പാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാ
Movie poster of Paa
സംവിധാനം ആർ.ബാലകൃഷ്ണൻ (ആർ. ബാൽകി)
നിർമ്മാണം അമിതാബ് ബച്ചൻ കോർപറേഷൻ
സുനിൽ മൻഛദ്ദ
രചന ആർ. ബാലകൃഷ്ണൻ
ഗാനങ്ങൾ
സ്വാനന്ത് കിർകിരി
അഭിനേതാക്കൾ അമിതാബ് ബച്ചൻ
അഭിഷേക് ബച്ചൻ
വിദ്യാബാലൻ
പരേഷ് റാവൽ
അരുന്ധതി റാഗ്
സംഗീതം ഇളയരാജ
ഛായാഗ്രഹണം പി.സി ശ്രീറാം
ചിത്രസംയോജനം അനിൽ നായിഡു
വിതരണം ആഡ്ലാബ്സ്
റിലീസിങ് തീയതി 4 ഡിസംബർ 2009
സമയദൈർഘ്യം 133 മിനുട്ട്
രാജ്യം  India
ഭാഷ ഹിന്ദി
ബജറ്റ് Rs. 15,00,00,000
(estimated)
ആകെ Rs. 39,00,00,000

ആർ. ബാലകൃഷ്ണന്റെ സംവിധാന നിർവഹണത്തിൽ 2009 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് പാ. അമിതാബ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യാബാലൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിന്റെ ഇതിവൃത്തം അപൂർവമായി മനുഷ്യരിൽ കാണപ്പെടുന്ന പ്രൊഗേറിയ എന്ന ജനിതകാവസ്ഥയെ ആസ്പദിച്ചുള്ളതും അച്ഛൻ-മകൻ ബന്ധത്തെ ഊന്നിപ്പറയുന്നതുമാണ്.[1] യഥാർഥ ജീവിതത്തിൽ അമിതാബ് ബച്ചൻ അച്ഛനും അഭിഷേക് ബച്ചൻ മകനുമാണെങ്കിൽ ഈ ചിത്രത്തിൽ അഭിഷേക് അച്ഛനും അമിതാബ് മകനുമായാണ് വേഷമിടുന്നത്. 2009 ഡിസംബർ 4 ന് വിവിധ രാജ്യങ്ങളിൽ ഈ ചിത്രം പ്രദർശനത്തിനെത്തി. പ്രമുഖ സംഗീത സംവിധായകൻ ഇളയരാജ ഈ ചിത്രത്തിന്റെ സംഗീതം പകർന്നിരിക്കുന്നു. നിരൂപക പ്രശംസയും വാണിജ്യവിജയവും നേടിയ പായിലെ അഭിനയത്തിന് അമിതാബ് ബച്ചൻ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. ഫിലിംഫെയറിന്റെ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം വിദ്യാബാലനെ തേടിയെത്തി. അകാലവാർധക്യത്തിന്റെ ഫലമായുണ്ടാകുന്ന ജീവിതത്തിലെ നേർ കാഴ്ചയാണ് പാ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത്.

കഥ[തിരുത്തുക]

