പരമേശ്വർ രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്ധ്ര സ്വദേശിയായ പ്രമുഖ ഡിസൈനറും കാലിഗ്രാഫറുമാണ് പൂസപ്പട്ടി പരമേശ്വർ രാജു (ജനനം : 1961).

ജീവിതരേഖ[തിരുത്തുക]

മുത്തച്ഛനും പ്രമുഖ ശിൽപ്പിയുമായ അപ്പല റാവുവിന്റെ സ്വാധീനത്താലാണ് രാജു ചിത്രമെഴുത്തിലേക്ക് തിരിയുന്നത്. ചുവർച്ചിത്ര രചനയിലും കരിങ്കൽ ശിൽപ്പ നിർമ്മതിയിലും വിദഗ്ദ്ധനായിരുന്ന അപ്പല റാവു പുളി വിത്ത് ചതച്ചതും തുണിയും ശിൽപ്പ നിർമ്മതിക്കായി ഉപയോഗപ്പെടുത്തിയിരുന്നു. ഔറംഗാബാദിലെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. പട്ടാളത്തിൽ ചേരാനുള്ള താത്പര്യം മൂലം മല കയറ്റത്തിൽ പരിശീലനം നടത്തുമായിരുന്നു. അതിനിടെ പരിക്ക് പറ്റിയതാണ് കാലിഗ്രാഫിയിലേക്ക് തിരിയാനിടയായത്. കേന്ദ്ര സിൽക്ക് ബോർഡ് ജീവനക്കാരനായിരുന്ന രാജൂ പൈതൃക പൈതിനി നെയ്ത്തുകാരോടൊപ്പവും കാലംകാരി വിദഗ്ദ്ധരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

രചനാ ശൈലി[തിരുത്തുക]

രചനയ്ക്കായി രാമായണത്തിലെയും ശിവപുരാണത്തിലെയും കഥാ സന്ദർഭങ്ങളാണ് സ്വീകരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ രചനാ ശൈലിയാണ് ഇദ്ദേഹത്തിന്റേത്. നേർത്തും വീതികൂടിയും ക്യാൻവാസിൽ തീർക്കുന്ന ചില വരകൾ പ്രത്യേക വീക്ഷണകോണുകളിൽ ചിത്രങ്ങളായി മാറുന്നു. ഡിസൈൻ രചനയിലും കാലിഗ്രാഫിയിലും പ്രാവീണ്യം നേടിയ ഇദ്ദേഹംത്തിന്റെ രചനകൾക്ക് 29 x 22.5 ഇഞ്ച് വലിപ്പമുണ്ടാകും. ആദ്യ കാലത്ത് പനയോലയിൽ കാജൽ മഷി ഉപയോഗിച്ചായിരുന്നു രചന. വിദേശത്തു നിന്നു വരുത്തുന്ന വലിയ കാലിഗ്രാഫിക് നിബാണ് ഉപയോഗക്കുന്നത്.[1] ഏകദേശം നൂറു വർഷത്തോളം നിലനിൽക്കുമെന്ന് കരുതപ്പെടുന്ന പ്രത്യേക തരം ആർക്കൈവൽ കടലാസിൽ ലൈറ്റ് പ്രൂഫ് ഇങ്കോ ചുവപ്പ് കുങ്കുമം പേസ്റ്റോ ഉപയോഗിച്ചാണ് രചന. ഐക്കോണിക് കാലിഗ്രാഫി എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്.[2]

പ്രദർശനങ്ങൾ[തിരുത്തുക]

2012-ലെ ബെയ്ജിങ് ബിനാലെയിൽ,[3] പുരാണങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നുമൊക്കെ അടർത്തിയെടുത്ത നിരവധി മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചിരുന്നു.[4] ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ, ഗ്രൂപ്പ് പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെയിൽ[തിരുത്തുക]

2012 ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ വിശ്വാസത്തിലെ യുക്തി തേടുന്ന ചിത്രങ്ങളുമായി 'ലോർ ഓഫ് ബിലീഫ്' എന്ന ചിത്രപ്രദർശനം നാണപ്പ ആർട്ട് ഗാലറിയിൽ നടത്തി. സിൽക്ക് തുണിയിലും ആർക്കൈവ് പേപ്പറിലും കാലിഗ്രാഫിക് ഡിസൈനുകളും ക്ഷേത്ര ആഭരണങ്ങളും ആഭരണപ്പെട്ടികളും ഈ പ്രദർശനത്തിലുണ്ട്. ഓടക്കുഴലൂതി മരച്ചുവട്ടിൽ ഗോക്കളോടൊപ്പം ഉല്ലസിക്കുന്ന കൃഷ്ണനും രാമന്റെയും സീതയുടെയും കല്യാണ മുഹൂർത്തവും ശിവനെ ആരാധിക്കുന്ന പാർവതിയുമൊക്കെ പ്രദർശനത്തിലുണ്ട്. കോലി മുഖർജി ഗോസ് ആയിരുന്നു ക്യൂറേറ്റർ.[5]

അവലംബം[തിരുത്തുക]

  1. http://dailypioneer.com/vivacity/56387-from-kajal-to-light-proof-ink.html
  2. http://www.thehindu.com/arts/art/article3339067.ece[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-28. Retrieved 2013-01-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-22. Retrieved 2013-01-05.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-05. Retrieved 2013-01-05.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരമേശ്വർ_രാജു&oldid=3660956" എന്ന താളിൽനിന്ന് ശേഖരിച്ചത്