പാചകവാതക സിലിണ്ടർ അപകടസാധ്യതകളും പരിഹാരമാർഗ്ഗങ്ങളും
ഗാർഹിക പാചകവാതക ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.[1] നിലവിൽ ഇന്ത്യയിൽ ഏകദേശം 20 കോടി പാചകവാതക ഉപഭോക്താക്കൾ ഉണ്ട്.[2] ദ്രവീകൃത പെട്രോളിയം വാതകമാണ് (എൽ.പി.ജി.) ഇന്ത്യയിൽ മുഖ്യമായും പാചകാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനം. ഉരുക്ക് സിലിണ്ടറുകളിലാണ് ഇന്ത്യയിൽ പാചകവാതകം വിതരണം ചെയ്യുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് 14.2 കിലോഗ്രാമും വ്യാവസായികാവശ്യങ്ങൾക്ക് 19 കിലോഗ്രാമും ആണ് വിതരണം ചെയ്തുവരുന്നത്.
ഇന്ത്യയിൽ ദിനംപ്രതി 54 പേർ അഗ്നിബാധ മൂലം മരണപ്പെടുന്നുണ്ട്. അതിൽ ആറിലൊന്ന് പാചകവാതക സിലിണ്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾ കാരണമാണ്.[3] വർധിച്ചുവരുന്ന ഉപഭോക്താക്കളുടെ എണ്ണവും സുരക്ഷാകാര്യങ്ങളിലുള്ള അജ്ഞതയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.
ചരിത്രം
[തിരുത്തുക]എൽ.പി.ജി. നിർമ്മിക്കുന്നത് പെട്രോളിയം അല്ലെങ്കിൽ ഈർപ്പമുള്ള പ്രകൃതിവാതകം ശുദ്ധീകരിച്ചുകൊണ്ടാണ്. 1910-ൽ ഡോ.വാൾട്ടർ സ്നെല്ലിങ് ആണ് ഇത് ആദ്യം നിർമ്മിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടത് 1912-ലാണ്. 1930-കളിൽ ഗാർഹിക ആവശ്യങ്ങൾക്കായ് എൽ.പി.ജി. ഉപയോഗിക്കാൻ തുടങ്ങി.[4]
സ്വഭാവഗുണങ്ങൾ
[തിരുത്തുക]ഹൈഡ്രോകാർബൺ വാതകങ്ങളുടെ മിശ്രിതമാണ് എൽ.പി.ജി. എന്ന ദ്രവീകൃത പെട്രോളിയം വാതകം. പ്രധാനമായും പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളുടെ മിശ്രിതമാണ് എൽ.പി.ജി. ക്രൂഡോയിൽ (പെട്രോളിയം) സംസ്കരണവേളയിലാണ് ഈ വാതകങ്ങൾ ലഭിക്കുന്നത്. ഒട്ടും തന്നെ നിറമോ മണമോ ഇല്ലാത്ത വാതകങ്ങളാണ് ഇവ. സാഹചര്യമനുസരിച്ച് ഈ രണ്ടുവാതകങ്ങളും വ്യത്യസ്ത അനുപാതത്തിലാണ് ചേർക്കാറുള്ളത്. ഇതൊരു വാതക ഇന്ധനമായത് കൊണ്ട് കര-ജല മലിനീകരണങ്ങൾ സൃഷ്ടിക്കില്ല. പക്ഷെ വായുമലിനീകരണം ഉണ്ടാക്കും. ഇതിന്റെ ജ്വലന താപമൂല്യം 46.1 MJ/kg ആണ്. എൽ.പി.ജിയുടെ തിളനില സാധാരണഅന്തരീക്ഷ താപനിലയേക്കാൾ കുറവായതിനാൽ സാധാരണ താപനിലയിൽ ഇതിന് വേഗം ബാഷ്പീകരണം സംഭവിക്കും. സാധാരണഅന്തരീക്ഷ ഊഷ്മാവിൽ എൽ.പി.ജി. വാതകമായി മാറുന്നു. ഇത് 1:270 എന്ന തോതിലാണ്. പെട്രോളിയം വാതകം കത്തണമെങ്കിൽ അത് ഓക്സിജനുമായി ചേർന്ന് ഒരു മിശ്രിതം ഉണ്ടാകേണ്ടതുണ്ട്. ഈ മിശ്രിതത്തിൽ 2.15 ശതമാനത്തിനും 9.6 ശതമാനത്തിനും ഇടയിൽ പെട്രോളിയം വാതകം ഉണ്ടെങ്കിൽ മാത്രമേ അത് കത്തുകയുള്ളൂ.[5]
എൽ.പി.ജി. സിലിണ്ടർ
