Jump to content

പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ഷേത്രത്തിലെ സരസ്വതീ നട

കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം പട്ടണത്തിൽ നിന്നും 10 KM അകലെ, കോട്ടയം- ചങ്ങനാശേരി എംസീ റോഡിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-മഹാസരസ്വതീ (ദുർഗ്ഗ) ക്ഷേത്രം അഥവാ പനച്ചിക്കാട് ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണു ആണെങ്കിലും, മൂകാംബികാ സാന്നിധ്യമുള്ള മഹാസരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്.

സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ഭഗവതിയാണ് മഹാസരസ്വതി. ആദിപരാശക്തിയുടെ മൂന്നു പ്രധാന രൂപങ്ങളിൽ വിദ്യയുടെ ഭഗവതിയായി കാണുന്നത് മഹാസരസ്വതിയെ തന്നെ. സ്രഷ്ടാവായ ബ്രഹ്‌മാവിന് സൃഷ്ടി നടത്തുവാൻ അറിവ് നൽകുന്നത് മൂലപ്രകൃതിയായ സരസ്വതീദേവിയാണ് എന്ന് ഹൈന്ദവ വിശ്വാസം. ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠ കാണാൻ കഴിയുകയില്ല. ഒരു കാട്ടുവള്ളിയും പടർന്നു നിൽക്കുന്നതു കൊണ്ട് ഭഗവതീ പ്രതിഷ്ഠ പൂർണ്ണമായും മറഞ്ഞിരിക്കുന്നു. മലമുകളിൽ നിന്ന് ഒലിച്ചുവരുന്ന ഒരു നീർച്ചാലിൽ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീർച്ചാൽ കിഴക്കോട്ടൊഴുകി ഒടുവിൽ ഒരു നദിയിൽ ലയിക്കുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രിയോടനുബന്ധിച്ചുള്ള മഹാസരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) കന്നിമാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത് (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ എത്തുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.

ഐതിഹ്യം

[തിരുത്തുക]

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ പനച്ചിക്കാട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അതിങ്ങനെ: ഏകദേശം മൂവായിരം വർഷം പഴക്കം അവകാശപ്പെടാവുന്ന ഈ ക്ഷേത്രത്തിൽ ആദ്യം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇവിടെ മൂന്ന് ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ ആ മൂന്ന് കുടുംബക്കാർക്കായിരുന്നു ക്ഷേത്രത്തിൽ ഊരായ്മസ്ഥാനം. ഇതിൽ കിഴുപ്പുറത്തില്ലത്തെ ഒരു നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും പുരുഷസന്താനങ്ങളുണ്ടായില്ല. ഇതിൽ വിഷമിച്ച അദ്ദേഹം ഗംഗാസ്നാനത്തിനായി പുറപ്പെട്ടു. പോകുന്ന വഴിയിൽ അദ്ദേഹം പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും ദർശനം നടത്തി. കുറച്ചുദിവസം പരാശക്തിയെ ഭജിച്ച് അവിടെത്തന്നെ ചെലവഴിച്ചു. അവസാനദിവസം രാത്രി അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദർശനമുണ്ടായി. അതിൽ ദേവി ഇങ്ങനെ പറയുകയുണ്ടായി:

അല്ലയോ ഭക്താ, നിനക്ക് ഈ ജന്മത്തിൽ സന്താനസൗഭാഗ്യം വിധിച്ചിട്ടില്ല. അതിനാൽ ഇനി ഗംഗാസ്നാനമൊന്നും നടത്തിയിട്ട് കാര്യമില്ല. എന്നാൽ, കുടുംബം നിലനിൽക്കാൻ ഒരു വഴിയുണ്ട്. നീ നാളെത്തന്നെ സ്വദേശത്തേയ്ക്ക് മടങ്ങണം. നിന്റെ നാട്ടിലെ കരുനാട്ടില്ലത്തെ അന്തർജനം ഗർഭിണിയാണ്. അവർക്ക് അധികം കഴിയാതെ രണ്ട് ഉണ്ണികളുണ്ടാകും. അവരിലൊന്നിനെ നീ ദത്തെടുത്ത് വളർത്തണം.

