പരിസ്ഥിതി ദൈവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിസ്ഥിതി സംബന്ധമായ ആധുനികവ്യഗ്രതകളെ മുൻനിർത്തി, മതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്ന ഈശ്വരവിജ്ഞാനീയമാണ് പരിസ്ഥിതിദൈവശാസ്ത്രം. മനുഷ്യന്റെ ലോകവീക്ഷണത്തിലെ ആത്മീയ-ധാർമ്മിക വശങ്ങളും പരിസ്ഥിതിശോഷണവും തമ്മിൽ ബന്ധമുണ്ടെന്ന സങ്കല്പത്തിലാണ് ഇതിന്റെ തുടക്കം. പരിസ്ഥിതി സംബന്ധമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ മേധാവിത്വത്തെ പരിസ്ഥിതിദൈവശാസ്ത്രം പുന:പരിശോധിക്കുന്നു. ലോകമാസകലം ഒട്ടേറെ മതാധിഷ്ഠിത പരിസ്ഥിതിമുന്നേറ്റങ്ങൾക്ക് അതു പ്രചോദനമായിട്ടുണ്ട്.[1]

ഭൂമിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ഈ ധാർമ്മിക പരിചിന്തനത്തിനു വഴിയൊരുക്കിയത് പരിസ്ഥിതിപ്രതിസന്ധിയെ സംബന്ധിച്ച ബോദ്ധ്യത്തിന്റെ ആധുനികകാലത്തെ വളർച്ചയാണ്. എങ്കിലും, പ്രപഞ്ചോല്പത്തി, സന്മാർഗ്ഗശാസ്ത്രം മുതലായ മേഖലകളിലെ മതപാരമ്പര്യങ്ങളിൽ പരിസ്ഥിതിദൈവശാസ്ത്രത്തിലെ ഉൾക്കാഴ്ചകളുടെ പൂർവരൂപം കാണാം.

പരിസ്ഥിതിശോഷണത്തിന്റെ പശ്ചാത്തലത്തിൽ മതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പരിശോധനയ്ക്കു പുറമേ, പ്രകൃതിവ്യവസ്ഥകളുടെ പ്രയോജനകരമായ പരിപാലനത്തിനുള്ള സാദ്ധ്യതകളുടെ അന്വേഷണവും പരിസ്ഥിതിദൈവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു. അതിനാൽ, മതവും പ്രകൃതിയുമായുള്ള ബന്ധത്തിലെ സമസ്യകൾ തിരിച്ചറിയാൻ ശ്രമിക്കുന്നതിനൊപ്പം അവയ്ക്കു പരിഹാരം നിർദ്ദേശിക്കാനും അതു ശ്രമിക്കുന്നു. പരിസ്ഥിതി പ്രതിസന്ധി തരണം ചെയ്യാൻ അതിനെക്കുറിച്ചുള്ള അറിവു മാത്രം മതിയാവില്ലെന്നതിനാൽ, പരിഹാരത്തിനുവേണ്ടിയുള്ള ഈ അന്വേഷണം പരിസ്ഥിതിദൈവശാസ്ത്രത്തിന് ഒഴിച്ചുകൂടാത്തതാകുന്നു.[2]

പശ്ചാത്തലം[തിരുത്തുക]

1967-ൽ കാലിഫോർണിയ സർവകലാശാലയിൽ ചരിത്രാദ്ധ്യാപകനായിരുന്ന ലിൻ വൈറ്റ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തെ പിന്തുടർന്നാണ് ദൈവശാസ്ത്രവും ആധുനികകാലത്തെ പരിസ്ഥിതി പ്രതിസന്ധിയും തമ്മിലുള്ള ബന്ധം പാശ്ചാത്യ അക്കാദമിക ലോകത്ത് ചർച്ചാവിഷയമായത്. "നമ്മുടെ പരിസ്ഥിതിപ്രതിസന്ധിയുടെ ചരിത്രപരമായ വേരുകൾ" എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ പ്രബന്ധത്തിൽ വൈറ്റ്, മനുഷ്യന് പ്രകൃതിയുടെ മേൽ മേധാവിത്വം അവകാശപ്പെടുന്ന ക്രിസ്തീയസങ്കല്പമാണ് പരിസ്ഥിതിവിനാശത്തിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചതെന്നു വാദിച്ചു. ഈ നിലപാടിന്റെ വികസിതരൂപം, ക്രിസ്തുമതത്തിനെതിരായ 'പരിസ്ഥിതിപ്പരാതി' (ecological complaint) എന്ന പേരിൽ അറിയപ്പെടുന്നു.[3] [4]

വൈറ്റിന്റെ ലേഖനത്തോട് പന്ത്രണ്ടോളം ദൈവശാസ്ത്രജ്ഞന്മാരുടെ പ്രതികരണങ്ങളെ വിശകലനം ചെയ്യുന്ന ഒരു ലേഖനം 1973-ൽ ദൈവശാസ്ത്രജ്ഞനായ ജാക്ക് റോജേഴ്സ് പ്രസിദ്ധീകരിച്ചു. ദൈവവും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ സംബന്ധിച്ച വേദപുസ്തകവിവരങ്ങളെ ഫലപ്രദമായി വിശകലനം ചെയ്യാൻ പറ്റിയ ഒരു ദൈവശാസ്ത്രമാതൃക അന്വേഷിക്കുകയായിരുന്നു ഈ ദൈവശാസ്ത്രജ്ഞന്മാർ.

