പി. പത്മരാജൻ
പത്മരാജൻ | |
---|---|
![]() കഥയുടെ ഗന്ധർവ്വൻ | |
ജനനം | പി. പത്മരാജൻ പിള്ള മേയ് 23, 1946 |
മരണം | ജനുവരി 24, 1991 | (പ്രായം 45)
മറ്റ് പേരുകൾ | പപ്പേട്ടൻ |
തൊഴിൽ | സംവിധായകൻ, നോവലിസ്റ്റ്,തിരക്കഥാകൃത്ത് |
സജീവ കാലം | 1975-1991 |
ജീവിതപങ്കാളി(കൾ) | രാധാലക്ഷ്മി പത്മരാജൻ |
കുട്ടികൾ | അനന്തപത്മനാഭൻ, മാധവിക്കുട്ടി |
മാതാപിതാക്ക(ൾ) | തുണ്ടത്തിൽ അനന്തപത്മനാഭ പിള്ള, ഞവരക്കൽ ദേവകിയമ്മ |
മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991).[1] ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം.
ജീവിതരേഖ[തിരുത്തുക]
ജനനം, മാതാപിതാക്കൾ[തിരുത്തുക]
1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.
വിദ്യാഭ്യാസം, ജോലി[തിരുത്തുക]
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.
സാഹിത്യജീവിതം[തിരുത്തുക]
കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.[2] ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.
കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി.[2] ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്.[2] പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
ചലച്ചിത്രജീവിതം[തിരുത്തുക]
1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ.[2] ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭരതനുമായുള്ള ബന്ധം[തിരുത്തുക]
ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.[2]
കുടുംബം[തിരുത്തുക]
ഭാര്യ : രാധാലക്ഷ്മി പത്മരാജൻ
മക്കൾ : അനന്തപത്മനാഭൻ, മാധവിക്കുട്ടി
മരണം[തിരുത്തുക]
ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.
ദുഃശകുനങ്ങൾ[തിരുത്തുക]
ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതു മൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു.[3][4]
പുരസ്കാരങ്ങൾ[തിരുത്തുക]
ചലച്ചിത്രപുരസ്കാരങ്ങൾ[തിരുത്തുക]
- 1975
- മികച്ച തിരക്കഥ - ഫിലിം ഫാൻസ് : പ്രയാണം
- 1977
- മികച്ച തിരക്കഥ - ഫിലിം ഫാൻസ്, ഫിലം ക്രിട്ടിക്സ്: ഇതാ ഇവിടെവരെ
- 1978
- മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
- മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
- 1978
- മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
- മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം - നാഷ്‌ണൽ അവാര്ഡ് - പെരുവഴിയമ്പലം
- 1979
- മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
- 1982
- മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
- മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്ടം
- 1984
- മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
- മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
- മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
- 1985
- മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്
- 1986
- മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
- മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
- മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്
- 1989
- മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
- മികച്ച സംവിധായകൻ - ഫിലം ഫെയർ - അപരൻ
- 1990
- മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
- 1991
- FAC അവാർഡ് - ഞാൻ ഗന്ധർവ്വൻ
സാഹിത്യ പുരസ്കാരങ്ങൾ[തിരുത്തുക]
- 1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.
- 1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കുങ്കുമം പുരസ്കാരം.
