നാണയപ്പെരുപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പണപ്പെരുപ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Economics

General categories

Microeconomics · Macroeconomics
History of economic thought
Methodology · Mainstream & heterodox

Mathematical & quantitative methods

Mathematical economics  · Game theory
Optimization · Computational
Econometrics  · Experimental
Statistics · National accounting

Fields and subfields

Behavioral · Cultural · Evolutionary
Growth · Development · History
International · Economic systems
Monetary and Financial economics
Public and Welfare economics
Health · Education · Welfare
Population · Labour · Managerial
Business · Information
Industrial organization · Law
Agricultural · Natural resource
Environmental · Ecological
Urban · Rural · Regional · Geography

Lists

Journals · Publications
Categories · Topics · Economists

Business and Economics Portal
2019

ചോദനപ്രേരകവും ചെലവുപ്രേരകവുമായ വിലവർധന.[തിരുത്തുക]

ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പ്രചോദനത്തിന്റെ വർധനമൂലമുണ്ടാകുന്ന വിലവർധനയെ ചോദനപ്രേരക വിലവർധന (Demand Full Inflation)യെന്നു പറയുന്നു. വരുമാനത്തിലോ പണത്തിന്റെ പരിമാണത്തിലോ ഉള്ള വർധനമൂലം ചരക്കുകൾക്കുള്ള ചോദനം അവയുടെ പ്രദാനത്തെക്കാൾ വേഗതയിൽ വർധിക്കുകയും വില വർധനയ്ക്കിടയാക്കുകയും ചെയ്യുന്നു. ചില കാലയളവിൽ ചോദനത്തെ ഉയർത്തുകയും ഉയർന്ന നിരക്കിൽ നിലനിർത്തുകയും ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. യുദ്ധത്തിനോ സാമ്പത്തിക വളർച്ചയ്ക്കോ ആവശ്യമായ ഭാരിച്ച സർക്കാർവ്യയം ചംക്രമണത്തിലുള്ള പണത്തിന്റെ പരിമാണത്തെ വർധിപ്പിക്കുകയും ചോദനപ്രേരകമായ വിലവർധനവുണ്ടാകുകയും ചെയ്യുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ഉത്പാദനച്ചെലവുകളുടെ വർധനമൂലം വിലവർധിച്ചുവെന്നുവരാം, പണിമുടക്കുകളിലൂടെ, തൊഴിലാളിസംഘടനകൾ നേടിയെടുക്കുന്ന വേതനവർധനവ് ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നു. കുത്തകവ്യവസായികളുടെ പ്രവർത്തനംമൂലവും ഉത്പാദനച്ചെലവ് കൂടിയെന്നുവരാം. ഗവൺമെന്റ് പുതിയ നികുതികൾ ചുമത്തുകയും നിലവിലുള്ള പരോക്ഷനികുതികളുടെ നിരക്കുകൾ വർധിപ്പിക്കുകയും ചെയ്യുമ്പോഴും ഉത്പാദനച്ചെലവ് വർധിക്കും. ഇങ്ങനെ ഉത്പാദനച്ചെലവ് വർധിക്കുമ്പോൾ വ്യവസായികൾ ചരക്കുവിലകളും വർധിപ്പിക്കും. ഇത്തരത്തിലുള്ള വിലവർധനയെ ചെലവ് പ്രേരകവിലവർധന (Costs push inflation)യെന്നു പറയുന്നു.

വേതനങ്ങളും വിലകളും മൊത്തം ചോദനവും എല്ലാം വർധിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളിൽ ഇവയിലേതാണ് വിലവർധനയുണ്ടാക്കുന്ന സജീവഹേതുവെന്ന് വ്യക്തമായി പറയുവാൻ സാധ്യമല്ല. വിലകൾ വർധിക്കുന്നതുകൊണ്ട് ജീവിതച്ചെലവ് നിർവഹിക്കുവാൻ കൂടുതൽ വേതനം വേണമെന്ന് തൊഴിലാളികൾ സ്വാഭാവികമായും ആവശ്യപ്പെടും. വേതനങ്ങൾ വർധിക്കുമ്പോൾ ഉത്പാദനച്ചെലവുകൾ വർധിക്കുകയും വിലവർധനയിലേക്കു നയിക്കുകയും ചെയ്യും. ചോദനത്തിലുള്ള വർധനയും കൂട്ടത്തിൽ ചേർന്നാൽ, വില വർധനയ്ക്ക് ഒരു കാരണം കൂടിയാകാം. മിക്കപ്പോഴും വിലവർധന ചോദനപ്രേരകം മാത്രമോ ചെലവ് പ്രേരകം മാത്രമോ ആയിരിക്കുകയില്ല. രണ്ടുംകൂടിയായിരിക്കും.