പ്രൊഗോറിയ എന്ന അസാധാരണ ജനിതക വൈകല്യം ബാധിച്ച 13 വയസ്സുള്ള ബുദ്ധിശാലിയായ ഒരു ബാലനാണ് ഓറൊ (അമിതാബ് ബച്ചൻ). പക്വതകൊണ്ട് പന്ത്രണ്ടുവയസ്സുള്ള ഒരു സാധാരണ കുട്ടിയാണെങ്കിലും ശാരീരികമായി അവന്റെ യഥാർഥ വയസ്സിന്റെ അഞ്ചിരട്ടി പ്രായം തോന്നിക്കുന്നവനാണ്. ഔറയുടെ സ്ഥിതി ഇതാണെങ്കിലും സന്തോഷവാനാണ് അവൻ. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യയുമൊത്താണ് (വിദ്യ ബാലൻ) ഔറൊ താമസിക്കുന്നത്. രാഷ്ട്രീയരക്തം സിരകളിലൊഴുകുന്ന യുവാവാണ് അമോൽ ആർതെ (അഭിഷേക് ബച്ചൻ). രാഷ്ട്രീയം തെറ്റായ ഒരു പദമെല്ലന്ന് ലോകത്തിനു മുന്നിൽ തെളീക്കണമെന്ന ദൗത്യം ഏറ്റെടുത്തവനാണ് അദ്ദേഹം. അമോലിന്റെ മകനാണ് ഔറൊ. പക്ഷേ, വിദ്യ ഈ വിവരം അവനിൽ നിന്ന് മറച്ചു വെക്കുന്നു. ഔറൊയുടെ സ്കൂൾ സന്ദർശനവേളയിൽ അമോൽ ഔറൊയെ നേരിൽ കാണുകയാണ്. ഔറൊ അദ്ദേഹത്തിന്റെ മകനാണന്ന് അമോലിന് അറിയില്ലങ്കിലും ഔറോയെ പ്രസിഡന്റിന്റെ വീട് കാണിക്കുന്നതിനായി ഡൽഹിയിലേക്ക് അദ്ദേഹം കൊണ്ടുപോകുന്നു. യാഥാർത്യമറിയാവുന്ന ഔറോ, തന്റെ അച്ഛനേയും അമ്മയേയും ഒരുമിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിദ്യ അതിനെ പ്രതിരോധിക്കുന്നു. വിദ്യ ഗർഭണിയാണെന്ന് ആദ്യമായി അവരറിഞ്ഞപ്പോൾ ആ ഗർഭം അലസിപ്പിക്കാൻ അമോൽ താല്പര്യപ്പെട്ടതു വിദ്യയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിന്നീട് അമോൽ തന്റെ തെറ്റ് തിരിച്ചറിയുകയും താൻ സ്നേഹിക്കുന്ന വിദ്യയെ വിവാഹം ചെയ്യാൻ ഒരുക്കമാണെന്ന് അറീക്കുകയുമാണ്. ഔറോ തന്റെ മകനാണെന്ന് അറിയുമ്പോൾ അമോൽ ഔറോയുടെ അരികുചേർന്നു നിൽക്കുന്നു. തന്റെ പതിമുന്നാം ജന്മദിനം എത്തുന്ന വേളയിൽ ഔറൊയുടെ ശരീരം പതിയെ പതിയെ ശോഷിച്ചു വരികയാണ്. എങ്കിലും തന്റെ അമ്മയേയും അച്ഛനേയൂം ഒരുമിപ്പിക്കാൻ ഒടുവിൽ അവനു സാധിക്കുന്നു. വിദ്യ അവളുടെ ദുഃഖം അമോലുമായി പങ്കുവെക്കുകയും അവളുടെ മാതൃസ്നേഹം ഔറോക്ക് ചൊരിയുകയും ചെയ്യുന്നു. രോഗത്തിനു കീഴടങ്ങുന്ന ഔറോ തന്റെ അവസാന വാക്ക് "മാ" എന്നും "പാ" എന്നും മൊഴിഞ്ഞ് പുഞ്ചിരിയോടെ മരണത്തിനു കീഴടങ്ങുന്നു.

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും പശ്ചാതല സംഗീതമൊരുക്കിയതും പ്രശസ്തനായ ഇളയരാജയാണ്. "ഗും സും ഗും" എന്ന ഗാനം 1982 ലെ മലയാളചലച്ചിത്രമായ ഓളങ്ങൾ എന്ന ചിത്രത്തിലെ "തുമ്പിവാ തുമ്പക്കുടത്തിൽ" എന്ന ഇളയരാജയുടെ സംഗീതത്തിൽ തന്നെയുള്ള ഗാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അദ്ദേഹത്തിന്റെ തന്നെ സംഗീതത്തിലുള്ള "പുത്തം പുതു കാലൈ" എന്ന 1980 ലെ "അലൈകൾ ഒയ്‌വത്തില്ലൈ" എന്ന തമിഴ് ചിത്രത്തിലെ ഗാനത്തെ ആസ്പദിച്ചാണ് മറ്റൊരു ഗാനമായ "ഹൽകെ സെ ബോലെ" എന്ന ഗാനം. ബാലുമഹേന്ദ്രയുടെ "അതു ഒരു കന കാലം" എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള "കാത്രു വിഴി" എന്ന ഗാനമാണ് "മേരി പാ" എന്ന മറ്റൊരു ഗാനത്തിനടിസ്ഥാനം. ഐറിഷ്, തമിഴ് നാടോടി സംഗീതം ഒരുമിച്ചു ചേർത്തുള്ള മെലഡിയാണ് ചിത്രത്തിന്റെ തീംഗാനം

അവലംബം[തിരുത്തുക]

  1. "Paa: Complete cast and crew details". Filmicafe Media Inc. ശേഖരിച്ചത് 2009-11-02. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാ&oldid=2332647" എന്ന താളിൽനിന്നു ശേഖരിച്ചത്