പാനൂർ തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രമുഖ മതപണ്ഡിതനും ഗ്രന്ഥകർത്താവുമായിരുന്നു പാനൂർ തങ്ങൾ. സയ്യിദ്‌ ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്നാണ് മുഴുവൻ പേര്. കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത തങ്ങൾപീടികയിലെ ജാമിഅ സഹ്‌റ കോളജ്‌ സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു.2010 മെയ് 10ന് അന്തരിച്ചു.[1]

ജീവിത രേഖ[തിരുത്തുക]

മഞ്ചേശ്വർ ഉദ്യാവർ സയ്യിദ്‌ ഹുസൈൻ കോയ തങ്ങളുടെയും കുഞ്ഞീബിയുടെയും മകനാണ്‌. ദാറുൽ ഉലൂം ദയൂബന്ദിൽനിന്നും ഔപചാരിക മതവിദ്യാഭ്യാസം നേടിയതിന്‌ ശേഷം കാസർകോട്‌ ഖാസി പരേതനായ എ.പി അബ്ദു റഹ്മാൻ (അവറാൻ) മുസ്ലിയാർ, സയ്യിദ്‌ അബ്ദു റഹ്മാൻ ബുഖാരി ഉള്ളാൾ, അബ്ദു റഹ്മാൻ ഫൾഫരി, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, എന്നിവരിൽ നിന്നും ദർസ്‌ വിദ്യാഭ്യാസവും കരസ്ഥമാക്കി. ചാവക്കാട്‌, പാറക്കടവ്‌ വലിയ ജുമുഅത്ത്‌ പള്ളി, പയ്യോളി, ഒളവട്ടൂർ, ചെറുകുന്ന്‌, കരുവൻ തുരുത്തി എന്നീ പള്ളികളിൽ ദർസ്‌ നടത്തി. ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക്‌ കോളജിന്റെ സ്ഥാപനായിരുന്നു. 1974ൽ പാനൂരിനടുത്ത തങ്ങൾ പീടികയിൽ ജാമിഅ സഹ്‌റ എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ജാമിഅ സഹ്‌റയിൽ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തമായി രചിച്ചതാണ്‌. പൊതുരംഗത്ത് പ്രത്യക്ഷപ്പെടാനാഗ്രഹിക്കാത്ത തങ്ങൾ അൽപം മാത്രം സംസാരിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്ത സൂഫിവര്യനായിരുന്നു. ഹോമിയോപ്പതി, യുനാനി, ആയുർവേദം തുടങ്ങിയ ചികിത്സാമുകളിൽ നിപുണനായിരുന്നു അദ്ദേഹം.

രചനകൾ[തിരുത്തുക]

നിരവധി കൃതികൾ പാനൂർ തങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച പല ഗ്രന്ഥങ്ങളും വിദേശ സർവ്വക ലാശാലകളിലെ ഗവേഷണ വിദ്യാർഥികൾ ഉപയോഗിച്ചു വരുന്നു.പ്രധാന രചനകൾ . അറബി

 • മദാരിജ്‌ (കർമ ശാസ്ത്രം)
 • അലാ ഹാമിശി ത്തഫാസീർ (ഏഴ്‌ വാല്യം)
 • അൽ മൻത്വിഖ്‌ (തർക്കശാസ്ത്രം)
 • അൽ കലാം (വിശ്വാസം)
 • താരീഖുൽ ഇസ്ലാം (ചരിത്രം)
 • അന്നിബ്‌റാസ്‌ (മൂന്ന്‌ വാല്യം)
 • ആദബുൽ മുസ്‌ലിം (രണ്ടു വാള്യം)

മലയാളം

 • വെല്ലുവിളികൾ
 • വഴിവിളക്കുകൾ[2]

ലോകതലത്തിൽ അറിയപ്പെട്ട ഖുർആൻ വിശദീകരണം[തിരുത്തുക]

ഖുർആൻ, ഹദീസ്, തർക്കശാസ്ത്രം, ഗോളശാസ്ത്രം, കർമശാസ്ത്രം, ഇസ്ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ടെങ്കിലും പാനൂർ തങ്ങളുടെ മാസ്റ്റർപീസായി അറിയപ്പെടുന്നത് ഏഴ് വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ‘അലാഹാമിശിത്തഫാസീർ’ എന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമാണ്.നാനൂറ് വർഷങ്ങൾക്കിപ്പുറം ഇസ്ലാമിക ലോകത്ത് രചിക്കപ്പെട്ട ഏറ്റവും കനപ്പെട്ട ഖുർആൻ വ്യാഖ്യാനമായാണ് ഖത്തർ ഗവൺമെൻറ് ഇതിനെ വിലയിരുത്തിയിരിക്കുന്നത്. ഖത്തർ ഗവൺമെൻറ് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പ്രസിദ്ധീകരണവിഭാഗത്തിന് കീഴിൽ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ധ്രുതഗതിയിൽ പുരാഗമിച്ചുവരികയാണ്. ഇമാം ഫഖ്റുദ്ദീൻ റാസിയുടെ തഫ്സീറിന് ശേഷം സമകാലീന വിജ്ഞാന ശാഖകൾ ഖുർആനിക വീക്ഷണത്തിൽ വിവരിക്കുന്ന രീതി അവലംബിച്ചത് പാനൂർ തങ്ങളാണെന്നാണ് വിലയിരുത്തൽ.ഈജിപ്ത്, സുഡാൻ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഗ്രന്ഥം റഫറൻസ് ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

 1. http://viyogam.blogspot.in/2010/05/blog-post_11.html
 2. http://thajudeenmannani.blogspot.in/2012/04/sayed-ismaeel-shihabudheen-pookoya.html
 3. http://www.madhyamam.com/mobile/pg/gulf/50/228579
"https://ml.wikipedia.org/w/index.php?title=പാനൂർ_തങ്ങൾ&oldid=2347928" എന്ന താളിൽനിന്ന് ശേഖരിച്ചത്