Jump to content

പത്താമത് ദലായ് ലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുൾട്രിം ഗ്യാറ്റ്സോ
പത്താമത് ദലായ് ലാമ
ഭരണകാലം1826–1837
മുൻഗാമിലങ്ടോക് ഗ്യാറ്റ്സോ
പിൻഗാമിഖെഡ്രുപ് ഗ്യാറ്റ്സോ
Tibetanཚུལ་ཁྲིམས་རྒྱ་མཚོ་
Wylietshul khrim rgya mtsho
Transcription
(PRC)
Cüchim Gyaco
Chinese楚臣嘉措
ജനനം29 March 1816
ലിതാങ്, ഖാം, ടിബറ്റ്
മരണം30 സെപ്റ്റംബർ 1837(1837-09-30) (പ്രായം 21)
ടിബറ്റ്

ടിബറ്റിലെ പത്താമത്തെ ദലായ് ലാമ ആയിരുന്ന വ്യക്തി ആയിരുന്നു സുൾട്രിം ഗ്യാറ്റ്സോ (ജനനം: 1816 മാർച്ച് 29; മരണം: 1837 സെപ്റ്റംബർ 30). ഒൻപതാമത് ദലായ് ലാമയായിരുന്ന ലുങ്ടോക് ഗ്യാറ്റ്സോ 1815-ൽ മരിച്ചശേഷം പുതിയ ദലായ് ലാമയെ തിരഞ്ഞെടുക്കുവാൻ വർഷങ്ങളെടുത്തു. ദലായ് ലാമയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ബുദ്ധിമുട്ടിലായപ്പോൾ അന്നത്തെ പഞ്ചൻ ലാമയായിരുന്ന പാൾഡൺ ടെൻപായി ന്യിമ ഇടപെടുകയും നറുക്കെടുപ്പ് ചരിത്രത്തിലാദ്യമായി ഈ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അവസാനം സുൾട്രിം ഗ്യാറ്റ്സോയെ ദലായ് ലാമയായി തിരഞ്ഞെടുത്തു.

കിഴക്കൻ ടിബറ്റിലെ ചാംഡൊ എന്ന പ്രദേശത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് സുൾട്രിം ജനിച്ചത്. 1822 -ൽ സന്യാസത്തിലേയ്ക്കുള്ള ആദ്യ പടവായ ദീക്ഷ സ്വീകരിച്ചതോടു കൂടി ഇദ്ദേഹത്തെ സ്വർണ്ണ സിംഹാസനത്തിൽ അവരോധിച്ചു. 1826-ൽ ഇദ്ദേഹം ഡ്രെപുങ് സന്യാസാശ്രമത്തിൽ വിദ്യാഭ്യാസത്തിനായി ചേർന്നു. സുൾട്രിം ഗ്യാറ്റ്സോ ഇവിടെനിന്ന് സൂത്ര, തന്ത്ര എന്നിവയിൽ പ്രാവീണ്യം നേടി. 1831-ൽ ഇദ്ദേഹം പൊടാല കൊട്ടാരം പുതുക്കിപ്പണിയുന്നതിന് മേൽനോട്ടം കൊടുത്തു. പത്തൊൻപത് വയസ്സിലാണ് ഇദ്ദെഹം പൂർണ്ണ സന്യാസദീക്ഷ പഞ്ചൻ ലാമയിൽ നിന്ന് സ്വീകരിച്ചത്. ഇദ്ദേഹം ടിബറ്റിന്റെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിച്ചിരുന്നു. സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകുമായിരുന്ന ഇദ്ദേഹം 1837-ലാണ് മരിച്ചത്.

ജീവിതരേഖ

[തിരുത്തുക]

ടിബറ്റിന്റെ കിഴക്കൻ മേഖലയിലെ ചാംഡൊ എന്ന പ്രദേശത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് സുൾട്രിം ജനിച്ചത്. ഇദ്ദേഹത്തെ ഒൻപതാമത്തെ ദലായ് ലാമയായിരുന്ന ലുങ്ടോക് ഗ്യാറ്റ്സോയുടെ അവതാരമായി 1820 -ലാണ് തിരഞ്ഞെടുത്തത്. സുൾട്രിമിനെ ദലായ് ലാമയായി നൽകുമ്പോൾ ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമിക്ക് മറ്റൊരു അവകാശി പോലുമുണ്ടായിരുന്നില്ല. സുൾട്രിം ഗ്യാറ്റ്സോ എന്ന പേരോടുകൂടി ഇദ്ദേഹത്തെ 1822-ൽ പോടാല കൊട്ടാരത്തിൽ വച്ച് ദലായ് ലാമയായി വാഴി‌ച്ചു.[1][2]

ലുങ്ടോക് ഗ്യാറ്റ്സോ 1815-ൽ മരിച്ചശേഷം പുതിയ ദലായ് ലാമയെ തിരഞ്ഞെടുക്കുവാൻ വർഷങ്ങളെടുത്തു. ഈ കാലഘ‌ട്ടത്തിൽ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി അധികം വിവരങ്ങൾ ലഭ്യമല്ല. ദലായ് ലാമയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ബുദ്ധിമുട്ടിലായപ്പോൾ പാൾഡൺ ടെൻപായി ന്യിമ ഇടപെടുകയും നറുക്കെടുപ്പ് ചരിത്രത്തിലാദ്യമായി ഈ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ പ്രക്രീയയ്ക്കായി ഒരു സ്വർണ്ണ കുംഭമാണ് ഉപയോഗിച്ചത്. ഇതിൽനിന്ന് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു ചെയ്തത്.