വിലകൾ തടസ്സം കൂടാതെ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അത് പരസ്യമായ വിലവർധനയാണ് (Open inflation). ചിലപ്പോൾ, വിലനിയന്ത്രണങ്ങളും റേഷനിങ്ങുംകൊണ്ട് വിലനിലവാരം ഉയരുന്നത് ഗവൺമെന്റ് തടയുന്നു. അപ്പോൾ, അത് മർദിതമായ വിലവർധനയാണ് (Suppressed inflation). മർദ്ദിതവിലവർധന, ചോദനത്തെ ഭാവിയിലേക്കു മാറ്റിവയ്ക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ അതിന്റെ ഫലമായി ചോദനം രണ്ടുതരത്തിലുള്ള ചരക്കുകളിൽ നിന്ന് മറ്റൊരുതരത്തിലുള്ളവയിലേക്കു മാറുന്നു. വിലനിയന്ത്രണത്തിനും റേഷനിങ്ങിനും വിധേയമായ ചരക്കുകൾക്കു പകരം ആളുകൾ, അങ്ങനെ അല്ലാത്ത ചരക്കുകൾ ആവശ്യപ്പെടുന്നു. മർദിതവിലവർധനയ്ക്ക് ചില ആപത്സാധ്യതകളുണ്ട്. ഒന്നാമതായി, നിയന്ത്രണവും റേഷനിങ്ങും കാര്യക്ഷമമായി നടപ്പിൽവരുത്തുന്നതിൽ ഭരണപരമായ പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. രണ്ടാമതായി, അഴിമതിയും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കപ്പെടുന്നു. മൂന്നാമതായി, വിഭവങ്ങൾ വിലനിയന്ത്രണത്തിനു വിധേയമായ അവശ്യസാധനങ്ങളുടെ ഉത്പാദനത്തിൽ നിന്ന് വിലനിയന്ത്രിക്കപ്പെടാത്ത സാധനങ്ങളുടെ ഉത്പാദനത്തിലേക്കു മാറ്റപ്പെടുന്നു. വിലവർധനയുടെ തുടക്കത്തിൽ, വിലകൾ സാധാരണയായി സാവധാനത്തിൽ മാത്രമേ ഉയരുകയുള്ളൂ. ഇതിന് ഇഴയുന്ന വിലവർധന (creeping inflation) എന്നു പറയുന്നു. കുറേക്കഴിയുമ്പോൾ വിലനിലവാരത്തിന്റെ ഉയർച്ചയ്ക്ക് വേഗം കൂടുന്നു. ഇതിന് ഓടുന്ന വിലവർധന (running inflation) എന്നു പറയുന്നു. ചിലപ്പോൾ, ഈ ഘട്ടവും കടന്ന്, വിലകൾ വാണംപോലെ കുതിച്ചുകയറുവാൻ തുടങ്ങുന്നു. ഇത് കുതിക്കുന്ന വിലവർധന (galloping inflation)യെന്നറിയപ്പെടുന്നു.

നാണയപ്പെരുപ്പ വിടവ്[തിരുത്തുക]

