കുഞ്ഞാലി മരയ്ക്കാർ III

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പട്ടു മരയ്ക്കാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടു അലി മരയ്ക്കാർ
Nicknameകുഞ്ഞാലി മൂന്നാമൻ
മരണം1595
പുതുപ്പട്ടണം , കോഴിക്കോട് രാജ്യം
ദേശീയതകോഴിക്കോട് രാജ്യം
വിഭാഗംസാമൂതിരി പട
ജോലിക്കാലം1572 – 1595
പദവിസമുദ്രാധിപതി
യൂനിറ്റ്മരയ്ക്കാർ പട
Commands held
ഉപസേനാധിപതി (മരയ്ക്കാർ പട)
നാവിക സൈന്യാധിപൻ
കോഴിക്കോട് രാജ്യം( (1572 –1595)

പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ നാവികാധിപന്മാരായിരുന്ന കുഞ്ഞാലി പരമ്പരയിലെ അത്യന്തം കീർത്തി കരസ്ഥമാക്കിയ സമുദ്രപതിയാണ് പട്ടു മരയ്ക്കാർ (പട മരയ്ക്കാർ) എന്ന കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ. ‘അറബി കടലിൻറെ സിംഹം’ എന്ന അപരനാമത്തിൽ വിശേഷിപ്പിക്കപ്പെട്ട ഈ മഹാ യോദ്ധാവ് നയിച്ച യുദ്ധങ്ങളിലൊന്നിൽ പോലും പരാജയത്തിൻറെ കയ്പ്പ്നീർ രുചിച്ചിരുന്നില്ല. കുഞ്ഞാലി പരമ്പരയിൽ സ്വാഭാവിക മരണത്തിനു വിധേയമായ ഏക നാവിക തലവനും ഇദ്ദേഹമായിരുന്നു.[1]


ജീവചരിത്രം[തിരുത്തുക]

കൊച്ചി രാജ്യത്തിൽ നിന്ന് പൊന്നാനിയിലേക്കും തുടർന്ന് കോഴിക്കോട് ദേശത്തേക്കുമുള്ള മരയ്ക്കാന്മാരുടെ സഞ്ചാരങ്ങൾക്കിടെയാണ് പട്ടു മറയ്ക്കാറിൻ്റെ ജനനം. മതപഠനവും,കളരികളിൽ നിന്ന് മെഴ്വഴക്കവും, ആയുധാഭ്യാസ മുറകളും, പൂർത്തിയാക്കി ബാല്യത്തിൽ തന്നെ മരയ്ക്കാർ സേനയിൽ അംഗമായി. കടൽ യുദ്ധമുറകളിലും പരിശീലനം നേടിയതോടെ പോരാട്ട രംഗത്തേക്ക് ചുവടുകൾ വെച്ചു. ആധ്യാത്മിക സരണികളിലൊന്നായ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു ആത്മീയ ജീവിതത്തിലും ശ്രദ്ധപതിപ്പിച്ചു. അസീസ് മഖ്ദൂം, ഖാളി അബ്ദുൽ അസീസ്, ഖാളി മുഹമ്മദ് എന്നിവരൊക്കെയും മതാത്മീയധ്യാപകരാണെങ്കിലും മാമുക്കോയ ശൈഖ് എന്ന പേരിൽ പ്രസിദ്ധനായ സൂഫി വര്യനായിരുന്നു പ്രധാന ആത്മീയ ഗുരു. [2] [3]

യൗവനത്തിനു മുൻപേ തന്നെ കോഴിക്കോട് നാവിക സേനയുടെ ഭാഗമായി പ്രവർത്തിച്ചു. കാലികുത്തി (കോഴിക്കോട്), പന്തലായനി, പൊന്നാനി നാവിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നിരവധി പോരാട്ടങ്ങളുടെ ഭാഗമായി മാറി. യുദ്ധ തന്ത്രവും, പ്രായോഗിക തീരുമാനങ്ങലെടുക്കാനുള്ള കഴിവും, പോരാട്ടത്തിലുള്ള മികവും കാരണമായി ക്യാപ്റ്റൻ, സഹ സൈനാധിപ സ്ഥാനങ്ങളിലേക്ക് ഉയർന്നു വന്നു. കുറഞ്ഞകാലം കൊണ്ട് തന്നെ മരയ്ക്കാർ സൈന്യത്തിലെ രണ്ടാമനായി മാറി. 1560 കളിലെ ഭഡ്ക്കൽ യുദ്ധം, 67 ലെ ചാലിയം യുദ്ധം, 68 ലെ മങ്കറൗത്ത് യുദ്ധം, കായൽപട്ടണം യുദ്ധം എന്നിവയിലൊക്കെ കുഞ്ഞാലി രണ്ടാമനോടൊപ്പം ചേർന്ന് സാമൂതിരി പോർച്ചുഗീസിന് മേൽ വെന്നിക്കൊടി നാട്ടി. കുഞ്ഞാലി രണ്ടാമൻറെ വീരമൃതുവിനെ തുടർന്ന് ചരിത്ര പ്രസിദ്ധമായ ചാലിയം കോട്ട കീഴടക്കലിലൂടെ കുഞ്ഞാലി മൂന്നാമനായി പട്ടു മരയ്ക്കാർ അവരോധിക്കപ്പെട്ടു.

തകർന്ന ചാലിയം കോട്ടയുടെ അവശിഷ്ടങ്ങൾ

അമരത്തേക്ക്[തിരുത്തുക]

