമ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു.[2] സി.പി.എം മുൻ പോളിറ്റ് ബ്യൂറോ അംഗവും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ആർ. ഉമാനാഥ് ആയിരുന്നു ഭർത്താവ്.

ആദ്യകാലജീവിതം[തിരുത്തുക]

1931 ഓഗസ്റ്റ് 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ, മദ്രാസ് സംസ്ഥാനത്തുള്ള കോവിൽപാട്ട് എന്ന സ്ഥലത്താണ് ധനലക്ഷ്മി എന്ന പാപ്പാ ജനിച്ചത്. പിതാവ് മരിച്ചതോടെ, അമ്മ ലക്ഷ്മി, തിരുച്ചിറപ്പള്ളിയിലേക്കു താമസം മാറി. ജീവിത വരുമാനം കണ്ടെത്തുന്നതിനായി, തിരുച്ചിറപ്പള്ളി റെയിൽ വർക്ക്ഷോപ്പിനടുത്ത് തൊഴിലാളികൾക്കായി ഒരു കാന്റീൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ചെറിയ കുട്ടി എന്നർത്ഥം വരുന്ന, പാപ്പാ എന്ന പേരു ധനലക്ഷ്മിയെ ആദ്യം വിളിച്ചത് കാന്റീനിൽ വന്നിരുന്ന തൊഴിലാളികളായിരുന്നു. റെയിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന പല തൊഴിൽ പ്രക്ഷോഭങ്ങളും കണ്ടാണ് ധനലക്ഷ്മി വളർന്നത്.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1945 ൽ ധനലക്ഷ്മി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1948 ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ, ധനലക്ഷ്മിയും അമ്മയും, മറ്റു പാർട്ടി നേതാക്കളോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിന്റെ ക്രൂരതക്കെതിരേ, ജയിലിൽ നിരാഹാരമനുഷ്ഠിച്ച ധനലക്ഷ്മിയുടെ അമ്മ, 23 ദിവസത്തിനുശേഷം മരണമടഞ്ഞു. മാതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കുകൊള്ളാൻ ജയിലധികൃതർ ധനലക്ഷ്മിയെ അനുവദിച്ചില്ല.[4]

1952 ൽ പാർട്ടി അംഗവും, സഹപ്രവർത്തകനുമായിരുന്ന ആർ.ഉമാനാഥിനെ ധനലക്ഷ്മി വിവാഹം കഴിച്ചു. 1962 ലെ ഇന്ത്യാ - ചൈന യുദ്ധകാലത്ത് പാപ്പാ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1964 ൽ സി.പി.ഐ രണ്ടായി പിളർന്നപ്പോൾ, പുതുതായി രൂപീകരിക്കപ്പെട്ട സി.പി.ഐ. എമ്മിന്റെ കൂടെ ധനലക്ഷ്മി നിന്നു. 1973 ൽ ധനലക്ഷ്മിയുടേയും, ജാനകി അമ്മാളിന്റേയും നേതൃത്വത്തിൽ തമിഴ്നാട് ഡെമോക്രാറ്റിക്ക് വിമൻസ് അസ്സോസ്സിയേഷൻ എന്നൊരു സംഘടനക്കു രൂപം കൊടുത്തു.[5] സ്ത്രീകളുടെ ഉന്നമനത്തിനേയും, വിദ്യാഭ്യാസത്തിനേയും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സംഘടനയായിരുന്നു അത്. സമാനരീതിയിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടനകളെ ഒന്നിച്ചുചേർത്ത് 1981 ൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പാപ്പാ ഉമാനാഥ് അതിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുയും ചെയ്തു.[6]

മരണം[തിരുത്തുക]

2010 ഡിസംബർ 10ന് തിരുച്ചിറപ്പള്ളിയിൽ വച്ച് പാപ്പാ ഉമാനാഥ് അന്തരിച്ചു.[7]

അവലംബം[തിരുത്തുക]

  1. "സി.പി.ഐ.എം ലീഡർ പാപ്പാ ഉമാനാഥ് പാസ്സസ് എവേ". ദ ഹിന്ദു. 2010-12-18. Retrieved 2016-03-22.
  2. "1984 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്" (PDF). തിരഞ്ഞെടുപ്പു കമ്മീഷൻ, ഭാരത സർക്കാർ. Retrieved 2016-03-22.
  3. "സി.പി.ഐ.എം ലീഡർ പാപ്പാ ഉമാനാഥ് പാസ്സസ് എവേ". ദ ഹിന്ദു. 2010-12-18. Retrieved 2016-03-22.
  4. "സി.പി.എം. ലീഡർ പാപ്പാ ഉമാനാഥ് ഡെഡ്". ടൈംസ് ഓഫ് ഇന്ത്യ. 2010-12-18. Retrieved 2016-03-23.
  5. സൂസൻ, ക്രാൻസ്. ബിറ്റുവീൻ റിയോട്ടറിക് ആന്റ് ആക്ടിവിസം. എൽ.ഐ.ടി.വെർലാഗ്. p. 220. ISBN 978-3643906489.
  6. "അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ". അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. Retrieved 2016-03-23.
  7. "വെട്രൻ ഫ്രീഡം ഫൈറ്റർ ആന്റ് കമ്മ്യൂണിസ്റ്റ് ലീഡർ പാപ്പാ ഉമാനാഥ് പാസ്സസ് എവേ". ഏഷ്യൻ ട്രൈബ്യൂൺ. 2010-12-18. Retrieved 2016-03-23.
"https://ml.wikipedia.org/w/index.php?title=പാപ്പാ_ഉമാനാഥ്&oldid=2419459" എന്ന താളിൽനിന്ന് ശേഖരിച്ചത്