'പരിസ്ഥിതിപ്പരാതി'[തിരുത്തുക]

ദൈവവും ദൈവച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതായി അവകാശപ്പെടുന്ന മനുഷ്യനും പ്രകൃതിയെ അതിലംഘിച്ചു നിൽക്കുന്നു എന്ന സങ്കല്പം പ്രചരിപ്പിക്കുക വഴി ക്രിസ്തുമതം തന്നെയാണ് പരിസ്ഥിതി പ്രതിസന്ധി സൃഷ്ടിച്ചതെന്ന വാദം ശക്തമാണ്. ഈവിധം ക്രിസ്തുമതത്തെ പ്രതിക്കൂട്ടിൽ കയറ്റുന്ന "പരിസ്ഥിതിപ്പാരാതി'-യോടുള്ള പ്രതികരണമാണ് പരിസ്ഥിതി ദൈവശാസ്ത്രത്തിലെ ചർച്ചകളുടെ മുഖ്യഭാഗം. ക്രിസ്തുമതം പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ മേധാവിത്വം എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്നതായും മനുഷ്യന്റെ നിലനില്പിനും പുരോഗതിക്കുമായി ഉപയോഗിക്കാനോ ചൂഷണം ചെയ്യാൻ തന്നെയോ ഉള്ള ഉപകരണം മാത്രമായി പ്രകൃതിയെ കാണുന്നതായും 'പരാതിക്കാർ' കുറ്റപ്പെടുത്തുന്നു.[5]

പ്രകൃതിയുടെ ദുരിതങ്ങൾക്കു പിന്നിൽ ജൂത-ക്രിസ്തീയ-ഇസ്ലാം മതങ്ങൾ പങ്കുപറ്റുന്ന സെമറ്റിക് പാരമ്പര്യത്തിലെ പ്രപഞ്ചവീക്ഷണമാണെന്ന് ചരിത്രകാരനായ ആർനോൾഡ് ടോയൻബീ പോലും പാരാതിപ്പെട്ടിട്ടുണ്ട്:-

പകരം വയ്ക്കാനാവാത്ത പ്രകൃതിവിഭവങ്ങളുടെ ഭ്രാന്തൻ ധാരാളിത്തത്തോടുകൂടിയ ഉപഭോഗം, അവയിൽ ബാക്കിയുള്ളവയുടെ മലിനപ്പെടുത്തൽ തുടങ്ങി, ഇന്നത്തെ ലോകത്തിന്റെ പ്രധാനപ്രശ്നങ്ങളിൽ പലതിന്റെയും കാരണം, അന്തിമവിശകലനത്തിൽ, മതപരമാണ് - ഏകദൈവവാദമാണ് ആ കാരണം.

ബൈബിളിലെ ഉല്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായം 28-ആം വാക്യം, സൃഷ്ടിയെ ഭരിച്ച് ചൂഷണം ചെയ്യാൻ മനുഷ്യനെ അനുവദിക്കുക മാത്രമല്ല അതിനു കല്പിക്കുക തന്നെ ചെയ്യുന്നെന്നും ടോയൻബീ ചൂണ്ടിക്കാട്ടുന്നു.[6]

അതേസമയം, പരിസ്ഥിതിയെ സംബന്ധിച്ച ധനാത്മകമൂല്യങ്ങളും നിലപാടുകളും ക്രിസ്തീയപാരമ്പര്യത്തിന് അന്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടേയും നന്മയെ പുണർന്ന ചിന്തകന്മാർ ക്രിസ്തീയതയിൽ നേരത്തേ ഉണ്ടായിരുന്നു. ക്രിസ്തീയമായ പരിസ്ഥിതിശാസ്ത്രത്തിനു പിന്തുടരാവുന്ന മാതൃകകളിൽ ഏറ്റവും പ്രസിദ്ധമായത് അസ്സീസിയിലെ ഫ്രാൻസിന്റേതാണെങ്കിലും, പരിസ്ഥിതിചിന്തക്ക് ആശ്രയിക്കാവുന്ന ഇതര ക്രിസ്തീയചിന്തകന്മാരും പ്രബോധകന്മാരും ഇല്ലാതില്ല. അവരിൽ പലരുടേയും പശ്ചാത്തലം പൗരസ്ത്യക്രിസ്തീയത ആയതിനാൽ, പാശ്ചാത്യലോകത്ത് അവർ അധികം അറിയപ്പെടുന്നില്ല എന്നേയുള്ളു.

അവലംബം[തിരുത്തുക]

  1. 2012 മേയ് 3-ലെ മാധ്യമം ദിനപ്പത്രത്തിൽ ഡി. ബാബു പോൾ എഴുതിയ ലേഖനം: പച്ചപ്പുൽപ്പുറങ്ങൾ ഒരുമിച്ച് തേടാം
  2. Brown, Valerie. "The Rise of Ecotheology". ശേഖരിച്ചത് 4 April 2012. 
  3. White, Lynn. "The Historical Roots of Our Ecological Crisis". ശേഖരിച്ചത് 4 April 2012. 
  4. Cengage, Gale. "Ecotheology". Encyclopedia of Science and Religion. ശേഖരിച്ചത് 4 April 2012. 
  5. Cengage, Gale. "Ecotheology". Encyclopedia of Science and Religion. ശേഖരിച്ചത് 3 April 2012. 
  6. Arnold Toynbee, "The religious background of the present environmental crisis" International Journal of Environmental Studies Volume 3, Issue 1-4, 1972
"https://ml.wikipedia.org/w/index.php?title=പരിസ്ഥിതി_ദൈവശാസ്ത്രം&oldid=1693517" എന്ന താളിൽനിന്നു ശേഖരിച്ചത്