1572 ലെ ശാലിയാത്ത് (ചാലിയം) യുദ്ധവും പോർച്ചുഗീസ് കോട്ട പിടിച്ചെടുക്കലുകളുമാണ് കുഞ്ഞാലി മൂന്നാമൻറെ കിരീടത്തിലെ പൊൻതൂവലുകളായി എണ്ണപ്പെടുന്നത്. ചാലിയം യുദ്ധ ആരംഭവും വിജയവും കുഞ്ഞാലി രണ്ടാമൻ്റെ നേതൃത്വത്തിലായിരുന്നുവെങ്കിലും അറബിക്കടലിലെ പോർച്ചുഗീസ് പോരാട്ടത്തെ തുടർന്ന് കുഞ്ഞാലി രണ്ടാമൻ രക്ത സാക്ഷിത്വം വരിച്ചതോടെ[4] ചാലിയം ഉപരോധവും, കോട്ട യുദ്ധ ചുമതലയും പൂർണ്ണമായും പട്ടു മരയ്ക്കാറിന്റെ കീഴിലാവുകയും, യുദ്ധ സാഹസികതയും, നേതൃപാഠവവും മൂലം മൂന്നാം കുഞ്ഞാലിയായി ഇദ്ദേഹം അവരോധിക്കപ്പെടുകയുമായിരുന്നു. പട്ടു മരയ്ക്കാറിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് സൈന്യം ചാലിയം കോട്ട കീഴടക്കുന്നതും കല്ലിന്മേൽ കല്ല് അവശഷിക്കാത്ത രീതിയിൽ കോട്ട തകർത്ത് കളയുന്നതും.[5] മലയാളക്കരയിലെ പോർച്ചുഗീസ് മേധാവിത്വത്തിന്റെ തകർച്ചയ്ക്കു കാരണമായ സംഭവ വികാസമായിരുന്ന ഈ യുദ്ധം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജാവെന്ന നിലയിൽ സാമൂതിരിയുടെ പ്രശസ്തിയും ശക്തിയും ലോകമൊട്ടുക്കും വ്യാപിക്കുവാൻ ചാലിയം കോട്ട യുദ്ധം നിദാനമായി. [6] വീര ശൂരപരാക്രമി എന്ന നിലയിൽ കുഞ്ഞാലി മരയ്ക്കാർ കഥകൾ സഞ്ചാരികളിലൂടെ ലോകമൊട്ടുക്കും വ്യാപിക്കുവാനും ചാലിയം യുദ്ധം കാരണമായിരുന്നു. ചീന മുതൽ പേർഷ്യ വരേയ്ക്കും തുർക്കി മുതൽ യൂറോപ്പ് വരെയ്ക്കും പട്ടു മരയ്ക്കാരുടെ വീരഗാഥകൾ പ്രചരിച്ചു. “പ്രതിരോധ രംഗത്ത് ഒരു കാരണവശാലും വിദേശ ശക്തികളെ ആശ്രയിക്കരുതെന്നും നാവികരംഗത്തു സ്വാശ്രയത്വം കൈവരിച്ചാൽ മാത്രമേ അധിനിവേശ ശക്തികളെ തടഞ്ഞു നിർത്താൻ ആവുകയുള്ളുവെന്നും” മരയ്ക്കാർ സാമൂതിരി രാജനെ ബോധിപ്പിച്ചു. രാജൻ അത് അംഗീകരിച്ചു. [7]

ശാലിയം കോട്ട കീഴടക്കിയതിനെ തുടന്ന് ഒട്ടേറെ പാരിതോഷികങ്ങൾ കുഞ്ഞാലി മൂന്നാമനും നാവികപടയ്ക്കും വാരി കോരി നൽകിയ സാമൂതിരി രാജൻ വടക്കേ കരയിലെ (വടകര) ഇരിങ്ങലിനടുത്ത് കോട്ടപ്പുഴ(കുറ്റ്യാടിപ്പുഴ) തീരത്ത് കോട്ട കെട്ടുവാനുള്ള അധികാരവും നായർ നാടുവാഴിക്ക് സമാനമായ അധികാര ചുമതലയും, പ്രഭു പട്ടവും നൽകി ആദരിച്ചു.[8]

രണ്ടു വർഷം കൊണ്ട് പുതുപ്പണത്ത് ബലവത്തായ മരയ്ക്കാർ കോട്ട ഉയർന്നു. കോട്ടയ്ക്ക് അനുബന്ധമായി പുതിയ നഗരവും പണിതുയർത്തപ്പെട്ടു. ഇത് പുതുപട്ടണം എന്നറിയപ്പെട്ടു. ഓട്ടോമൻ, മിസ്ർ,പേർഷ്യൻ, മുഗൾ ശിൽപികളും സൈനികവിദഗ്ദ്ധരുമാണ് കോട്ടനിർമ്മാണത്തിനു മരയ്ക്കാരെ സഹായിച്ചത് എന്നത് മരയ്ക്കാർ സൈന്യം ആർജ്ജിച്ച അന്താരാഷ്ട്ര ബന്ധത്തെയാണ് വരച്ചുകാട്ടുന്നത്.

മരയ്ക്കാർ കോട്ട ഉയർന്നതോടെ മലയാള കരയിലേക്കുള്ള പോർച്ചുഗീസ് അതിക്രമങ്ങൾക്ക് താഴിട്ടു അതിക്രമങ്ങൾക്കൊരുങ്ങി വരുന്ന കപ്പലുകൾ മരയ്ക്കാർ കോട്ടയിൽ നിന്നുള്ള ശക്തമായ നിരീക്ഷണങ്ങൾ കടന്നു വേണമായിരുന്നു സാമൂതിരി രാജ്യത്തേക്ക് പ്രവേശിക്കേണ്ടിയിരുന്നത്. ഈ പ്രതിബന്ധം അതിജീവിച്ചു അഥവാ മലയാള കരയിൽ അക്രമങ്ങൾ നടത്തിയാലും മടങ്ങുന്ന സമയം അതിശക്തമായ ആക്രമണങ്ങൾക്കു വിധേയമാക്കേണ്ട ദുരന്ത സ്ഥിതിയും പോർച്ചുഗീസുകാർക്കുണ്ടായി. പോർച്ചുഗീസ് ആധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയായി മരയ്ക്കാർ കോട്ട അറബിക്കടലിൽ തലയുയർത്തി നിന്നു.

പോരാട്ട ചാതുര്യം[തിരുത്തുക]

16 ആം നൂറ്റാണ്ടിലെ പടഓടം

നയിച്ച യുദ്ധങ്ങൾ മുഴുവൻ ജയിച്ച പാരമ്പര്യമായിരുന്നു പട്ടു മരയ്ക്കാറിന്റെത്. പൗലെ ഡലിമ, ഡൻമസ്, ലൂയി ഡെമല്ലോ തുടങ്ങിയ കേളികേട്ട പോർച്ചുഗീസ് സൈന്യാധിപന്മാർ മുഴുവനും കുഞ്ഞാലി മൂന്നാമനാൽ പരാജയം രുചിച്ചവരാണ്. ബലവത്തായ കോട്ട സ്ഥാപിച്ചു കൊണ്ടായിരുന്നു അധികാര അവരോഹണത്തിൻറെ തുടക്കം. പൊന്നാനി , കോഴിക്കോട്, വെട്ടത്ത്നാട് (താനൂർ), പന്തലായനി തുടങ്ങിയിവടങ്ങളിലെ നാവിക കേന്ദ്രങ്ങളും പട്ടു മരയ്ക്കാർ പരിഷ്കരിച്ചു. നാവിക ആസ്ഥാനം കോഴിക്കോടിൽ നിന്നും പുതുപ്പട്ടണത്തേക്ക് മാറ്റി. നാവികസേനയെ അടിമുടി നവീകരിച്ചു കൊണ്ട് സമുദ്രത്തിൽ ശക്തമായ ആധിപത്യം സ്ഥാപിച്ചു.

