പദ്മാവത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പദ്മാവതി (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പദ്മാവത്
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസജ്ഞയ് ലീല ബൻസാലി
നിർമ്മാണംവയാകോം 18 മോഷൻ പിക്ചേഴ്സ്
ബൻസാലി പ്രൊഡക്ഷൻസ്
രചനസജ്ഞയ് ലീല ബൻസാലി
പ്രകാശ് കപാടിയ
തിരക്കഥസജ്ഞയ് ലീല ബൻസാലി
ആസ്പദമാക്കിയത്മാലിക് മുഹമ്മദ് ജയാസിയുടെ പദ്മാവത് എന്ന കാവ്യം.[1]
അഭിനേതാക്കൾദീപിക പദുകോൺ
ഷാഹിദ് കപൂർ
രൺവീർ സിങ്
അദിതി റാവു ഹൈദരി
ജിം സർഭ
സംഗീതംപശ്ചാത്തല സംഗീതം:
സഞ്ചിത് ബൽഹര
ഗാനങ്ങൾ:
സജ്ഞയ് ലീല ബൻസാലി
ഛായാഗ്രഹണംസുദീപ് ചാറ്റർജി
ചിത്രസംയോജനംജയന്ത് ജഡാർ
സജ്ഞയ് ലീല ബൻസാലി
അകിവ് അലി
സ്റ്റുഡിയോബൻസാലി പ്രൊഡക്ഷൻസ്
വിതരണംവയാകോം 18 മോഷൻ പിക്ചേഴ്സ് (ഇന്ത്യ)
പാരാമൗണ്ട് പിക്ചേഴ്സ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 25 ജനുവരി 2018 (2018-01-25)
രാജ്യം ഇന്ത്യ
ഭാഷഹിന്ദി
രാജസ്ഥാനി ഭാഷ
ബജറ്റ് 200 കോടി[2]
സമയദൈർഘ്യം193 മിനിറ്റ്

സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത് (ഹിന്ദി: पद्मावत).[3] സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ[൧] കഥയാണ് ചിത്രം പറയുന്നത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് മേവാറിലെ രത്തൻ സിങ്ങിന്റെ[൨] ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[4]

ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിങ്ങും രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു. ഏകദേശം 200 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്.[5] 2ഡി, 3ഡി, ഐമാക്സ് 3ഡി എന്നീ രൂപങ്ങളിലും ചിത്രം പ്രദർശനത്തിനെത്തുന്നു.[6][7] ഐമാക്സ് 3ഡിയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രമാണ് പദ്മാവത്.[8]

2017 ഡിസംബർ 1-ന് പദ്മാവതി എന്ന പേരിൽ പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും[1][9] ചില വിവാദങ്ങളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് അനുവദിച്ചത്. 'പദ്മാവതി' എന്ന പേര് 'പദ്മാവത്' എന്നാക്കി മാറ്റുന്നതുൾപ്പെടെ അഞ്ചു നിർദ്ദേശങ്ങളും ബോർഡ് മുന്നോട്ടുവച്ചിരുന്നു.[10][11]

ചിത്രീകരണം തുടങ്ങിയ നാൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പത്മാവത്. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചതാണ് വിവാദങ്ങൾക്കു വഴിതെളിച്ചത്.[12] ഖിൽജിക്കു മുമ്പിൽ കീഴടങ്ങാതെ ജൗഹർ അനുഷ്ഠിച്ചുകൊണ്ട് ജീവത്യാഗം ചെയ്ത പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി രാജസ്ഥാനിലെ രജപുത് കർണി സേന പോലുള്ള സംഘടനകൾ രംഗത്തെത്തി. ചിത്രീകരണം തടസ്സപ്പെടുത്തുകയും സംവിധായകനെ ആക്രമിക്കുകയും ചെയ്ത പ്രതിഷേധക്കാർ ചിത്രത്തിലെ നായിക ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കു നേരെ വധഭീഷണി മുഴക്കി. ചിത്രം പ്രദർശനത്തിനെത്തുന്നത് തടയുമെന്നും പ്രഖ്യാപിച്ചു. ഇവർ പറയുന്നതു പോലെയുള്ള രംഗങ്ങൾ ചിത്രത്തിലില്ല എന്നാണ് സംവിധായകൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ചു പറഞ്ഞത്.[12]