ഈ സ്വപ്നത്തിൽ പൂർണമായും വിശ്വസിച്ച നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ലോകമാതാവായ മൂകാംബികയെ വന്ദിച്ച് നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങിയെത്തിയ കിഴുപ്പുറം നമ്പൂതിരി സംഭവങ്ങൾ മുഴുവൻ കരുനാട്ട് നമ്പൂതിരിയെ അറിയിച്ചു. ഈ കഥ കേട്ട കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികളുണ്ടായാൽ ഒന്നിനെ ദാനം ചെയ്യാമെന്ന് കിഴുപ്പുറം നമ്പൂതിരിയോട് പറഞ്ഞു. സന്തോഷവാനായ കിഴുപ്പുറം നമ്പൂതിരി ഉടനെത്തന്നെ മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളത്തിലെത്തി തന്റെ ഓലക്കുട കരയിൽ വച്ചശേഷം കുളിച്ചു. കുളി കഴിഞ്ഞ് കുടയെടുക്കാൻ ശ്രമിച്ചപ്പോൾ അത് അനങ്ങിയില്ല. അപ്പോൾ അവിടെ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു:

അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, സാക്ഷാൽ ആദിപരാശക്തിയായ മൂകാംബികാദേവി അങ്ങയുടെ കുടയിൽ കുടികൊണ്ടിരിയ്ക്കുകയാണ്. അതിനാൽ ഭഗവതിയെ ഈ കുടയിൽ നിന്നുമാവാഹിച്ച് തൊട്ടടുത്ത കാട്ടിൽ കാണപ്പെടുന്നതും വർഷങ്ങൾക്കുമുമ്പ് ഇവിടെ പൂജിച്ചിരുന്നതുമായ ദേവിയുടെ ഒരു ശിലാവിഗ്രഹത്തിൽ കുടിയിരുത്തണം. എന്നാൽ, ഇന്നത് പൂജിയ്ക്കാൻ ശക്തിയുള്ളവരാരുമില്ല. അതിനാൽ അതിനുനേരെ പടിഞ്ഞാട്ട് അഭിമുഖമായി മറ്റൊരു അർച്ചനാബിംബം കൂടി പ്രതിഷ്ഠിച്ച് അതിൽ പൂജയും നിവേദ്യവും നടത്തിവേണം മൂലപ്രതിഷ്ഠയെ വന്ദിയ്ക്കാൻ. മൂലവിഗ്രഹത്തിന്റെ കാവലാളായി ഒരു യക്ഷിയുണ്ട്. ആ യക്ഷിയ്ക്ക് വറപൊടിയും ശർക്കരയും ഇളനീരും കൂട്ടിക്കുഴച്ച് നേദിച്ചുവേണം വിഗ്രഹമെടുക്കാൻ.

നമ്പൂതിരി പറഞ്ഞപ്രകാരം തന്നെ ചെയ്തു. അങ്ങനെയാണ് പനച്ചിക്കാട്ട് അതിദിവ്യമായ സരസ്വതീസാന്നിദ്ധ്യം വന്നത്. കാലാന്തരത്തിൽ, മഹാവിഷ്ണുക്ഷേത്രം മഹാസരസ്വതീക്ഷേത്രമായി മാറുകയും ചെയ്തു.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