മരയ്ക്കാർ സേനയെ അത്യാധുനികവത്കരിച്ച പടനായകനാണ് പട്ടു മരയ്ക്കാർ. തൻറെ സേന ലോകത്തിലെ ഏറ്റവും മികച്ച പോരാട്ട സംഘമാകണമെന്ന അത്യുത്കൃഷ്ടമായ ആഗ്രഹം കുഞ്ഞാലി മൂന്നാമൻ വെച്ച് പുലർത്തിയിരുന്നു. വിദേശത്ത് നിന്നുള്ള വിദഗ്ദ്ധരുടെ രൂപകൽപ്പനയിൽ ഓട്ടോമൻ, മിസ്ർ, യൂറോപ്യൻ മാതൃകയിൽ നിരവധി പുതു പടക്കപ്പലുകളുടെ നിർമ്മാണം നടത്തി. ലോകോത്തര നിലവാരത്തിലുള്ള ആയുധങ്ങൾ നിർമ്മിച്ചെടുത്തു. ജർമനിയിൽ നിന്നുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഭീമാകാരമായ തോക്കുകളും, പീരങ്കികളും ഉണ്ടാക്കി. കപ്പൽ-ആയുധ നിർമ്മതികൾക്കായി പുതിയ സൈനിക സംഘം ഉണ്ടാക്കി. വിദേശ സൈനിക വിദഗ്ദ്ധരുടെ കീഴിൽ അവർക്ക് പരിശീലനമേകി. മരയ്ക്കാർ സേനയ്ക്ക് നവീന കടൽ യുദ്ധമുറകളിലും, ആയുധങ്ങളിലും പരിശീലനം നൽകി ലോകത്തെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി അവരെ മാറ്റിയെടുത്തു. കുഞ്ഞാലിയുടെ പ്രവർത്തനങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്ന പോർച്ചുഗീസ് സൈന്യം കൂടുതൽ ജാഗരൂകരായി [9] തങ്ങളുടെ ആധിപത്യത്തിന് തടസ്സമായി നിൽക്കുന്നവരെ തകർക്കാൻ എന്തുവഴിയും സ്വീകരിക്കുന്നവരായിരുന്നു പോർച്ചുഗീസുകാർ. മരയ്ക്കാർ പട അറബി കടലിൽ നേടുന്ന മേൽക്കോയ്മ തകർക്കാൻ ഏതറ്റം വരെയും പോകുന്ന സ്വഭാവമായിരുന്നു അതേവരേയ്ക്കും പറങ്കികൾ പ്രകടിപ്പിച്ചിരുന്നത്. കുഞ്ഞാലി മൂന്നാമൻറെ കാലത്തും അതിനു മാറ്റം സംഭവിച്ചില്ല. 1575-ൽ ഇരുപത്താറു പടക്കപ്പലുകളിലായി ‘ജോഒ ദകോസ്റ്റ’ കോഴിക്കോട് രാജ്യം ആക്രമിച്ചു. മരയ്ക്കാർ സൈനിക സാന്നിധ്യമില്ലാതിരുന്ന നീലേശ്വരം, ബാർബുറങ്ങാട് (പരപ്പനങ്ങാടി), കാപ്പാട് എന്നീ പ്രദേശങ്ങൾ ആക്രമിച്ചു അഗ്നിക്കിരയാക്കി നിരവധി കപ്പലുകൾ പിടിച്ചെടുത്തു. [10] കൊച്ചിയിൽ നിന്ന് വന്ന പറങ്കി പട കോഴിക്കോടിൻറെ കപ്പലുകൾ ആക്രമിച്ചു ചരക്കുകൾ കവർന്നെടുത്തു. പ്രതികാരമെന്നോണം അരിയും പഞ്ചസാരയും വഹിച്ചു യാത്ര ചെയ്തു കൊണ്ടിരുന്ന ഭീമാകാരമായ പോർച്ചുഗീസ് കപ്പൽ പൊന്നാനിയിൽ വെച്ച് മരയ്ക്കാർ സൈന്യം കീഴടക്കി. തുടർന്ന് ഗോവ, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുമുള്ള പോർച്ചുഗീസ് സൈന്യം കോഴിക്കോട് ആക്രമിച്ചു. കോലത്ത് നാട് (കണ്ണൂർ), കക്കാട്, കോഴിക്കോട്, പൊന്നാനി, ക്രാങ്കനൂർ (കൊടുങ്ങല്ലൂർ), പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞ്ഞാലിപ്പടയും പോർച്ചുഗ്രീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.മുഴുവൻ യുദ്ധങ്ങളിലും വിജയം മരയ്ക്കാർ സൈന്യത്തിനായിരുന്നു. സമുദ്രാധിപത്യം പൂർണ്ണമായും മരയ്ക്കാർ സൈന്യത്തിന്റെ കൈയ്യിലകപ്പെട്ടതോടെ മലബാർ കടലിലൂടെയുള്ള പറങ്കി സഞ്ചാരത്തിനറുതിയായി. ഇതേ സമയം തന്നെ പറങ്കി അനുകൂല രാഷ്ട്രമായ കൊച്ചി രാജ്യത്തിലെ ജനങ്ങൾ പറങ്കികൾ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു

മലയാള നാട്ടിൽ കച്ചവടം നടത്തുവാൻ കഴിയാത്ത സ്ഥിതി പോർച്ചുഗീസുകാർക്ക് വന്നു ഭവിച്ചു. കോഴിക്കോടുമായി സമാധാന ഉടമ്പടി ഒപ്പിട്ടാലല്ലാതെ കാര്യങ്ങൾ പഴയപടിയാകില്ലെന്ന ബോധ്യമുദിച്ചതോടെ സമ്മർദ്ദത്തിലാക്കി കീഴ്പ്പെടുത്തുക എന്ന നയതന്ത്ര നിലപാടിലേക്ക് പോർച്ചുഗീസ് സാമ്രാജ്യത്വം നീങ്ങി. മലയാള കരയിലേക്ക് അരി ഇറക്കുമതി നടത്തിയിരുന്ന തുളുനാട് പാത പോർച്ചുഗീസ് ഉപരോധത്തിലാക്കുകയും മലയാള നാട്ടിലേക്ക് പ്രത്യേകിച്ചും മലബാറിലേക്ക് അരി കയറ്റി കൊണ്ട് പോകുന്ന കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തു. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനു ഇത് വഴിയൊരുക്കി.

സന്ധികളും മഹാ യുദ്ധങ്ങളും[തിരുത്തുക]