ഇതിവൃത്തം[തിരുത്തുക]

1540-ൽ സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധി ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്ഥാനമാക്കിയുള്ള ചിത്രം രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുടെ[൧] കഥയാണ് പറയുന്നത്.[1] ഈ കഥാപാത്രം തികച്ചും സാങ്കൽപികമാണ്. 'പദ്മാവത്' എന്ന കൃതിയിൽ മേവാറിലെ രജപുത്ര ഭരണാധികാരിയായിരുന്ന റവാൽ രത്തൻ സിങ്ങിന്റെ[൨] ഭാര്യയായാണ് പത്മാവതിയെ ചിത്രീകരിച്ചിരിക്കുന്നത്. അതീവ സുന്ദരിയായിരുന്ന പത്മാവതിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി 1303-ൽ മേവാറിലെ ചിത്തോർഗഢ് കോട്ട ആക്രമിച്ചതായി ഇതിൽ പറയുന്നു. മരിച്ചു വീഴും മുമ്പ് രജപുത്രർ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തോട് ശക്തമായി പോരാടി. ഖിൽജിക്കു മുമ്പിൽ കീഴടങ്ങാൻ വിസമ്മതിച്ച പത്മാവതി ഉൾപ്പെടെയുള്ള രജപുത്ര സ്ത്രീകൾ ചിതയിൽ ചാടി ആത്മഹത്യ[൩] ചെയ്തുവെന്നാണ് പദ്മാവതി കാവ്യത്തിൽ പറയുന്നത്. പത്മാവതിയെ രജപുത്രർ തങ്ങളുടെ ധീരവനിതയായി കരുതിപ്പോരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ദീപിക പദുകോൺ
ഷാഹിദ് കപൂർ
രൺവീർ സിങ്

ആക്രമണങ്ങൾ[തിരുത്തുക]

പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. രജപുത്ര റാണി പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും സമുദായത്തെ അപമാനിക്കും വിധം ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ രജപുത് കർണി സേന ഉൾപ്പെടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തു വന്നു. 2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. അദ്ദഹത്തെ ക്രൂരമായി തല്ലിയ അക്രമികൾ അദ്ദഹത്തിന്റെ തലമുടി പറിച്ചെടുത്തു. ഉപകരണങ്ങൾ നശിപ്പിച്ചുകൊണ്ട് ചിത്രീകരണം തടസ്സപ്പെടുത്തി.[24]


2017 മാർച്ചിൽ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ചിത്രത്തിന്റെ സെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായി. 50000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരുന്ന സെറ്റ് പൂർണ്ണമായും കത്തിനശിച്ചു.[25]

2017 നവംബറിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടായി. ചിത്രം പുറത്തിറക്കുന്നതിനെതിരെ ഉത്തർ പ്രദേശിൽ കോലം കത്തിക്കൽ, മുദ്രാവാക്യം വിളിച്ചുള്ള റാലി, പോസ്റ്ററുകൾ നശിപ്പിക്കൽ എന്നിവയുണ്ടായി.[26] കൊൽക്കത്തയിൽ ഭാരത് ക്ഷത്രിയ സമാജ് സംഘാംഗങ്ങൾ സംവിധായകന്റെ കോലം കത്തിച്ചു.