കുടജാദ്രിയെ അനുസ്മരിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന പനച്ചിക്കാട് ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാധാരണ ഗ്രാമക്ഷേത്രങ്ങളുടെ വലിപ്പമേ ക്ഷേത്രത്തിനുള്ളൂ. അരയേക്കർ വിസ്തീർണ്ണം വരും. കിഴക്കോട്ടാണ് ക്ഷേത്രദർശനമെങ്കിലും പടിഞ്ഞാറുഭാഗത്താണ് ക്ഷേത്രകവാടമുള്ളത്. അവിടെ ഈയടുത്ത് കാലത്ത് പണിതീർത്ത മൂന്നുനിലകളോടുകൂടിയ ഒരു അലങ്കാരഗോപുരമുണ്ട്. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. എന്നാൽ, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ആനക്കൊട്ടിലും നാലുഭാഗത്തും ശീവേലിപ്പുരകളുമുണ്ട്. വിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരല്പം താഴെയായാണ് സരസ്വതീക്ഷേത്രവും യക്ഷിക്കാവും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ നിന്ന് അല്പം കിഴക്കുമാറി കൊടൂരാറ് ഒഴുകുന്നു. ക്ഷേത്രത്തിന്റെ നാലുവശവും മലകളും കാടുകളുമാണ്.

വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലും നാലമ്പലവും മറ്റുമെല്ലാം പൂർണ്ണമായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, സരസ്വതീക്ഷേത്രത്തിൽ ഇവയൊന്നുമില്ല. ദീർഘചതുരാകൃതിയിൽ പണിതീർത്ത ഒരു കൊച്ചു കുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പും കാണാം. ആ വള്ളിപ്പടർപ്പിനകത്ത് ഒരു പ്രത്യേക ദ്വാരത്തിലാണ് കിഴക്കോട്ട് ദർശനമായ ദേവിയുടെ മൂലവിഗ്രഹം സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇതിന് അഭിമുഖമായി കാണപ്പെടുന്ന അർച്ചനാവിഗ്രഹത്തിലാണ് എല്ലാ പൂജകളും നിവേദ്യവും നടത്തിപ്പോരുന്നത്. ഭക്തർക്ക് മുകളിൽ നിന്നുതൊഴാൻ മാത്രമേ സൗകര്യമുള്ളൂ. ദേവിയുടെ നടയ്ക്ക് നേരെ മുകളിൽ പടിഞ്ഞാറുഭാഗത്ത് ഇലഞ്ഞിയും ഏഴിലമ്പാലയും തീർത്ത തണലിലാണ് യക്ഷിയുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ. അത്യുഗ്രമൂർത്തികളാണ് ഇരുവരും.

ക്ഷേത്രത്തിലെ വള്ളിപ്പടർപ്പിലെ വള്ളികളിലൊന്ന് മറ്റെവിടെയും കാണാൻ കഴിയാത്ത ദിവ്യമായ സരസ്വതീലതയാണെന്ന് വിശ്വസിച്ചുവരുന്നു. വള്ളിപ്പടർപ്പിനകത്തുള്ള മൂലവിഗ്രഹത്തിന്റെ പാദങ്ങളിൽ നിന്ന് ഒരു തെളിനീരുറവ ഒഴുകിവരുന്നുണ്ട്. ഈ ജലമാണ് തൊട്ടുമുന്നിലുള്ള കുളത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്. അങ്ങനെ ദിവ്യസരസ്സിൽ കുടികൊണ്ടുകൊണ്ട് സരസ്വതി എന്ന പേര് ദേവി അന്വർത്ഥമാക്കുന്നു. ഈ നീരുറവ കുളത്തിൽ നിന്ന് ഒരു അന്തർവാഹിനിയിലൂടെ കൊടൂരാറ്റിലെത്തുകയും, തുടർന്ന് അത് മീനച്ചിലാറുവഴി വേമ്പനാട്ട് കായലിലും തുടർന്ന് അറബിക്കടലിലും പതിയ്ക്കുകയും ചെയ്യുന്നു. ഇതിൽ നിന്നുതന്നെയാണ് ക്ഷേത്രാവശ്യങ്ങൾക്കുള്ള ജലം എടുക്കുന്നതും.

വിഷ്ണുക്ഷേത്രത്തിൽ തെക്കുപടിഞ്ഞാറുഭാഗത്ത് ഉപദേവനായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ശബരിമലയിലേതുപോലെയാണ് ഇവിടെയും വിഗ്രഹം. കിഴക്കോട്ട് ദർശനമായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിൽ ഒരു മണ്ഡപമുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും മറ്റ് ഉത്തമമദ്ധ്യമാധമസർപ്പങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയും ദർശനം. വടക്കുകിഴക്കുഭാഗത്ത് ശിവന്റെ ശ്രീകോവിലാണ്. അത്യുഗ്രമൂർത്തിയാണ് ഇവിടെ ശിവൻ. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം. ത്രിമൂർത്തികളിലൊരായ ശിവൻ ഉപദേവനായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പനച്ചിക്കാട് ക്ഷേത്രം.