1578:ൽ കൊടുങ്ങല്ലൂരിൽ വെച്ചു സാമൂതിരിയെ സന്ദർശിച്ചു പോർച്ചുഗീസ് നയതന്ത്ര പ്രതിനിധി ഹ്യു ഗോൺസലോ ഡി കമ്മര വിലപേശൽ നടത്തി. തന്ത്ര പ്രധാനമായ പൊന്നാനിയിൽ കോട്ട പണിയുക ദീർഘ നാളായുള്ള പറങ്കികളുടെ സ്വപ്ന പദ്ധതിയിൽ [11] ഊന്നി കൊണ്ടായിരുന്നു സംഭാഷണങ്ങൾ അരങ്ങേറിയത്. പോർച്ചുഗീസിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും കോഴിക്കോടും പൊന്നാനിയിലും കോട്ട പണിയാൻ അനുവദിക്കുകയും ചെയ്താൽ കോഴിക്കോടിൻൻ്റെ വ്യാപാര വളർച്ചയ്ക്ക് തടസ്സം നിൽക്കാതെ സഹായങ്ങൾ നൽകാം എന്ന വാഗ്ദാനം നൽകി. മരയ്ക്കാർ സേന ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കോഴിക്കോട് കോട്ട അനുവദിക്കാമെന്നും പൊന്നാനിൽ പറ്റില്ലെന്നും സാമൂതിരി അറിയിച്ചു. അങ്ങനെയാണെങ്കിൽ കോഴിക്കോട് വേണ്ട പൊന്നാനി മതിയെന്ന പോർച്ചുഗീസ് നയതന്ത്ര പ്രതിനിധിയുടെ ആവിശ്യം പട്ടു മരയ്ക്കാർ ശക്തമായി എതിർത്തു പൊന്നാനി പോലുള്ള തന്ത്ര പ്രധാനമായ സ്ഥാനത്ത് കോട്ട പണിതാൽ ചാലിയം ആവർത്തിക്കുമെന്ന മുന്നറിയിപ്പ് നൽകി. മരക്കാരുടെ വാദം പരിഗണിച്ചു പൊന്നാനിയിൽ കോട്ട പണിയാൻ അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞതിനെ തുടർന്ന് സംഭാഷണം അലസിപ്പിരിഞ്ഞു. വിലപേശൽ പരാജയപ്പെതിനെ തുടർന്ന കോപാകുലനായ പറങ്കി സൈന്യം കൊച്ചി രാജ്യത്തിൻറെ സൈനിക സഹായത്തോടെ കോഴിക്കോടിനെ ആക്രമിച്ചു. തീര ഗ്രാമങ്ങൾ ചുട്ടെരിച്ചു. കുഞ്ഞാലി മൂന്നാമൻ അവരെ പിന്തുടർന്നെങ്കിലും ഏറ്റുമുട്ടലിനു നിൽക്കാതെ പോർച്ചുഗീസ് സൈന്യം ഗോവയിലേക്ക് പിൻവാങ്ങി.

പോർച്ചുഗീസ് കിംഗ് സെബാസ്റ്റ്യൻ

ഇതേ വർഷം തന്നെ മൊറോക്കയിൽ നടന്ന കബീർ അൽ കസർ യുദ്ധംത്തിൽ പോർച്ചുഗീസിനെ തച്ചു തരിപ്പണമാക്കിയ അറബ് സൈന്യം പോർച്ചുഗീസ് രാജാവ് സെബാസ്റ്റ്യനെ വധിച്ചു കളഞ്ഞു. [12] അന്താരാഷ്‌ട്ര തലത്തിൽ പോർച്ചുഗീസിന്‌ ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. പോർച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരായ അന്താരാഷ്ട്ര സഖ്യത്തിൽ കോഴിക്കോട് രാജ്യവും അംഗമായതിനാൽ ഇതിൻ്റെ പരിണിത ഫലങ്ങൾ അറബിക്കടലിൽ ബാധിക്കും മുൻപ് സന്ധി ഉണ്ടാകണമെന്ന് വൈസ്രോയി തീരുമാനിച്ചു. സന്ധിക്കായി ക്ഷണിച്ചു പോർച്ചുഗീസ് ദൂതന്മാർ സാമൂതിരിയെ മുഖം കാട്ടി.

1579-ൽ മരയ്ക്കാർ സേനാംഗമടക്കം സാമൂതിരിയുടെ മൂന്നു പ്രതിനിധികൾ ഉൾപ്പെട്ട ഉന്നത തല ഉദ്യോഗസ്ഥ സംഘം ചർച്ചക്കായി ഗോവയിലെത്തി. അതിഗംഭീരമായ വരവേൽപ്പാണ് കോഴിക്കോട് നയതന്ത്ര സംഘത്തിന് അവിടെ ലഭിച്ചത്. എന്നാൽ പൊന്നാനിയിൽ കോട്ട വേണമെന്ന ആവശ്യത്തിൽ പോർച്ചുഗീസുകാർ ഉറച്ചു നിന്നതോടെ ആ ചർച്ചയും അലസി.

തുളുനാട്ടിൽ നിന്നും മലബാറിലേക്കുള്ള അരി ഇറക്കുമതിക്ക് വീണ്ടും പോർച്ചുഗീസുകാർ വിഘ്നം സൃഷ്ടിച്ചു. 1582–83 കാലയളവിൽ അരി കയറ്റി കൊണ്ടുപോകുകയായിരുന്നു അമ്പതോളം കോഴിക്കോടൻ കപ്പലുകൾ പറങ്കികൾ പിടിച്ചെടുത്തു. ഇതോടെ അതിർത്തി ബോധിപ്പിക്കാതെയുള്ള സൈനിക തന്ത്രങ്ങൾ മാറ്റാൻ ‘കുഞ്ഞാലി മൂന്നാമൻ’ നിർബന്ധിതനായി. ചൗളിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ അക്രമിക്കാനായി കുട്ടി അലിയുടെ കീഴിൽ പടക്കപ്പലുകൾ അയച്ചു. [13] കോറാമണ്ഡൽ കടൽപാതയിലേക്ക് കുട്ടി മൂസയുടെ നേതൃത്വത്തിൽ പോർപറവകളെ നിയോഗിച്ചു. കുട്ടി മൂസയുമായി പോരാട്ടത്തിൽ പിടിച്ചു നിൽക്കാനാവാതെ പറങ്കി സൈന്യം പിൻവാങ്ങിയതോടെ കിഴക്കൻ തീരങ്ങൾ മരയ്ക്കാർ സൈന്യത്തിൻറെ കൈപിടിയിലായി. കിഴക്കൻ അറബിക്കടലിൽ നിന്നും പറങ്കി കപ്പലുകളെ തുരത്തിയ ശേഷം ലങ്കയിലെ ജാഫ്നൻ തീരങ്ങളിലുള്ള പറങ്കി കേന്ദ്രങ്ങൾക്കെതിരെ കുട്ടി മൂസ ആക്രമണം അഴിച്ചു വിട്ടു. നിരവധി പോർച്ചുഗീസ് കപ്പലുകൾ പിടിച്ചെടുത്തു. മരയ്ക്കാർ സൈന്യത്തിൻറെ ഉശിരും പോരും നേരിട്ടറിഞ്ഞ ജാഫ്ന പട്ടണം രാജാവ് കുട്ടി മൂസയെ രാജധാനിയിലേക്ക് ക്ഷണിക്കുകയും കോഴിക്കോട് നാവിക കേന്ദ്രം ജാഫ്നയിൽ നിർമ്മിക്കാൻ സ്ഥലം അനുവദിക്കുകയും ചെയ്തു. ഇതേ സമയം പടിഞ്ഞാറൻ തീരത്തേക്ക് സൈനിക നീക്കം നടത്തിയ പട്ടു മരയ്ക്കാർ ടാബുൾ-മലായ് കടൽപാതയിൽ ആധിപത്യമുറപ്പിക്കുകയും നിരവധി പോർച്ചുഗീസ് കപ്പലുകളെ ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു. [14]

1984-ൽ പുതിയ സാമൂതിരി അധികാരമേറ്റെടുത്തതോടെ പറങ്കികൾ വീണ്ടും സന്ധി സംഭാഷണത്തിനായി കോഴിക്കോട്ടെത്തി. മരയ്ക്കാർ സൈന്യ ആക്രമണം അവസാനിപ്പിക്കുകയും പൊന്നാനിയിൽ കോട്ടയ്ക്കക്ക് അനുമതിയും തന്നാൽ കോഴിക്കോടിൻറെ വ്യാപാരത്തിന് എല്ലാ വിധ പിന്തുണയും നൽകാമെന്ന മോഹനവാഗ്ദാനം പുതിയ രാജാവിനെ അറിയിച്ചു.