സാഹിത്യകൃതികൾ[തിരുത്തുക]
ചെറുകഥ/ കഥാ സമാഹാരം[തിരുത്തുക]
- പ്രഹേളിക
- അപരൻ
- പുകക്കണ്ണട
- മറ്റുള്ളവരുടെ വേനൽ
- കൈവരിയുടെ തെക്കേയറ്റം
- സിഫിലിസ്സിന്റെ നടക്കാവ്
- കഴിഞ്ഞ വസന്തകാലത്തിൽ
- പത്മരാജന്റെ കഥകൾ
നോവലെറ്റുകൾ[തിരുത്തുക]
- ഒന്ന്, രണ്ട്, മൂന്ന് (3 നോവെലെറ്റുകളുടെ സമാഹാരം)
- പെരുവഴിയമ്പലം
- തകര
- രതിനിർവ്വേദം
- ജലജ്വാല
- നന്മകളുടെ സൂര്യൻ
- വിക്രമകാളീശ്വരം
നോവലുകൾ[തിരുത്തുക]
- നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
- വാടകക്കൊരു ഹൃദയം
- ഉദ്ദകപ്പോള
- ഇതാ ഇവിടെവരെ
- ശവവാഹനങ്ങളും തേടി
- മഞ്ഞുകാലംനോറ്റ കുതിര
- പ്രതിമയും രാജകുമാരിയും
- കള്ളൻ പവിത്രൻ
- ഋതുഭേദങ്ങളുടെ പാരിതോഷികം
തിരക്കഥകൾ (പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവ)[തിരുത്തുക]
- പത്മരാജന്റെ തിരക്കഥകൾ
- പെരുവഴിയമ്പലം
- ഇതാ ഇവിടെ വരെ
ചലച്ചിത്രങ്ങൾ[തിരുത്തുക]
No. | വർഷം | സിനിമ | അഭിനയിച്ചവർ | രചന | പ്രത്യേകത |
---|---|---|---|---|---|
1 | 1979 | പെരുവഴിയമ്പലം | അശോകൻ, ഭരത് ഗോപി | ![]() |
ആദ്യ ചലച്ചിത്രം |
2 | 1981 | ഒരിടത്തൊരു ഫയൽവാൻ | ജയന്തി, റാഷിദ്, നെടുമുടി വേണു | ![]() |
മികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു. |
3 | 1981 | കള്ളൻ പവിത്രൻ | നെടുമുടി വേണു, അടൂർ ഭാസി, ഭരത് ഗോപി | ![]() |
അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം. |
4 | 1982 | നവംബറിന്റെ നഷ്ടം | പ്രതാപ് കെ. പോത്തൻ, മാധവി | ![]() |
|
5 | 1983 | കൂടെവിടെ | റഹ്‌മാൻ, സുഹാസിനി, മമ്മൂട്ടി | ![]() |
വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. |
6 | 1984 | പറന്ന് പറന്ന് പറന്ന് | റഹ്‌മാൻ, രോഹിണി, നെടുമുടി വേണു | ![]() |
|
7 | 1985 | തിങ്കളാഴ്ച നല്ല ദിവസം | മമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ | ![]() |
|
8 | 1986 | നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | മോഹൻലാൽ, ശാരി, തിലകൻ | ![]() |
കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്നാ നോവലിനെ അടിസ്ഥാനമാക്കി അടുത്ത ചിത്രം. |
9 | 1986 | കരിയിലക്കാറ്റു പോലെ | മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ | ![]() |
ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. |
10 | 1986 | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | മമ്മൂട്ടി, അശോകൻ, നെടുമുടി വേണു | ![]() |
അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം. |
11 | 1986 | ദേശാടനക്കിളി കരയാറില്ല | കാർത്തിക, ശാരി, മോഹൻലാൽ | ![]() |
|
12 | 1986 | നൊമ്പരത്തിപ്പൂവ് | മാധവി, ബേബി സോണിയ, മമ്മൂട്ടി | ![]() |
|
13 | 1987 | തൂവാനത്തുമ്പികൾ | മോഹൻലാൽ, സുമലത, പാർവ്വതി, അശോകൻ |