ശ്രീകോവിൽ

[തിരുത്തുക]

മഹാവിഷ്ണുക്ഷേത്രത്തിൽ താരതമ്യേന വളരെ ചെറിയൊരു ശ്രീകോവിലാണുള്ളത്. കരിങ്കല്ലിൽ തീർത്ത ഒറ്റനില ചതുരശ്രീകോവിലാണിത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടം കൊണ്ട് അലംകൃതമാക്കിയിട്ടുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ഗർഭഗൃഹം. മൂന്നടി ഉയരം വരുന്ന ശിലാനിർമ്മിതമായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും പുറകിലെ വലതുകയ്യിൽ സുദർശനചക്രവും മുന്നിലെ ഇടതുകയ്യിൽ ഗദയും മുന്നിലെ വലതുകയ്യിൽ താമരയും ധരിച്ചിട്ടുണ്ട്. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിത്. അത്യന്തകോടിസൂര്യന്മാരുടെ തേജസ്സോടെ, വിശ്വപ്രകൃതിയുടെ മുഴുവൻ ഭാവവും ആവാഹിച്ച് വൈകുണ്ഠനാഥൻ പനച്ചിക്കാട്ടപ്പനായി കുടികൊള്ളുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകൾ താരതമ്യേന നിരാഡംബരമാണ്. കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും ഇവിടെ കാണാനില്ല. എങ്കിലും ഏറെ രസകരമായ ഒരു രൂപം ഇവിടെയുണ്ട്. മഹാവിഷ്ണുഭഗവാനും പരിവാരങ്ങളും ഇന്നത്തെ വോളീബോളിനോട് സാമ്യമുള്ള ഒരു കായികവിനോദത്തിലേർപ്പെട്ടുനിൽക്കുന്നതാണ് ആ രൂപം. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. സാധാരണ രീതിയിലുള്ള ഓവുമാത്രമാണിത്.

നാലമ്പലം

[തിരുത്തുക]

മഹാവിഷ്ണുക്ഷേത്രത്തിന് പ്രത്യേകമായ നാലമ്പലം പണിതീർത്തിട്ടുണ്ട്. നാലമ്പലത്തോടുചേർന്ന് ബലിക്കൽപ്പുരയുണ്ട്. അവിടെ പതിവുപോലെ ബ്രഹ്മാവും അഷ്ടദിക്പാലകരും സാന്നിദ്ധ്യമരുളുന്നു. ഇവിടത്തെ ബലിക്കല്ല് വളരെ ചെറുതാണ്. പ്രവേശനകവാടത്തിനുമുകളിൽ അനന്താരൂഢനായ മഹാവിഷ്ണുവിന്റെ രൂപമുണ്ട്. നാലമ്പലത്തിനകത്ത് കടന്നുകഴിഞ്ഞാൽ പതിവുപോലെ ഇരുവശവും വാതിൽമാടങ്ങളാണ്. നാലമ്പലത്തിന്റെ ഒത്ത നടുക്ക് ശ്രീകോവിലും അതിന്റെ മുന്നിൽ നമസ്കാരമണ്ഡപവുമുണ്ട്. ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതീർത്തിരിയ്ക്കുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, സുബ്രഹ്മണ്യൻ, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകൾ ഇവിടെയുണ്ട്. നിത്യവും ശീവേലിസമയത്ത് ഇവിടെ ബലിതൂകുന്നു. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്.