ദീർഘമായ ചർച്ചക്കൊടുവിൽ പറങ്കികളുടെ ഈ സ്വപ്ന പദ്ധതി ‘സാമൂതിരി’ അംഗീകരിച്ചു. സന്ധി ഉടമ്പടിയിൽ ഒപ്പുചാർത്തി. [15]9 തൻറെ അഭിപ്രായം ആരായാതെ പൊന്നാനിയിൽ പോർച്ചുഗീസുകാർക്ക് കോട്ട അനുവദിച്ചു നൽകിയ പുതു രാജാവിൻറെ നടപടിയിൽ വിഷമം തോന്നിയ ‘മരയ്ക്കാർ’ പോർച്ചുഗീസുകാർ മുൻകാലങ്ങളിൽ ചെയ്ത വഞ്ചനകളും കരാർ ലംഘനങ്ങളും രാജാവിൻറെ മുൻപാകെ ഉണർത്തിച്ചു. “പറങ്കികളുടെ ശക്തി നാം ക്ഷയിപ്പിച്ച ഈ സമയത്ത് തന്ത്ര പ്രധാനമായ പൊന്നാനിയിൽ കോട്ട പണിതാൽ നമ്മുടെ നാവിക സേനയ്ക്ക് മേൽ പോർച്ചുഗീസിന് മേധാവിത്യമുണ്ടാകുമെന്ന” കാര്യങ്ങളും ശ്രദ്ധയിൽ പ്പെടുത്തി. കടലിൻറെ സുരക്ഷയാണ് കരയുടെ സുരക്ഷ എന്ന കുഞ്ഞാലി മൂന്നാമൻറെ വാക്കുകൾ കാര്യഗൗരവമായി തന്നെ രാജൻ ഉൾക്കൊണ്ടു. ഈ വിഷയങ്ങളിൽ ‘വൈസ്രോയി ഡി ഡ്യുറ്റെറ്റ ഡി മെനസസുമായി’ തുടർചർച്ചകൾ നടന്നു. മുൻകാലങ്ങളിലേത് പോലെ കരാർ ലംഘനങ്ങളൊന്നും പോർച്ചുഗീസുകാരുടെ ഭാഗത്ത് നിന്നുണ്ടായില്ല. പറങ്കികൾ കരാറിൽ ഏറെകാലം ഉറച്ചു നിന്നു. കോഴിക്കോട് കച്ചവടസംഘത്തിന് ഗുജറാത്ത്, സിന്ധ്, അറേബ്യൻ നാടുകളിലേക്കും, തിരിച്ചു അറേബ്യാ,പേർഷ്യ, ചീന ഗുജറാത്ത് കച്ചവടക്കാർക്ക് കോഴിക്കോട് വന്നെത്തി ചരക്ക് ശേഖരിക്കാനുള്ള അവസ്ഥയും സംജാതമായി. പോർച്ചുഗീസ് -കോഴിക്കോട് സംഘർഷ സമയങ്ങളിലെല്ലാം മരയ്ക്കാർ സേനയുടെ അകമ്പടിയിൽ കോഴിക്കോട്ടെ കച്ചവട സംഘങ്ങൾ യാത്ര നടത്താറുണ്ടെങ്കിലും തിരിച്ചു അവിടങ്ങളിലെ സഞ്ചാരികൾ പോർച്ചുഗീസ് അക്രമം മൂലം കോഴിക്കോട്ടേക്ക് വന്നെത്തുന്നത് ഗണ്യമായി കുറഞ്ഞിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി പോർച്ചുഗീസ് കരാർ പാലിച്ചതോടെ കോഴിക്കോട് പതിയെ പഴയ പ്രതാപ കാലത്തേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി. ഈ കാലയളവുകളിലൊന്നും മരയ്ക്കാർ - പോർച്ചുഗീസ് യുദ്ധങ്ങൾ അരങ്ങേറിയില്ലെങ്കിലും പറങ്കികളുടെ മുൻകാല ചരിത്രം അറിയുന്ന പട്ടു മരയ്ക്കാർ നിതാന്ത ജാഗ്രതയിലായിരുന്നു. ഏതു നിമിഷവും പറങ്കികൾ കരാർ ലംഘിച്ചു ആക്രമണങ്ങൾ അഴിച്ചു വിടുമെന്നും അന്ന് തങ്ങളുടെ തലയ്ക്ക് മുകളിൽ കിടന്നാടുന്ന വാളായ് മാറുക പൊന്നാനിയിലെ പറങ്കി കോട്ടയായിരിക്കുമെന്നും ‘പട്ടു മരയ്ക്കാർ’ ദീർഘവീക്ഷണം ചെയ്തിരുന്നു. പൊന്നാനി കോട്ടയും തീരവും മരയ്ക്കാർ സൈന്യത്തിൻറെ കടുത്ത നിരീക്ഷണ വലയത്തിലാക്കുവാൻ അത്തരം നിഗമനങ്ങൾ കുഞ്ഞാലി മൂന്നാമനെ പ്രേരിതമാക്കി.

‘കുഞ്ഞാലി മൂന്നാമൻ’ നടത്തുന്ന നിരീക്ഷണ റോന്തു ചുറ്റലുകൾ ഉടമ്പടിക്ക് വിരുദ്ധമാണെന്നു പൊന്നാനി കോട്ട അധിപൻ ‘ഗാസ്പാർഫാഗാണ്ടൻസ്’ സാമൂതിരിയെ അറിയിച്ചു. കുഞ്ഞാലി മൂന്നാമനെ നിയന്ത്രിക്കാൻ ‘സാമൂതിരിക്ക്’ ആവുന്നില്ലെങ്കിൽ സൈനികമായി സഹായിക്കാൻ ഗവർണ്ണർ ആവിശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യവും[16] പോർച്ചുഗീസ് അഡ്മിറൽ സാമൂതിരിയെ അറിയിച്ചുവെങ്കിലും അതിലെ ലക്ഷ്യങ്ങളെ പറ്റി കൃത്യമായി ബോധ്യമായുണ്ടായിരുന്ന ‘സാമൂതിരി’ കുഞ്ഞാലിയെ വിളിച്ചു വരുത്തുകയോ ശാസിക്കുകയോ ചെയ്തില്ല . തങ്ങളുടെ ചൂണ്ടയിൽ ‘സാമൂതിരി’ കൊത്തുന്നില്ലെന്നു മനസ്സിലായതോടെ മരയ്ക്കാർ സൈന്യത്തിൻറെ നിരീക്ഷണ ഓടങ്ങൾക്കെതിരെ പോർച്ചുഗീസ് സൈന്യം ഒളിയാക്രമണം നടത്തി. ശക്തമായ പ്രതിരോധത്തിൽ പോർച്ചുഗീസ് സൈന്യം പിന്തിരിയുകയും ഏതാനും പോർച്ചുഗീസ് സൈനികർ മരയ്ക്കാർ സൈന്യത്തിൻറെ പിടിയിലകപ്പെടുകയും ചെയ്തു. ഇവരെ ‘പട്ടുമരയ്ക്കാർ’ കുഞ്ഞാലി കോട്ടയിലെ തടവറയിൽ അടച്ചു.[17]