[തിരുത്തുക]കൈകാര്യം ചെയ്യാനുള്ള സൗകര്യാർത്ഥം പെട്രോളിയം വാതകം ദ്രാവകരൂപത്തിലാണ് സൂക്ഷിക്കൂന്നത്. എൽ.പി.ജി. യ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ (0.51) ഒരു കിലേഗ്രാം എൽ.പി.ജി. ഏകദേശം 2 ലിറ്റർ വരും.[6] നമ്മുടെ നാട്ടിൽ ഗാർഹികാവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിൽ 14.2 കിലോഗ്രാമും വ്യാവസായികാവശ്യത്തിനായി ഉപയോഗിക്കുന്ന സിലിണ്ടറിൽ 19 കിലോഗ്രാമും ആണ് എൽ.പി.ജി. ഉണ്ടാകുക. ഇത് ലിറ്ററിൽ ഏകദേശം അതിന്റെ ഇരട്ടിയോളം വരും. ലീക്ക് ഉണ്ടാകുന്ന പക്ഷം അത് തിരിച്ചറിയാനായി ഈഥൈൽ മെർക്കാപ്റ്റൺ എന്ന രൂക്ഷ ഗന്ധമുള്ള രാസവസ്തു എൽ.പി.ജി.യോടൊപ്പം ചേർക്കുന്നു.
അപകട സാധ്യതകളും നിവാരണ മാർഗങ്ങളും
[തിരുത്തുക]പെട്രോളിയം വാതക സിലിണ്ടറുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ പ്രധാനമായും രണ്ടായി തിരിക്കാം.
- റഗുലേറ്ററിന് ശേഷമുള്ള ഭാഗത്തുണ്ടാകുന്നവ.
- റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്നവ.
റഗുലേറ്ററിന് ശേഷമുള്ള ഭാഗത്ത് - ട്യൂബിലോ സ്റ്റൗവ്വിലോ - ലീക്കോ തീപ്പിടിത്തമോ ഉണ്ടാകുകയാണെങ്കിൽ റഗുലേറ്റർ ഓഫ് ചെയ്ത് ലീക്കോ തീപ്പിടിത്തമോ ഒഴിവാക്കാം.
റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്ത് ലീക്കുണ്ടാകാൻ സാധ്യതയുണ്ട്. സിലിണ്ടറിന്റെ വായ ഭാഗത്ത് ഒരു നോൺ-റിട്ടേൺ വാൽവുണ്ട്. ഈ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങുകയോ വാൽവിന്റെ സീറ്റിങ് ശരിയാകാതെവരികയോ ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റുകയാണ്. ലീക്കായി പുറത്തുവരുന്ന പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാണിത്. പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടാനിടവന്നാൽ അത് വലിയ അപകടത്തിന് കാരണമാകും. പെട്രോളിയം വാതകത്തിന് അന്തരീക്ഷ വായുവിനേക്കാൾ ഭാരം കൂടുതലായതിനാൽ അത് തറനിരപ്പിലാണ് വ്യാപിക്കുന്നത്. ഇങ്ങനെ വ്യാപിച്ച വാതകം അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് കത്താൻ പര്യാപ്തമായ മിശ്രിതം ഉണ്ടാകാനും ആ മിശ്രിതം ഒരു ചെറിയ ജ്വാലയുടെ സാനിധ്യത്തിൽ അത്യുഗ്രമായി കത്താനും സാധ്യതയുണ്ട്. ഇതോഴിവാക്കാൻ സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റേണ്ടതുണ്ട്. ഇനി ഇങ്ങനെ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങിയോ മറ്റോ ലീക്കുണ്ടായാൽ എളുപ്പം തന്നെ ആ ലീക്ക് ഒഴിവാക്കാം. ഒരു പെൻസിലോ പേനയോ കൊണ്ട് ആ വാൽവിൽ നന്നായി അമർത്തിയാൽ ലീക്ക് നിൽക്കും.