ഭീഷണികൾ[തിരുത്തുക]

ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു.[27] ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കർനി സേനാ മേധാവി ലോകേന്ദ്ര സിങ് കാല്വി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി.[28] സംവിധായകൻ സജ്ഞയ് ലീല ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച[29] രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തിയിരുന്നു.[30] ദീപികയുടെയും ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബി.ജെ.പി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തു.[31] മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചു.[32] പിന്നീട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ തീരുമാനത്തിൽ നിന്നു പിന്മാറുകയും ചിത്രത്തിന് പ്രദർശനാനുമതി നൽകുകയും ചെയ്തു[33].മേവാഡ് രാജകുടുംബത്തിന് എതിർപ്പില്ലെങ്കിൽ പത്മാവതിയുടെ റിലീസ് തടയില്ലെന്ന് രാജ്പുത് കർണി സേന പിന്നീട് അറിയിച്ചിരുന്നു.[32]

പ്രദർശനാനുമതി[തിരുത്തുക]

പത്മാവത് ചലച്ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച അപേക്ഷ 2017 നവംബറിൽ നിർമ്മാതാക്കൾ സെൻസർ ബോർഡിനു സമർപ്പിച്ചു. അപേക്ഷയിൽ ചലച്ചിത്രം സാങ്കൽപിക കഥയാണോ ചരിത്രമാണോ എന്നു രേഖപ്പെടുത്തേണ്ട ഭാഗം പൂരിപ്പിച്ചിട്ടില്ല എന്ന കാരണത്താൽ ചിത്രം സർട്ടിഫിക്കേഷനില്ലാതെ തിരിച്ചയച്ചു.[34] സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുമ്പ് മാധ്യമ പ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചതിനെതിരെ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷി രംഗത്തെത്തിയിരുന്നു.[34]

ചിത്രത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.[35] 2017 ഡിസംബർ 1-ന് പ്രദർശനത്തിനെത്തുമെന്നു തീരുമാനിച്ചിരുന്നുവെങ്കിലും സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുന്നതു വരെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു.[36] ഇതേ സമയം ബ്രിട്ടനിൽ ചിത്രത്തിനു പ്രദർശനാനുമതി ലഭിക്കുകയുണ്ടായി.[37][36] ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ ചിത്രത്തിനു 12എ സർട്ടിഫിക്കറ്റാണു നൽകിയത്. അതായത് ചിത്രം കാണുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടാകണം.[36]

2017 ഡിസംബറിൽ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൻ ജോഷിയും ചരിത്രകാരന്മാരും ഉൾപ്പെട്ട വിദഗ്ദ്ധസമിതി പദ്മാവത് ചിത്രത്തിനു പ്രദർശനാനുമതി നൽകി. സെൻസർ ബോർഡ് തീരുമാനത്തിനെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെടുന്ന എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി.[3] ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നിട്ടും 2018 ജനുവരി 25-ന് തന്നെ ചിത്രം പ്രദർശനത്തിനെത്തി.

കുറിപ്പുകൾ[തിരുത്തുക]