മാനുവൽ ഡിസൂസ കുടിഞ്ഞോ

വൈസ്രോയി ഡി മെൻസീസിന് പകരം ‘മാനുവൽ ഡിസൂസ കുടിഞ്ഞോ’ 1588 ൽ പോർച്ചുഗീസ് ഗവർണ്ണർ ആയതോടെ പറങ്കികൾ കരാർ ലംഘിച്ചു കൊണ്ട് അതിശക്തമായ ആക്രമണങ്ങൾ കോഴിക്കോട്ടെ കച്ചവട കപ്പലുകൾക്ക് നേരെ അഴിച്ചു വിട്ടു. ചരക്കുകൾ കൊള്ളയടിച്ചു, തന്ത്ര പ്രധാനമായ പൊന്നാനി കോട്ട പറങ്കികളുടെ കൈവശമായതിനാൽ കോഴിക്കോടിൻറെ പ്രതിരോധനീക്കങ്ങൾ തുടക്കത്തിലേ തകർത്ത് കളയാൻ അവർക്കായി.

അതേ വർഷം തന്നെ 700 പോർച്ചുഗീസ് സൈനികരുടെ അകമ്പടിയോടെ സഞ്ചരിച്ച ഭീമാകാരമായ പോർച്ചുഗീസ് കപ്പൽ ‘കുഞ്ഞാലി മൂന്നാമൻ’ ആക്രമിച്ചു പിടിച്ചെടുത്ത് ചരക്കുകൾ കൈവശപ്പെടുത്തി, സൈനികരെ തടവിലാക്കി. 1589 ൻറെ തുടക്കത്തിൽ ചൈനയിൽ നിന്നും ചരക്കുകളും ശേഖരിച്ചു പോർച്ചുഗീസിലേക്ക് പോവുകയായിരുന്ന മറ്റൊരു വലിയ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും പിടിച്ചെടുത്തു കോഴിക്കോടെത്തിച്ചു. അത്യന്തം വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയതായിരുന്നു ഈ കപ്പൽ. റോന്ത് പാറാവിലേർപ്പെട്ട കുട്ടി മൂസയുടെ കപ്പലിനെ അപ്രതീക്ഷിതമായി പോർച്ചുഗീസ് പോർക്കപ്പലുകൾ ആക്രമിച്ചു. ആന്ദ്രേ മത്ഥിയാസ് അൽബുക്കർക്ക് നിയോഗിച്ച സമർത്ഥനായ പോർച്ചുഗീസ് ക്യാപ്റ്റൻ ‘ആൻട്രെ ഫുർട്ടാട’ ആയിരുന്നു എതിർപക്ഷത്ത്. 20 കപ്പലുകളിൽ നിന്ന് അതി ശക്തമായ ആക്രമണം നേരിടേണ്ടി വന്നിട്ടും കുട്ടി മൂസയും സഹസൈനികരും രക്ഷപ്പെടുകയാണുണ്ടായത്.[18]

അവശേഷിച്ച തുരുത്തായ അറബി കടലിലും, ഇന്ത്യൻ മഹാസമുദ്രത്തിലും തങ്ങളുടെ ആധിപത്യം തകരുന്നത് മനസ്സിലാക്കിയ പോർച്ചുഗീസ് രാജാവ് വിഷയത്തിലിടപ്പെട്ടു. പതിറ്റാണ്ടുകളായി ‘കുഞ്ഞാലിമാർ’ സൃഷ്ടിക്കുന്ന തലവേദന ഇല്ലാതാക്കണമെങ്കിൽ കുഞ്ഞാലിയെയും- സാമൂതിരിയേയും രണ്ടുതട്ടിലാക്കണമെന്നും അതിനു വേണ്ട തന്ത്രങ്ങൾ പ്രാവർത്തികമാക്കി ഇരുവരെയും അകറ്റണമെന്നും കാട്ടി വൈസ്രോയിക്ക് എഴുത്തയച്ചു.[19]

ശക്തമായ തിരിച്ചടികൾ ഉണ്ടായതോടെ എന്തുവിലകൊടുത്തും കുഞ്ഞാലിയെ ഇല്ലായ്മ ചെയ്യണമെന്നും അതിനായി സാമൂതിരിയുടെ വിശ്വസ്തത നേടിയെടുക്കണമെന്നും കാട്ടി പോർച്ചുഗീസ് സൈനിക ഉദ്യോഗസ്ഥർ ഗവർണറെ സന്ദർശിച്ചു. ‘ഫത്തീർ ഫ്രാൻസിസ്കോ’ എന്ന ജസ്യൂട്ട് പാതിരിയും ‘അഡ്മിറൽ ടോം അൽവാരോ അബ്റാജെൻസും’മായിരുന്നു ഇതിനായി വൈസ്രോയിക്ക് മേൽ സമ്മർദം ചെലുത്തിയത്.[20] വൈസ്രോയിയുടെ സമ്മതം കിട്ടിയതോടെ സാമൂതിരിയെ സന്ദർശിച്ച പ്രതിനിധികൾ വ്യാപാരനേട്ടങ്ങൾ വാഗ്ദാനം ചെയ്യുകയും പകരം കുഞ്ഞാലിയുടെ ആക്രമണങ്ങൾ ഒരിക്കലും പറങ്കികൾക്ക് നേരെ ഉണ്ടാകില്ല ഉറപ്പും, കോഴിക്കോട് പോർച്ചുഗീസ് ചർച്ച് പണിയാനുള്ള അവകാശവും, കോഴിക്കോടിൻറെ തടവറയിലുള്ള മുഴുവൻ പറങ്കി തടവുകാരെയും മോചിപ്പിക്കാമെന്ന വാക്കും നേടിയെടുത്ത് കൊണ്ടുള്ള ധാരണ പത്രത്തിൽ ഒപ്പു ചാർത്തി. 1591 ലെ ഈ ഉടമ്പടി പ്രകാരം പോർച്ചുഗീസുകാർക്ക് കോഴിക്കോട് താവളമാക്കാനും, പോർച്ചുഗീസ് കർത്താസ് (പാസ്) ഉള്ള കപ്പലുകളുമായി മാത്രമേ വാണിജ്യം നടത്തുവെന്നുമുള്ള ഉറപ്പും സ്ഥാനം പിടിച്ചിരുന്നു. ഇതനുസരിച്ചു പാസ് നൽകുവാനായി ബെൽചെയർ ഫെരേരയുടെ കീഴിൽ പ്രതിനിധിയും നിയമിക്കപ്പെട്ടു.[21]

