പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് അലൻ ശുഐബ്, താഹ ഫസൽ എന്നീ രണ്ട് യുവ സിപിഎം പ്രവർത്തകരെ മാവോയ്സ്റ്റ് ബന്ധം ആരൊപിച്ച് 2019 നവംബർ 1 ന് യു.എ.പി.എ ചുമത്തിക്കൊണ്ട് പോലീസ് അറസ്റ്റുചെയ്ത സംഭവവും തുടർന്നുള്ള കേസിന്റെ നാൾ വഴികളും ആണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് അല്ലങ്കിൽ പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്ന് അറിയപ്പെടുന്നത്. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ കേസാണിത്.[1] കേരള പോലീസിൽ നിന്ന് ഈ കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയും കേസുകൾ കോഴിക്കോട് ജില്ല സെഷൻ കോടതിയിൽ നിന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. 2020 ജനുവരിയിൽ എൻ.ഐ.എ ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. പത്തു മാസത്തെ ജുഡീഷ്യൽ കസ്റ്റ്ഡിക്ക് ശേഷം 2020 സെപ്റ്റംബർ 10 ന് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ഇരുവർക്കും ജാമ്യം നൽകി. അലൻ ശുഐബും, താഹ ഫസലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനു തെളിവില്ലന്ന് പറഞ്ഞാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. സി.പി.എമ്മിന്റെ പ്രവർത്തകരായിരുന്ന ഇരുവർക്കും മാവോയ്സ്റ്റ് ബന്ധമുണ്ടായിരുന്നു വെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. 2020 ജനുവരി ഒന്നിന് പത്രസമ്മേളനത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

"ആ പരിശോധന നടത്തിക്കഴിഞ്ഞല്ലോ. അവർ മാവോയിസ്​റ്റുകളാണെന്ന് വ്യക്തമായികഴിഞ്ഞല്ലോ.അതിലെന്താ പ്രശ്നം വന്നിരിക്കുന്നത്. അവർ സിപിഎം പ്രവർത്തകരൊന്നുമല്ല. യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്നു പറയണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് ഞാൻ പറയുന്നില്ല."[2]

കേരളത്തിലെ പ്രതിക്ഷപാർട്ടികളും സിപിഎം പ്രവർത്തകരും അനുഭാവികളും ഉൾപ്പടെയുള്ള നിരവധി ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകരും ഈ കേസ് ചുമത്തലനെതിരെ രംഗത്ത് വന്നിരുന്നു.[3]

അവലംബം[തിരുത്തുക]

  1. ഡെസ്‌ക്‌, സമകാലികമലയാളം. "പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം". samakalikamalayalam.com. സമകാലികമലയാളം. Retrieved 11 സെപ്റ്റംബർ 2020.
  2. എഡിറ്റോറിയൽ, ഡെസ്ക്. "ചായകുടിക്കാൻ പോയവരും യു.എ.പി.എയും". madhyamam.com. മാധ്യമം. Retrieved 11 സെപ്റ്റംബർ 2020.
  3. ഡിക്രൂസ്, റൂബിൻ. "താഹക്കും അലനും ജാമ്യം;ഇനി മുഖ്യമന്ത്രി തിരുത്തുമോ ?". truecopythink.media. Truecopythink. Retrieved 11 സെപ്റ്റംബർ 2020.