പന്തല്ലൂർ മല
മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പന്തലൂർമല.
ചരിത്രം
[തിരുത്തുക]മലബാർ കലാപ കാലത്ത് കലാപകാരികളുടെ ഒളിത്താവളമായിരുന്നു പന്തലൂർമല. ഈ പ്രദേശത്തു ഒളിവിൽപോയ കലാപകാരികളെ പിടികൂടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പിൽ കുതിരവണ്ടിയിൽ പീരങ്കി ഘടിപ്പിച്ച്, പന്തലൂർ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു. അക്കാലത്ത് മലയാളമനോരമ പത്രത്തിന്റെ സ്ഥാപകനായിരുന്ന മാമ്മൻ മാപ്പിള പന്തലൂർ വനപ്രദേശത്ത് ഒളിച്ചുതാമസിക്കുകയും, അതിനുശേഷം ആ മലമ്പ്രദേശം പാട്ടത്തിനെടുക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അന്ന് ഈ പ്രദേശങ്ങൾ കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഇന്ന് മനോരമ പ്ളാന്റേഷൻ ഇന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ പ്ളാന്റേഷനായ ബാലനൂർ കാപ്പി പ്ളാന്റേഷൻ ആയി മാറിയിരിക്കുന്നു. ഇതോടൊപ്പം ഇവിടേക്ക് തെക്കൻ കേരളത്തിലെ കുടിയേറ്റക്കാർ വന്നു തുടങ്ങുകയും, കാർഷിക രംഗത്തും എസ്റ്റേറ്റുരംഗത്തും വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. പിന്നീട് പന്തല്ലൂർ സെന്റ് മേരീസ് ചർച്ച്, ചെറുപുഷ്പ യുവപ്രതിഭ ലൈബ്രറി ആന്റ് റീഡിംഗ് റൂം തുടങ്ങിയവ ഇവിടെ സ്ഥാപിച്ചു.
ഭൂമി കയ്യേറ്റം
[തിരുത്തുക]2002-ൽ മലയാള മനോരമ കുടുംബം പന്തല്ലൂർ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള പന്തല്ലൂർ മലയിലെ ഭൂമി കയ്യേറിയെന്ന് ആരോപണം ഉയർന്നു.. തുടർന്ന് 2002 ഒക്ടോബർ 30നു ഇവിടം സന്ദർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, ഇവരുടെ വാദം സത്യമാണെന്ന് കണ്ടെത്തുകയും ഇവരുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പന്തല്ലൂർ ദേവസ്വത്തിൽ നിന്നു പാട്ടത്തിനെടുത്ത എണ്ണൂറോളം ഏക്കർ പ്രദേശമാണ് മലയാള മനോരമ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ്ങ് ഇന്ത്യ എസ്റ്റേറ്റ് കയ്യേറിയത് എന്നാണു ആരോപണം[1].