'നാണയപ്പെരുപ്പ വിടവ്' എന്നൊരു സങ്കല്പം കെയിൻസ് ആവിഷ്കരിച്ചു. പ്രതീക്ഷിതമായ വ്യയങ്ങൾ അടിസ്ഥാനവിലകളിൽ ലഭ്യമായ ഉത്പാദനത്തെക്കാൾ വ്യയങ്ങൾ അധികമായിരിക്കുന്നതുകൊണ്ട് ആളുകളുടെ വരുമാനവും അധികമായിരിക്കും. അതേസമയം ഉത്പാദനശേഷിയുടെ വലിയൊരുഭാഗം യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ സാധാരണ ഉപഭോഗത്തിനാവശ്യമായ ചരക്കുകളുടെ പ്രദാനം കുറവായിരിക്കും. അങ്ങനെ ചോദനത്തെ നിർണയിക്കുന്ന പണവരുമാനവും ചരക്കുകളുടെ പ്രദാനവും തമ്മിൽ ഒരു വിടവുണ്ടാകുന്നു. ഇതിനെയാണ് നാണയപ്പെരുപ്പ വിടവെന്നു പറയുന്നത്. യുദ്ധകാലത്തുമാത്രമല്ല, പണപ്പെരുപ്പവിടവുണ്ടാകുന്നത്. ആസൂത്രിത സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിലും നാണയപ്പെരുപ്പ വിടവുണ്ടാകുന്നു. പല പദ്ധതികൾക്കായി ധാരാളം പണം ചെലവഴിക്കുന്നതിനാൽ പണവരുമാനം ഉയരുന്നു. എന്നാൽ, മൂലധനച്ചരക്കുകളുടെ ഉത്പാദനത്തിലുള്ള നിക്ഷേപവും അവയിൽനിന്ന് ചരക്കുകൾ ഉത്പാദിപ്പിക്കപ്പെടുന്നതും തമ്മിൽ കാലത്തിന്റെ തന്നെ ഒരു വിടവുള്ളതിനാൽ ഉപഭോഗസാധനങ്ങളുടെ ഉത്പാദനം കുറഞ്ഞിരിക്കും. അങ്ങനെ നാണയപ്പെരുപ്പ വിടവുണ്ടാകുന്നു. നാണയപ്പെരുപ്പവിടവു നികത്താൻ പല മാർഗങ്ങളുണ്ട്. ഒന്ന് സമൂഹത്തിന്റെ സ്വേച്ഛാപരമായ സമ്പാദ്യത്തിന്റെ വർധന. രണ്ട്, ജനങ്ങളുടെ കൈകളിലെ അധികക്രയശക്തി വലിച്ചെടുക്കുന്നതിന് നികുതി ചുമത്തുക. മൂന്ന്, ലഭ്യമായ ഉത്പാദനത്തിന് നികുതി ചുമത്തുക. നാല്, ലഭ്യമായ ഉത്പാദനത്തിന്റെ മൂല്യം ചെലവഴിക്കാവുന്ന വരുമാനത്തിന്റെ നിലവാരത്തിലേക്കുയരാൻ അനുവദിക്കുക - അതായത് വിലകൾ വർധിക്കാൻ അനുവദിക്കുക.

നാണയപ്പെരുപ്പത്തിന്റെ ഫലങ്ങൾ[തിരുത്തുക]

നാണയപ്പെരുപ്പം ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലില്ലാത്ത ആളുകളും ഉപയോഗപ്പെടാതിരിക്കുന്ന വിഭവങ്ങളും ഉപയുക്തമാക്കി ഉത്പാദനം വർധിപ്പിക്കാൻ നാണയപ്പെരുപ്പം ഉത്പാദകരെ പ്രേരിപ്പിക്കുന്നു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞും വിലകൾ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. പണത്തിന്റെ മൂല്യം വളരെ കുറവായതിനാൽ കൃഷിക്കാർ തങ്ങളുടെ ഉത്പന്നങ്ങൾ വില്ക്കാൻ തയ്യാറാവാതെ വന്നേക്കാം. പണിമുടക്കുകളും മറ്റു സംഭവങ്ങളും വ്യവസായികോത്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചുരുക്കത്തിൽ, ഉത്പാദനം തുടരുന്നത് എല്ലാവർക്കും വിഷമകരമായി അനുഭവപ്പെടും. ചരക്കുകളുടെ വിലകൾ വർധിക്കുന്നതിനനുസൃതമായി വേതനങ്ങളും വർധിക്കുകയാണെങ്കിൽ, വിലവർധനകൊണ്ട് വരുമാനവിതരണത്തെ സംബന്ധിച്ചിടത്തോളം കാര്യമായ വ്യത്യാസമുണ്ടാവുകയില്ല. പക്ഷേ എല്ലാ വിലകളും ഒരുപോലെ വർധിക്കുന്നില്ല എന്നതാണ് വാസ്തവം. വിലകൾ കുതിച്ചുകയറുമ്പോൾ വേതനം സാവധാനത്തിൽ മാത്രമേ വർധിക്കുകയുള്ളൂ. വ്യാവസായികോത്പന്നങ്ങളുടെ വിലകളോളം കാർഷികോത്പന്നങ്ങളുടെ വിലകൾ വർധിക്കുകയില്ല. തന്മൂലം വ്യവസായിയും വ്യാപാരിയും അമിതമായ ലാഭമുണ്ടാക്കുമ്പോൾ സ്ഥിരവരുമാനക്കാരും കർഷകരും കഷ്ടപ്പെടുന്നു. അങ്ങനെ നാണയപ്പെരുപ്പം സമൂഹത്തിലെ വ്യത്യസ്തവിഭാഗങ്ങൾ തമ്മിലുള്ള ദേശീയവരുമാനവിതരണത്തിൽ മാറ്റമുണ്ടാക്കുന്നു. നിശ്ചിതവരുമാനമുള്ളവർ കഷ്ടതയനുഭവിക്കുകയും ഉത്പാദകരും വ്യാപാരികളും അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നു.