  • ^ പത്മാവതിയെ റാണി പത്മിനി എന്നും വിളിക്കാറുണ്ട്.
  • ^ റവാൽ രത്തൻ സിങ്ങിന് 'രത്തൻ സെൻ' എന്നും പേരുണ്ട്.
  • ^ യുദ്ധസമയത്തു ശത്രുവിനു മുമ്പിൽ കീഴടങ്ങാതിരിക്കാൻ രജപുത്ര സ്ത്രീകൾ തീയിൽ ചാടി മരിക്കുന്ന അനുഷ്ഠാനത്തെ ജൗഹർ എന്നുപറയുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Padmavati trailer: Sanjay Leela Bhansali's new film looks grand, spellbinding and very expensive!". Business Today. 9 October 2017.
  2. "Deepika - Ranveer's 'Padmavati': Budget decoded - Most expensive films". The Times of India. September 14, 2016. ശേഖരിച്ചത് 10 November 2017.
  3. 3.0 3.1 "'പദ്മാവത്' ഇഷ്ടമില്ലാത്തവർ കാണേണ്ടെന്ന് സുപ്രീംകോടതി". മാതൃഭൂമി ദിനപത്രം. 2018-01-24. മൂലതാളിൽ നിന്നും 2018-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-25.
  4. "പദ്മാവതി ട്രെയിലർ എത്തി". മലയാള മനോരമ. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  5. Iyer, Sanyukta (January 7, 2018). "Sanjay Leela Bhansali's magnum opus Padmavat starring Deepika Padukone, Ranveer Singh and Shahid Kapoor to release on Jan 24 - Mumbai Mirror -". Mumbai Mirror. ശേഖരിച്ചത് 7 January 2018.
  6. "It's official! Sanjay Leela Bhansali's Padmavati to release in 2017". Firstpost. 21 September 2017. ശേഖരിച്ചത് 25 October 2017. {{cite news}}: Cite has empty unknown parameter: |dead-url= (help)
  7. "Padmavati first look: Deepika Padukone cuts a dramatic figure; film to release on 1 December". Firstpost (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2017-10-25.
  8. Shruti, Shiksha (11 January 2018). "Padmaavat Is Officially The Title Of Deepika Padukone's Film Now. See Changed Name On Social Media". NDTV. ശേഖരിച്ചത് 11 January 2018.
  9. "Bhansali, Viacom18 Motion Pictures join hands for 'Padmavati' - Times of India". The Times of India. ശേഖരിച്ചത് 2017-11-14.
  10. "Censor Board Wants "Padmavati" Renamed "Padmavat", 5 Changes To Film". NDTV. ശേഖരിച്ചത് 2017-12-30.
  11. "India film Padmavati 'cleared by censors'". 30 December 2017 – via www.bbc.com.
  12. 12.0 12.1 "ഇവിടെ പ്രണയമില്ല, യുദ്ധത്തിന് തയ്യാറായി ദീപികയും രണ്വീറും- പത്മാവതി ട്രെയിലർ". മാതൃഭൂമി. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  13. D'Souza, Florence (2015). Knowledge, mediation and empire: James Tod's journeys among the Rajputs (ഭാഷ: ഇംഗ്ലീഷ്). Oxford University Press. പുറം. 258. ISBN 9781784992071.
  14. Shiksha, Shruti (October 3, 2017). "Padmavati: Presenting Ranveer Singh As Sultan Alauddin Khilji". NDTV.com. ശേഖരിച്ചത് 13 November 2017.
  15. "Alauddin Khilji, Queen Padmavati and jauhar: A tale of lust and valour". The Indian Express. 9 October 2017. ശേഖരിച്ചത് 13 November 2017.
  16. "Aditi Rao Hydari (@aditiraohydari) • Instagram photos and videos". www.instagram.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 11 November 2017.
  17. Jain, Arushi (4 October 2017). "Padmavati: Raza Murad shares his character poster, deletes it later". The Indian Express. ശേഖരിച്ചത് 14 October 2017.
  18. "Padmavati: Raza Murad shares (leaks) his look as Jalaluddin Khilji, deletes it later". The Hindustan Times (ഭാഷ: ഇംഗ്ലീഷ്). 4 October 2017. ശേഖരിച്ചത് 12 November 2017.