നമസ്കാരമണ്ഡപം

[തിരുത്തുക]

മഹാവിഷ്ണുഭഗവാന്റെ ശ്രീകോവിലിനുമുന്നിൽ ചെറിയൊരു നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. വളരെ ചെറിയൊരു മണ്ഡപമാണിത്. കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും ഇവിടെയില്ല. മണ്ഡപത്തിൽ ഭഗവദ്വാഹനമായ ഗരുഡന്റെ പഞ്ചലോഹവിഗ്രഹമുണ്ട്.

പ്രധാന പ്രതിഷ്ഠകൾ

[തിരുത്തുക]

ശ്രീ പനച്ചിക്കാട്ടമ്മ (മഹാസരസ്വതി)

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ഭക്തനായ കിഴുപ്പുറം നമ്പൂതിരിയോടൊപ്പം കൊല്ലൂർ മൂകാംബികയിൽ നിന്ന് ഇവിടെയെത്തിയ മഹാസരസ്വതി ദേവി (പരാശക്തി/ദുർഗ്ഗ) മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കേ നടയിൽ കുടികൊണ്ടുവെന്നാണ് ഐതിഹ്യം. ആദിപരാശക്തിയുടെ യഥാർത്ഥ വിഗ്രഹം ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു കുഴിയിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, അതിൽ പൂജകൾ നടത്താൻ ശക്തിയുള്ളവർ ഇന്നില്ലെന്ന് വിശ്വസിച്ചുവരുന്നതിനാൽ, കുളത്തിന്റെ മറുകരയിൽ മൂലവിഗ്രഹത്തിന് അഭിമുഖമായി (പടിഞ്ഞാറോട്ട് ദർശനമായി) ഒരു അർച്ചനാബിംബം പ്രതിഷ്ഠിച്ച് അതിൽ പൂജകൾ നടത്തിവരികയാണ് ചെയ്യുന്നത്. മൂലവിഗ്രഹം വള്ളിപ്പടർപ്പിനിടയിൽ മറഞ്ഞിരിയ്ക്കുകയാണ്. ഈ വള്ളിപ്പടർപ്പ് മറ്റൊരിടത്തും കാണാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുവരുന്നു. മൂലവിഗ്രഹത്തിന്റെ പാദങ്ങളിൽ നിന്ന് ഒരു നീരുറവ ഒഴുകി കുളത്തിലെത്തുന്നുണ്ട്. ഇത് ഒരു അന്തർവാഹിനിയിലൂടെ കൊടൂരാറ്റിലും തുടർന്ന് മീനച്ചിലാറ്റിലും വേമ്പനാട്ട് കായലിലുമെത്തി അറബിക്കടലിൽ ചെന്നുചേരുന്നുവെന്ന് പറയപ്പെടുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട്, മഹാസരസ്വതി എന്ന പേരിനെ അന്വർത്ഥമാക്കി പനച്ചിക്കാട്ട് കുടികൊള്ളുന്ന വിദ്യാ ഭഗവതിയുടെ തിരുസന്നിധിയിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുണ്ട്. ധാരാളം വിദ്യാർത്ഥികളും മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരും ഇവിടെ ദർശനത്തിന് എത്തുന്നു. സാരസ്വതം നെയ്യ്, കൂട്ടുപായസം, വിദ്യാമന്ത്രാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ.

ശ്രീ പനച്ചിക്കാട്ടപ്പൻ (മഹാവിഷ്ണു)

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ക്ഷേത്രത്തിൽ ആദ്യമുണ്ടായിരുന്ന പ്രതിഷ്ഠയായതിനാൽ പനച്ചിക്കാട്ടപ്പന് പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ഷേത്രനിർമ്മിതി നടത്തിയിരിയ്ക്കുന്നത്. മൂന്നടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം. സഹസ്രനാമാർച്ചന, തുളസിമാല, നെയ്വിളക്ക്, പാൽപ്പായസം, വെണ്ണ, കദളിപ്പഴം എന്നിവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

[തിരുത്തുക]

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹത്തിന്റെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഭഗവാൻ, മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി നിത്യവും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തുന്നുണ്ട്. ഇതുകൂടാതെ ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല തുടങ്ങിയവയും ഗണപതിയ്ക്ക് പ്രധാന വഴിപാടുകളാണ്. എല്ലാ മാസവും ചതുർത്ഥിനാളിൽ വിശേഷാൽ പൂജകളും വിനായക ചതുർത്ഥിദിവസം അതിവിശേഷമായ ക്രിയകളുമുണ്ടാകും.