നാണയപ്പെരുപ്പ നിയന്ത്രണം[തിരുത്തുക]

നാണയപ്പെരുപ്പം നിയന്ത്രിക്കാൻ മൂന്നുതരത്തിലുള്ള നടപടികൾ സ്വീകരിക്കാറുണ്ട്. ഒന്ന്, നാണയനയം; രണ്ട്, നികുതി നയം; മൂന്ന്, വിലനിയന്ത്രണവും റേഷനിങ്ങും.

നാണയനയം (Monetary Policy). രാജ്യത്തിന്റെ പരമപ്രധാനമായ കേന്ദ്രബാങ്കിലെ നാണയവ്യവസ്ഥയെ നിയന്ത്രിക്കാനുപയോഗിക്കുന്ന നടപടികൾക്കാണ് നാണയനയമെന്നു പറയുന്നത്. ബാങ്ക് നിരക്ക്, തുറന്ന കമ്പോളപ്രവർത്തനങ്ങൾ, കരുതൽ ധനചലനങ്ങൾ, പ്രത്യേകനിയന്ത്രണങ്ങൾ എന്നിവ ഉപയോഗിച്ച് കേന്ദ്രബാങ്കിന് വാണിജ്യബാങ്കുകളുടെ വായ്പാസൃഷ്ടിപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും അങ്ങനെ പണത്തിന്റെ പരിമാണത്തെ കുറയ്ക്കുകയും ചെയ്യാം. ബാങ്ക് വായ്പാവികസനത്തിന്റെ ഫലമായി സാധനങ്ങൾക്കും സേവനങ്ങൾക്കും ഉള്ള ചോദനം വർധിക്കുന്നതുകൊണ്ടാണ് വിലവർധന ഉണ്ടാകുന്നതെങ്കിൽ, നാണയനയം കൊണ്ട് അത് നിയന്ത്രിക്കാം. എന്നാൽ. കറൻസിയുടെ വികസനമാണ് കാരണമെങ്കിൽ നാണയനയം കൊണ്ട് വലിയ പ്രയോജനമുണ്ടാവുകയില്ല.

നികുതിനയം (Fiscal policy). നികുതി, വ്യയം, പൊതുവായ്പ എന്നിവയെ സംബന്ധിച്ചുള്ള സർക്കാരിന്റെ നയമാണ് നികുതിനയം. സർക്കാർ ചുമത്തുന്ന നികുതികളും സർക്കാരിന്റെ വ്യയവും കൈകളിലവശേഷിക്കുന്ന വരുമാനത്തെ നിയന്ത്രിക്കുന്ന നികുതികളിലൂടെ സർക്കാർ പണം വലിച്ചെടുക്കുന്നതുകൊണ്ട് ജനങ്ങളുടെ വരുമാനം കുറയുന്നു. സർക്കാർ വ്യയം നടത്തുമ്പോൾ ജനങ്ങളുടെ വരുമാനം വർധിക്കുന്നു. വിലവർധന തടയാൻ സർക്കാർ ചെയ്യേണ്ടത്, നികുതികൾ വർധിപ്പിച്ച് ജനങ്ങളുടെ ചെലവഴിക്കാവുന്ന വരുമാനത്തെ കുറയ്ക്കുകയാണ്. അതേസമയം, സർക്കാർവ്യയം കുറയുകയും വേണം. പൊതുകടനയവും ഇതിനനുഗുണമായി ആസൂത്രണം ചെയ്യണം. വിലവർധനയുള്ളപ്പോൾ, പഴയകടങ്ങൾ സർക്കാർ തിരിച്ചുനല്കരുത്.