  19. "Ranveer Singh to play bisexual in 'Padmavati' and this actor will be his love interest?". Zee News (ഭാഷ: ഇംഗ്ലീഷ്). 20 September 2017. ശേഖരിച്ചത് 13 November 2017.
  20. Rhode, Shruti (October 9, 2017). "Did you spot Jim Sarbh in the Padmavati trailer?". www.zoomtv.com. ശേഖരിച്ചത് 13 November 2017.
  21. "Padmavati: This actress essays the role of Shahid Kapoor's first wife". Zee News (ഭാഷ: ഇംഗ്ലീഷ്).
  22. Shobha, Savitri Chandra (1996). Medieval India and Hindi bhakti poetry: a socio-cultural study (ഭാഷ: ഇംഗ്ലീഷ്). Har-Anand Publications. പുറം. 77.
  23. Mehta, Ankita (October 28, 2017). "REVEALED: The Rani in Deepika Padukone's Ghoomar song is Shahid Kapoor's first wife in Padmavati". International Business Times, India Edition (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 12 November 2017.
  24. "ചിത്രീകരണത്തിനിടെ സഞ്ജയ് ലീല ബന്സാലിക്ക് മര്ദനം". മലയാള മനോരമ. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  25. "'പദ്മാവതി'യുടെ കൂറ്റന് സെറ്റ് ബോംബിട്ട് തകര്ത്തു". മലയാള മനോരമ. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  26. "'പത്മാവതി' റിലീസ്: ജനവികാരം കണക്കിലെടുക്കണമെന്ന് കേന്ദ്രത്തോട് യുപി സർക്കാർ". മലയാള മനോരമ. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  27. "തീയാളുന്ന ചരിത്രം; 'പത്മാവതി'". മലയാള മനോരമ. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  28. "'പത്മാവതി' റിലീസിങ് ദിനത്തിൽ ഭാരത് ബന്ദ് നടത്തി സിനിമയെ തകര്ക്കാൻ സംഘപരിവാർ സംഘടനയുടെ നീക്കം; ദീപിക ഇന്ത്യൻ വനിതകളെ അപമാനിക്കുന്നു ആരോപണം". ദേശാഭിമാനി. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17. {{cite web}}: line feed character in |title= at position 76 (help)
  29. "ബൻസാലിയുടെ തലകൊയ്യുന്നവർക്ക് അഞ്ചുകോടി". ദേശാഭിമാനി. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17.
  30. "പദ്മാവതി: ദീപികയുടെ മൂക്ക് ചെത്തുമെന്നു ഭീഷണി". മംഗളം ദിനപത്രം. 2017-11-17. മൂലതാളിൽ നിന്നും 2017-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-17. {{cite web}}: line feed character in |title= at position 27 (help)
  31. "അടങ്ങാതെ വിവാദം; പത്മാവതി വൈകും". മലയാള മനോരമ. 2017-11-20. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-25.
  32. 32.0 32.1 "പത്മാവതി: രാജകുടുംബത്തിന് എതിർപ്പില്ലെങ്കിൽ റിലീസ് തടയില്ലെന്ന് കർണി സേന". മലയാള മനോരമ. 2017-11-23. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-25.
  33. https://www.ndtv.com/india-news/wont-ban-padmavati-in-punjab-says-amarinder-singh-1785750
  34. 34.0 34.1 "പ്രതിഷേധക്കോട്ടയിൽ പത്മാവതി; കുംഭൽഗഡ് കോട്ടയ്ക്കു മുന്നിലും രജപുത്രരുടെ ഉപരോധം". മലയാള മനോരമ. 2017-11-18. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-25.
  35. "പത്മാവതി': വിവാദ ഭാഗങ്ങൾ നീക്കണം എന്ന ഹർജി സുപ്രീം കോടതി തള്ളി". മലയാള മനോരമ. 2017-11-20. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്.
  36. 36.0 36.1 36.2 "'പത്മാവതി'ക്ക് യുകെയിൽ പ്രദർശനാനുമതി; റിലീസ് ചെയ്യുന്നില്ലെന്ന് നിർമാതാക്കൾ". മലയാള മനോരമ. 2017-11-23. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-25.
  37. "പത്മാവവതി'ക്ക് ബ്രിട്ടീഷ് സെന്സർ ബോർഡിന്റെ അനുമതി". ദേശാഭിമാനി ദിനപത്രം. 2017-11-23. മൂലതാളിൽ നിന്നും 2017-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-25.
"https://ml.wikipedia.org/w/index.php?title=പദ്മാവത്_(ചലച്ചിത്രം)&oldid=3776767" എന്ന താളിൽനിന്ന് ശേഖരിച്ചത്