പറങ്കികളെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള റോന്ത് ചുറ്റലുകൾ അവസാനിപ്പിക്കണമെന്നും, ഇനി ഒരിക്കലും പറങ്കികളെ ആക്രമിക്കരുതെന്നും പോർച്ചുഗീസ് തടവുകാരെ മുഴുവൻ വിട്ടയക്കണമെന്നും ആവിശ്യപ്പെട്ട് കൊണ്ടുള്ള ‘രാജതിട്ടൂരം’ പട മരയ്ക്കാരെ തേടിയെത്തി. പോർച്ചുഗീസുകാരുടെ കാൽ ചുവട്ടിൽ രാജ്യത്തെ അടിയറ വെച്ച കരാറിലും, രാജ ശാസനയിലും കടുത്ത അമർശമുണ്ടായിരുന്നുവെങ്കിലും പരസ്യമായി ധിക്കരിക്കാതെ പോർച്ചുഗീസ് തടവുകാരെ മോചിപ്പിച്ചു തിട്ടൂരം നടപ്പിൽ വരുത്തുകയാണ് കുഞ്ഞാലി മൂന്നാമൻ ചെയ്തത്.

പറങ്കികളുമായുള്ള ഏറ്റു മുട്ടലുകളിൽ നിന്നും പൂർണ്ണമായും വിട്ടു നിന്നെങ്കിലും കോട്ട ബലപ്പെടുത്തിയും , മികവാർന്ന ആയുധങ്ങൾ കരസ്ഥമാക്കിയും, വെടിമരുന്ന് ശേഖരിച്ചും തൻറെ സൈന്യത്തെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിൽ ‘പട്ടു മരയ്ക്കാർ’ വ്യാപൃതനായി. സാമൂതിരി വരുതിയിലായതോടെ ഏതു വിധേനയും കുഞ്ഞാലിയെ മാറ്റി നിർത്തുവാനുള്ള ചതുരംഗ കളികളിലേക്ക് പോർച്ചുഗീസുകാർ നീങ്ങി. മരയ്ക്കാർ സേന ഇല്ലാതായാൽ മാത്രമേ തങ്ങളുടെ ആധിപത്യം നിലനിൽക്കുകയുള്ളൂ എന്ന തിരിച്ചറിവുണ്ടായിരുന്ന ‘വൈസ്രോയി മത്ഥിയാസ് ഡി ബുക്കർക്ക്’ സാമൂതിരിയെ വശീകരിച്ചു വരുതിയിലാക്കുവാനായി അൽവാരോ ഡി അബ്റജാസിനെ നിയോഗിച്ചു. കുഞ്ഞാലിയുടെ ആയുധ സംഭരണം കരാറിന് വിരുദ്ധമാണെന്നു സാമൂതിരിയെ ഉണർത്തിച്ച പോർച്ചുഗീസ് പട്ടാള മേധാവികൾ കുഞ്ഞാലിയെ സ്ഥാന ഭ്രഷ്ടനാക്കാനും, കുഞ്ഞാലി കോട്ട ഒഴിപ്പിക്കുവാനുമായി സാമൂതിരിയിൽ സമ്മർദം ചെലുത്തി. 1594-ൽ ഒട്ടനേകം കപ്പലുകളിലായി പോർച്ചുഗീസ് സൈനികർ മലബാറിലേക്കെത്തി ചേർന്നു.[22] പോർച്ചുഗീസുകാരുടെ അഭ്യർത്ഥനയെ തള്ളിക്കളഞ്ഞു കൊണ്ട് “കുഞ്ഞാലിക്കെതിരായ ഒരു നീക്കവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പക്ഷം കരാറിൽ നിന്നും പിന്മാറുമെന്നുമുള്ള” മുന്നറിയിപ്പാണ് പോർച്ചുഗീസ് പ്രതിനിധികൾക്ക് സാമൂതിരിയിൽ നിന്നും ലഭിച്ചത്.

അരിശം പൂണ്ട പോർച്ചുഗീസുകാർ കോഴിക്കോടിൻറെ മൂന്ന് കപ്പലുകളെ ആക്രമിച്ചു കൊള്ളയടിച്ചു രണ്ടായിരത്തോളം പേരെ കൊന്നൊടുക്കി.[23] ഇതോടെ പോർച്ചുഗീസുമായുള്ള കരാറിൽ നിന്ന് ‘സാമൂതിരി’ പിൻവാങ്ങി. അതിക്രമം ചെറുക്കുവാനായി ‘കുഞ്ഞാലി മൂന്നാമൻ’ പടപ്പുറപ്പാട് നടത്തി.

ജാവയിൽ നിന്ന് വരികയായിരുന്ന പോർച്ചുഗീസ് കപ്പൽ ആക്രമിച്ച മരയ്ക്കാർ പട 14 പോർച്ചുഗീസ് സൈനികരെ കൊല്ലുകയും കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന വ്യാപാരികളെ വെറുതെ വിട്ടെങ്കിലും ചരക്കുകൾ മുഴുവൻ കൈവശപ്പെടുത്തി. 1594-ഏപ്രിലിൽ ഗോവയ്ക്കടുത്തു വെച്ചു പട്ടു മരയ്ക്കാർ പോർച്ചുഗീസ് സൈന്യത്തെ നേരിട്ടു, രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ മുഴുവൻ പോർച്ചുഗീസ് സൈനികരെയും കൊന്നൊടുക്കി വ്യക്തമായ ആധിപത്യം നേടി വിജയശ്രീലാളിതനായി മടങ്ങി. മാസങ്ങൾക്കുള്ളിൽ തന്നെ ആൻഡ്രെ ഫർട്ടാടയുടെ സൈന്യം കോഴിക്കോടൻ കപ്പൽ കൊള്ളയടിച്ചു അതിലുണ്ടായിരുന്ന 200 പേരെ കൊന്നൊടുക്കി.