വിലനിയന്ത്രണവും റേഷനിങ്ങും (Price Control & Rationing). വിലവർധന തടയാൻ മിക്ക രാജ്യങ്ങളും സാധാരണയായി ചെയ്യുന്നത് വിലനിയന്ത്രണവും റേഷനിങ്ങും ഏർപ്പെടുത്തുകയാണ്. നാണയനയവും നികുതിനയവും പ്രയോജനകരമല്ലാത്ത സാഹചര്യങ്ങളിൽ പ്രത്യേകിച്ചും ഇവയാണ് ഫലപ്രദമാവുക. അവശ്യസാധനങ്ങളുടെ വിലകൾക്ക് സർക്കാർ ഒരു പരിധി നിർണയിക്കുന്നു. അതിൽക്കൂടുതൽ വിലയ്ക്ക് സാധനങ്ങൾ വില്ക്കുന്നത് നിയമപരമായി കുറ്റമാകുന്നു. വിലനിയന്ത്രണം മാത്രമായാൽ പലപ്പോഴും ഫലപ്രദമാവുകയില്ല. കരിഞ്ചന്തയുടെ ആവിർഭാവമായിരിക്കും അതിന്റെ ഫലം. വ്യാപാരികൾ അവശ്യസാധനങ്ങൾ പൂഴ്ത്തിവച്ച് അധികവിലയ്ക്ക് രഹസ്യമായി വിറ്റ് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കും. ഇതു തടയാൻ ഗവൺമെന്റ് റേഷനിങ് ഏർപ്പെടുത്തുന്നു. ചരക്കുകൾ ഗവൺമെന്റ് ഏറ്റെടുക്കുകയും റേഷൻകടകളിൽക്കൂടിയോ ന്യായവിലഷോപ്പുകൾ വഴിയോ വില്ക്കുകയും ചെയ്യുന്നു. എല്ലാ പൗരന്മാർക്കും അവശ്യസാധനങ്ങളുടെ ഒരു നിശ്ചിത പരിമാണം ന്യായവിലയ്ക്ക് ലഭിക്കാൻ വേണ്ട ഏർപ്പാടുകൾ ഗവൺമെന്റ് തന്നെ ചെയ്യുന്നു എന്നർഥം.

പണപ്പെരുപ്പം അവികസിതരാജ്യങ്ങളിൽ[തിരുത്തുക]

വികസിത സമ്പദ് വ്യവസ്ഥകളിൽ പൂർണതൊഴിൽനില വന്നുകഴിഞ്ഞാൽ, പണത്തിന്റെ പരിമാണവും സാധനങ്ങൾക്കുള്ള ചോദനവും വർധിക്കുകയാണെങ്കിൽ, ഉത്പാദന വർധനവുണ്ടാവുമെന്നതാണ് മെച്ചം. പൂർണതൊഴിൽനില പ്രാപിക്കുന്നതുവരെ ചോദനത്തിലും വിലകളിലും ഉണ്ടാകുന്ന വർധന ഉത്പാദനത്തെയും വരുമാനത്തെയും തൊഴിൽ സാധ്യതകളെയും വർധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, തൊഴിലില്ലായ്മയും വിലവർധനയും അസംഭവ്യമാണ്. എന്നാൽ, യഥാർഥത്തിൽ അല്പവികസിതരാജ്യങ്ങളിൽ പലപ്പോഴും അവ രണ്ടും ഒരുമിച്ചു കാണപ്പെടുന്നുണ്ട്. ഉദാഹരണമായി, ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായ ഒരു പ്രശ്നമാണ്. അതേസമയം പണപ്പെരുപ്പവും വിലവർധനയും ഗുരുതരമായ ഒരു പ്രശ്നമായിത്തീർന്നിട്ടുണ്ട്. പൂർണതൊഴിൽ നിലയെത്തുന്നതിനുമുമ്പ് വിലകൾ വർധിക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമെന്ന് കെയിൻസ് വിഭാവനം ചെയ്തിരുന്നു. തൊഴിലില്ലായ്മയും ഉപയോഗിക്കപ്പെടാത്ത വിഭവങ്ങളുമുണ്ടെങ്കിലും ഉത്പാദനം വർധിപ്പിക്കാൻ മറ്റു തടസ്സങ്ങളുമുള്ളപ്പോഴാണ് ഇതുണ്ടാകുന്നത്. ചോദനം വർധിച്ചാലും പ്രദാനത്തിന്റെ അപൂർണവികാസ ക്ഷമതമൂലം ചരക്കുകളുടെ ഉത്പാദനം വർധിച്ചില്ലെന്നുവരും.

