Jump to content

പയ്യന്നൂർ മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളനാടക നടനും സംവിധായകനുമാണ് പയ്യന്നൂർ മുരളി. നാടക ദീപവിതാനത്തിലും പ്രവർത്തിക്കുന്ന ഇദ്ദേഹം നൂറിലധികം നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് അന്നൂരിൽ ജനിച്ചു. മലബാറിലെ അമച്വർ നാടകത്തിലൂടെയാണ് ഇദ്ദേഹം ഈ രംഗത്ത് പ്രവേശിച്ചത്. ഈ കാലയളവിൽ കണ്ണൂർ സംഘചേതനയിൽ പ്രവേശിച്ചു. സമിതിയുടെ തന്നെ സഖാവ്‌, പഴശ്ശി രാജ എന്നീ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കുമരകം രഘുനാഥിന്റെ കേളി സമിതിയിൽ നിരവധി നാടകങ്ങളിൽ സഹസംവിധായകനായും നടനായും പ്രവർത്തിച്ചിരുന്നു.[1] തുടർന്ന് രാജൻ പി ദേവിന്റെ ചേർത്തല ജൂബിലി കൂടാതെ അങ്കമാലി പൂജ തുടങ്ങി പല സമിതികളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സീരിയൽ നാടക രചയിതാവ്‌ ദിനേശ് പള്ളത്ത് രചിച്ച വാക്‌ഭടാചാര്യൻ എന്ന നാടകത്തിന്റെ സംവിധാനം നിർവഹിച്ചുകൊണ്ട് 1997-ൽ സംവിധാനരംഗത്തും പ്രവേശിച്ചു. ഇതോടൊപ്പമാണ് നാടക ദീപസംവിധാനത്തിലേക്കും ഇദ്ദേഹം തിരിഞ്ഞത്.

2002-ൽ എറണാകുളം കേന്ദ്രമായി കലാചേതന എന്ന നാടകസമിതി ആരംഭിച്ചു. അമതൻ, സ്‌നേഹഗായകൻ, ആരാധകൻ, നൻമനിറഞ്ഞവൻ, വിശ്വനായകൻ തുടങ്ങിയ നാടകങ്ങൾ സമിതി അവതരിപ്പിച്ചു. സമിതിയുടെ തന്നെ അവതരണത്തിൽ ഫ്രാൻസിസ്‌ ടി. മാവേലിക്കര രചിച്ച പത്മശ്രീ അമ്പാട്ട്‌ കേശവൻ എന്ന നാടകത്തിൽ അമ്പാട്ട്‌ ഗോവിന്ദമേനോൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ഈ നാടകത്തിന്റെ സംവിധാനം നിർവഹിക്കുകയും ചെയ്തു.[2] കണ്ണൂർ സംഘചേതനയുടെ നാടകമായ ഉണർത്തുപാട്ടിന് (2010) ഇദ്ദേഹം സംവിധാനം നിർവഹിച്ചു.

2013-ൽ പുറത്തിറങ്ങിയ 3ജി എന്ന മലയാളചലച്ചിത്രത്തിൽ ആഭ്യന്തരമന്ത്രിയുടെ വേഷം ഇദ്ദേഹം അവതരിപ്പിച്ചു. ഈ ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്.

ഭാര്യ: പ്രസന്ന മുരളി. മക്കൾ:സിനിമാ-സീരിയൽ താരം അപ്പൂസ്‌ (ഹരിമുരളി), അച്ചൂസ്‌(ശ്രീമുരളി).

പുരസ്കാരങ്ങൾ

[തിരുത്തുക]

നാലുതവണ കേരള സംസ്ഥാന പുരസ്കാരം ഇദ്ദേഹം നേടിയിട്ടുണ്ട്. കണ്ണൂർ സംഘചേതനയുടെ ഉണർത്തുപാട്ട്‌ എന്ന നാടകത്തിലെ ദീപസംവിധാനത്തിനും പുരസ്കാരം ലഭിച്ചു.[1]

ദേവസ്‌പന്ദനം എന്ന നാടകത്തിന്റെ സംവിധാനത്തിനു 2002-ൽ മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. 2003-ൽ ശകുനി എന്ന നാടകത്തിലെ ദീപസംവിധാനത്തിനും 2004-ൽ സ്‌നേഹഗായകൻ എന്ന നാടകത്തിനും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

160-ലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇ.എം.എസ്‌. സാംസ്‌കാരികവേദി നടത്തിയ സംസ്ഥാന മത്സരത്തിൽ നാലുതവണ ഇദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷൻ, അച്ചൻകുഞ്ഞ്‌ പുരസ്‌കാരം, ചങ്ങനാശ്ശേരി നടരാജൻ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ മുരളിക്കു ലഭിച്ചിട്ടുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ദീപസംവിധാനം പയ്യന്നൂർ മുരളി..." ജനയുഗം. Archived from the original on 2013-10-13. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "നാടകം വഴി സിനിമയിൽ, പയ്യന്നൂർ മുരളി". ദീപിക. Archived from the original on 2013-10-13. Retrieved 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ_മുരളി&oldid=3776771" എന്ന താളിൽനിന്ന് ശേഖരിച്ചത്