1822 -ൽ സന്യാസത്തിലേയ്ക്കുള്ള ആദ്യ പടവായ ദീക്ഷ സ്വീകരിച്ചതോടു കൂടി ഇദ്ദേഹത്തെ സ്വർണ്ണ സിംഹാസനത്തിൽ അവരോധിച്ചു. പാൾഡെൻ ടെൻപായ് ന്യിമ ആണ് ഈ കർമം ചെയ്തത്. ഇദ്ദേഹം തന്നെയാണ് ദലായ് ലാമയ്ക്ക് സുൾട്രിം ഗ്യാറ്റ്സോ എന്ന പേര് നൽകിയതും.[2] പൂർണ്ണ സന്യാസ ദീക്ഷ (ഗെലോങ് പ്രതി‌ജ്ഞ) സുൾട്രിമിന് നൽകിയതും പാൾഡെൺ ടെൻപായ് ന്യിമ ആണ്. 1931-ലായിരുന്നു ഇത്.[1]

1826-ൽ ഇദ്ദേഹം ഡ്രെപുങ് സന്യാസാശ്രമത്തിൽ വിദ്യാഭ്യാസത്തിനായി ചേർന്നു. സുൾട്രിം ഗ്യാറ്റ്സോ ഇവിടെനിന്ന് സൂത്ര, തന്ത്ര എന്നിവയിൽ പ്രാവീണ്യം നേടി. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ശിഷ്ടകാലം ഇദ്ദേഹം ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങൾ പഠിക്കാനാണ് ചെലവഴിച്ചത്. 1831-ൽ ഇദ്ദേഹം പൊടാല കൊട്ടാരം പുതുക്കിപ്പണിയുന്നതിന് മേൽനോട്ടം കൊടുത്തു. പത്തൊൻപത് വയസ്സിലാണ് ഇദ്ദെഹം ഗെലോങ് പ്രതിജ്ഞ പഞ്ചൻ ലാമയിൽ നിന്ന് സ്വീകരിച്ചത്.[1]

ഇദ്ദേഹം ടിബറ്റിന്റെ സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ആഗ്രഹിച്ചു. ദൗർഭാഗ്യവശാൽ തന്റെ ആഗ്രഹം സഫലമാകുന്നത് കാണുവാൻ സാധിക്കുന്നതിന് മുൻപുതന്നെ ഇദ്ദേഹം മരണമടഞ്ഞു.[2] ഒരിക്കലും പൂർണ്ണാരോഗ്യവാനല്ലാതിരുന്ന ഇദ്ദേഹം 1837-ലാണ് മരിച്ചത്.[1]

കുറച്ചുകാലം മാത്രം ജീവിച്ചിരുന്ന ദലായ് ലാമമാരുടെ കാലം ഒൻപതാമത്തെ അവതാരം മുതൽ പന്ത്രണ്ടാമത്തെ അവതാരം വരെയായിരുന്നു. ഇക്കാലത്ത് കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് പഞ്ചൻ ലാമമാരായിരുന്നു. ബാല്യത്തിലും യൗവനത്തിലും മരണമടഞ്ഞ ദലായ് ലാമമാരുടെ വിടവ് ഭരണത്തിൽ പ്രതിഫലിക്കാതെ സൂക്ഷിച്ചത് പഞ്ചൻ ലാമമാരാണ്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "The Dalai Lamas". The Office of His Holiness The Dalai Lama. Archived from the original on 2014-01-07. Retrieved 18 July 2012.
  2. 2.0 2.1 2.2 Khetsun Sangpo Rinpoche. (1982). "Life and times of the Eighth to Twelfth Dalai Lamas." The Tibet Journal. Vol. VII Nos. 1 & 2. Spring/Summer 1982, p. 49.
  3. The Fourteen Dalai Lamas: A Sacred Legacy of Reincarnation, p. 175. Glenn H. Mullin. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Mullin, Glenn H. (2001). The Fourteen Dalai Lamas: A Sacred Legacy of Reincarnation, pp. 353–361. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.
ബുദ്ധമത അധികാരപദവികൾ
മുൻഗാമി Dalai Lama
1826–1837
Recognized in 1822
പിൻഗാമി
"https://ml.wikipedia.org/w/index.php?title=പത്താമത്_ദലായ്_ലാമ&oldid=3655037" എന്ന താളിൽനിന്ന് ശേഖരിച്ചത്