അയ്യപ്പൻ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശബരിമലയിലെ രൂപത്തിന്റെ അതേ രൂപത്തിലാണ്. അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ ചെറിയൊരു മണ്ഡപം പണിതിട്ടുണ്ട്. ഇവിടെ വച്ചാണ് ശബരിമലയ്ക്ക് പോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും മറ്റും. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, നീലപ്പട്ട് ചാർത്തൽ എന്നിവയാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ നടയിൽ അയ്യപ്പൻപാട്ട് നടത്താറുണ്ട്.

നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കുഭാഗത്ത് പ്രത്യേകം തീർത്ത ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായാണ് സംഹാരമൂർത്തിയായ ശിവന്റെ പ്രതിഷ്ഠ. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഇതിൽ ചാർത്താൻ ചന്ദ്രക്കലകളും തിരുമുഖവുമുണ്ട്. ധാര, ശംഖാഭിഷേകം, കൂവളമാല, തുമ്പപ്പൂമാല, എന്നിവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പ്രദോഷനാളിലും ശിവരാത്രിനാളിലും ഇവിടെ വിശേഷാൽ പൂജകളുണ്ട്.

നാഗദൈവങ്ങൾ

[തിരുത്തുക]

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. വിഷ്ണുക്ഷേത്രമായതിനാൽ ഇവിടെ നാഗരാജാവായി കുടികൊള്ളുന്നത് അനന്തനാണ്. ഒപ്പം നാഗയക്ഷി അടക്കമുള്ള പരിവാരങ്ങളുമുണ്ട്. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് ഇവരുടെ പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും.

ബ്രഹ്മരക്ഷസ്സ്

[തിരുത്തുക]

സരസ്വതീദേവിയുടെ നടയ്ക്ക് നേരെ മുകളിൽ, ഏഴിലമ്പാലയും ഇലഞ്ഞിയും തീർത്ത തണലിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ഒരടി ഉയരം വരുന്ന, ശിവലിംഗതുല്യമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നത്. വിശ്വാസമനുസരിച്ച് ഇവിടെ ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത് സരസ്വതീസാന്നിദ്ധ്യത്തിന് കാരണമായ കിഴുപ്പുറത്ത് നമ്പൂതിരിയുടെ പ്രേതമാണ്. ക്ഷേത്രത്തിലെ ഏതു ചടങ്ങും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ തുടങ്ങൂ. പാൽപ്പായസം, ബ്രഹ്മരക്ഷസ്സ് പൂജ എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ.

ബ്രഹ്മരക്ഷസ്സിനടുത്തുതന്നെയാണ് യക്ഷിയുടെയും പ്രതിഷ്ഠ. വാൽക്കണ്ണാടിയിൽ നോക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലാണ് യക്ഷിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. അത്യുഗ്രദേവതയായ യക്ഷിയെ ആവാഹിച്ചശേഷമാണ് ദേവിയെ പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യകഥ. തന്മൂലം ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. വറപൊടിയാണ് യക്ഷിയ്ക്ക് പ്രധാന വഴിപാട്.

ദക്ഷിണ മൂകാംബിക

[തിരുത്തുക]

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) കന്നി, തുലാം മാസങ്ങളിലൊന്നിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.

പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്.

എത്താനുള്ള വഴി

[തിരുത്തുക]

ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പനച്ചിക്കാട് എത്താം. ഇരവിനല്ലൂർ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റർ ആണ്.

അവലംബം

[തിരുത്തുക]

http://vimeo.com/19921468 http://www.panachickad.org/ http://www.janmabhumidaily.com/special/navarathri/panachikkad.html[പ്രവർത്തിക്കാത്ത കണ്ണി]