![]() |
അദ്ദേഹത്തിന്റെ ഉദകപ്പോള എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. |
14 | 1988 | അപരൻ | ജയറാം, ശോഭന | ![]() |
അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. |
15 | 1988 | മൂന്നാം പക്കം | തിലകൻ, ജയറാം, കീർത്തി, അശോകൻ, റഹ്‌മാൻ |
![]() |
|
16 | 1989 | സീസൺ | മോഹൻലാൽ, ഗാവിൻ പക്കാർഡ്, മണിയൻപിള്ള രാജു, അശോകൻ |
![]() |
|
17 | 1990 | ഇന്നലെ | ശോഭന, ജയറാം, സുരേഷ് ഗോപി ശ്രീവിദ്യ |
![]() |
വാസന്തിയുടെ പുനർജനനം എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. |
18 | 1991 | ഞാൻ ഗന്ധർവ്വൻ | നിതീഷ് ഭരദ്വാജ്, സുപർണ്ണ, എം.ജി. സോമൻ, കെ.ബി. ഗണേഷ് കുമാർ |
![]() |
അവസാന ചലച്ചിത്രം |
മറ്റുള്ളവർ സംവിധാനം ചെയ്ത പത്മരാജൻ ചിത്രങ്ങൾ[തിരുത്തുക]
- പ്രയാണം (1975) – സംവിധാനം: ഭരതൻ
- ഇതാ ഇവിടെ വരെ (1977) – സംവിധാനം: ഐ.വി. ശശി
- നക്ഷത്രങ്ങളേ കാവൽ (1978) – സംവിധാനം: കെ.എസ്. സേതുമാധവൻ
- രാപ്പാടികളുടെ ഗാഥ (1978) – സംവിധാനം: കെ.ജി. ജോർജ്ജ്
- രതിനിർവ്വേദം (1978) – സംവിധാനം: ഭരതൻ
- സത്രത്തിൽ ഒരു രാത്രി (1978) – സംവിധാനം: എൻ. ശങ്കരൻ നായർ
- ശാലിനി എന്റെ കൂട്ടുകാരി (1978) – സംവിധാനം: മോഹൻ
- വാടകയ്ക്കൊരു ഹൃദയം (1978) – സംവിധാനം: ഐ.വി. ശശി
- കൊച്ചു കൊച്ചു തെറ്റുകൾ (1979) – സംവിധാനം: മോഹൻ
- തകര (1980) – സംവിധാനം: ഭരതൻ
- ലോറി (1980) – സംവിധാനം: ഭരതൻ
- ഇടവേള (1982) – സംവിധാനം: മോഹൻ
- കൈകേയി (1983) – സംവിധാനം: ഐ.വി. ശശി
- ഈണം (1984) – സംവിധാനം: ഭരതൻ
- കാണാമറയത്ത് (1984) – സംവിധാനം: ഐ.വി. ശശി
- ഒഴിവുകാലം (1985) – സംവിധാനം: ഭരതൻ
- കരിമ്പിൻ പൂവിനക്കരെ (1985) – സംവിധാനം: ഐ.വി. ശശി
- ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) – സംവിധാനം: ജോഷി
- തന്മാത്ര (2005) – സംവിധാനം: ബ്ലെസി, പ്രചോദനം പത്മരാജൻ എഴുതിയ ‘ഓർമ്മ‘ എന്ന ചെറുകഥ.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ഇന്റർനാഷണൽ മുവീ ഡാറ്റാബേസ് പത്മരാജൻ
- ↑ 2.0 2.1 2.2 2.3 2.4 "പി. പത്മരാജൻ". മനോരമ. 2013 ഓഗസ്റ്റ് 14. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21. Check date values in:
|accessdate=
and|date=
(help) - ↑ പത്മരാജൻ എന്റെ ഗന്ധർവൻ രാധാലക്ഷ്മി പത്മരാജൻ.
- ↑ ഓർമ്മകളിൽ തൂവാനമായി പത്മരാജൻ രാധാലക്ഷ്മി പത്മരാജൻ.
- 1945-ൽ ജനിച്ചവർ
- 1991-ൽ മരിച്ചവർ
- മേയ് 23-ന് ജനിച്ചവർ
- ജനുവരി 24-ന് മരിച്ചവർ
- മലയാളതിരക്കഥാകൃത്തുക്കൾ
- മലയാളചലച്ചിത്രസംവിധായകർ
- മലയാളം നോവലെഴുത്തുകാർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ആലപ്പുഴ ജില്ലയിൽ ജനിച്ചവർ
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