തുടർന്ന് അറുപതിലധികം കപ്പലുകളിലായി പോർച്ചുഗീസ് പട കോഴിക്കോടിനെ ലാക്കാക്കി നീങ്ങി. പ്രതിരോധ വ്യൂഹമായി കുഞ്ഞാലി മൂന്നാമൻ അറബിക്കടലിൽ നിലയുറപ്പിച്ചു. പന്തലായനിയിൽ വെച്ച് അതുഗ്ര യുദ്ധം നടന്നു, അത്യാധുനിക ആയുധങ്ങളും ആയിരകണക്കിന് സൈനികരെയും വഹിച്ചു വന്ന പോർച്ചുഗീസ് പടകപ്പലുകളെ തകർത്ത് തരിപ്പണമാക്കി വലിച്ചെറിഞ്ഞ് പട്ടു മരയ്ക്കാർ ചരിത്രത്തിൻറെ തങ്ക ലിപികളിലേക്ക് കടന്നു കയറി.

വിയോഗം[തിരുത്തുക]

“പതിനാറാം നൂറ്റാണ്ടിൽ മലബാർ - പോർചുഗീസ് ബന്ധങ്ങളുടെ ചരിത്രം യഥാർത്ഥത്തിൽ സ്വന്തം നാടിനുവേണ്ടി തങ്ങളുടെ സർവ്വസ്വവും സമർപ്പിക്കുകയും പടപൊരുതുകയും രക്തസാക്ഷികളാവുകയും ചെയ്ത ധീരദേശാഭിമാനികളായിരുന്ന കുഞ്ഞാലി മരക്കാർമാരുടെ ചരിത്രമാണ്.”

- ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. കെ.എം. മാത്യു- [24]

പന്തലായനിയിൽ അരങ്ങേറിയ കടുത്ത യുദ്ധത്തിൽ വിജയിച്ചു വരുന്ന സേനാനായകന് വരവേൽപ്പ് നൽകുന്നതിനിടെ ഉണ്ടായ ആകസ്മികമായ അപകടമാണ് കുഞ്ഞാലി മൂന്നാമൻറെ മരണത്തിനു കാരണമായി വർത്തിച്ചത്. സ്വീകരണ തട്ട് തകർന്നു വീണു തുടയെല്ല് ചിതറിയ ഇദ്ദേഹം രോഗബാധിതനായി മാറുകയായിരുന്നു.

ദീനം പിടിപെട്ട തൻറെ പ്രിയ പടനായകനെ തേടി ‘സാമൂതിരി രാജാവ്’ കുഞ്ഞാലി കോട്ടയിലെത്തി. കിടപ്പിലായ പട്ടു മരക്കാരിന്റെ അരികിലിരുന്നു കണ്ണീരോടെ ആശ്വാസ വചനങ്ങൾ ചൊരിഞ്ഞു. “മെത്തയിൽ കിടന്നു മരിക്കാനല്ല ഞാൻ ആഗ്രഹിച്ചിരുന്നത്” എന്ന പട്ടു മരയ്ക്കാർ ഗദ്ഗദപ്പെട്ടപ്പോൾ “മരയ്ക്കാർ മരിക്കാറായില്ല നമ്മുക്കും നമ്മുടെ നാടിനും വേണ്ടി ഇനിയും യുദ്ധ സാമർഥ്യങ്ങൾ പ്രകടിപ്പിക്കാനുണ്ട്..എന്ത് വേണമെങ്കിലും നാം ചെയ്തു തരാം..ചോദിച്ചു കൊള്ളൂ” എന്ന വാഗ്ദാനം രാജാവിനാൽ നൽകപ്പെട്ടപ്പോൾ “പടക്കോപ്പുകളും, യുദ്ധസാമർഥ്യവും മാത്രമല്ല നമ്മുടെ വിജയത്തിനുള്ള കാരണം, ഐക്യവും യോജിപ്പും കൂടിയാണ്. നാടിൻറെ നന്മ മാത്രമേ ശത്രുവിനെ നേരിടുമ്പോൾ നാമോർത്തിരുന്നുള്ളു, അതാണ് യുദ്ധം ജയിച്ചത്, അതു നിലനിർത്തണം, എന്നെന്നും.. പടച്ചോൻ സഹായിക്കട്ടെ” എന്നുണർത്തുകയാണ് മരയ്ക്കാർ ചെയ്തത്. കണ്ണീരോടെയാണ് തൻറെ പടനായകൻറെ ആവിശ്യം രാജാവ് ശ്രവിച്ചത്. [25]

മുൻഗാമികളായ കുഞ്ഞാലിമാരിൽ നിന്നും വ്യത്യസ്തമായി തൻറെ പിൻഗാമിയെ നിശ്ചയിച്ച ശേഷം 1595- ൽ “അറബി കടലിൻറെ കാവൽക്കാരൻ” അന്ത്യശ്വാസം വലിച്ചു.

ഇവ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. K. M. PANIKKAR ,History Of Kerala 1498-180,CHAPTER X FALL OF THE KUNJALIS
  2. Shaikh mamukoyaya thangalum appavaanibha nerchayum- kozhikotte muslim charithram p 222
  3. C. N. Ahmed Moulavi and K. K. Mohammed Abdul Kareem, Mahataya Mappila Sahitya Paramparayam., Calicut, 1978 p.161
  4. K.M. Panikkar,Malabar and the Portuquese, Bombay, 1923 , p. 133
  5. K. M. PANIKKAR ,History Of Kerala 1498-1801 p.120
  6. Raja P.K. S Medieval Kerala, Calicut (1966) P. 132
  7. Sreedhara Menon. A. Kerala Histow and its makers - Madras(1990) P. 108
  8. K. M. PANIKKAR ,History Of Kerala 1498-180,CHAPTER X FALL OF THE KUNJALIS
  9. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchalimarakkars, Calicut university central co – operative stores Ltd . No:4347 Calicut university, 2000. P 74
  10. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchalimarakkars, Calicut university central co – operative stores Ltd . No:4347 Calicut university, 2000. P73
  11. Abdu Rahiman. K. V. Mappila Charithra Sakalanoal, Choondal(1998) P. 1 04
  12. Marshall Cavendish, p.625
  13. S V Muhammed Charitratile Marakkar sannidhyam vajanam books Kozhikode. 2014 P 184
  14. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university, 2000. P74 .
  15. Roland E. Miller, Mappila Muslims of Kerala, Madras (1992)P. 6
  16. diogo de couto,Decada Undecima Da Asia x part 2 p 315
  17. Decada Undecima Da Asia x part 2 pp 341 -43
  18. K. M. PANIKKAR ,History Of Kerala 1498-1801 p.125
  19. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchalimarakkars, Calicut university central co – operative stores Ltd . No:4347 Calicut university, 2000. p 75
  20. diogo de couto da asia decada xi pp 72 ,73
  21. Decada Undecima Da Asia xii p 70
  22. Decada Undecima Da Asia xi 188
  23. Decada Undecima Da Asia xi 177
  24. മലബാർ പൈതൃകവും പ്രതാപവും, മാതൃഭൂമി ബുക്‌സ്, 2011 പേജ് 152
  25. കെപി കേശവ മേനോൻ, ദാനഭൂമി p 203
"https://ml.wikipedia.org/w/index.php?title=കുഞ്ഞാലി_മരയ്ക്കാർ_III&oldid=3812104" എന്ന താളിൽനിന്ന് ശേഖരിച്ചത്