പാകിസ്താൻ (ബീഹാറിലെ ഗ്രാമം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാകിസ്താൻ
ഗ്രാമം
Country ഇന്ത്യ
Stateബീഹാർ
ജില്ലപൂർനിയ
Government
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
Languages
 • Officialമൈഥിലി, ഹിന്ദി
സമയമേഖലUTC+5:30 (IST)
ISO 3166 കോഡ്IN-BR

ഇന്ത്യയിലെ ബീഹാറിലെ പൂർനിയ ജില്ലയിലെ ഒരു ഗ്രാമമാണ് പാകിസ്താൻ. ഇന്ത്യാ-പാക് വിഭജനത്തെത്തുടർന്ന്, 1947 ൽ അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) കുടിയേറിയ മുസ്‌ലിം മത വിഭാഗത്തിൽപെട്ടവരുടെ സ്മരണയ്ക്കായി ആണ് ഈ ഗ്രാമത്തിന് "പാകിസ്താൻ" എന്ന് നാമകരണം ചെയ്യപ്പെട്ടത്.[1] അക്കാലത്ത് ഈ പ്രദേശം ഉൾക്കൊള്ളുന്ന ജില്ല കിഴക്കൻ പാകിസ്താൻ്റെ അതിർത്തിയിലായിരുന്നു.[2]

ചരിത്രം[തിരുത്തുക]

1947 ന് മുമ്പ് പൂർനിയ ജില്ല ബ്രിട്ടീഷ് ഇന്ത്യയിലെ നേപ്പാൾ പ്രവിശ്യയുടെ ഭാഗമായിരുന്നു. ആ വർഷം ഓഗസ്റ്റിൽ കൊളോണിയൽ ഇന്ത്യ, ഇന്ത്യയും പാകിസ്താനും ആയി രണ്ടായി വിഭജിക്കപ്പെട്ടു.

കിഴക്കൻ പാകിസ്ഥാനോട് ചേർന്ന് കിടക്കുന്നതിനാൽ, വിഭജനത്തെത്തുടർന്ന് നിരവധി മുസ്‌ലിംകൾ അവിടേക്ക് കുടിയേറി പോയി. അതിൻ്റെ സ്മരണയിൽ ഗ്രാമവാസികൾ സ്വന്തം ഗ്രാമത്തെ പാകിസ്താൻ എന്ന് പുനർനാമകരണം ചെയ്തു. 1956 ലെ സംസ്ഥാനങ്ങളുടെ പുനസംഘടന നിയമത്തിന് മുമ്പ് പൂർണിയ ജില്ല കിഴക്കൻ പാകിസ്ഥാന്റെ അതിർത്തിയിലായിരുന്നു. പിന്നീട് ഇസ്ലാംപൂർ സബ് ഡിവിഷൻ പശ്ചിമ ബംഗാളിന് നൽകി.[1] പുറപ്പെടുന്നതിന് മുമ്പ് മുസ്ലീങ്ങൾ അവരുടെ സ്വത്ത് അയൽ പ്രദേശങ്ങളിലെ ഹിന്ദുക്കൾക്ക് കൈമാറിയിരുന്നു.[3]

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരമായി പ്രക്ഷുബ്ധമാണ്. 1947 ലെ വിഭജനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളിൽ ദശലക്ഷക്കണക്കിന് അഭയാർഥികൾ അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് ദിശകളിലേക്കും പലായനം ചെയ്തിട്ടുണ്ട്. കൂടാതെ, ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇരു രാജ്യങ്ങളും നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഗ്രാമവാസികൾ പറയുന്നത് അവർക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആവശ്യമില്ലെന്നും "സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം" പ്രചരിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നുമാണ്.[4]

മറ്റുള്ള ഗ്രാമക്കാർ "പാക്കിസ്ഥാനികൾ" എന്ന് വിളിച്ച് അപമാനിക്കുകയും പെൺകുട്ടികളെ ഈ ഗ്രാമത്തിലെ പുരുഷൻമാർക്ക് വിവാഹം ചെയ്ത് കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതിനാൽ,[3] സർക്കാർ രേഖകളിൽ പാകിസ്താൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ഗ്രാമത്തിന്റെ പേര്, ബിർസ നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും,[5] നിലവിൽ ഇതുവരെ പേര് മാറ്റിയിട്ടില്ല.

ഭൂമിശാസ്ത്രം[തിരുത്തുക]

ജില്ലാ ആസ്ഥാനമായ പൂർനിയയിൽ നിന്ന് 30 കിലോമീറ്റർ അകലെ, ശ്രീനഗർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാകിസ്താൻ.[6]

ജനസംഖ്യാശാസ്‌ത്രം[തിരുത്തുക]

1947 ലെ വിഭജനത്തിനുശേഷം ഗ്രാമത്തിൽ മുസ്ലീങ്ങളില്ല. ഗ്രാമവാസികൾ ഹിന്ദുക്കളും, ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമായ സന്താൽ ഗോത്രത്തിൽ പെട്ടവരുമാണ്.[6] ഗ്രാമം വളരെ ദരിദ്രമാണ്, ഇവിടെ നല്ല റോഡുകൾ, സ്കൂളുകൾ,[4] ആശുപത്രികൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്. ജില്ലയുടെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 35.51 ആണ്.[7]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 Pakistan without Muslims, a village in India’s Bihar state
  2. The Pakistan that exists in Purnea district of Bihar
  3. 3.0 3.1 "'Pakistan' village in India's Bihar wants to change name | India – Gulf News". Gulf news. 2020-12-21. ശേഖരിച്ചത് 2020-12-21.
  4. 4.0 4.1 ‘Pakistan’ in Indian state of Bihar
  5. "Pakistan in Bihar to soon vanish from people's memory". 2020-12-21. ശേഖരിച്ചത് 2020-12-21.
  6. 6.0 6.1 This 'Pakistan' has no Muslims[പ്രവർത്തിക്കാത്ത കണ്ണി]
  7. Literacy

പുറം കണ്ണികൾ[തിരുത്തുക]