അല്പവികസിതരാജ്യങ്ങളിൽ പ്രദാനത്തിന്റെ വികസനം നേരിടുന്ന പ്രശ്നങ്ങൾ[തിരുത്തുക]

  • ഒന്നാമതായി, അല്പവികസിതരാജ്യങ്ങളിൽ കമ്പോളത്തിന് പല അപൂർണതകളുമുണ്ട്. ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും അപൂർണമായ അറിവ്, ഉത്പാദനഘടകങ്ങളുടെ അപൂർണമായ ചലനക്ഷമത, തൊഴിൽവിഭജനത്തിന്റെ അപൂർണത എന്നീ ഘടകങ്ങൾ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തലിനു തടസ്സമാകുന്നു.
  • രണ്ടാമതായി, സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിൽ, മൂലധനയന്ത്രങ്ങൾ, ഗതാഗതസൌകര്യങ്ങൾ. ഊർജ്ജം എന്നിവയുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ അല്പവികസിതരാജ്യങ്ങളിൽ ഉത്പാദനവർധനയ്ക്ക് കാരണമാകുന്നു.
  • മൂന്നാമതായി, അല്പവികസിതരാജ്യങ്ങളിൽ സീമാന്ത ഉപയോഗപ്രവണത (Marginal Prosperity to consume) വളരെ ഉയർന്നതാണ്. ഇതു സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രദാനത്തെ കുറയ്ക്കുന്നു. കാർഷികോത്പാദനം വർധിക്കുമ്പോൾ കൂടുതൽ സ്വയം ഉപയോഗിക്കുകയും കമ്പോളത്തിലേക്കുള്ള പ്രദാനം കുറയുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ഇതിനുപുറമേ ഉപഭോഗപ്രവണത ഉയർന്നതിനാൽ നിക്ഷേപം കുറഞ്ഞിരിക്കുകയും ചെയ്യുന്നു.
  • നാലാമതായി, അല്പവികസിതരാജ്യങ്ങളിലെ ഒരു പ്രത്യേകത, പ്രാഥമിക ഉത്പാദനത്തിന്റെ ഒരു വലിയഭാഗം കയറ്റി അയക്കപ്പെടുന്നുവെന്നതാണ്. അത്രത്തോളം ആന്തരികോപഭോഗത്തിനുള്ള പ്രദാനം കുറയുകയും ചെയ്യുന്നു. കയറ്റുമതികളിൽ നിന്നു കിട്ടുന്ന വരുമാനം ആന്തരികോത്പാദിത സാമഗ്രികൾക്കായി ചെലവഴിക്കുമ്പോൾ വിലവർധനയ്ക്ക് സഹായകമാവുന്നു.
  • അവസാനമായി, അല്പവികസിതരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തികവികസനപദ്ധതികൾക്കായി വിപുലമായ തോതിൽ വായ്പകളെടുക്കുകയും കമ്മിപ്പണനയം സ്വീകരിക്കുകയും ചെയ്യുന്നു. ഈ പണം ചെലവഴിക്കുന്നത് ഉപഭോഗവസ്തുക്കൾ നിർമ്മിക്കാനല്ല, വിദ്യാഭ്യാസം, ഗതാഗതം, ഊർജം, യന്ത്രനിർമ്മാണം തുടങ്ങിയവയുടെ വികസനത്തിനാണ്. ഒരു വശത്ത്, പണത്തിന്റെ പരിമാണം സർക്കാർതന്നെ വർധിപ്പിക്കുമ്പോൾ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചോദനം വർധിക്കുന്നു. മറുവശത്ത് ഉപഭോഗവസ്തുക്കളുടെ ഉത്പാദനം വർധിക്കുന്നുമില്ല. ഇതാണ്, അല്പവികസിത രാജ്യങ്ങളിൽ വിലവർധനവിനു പ്രധാനകാരണം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാണയപ്പെരുപ്പം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാണയപ്പെരുപ്പം&oldid=3741877" എന്ന താളിൽനിന്ന് ശേഖരിച്ചത്