അത്യപൂർവ്വമായി മാത്രമെ എൽ. പി.ജി. സിലിണ്ടർ പൊട്ടിത്തെറിക്കുകയുള്ളൂ. സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള ഏക സാഹചര്യം ബ്ലെവി (BLEVE- Boiling Liquid Expanding Vapour Explosion) ആണ്. സിലിണ്ടറിനകത്തുള്ള ദ്രാവക രൂപത്തിലുള്ള ഇന്ധനം വളരെ ഉയർന്ന താപം ( 400°C ന് മുകളിൽ ) ലഭിക്കുക വഴി സ്വയം വാതകമായി മാറുമ്പോഴുണ്ടാകുന്ന ( 1:270 എന്ന തോതിൽ) ഉന്നത മർദ്ദത്താൽ സിലിണ്ടർ പൊട്ടിത്തെറിക്കുന്ന സ്ഥിതിവിശേഷമാണ് ബ്ലെവി. ആയതിനാൽ എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചാൽ അടിയന്തരമായി ചെയ്യെണ്ട കാര്യം സിലിണ്ടർ ചൂടാകാതെ സൂക്ഷിക്കുക എന്നതാണ്. ഇതിനായി തീപ്പിടിച്ച് കത്തുന്ന സിലിണ്ടർ തുടർച്ചയായി നനച്ചുകൊണ്ടിരിക്കുക. എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചും അല്ലാതെയും ഈ അവസ്ഥ സംജാതമാകാം. കത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു സിലിണ്ടറിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നോ സിലിണ്ടറിന് ചൂട് പിടിച്ചേക്കാം. അതുകൊണ്ട് സിലിണ്ടർ ചൂട്പിടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
എൽ.പി.ജി. സിലിണ്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
[തിരുത്തുക]- എൽ. പി.ജി. സിലിണ്ടർ എപ്പോഴും റഗുലേറ്റർ വാൽവ് മുകളിൽ വരത്തക്കവണ്ണംകുത്തനെയുള്ള രീതിയിൽ സൂക്ഷിക്കുക.
- എൽ. പി.ജി. സിലിണ്ടർ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. വലിച്ചെറിയുകയോ തറയിൽ കൂടി ഉരുട്ടുകയോ ചെയ്യരുത്.
- ലഭിക്കുന്ന എൽ. പി.ജി. സിലിണ്ടറിന്റെ കാലാവധി തിയ്യതി പരിശോധിക്കുക.
- വിറക് പുരയിലോ ചിമ്മിണി അടുപ്പിനടുത്തോ എൽ. പി.ജി. സിലിണ്ടർ സൂക്ഷിക്കരുത്.
- റഗുലേറ്ററിനു സുരക്ഷാ വാൽവ് (Breathing nose) ഉണ്ടെന്ന് ഉറപ്പുവരുത്തുക, അത് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
- ഗുണമേന്മയുള്ള കണക്ഷൻ ട്യൂബുകൾ മാത്രം ഉപയോഗിക്കുക. കണക്ഷൻ ട്യൂബുകളുടെ നീളം 1.5 മീറ്ററിൽ കൂടാൻ പാടില്ല.
- കുട്ടികൾ, പ്രായമായവർ, ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തവർ എന്നിവരെ എൽ. പി.ജി. സിലിണ്ടർ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.
- എൽ. പി.ജി. സ്റ്റൗ, കണക്ഷൻ ട്യൂബ് എന്നിവ യഥാസമയത്ത് പരിശോധന നടത്തുക.
- കണക്ഷൻ ട്യൂബ് എന്തെങ്കിലും ആവരണം ഉപയോഗിച്ച് പൊതിയാൻ പാടില്ല.
അവലംബം
[തിരുത്തുക]- ↑ https://timesofindia.indiatimes.com/business/india-business/india-becomes-second-largest-domestic-lpg-consumer/articleshow/57008531.cms
- ↑ https://cmie.com/kommon/bin/sr.php?kall=warticle&dt=2017-04-03%2016:51:52&msec=153
- ↑ http://www.business-standard.com/article/specials/fire-accidents-kill-54-people-daily-in-india-yet-deaths-have-declined-115092500584_1.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-13. Retrieved 2017-10-26.
- ↑ http://www.elgas.com.au/welcome-to-elgas/common-questions#safety
- ↑ http://www.elgas.com.au/blog/389-lpg-conversions-kg-litres-mj-kwh-and-m3