പട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പതിച്ചു നൽകുമ്പോൾ നൽകുന്ന ഉടമസ്ഥാവകാശ രേഖയാണ് പട്ടയം. സാധാരണയായി സ്വന്തമായി ഭൂമി ഇല്ലാത്തവർക്കോ, അല്ലെങ്കിൽ വർഷങ്ങളായി സ്ഥലം കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്കോ ആണ് പട്ടയവിതരണം ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നത്. സാധാരണഗതിയിൽ ലാൻഡ് റവന്യൂ വകുപ്പിന്റെ, ലാൻഡ് ട്രിബ്യൂണൽ വഴിയാണ് പട്ടയം നൽകപ്പെടുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം സർക്കാർ, സ്വന്തം സർവേയർമാരെ ഉപയോഗിച്ച് അളന്ന്, തിട്ടപ്പെടുത്തി, സർവേ നമ്പർ നൽകി ആണ് പട്ടയം നൽകുക. ഇത് സ്ഥലത്തെ അനന്യമായി തിരിച്ചറിയാനുള്ള രേഖയായി മാറുന്നു. ഒരു സ്ഥലം കൈമാറ്റം ചെയ്യുന്നതിന് ഉടമസ്ഥാവകാശം തെളിയിക്കാൻ പട്ടയം ആവശ്യമാണ്. കേരളാ റവന്യൂ ആക്ട് (1999), ഭൂമിപതിവ് ചട്ടം (1993), ഭൂമിപതിവ് ചട്ടം (1964) തുടങ്ങിയവയാണ് പട്ടയവിതരണത്തെ ബാധിക്കുന്ന പ്രധാന ചട്ടങ്ങൾ. സ്ഥിരമായി വളരെ വലിയ ഭൂഭാഗം കൈവശാവകാശം പോലെ ഉപയോഗിക്കുകയും കാലാന്തരത്തിൽ നഷ്ടപ്പെടുകയും ചെയ്ത വനങ്ങളിൽ താമസിച്ചിരുന്ന ആദിവാസികൾക്കും മറ്റുമായി താരതമ്യേന ഇളവുള്ള നിബന്ധനകളുള്ള വനാവകാശ പട്ടയം എന്ന ചട്ടവും നിലവിലുണ്ട്.

വിതരണം[തിരുത്തുക]

Wiktionary
Wiktionary
പട്ടയം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സർക്കാർ ഭൂമി വ്യക്തികളുടെ കൈവശത്തിലിരിക്കുന്നത്‌ നിശ്‌ചിത തറവില വാങ്ങി എഴുതിക്കൊടുക്കുക എന്നതു മാത്രമാണ്‌ പട്ടയവിതരണത്തിന്റെ നടപടിക്രമം. എങ്കിലും വിവിധയിടങ്ങളിൽ നൽകുന്ന പട്ടയങ്ങൾക്കു വ്യത്യാസമുണ്ട്‌. പട്ടയങ്ങൾ നേടുന്നതിനുള്ള യോഗ്യത വില്ലേജാടിസ്ഥാനത്തിൽ വരെ വ്യത്യാസപ്പെടാറുണ്ട്.

ഉദാഹരണമായി കാഞ്ഞിരപ്പള്ളിയിൽ നൂറു വർഷത്തിലധികമായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക്‌ ഇപ്പോഴും പട്ടയം നൽകുന്നുണ്ട്‌. ഉടുമ്പഞ്ചോല താലൂക്കിലാകട്ടെ അമ്പതു വർഷത്തോളമായി, ഭൂമി കൈവശം വച്ചനുഭവിക്കുന്നവർക്ക്‌ പട്ടയം കിട്ടുക അത്ര എളുപ്പമല്ല. 1964-ലെ വനസംരക്ഷണനിയമപ്രകാരം ഇത്‌ ചട്ടവിരുദ്ധമാണെന്ന പരാതി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഉടുമ്പഞ്ചോലയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾക്കു പിന്നിൽ സുപ്രീംകോടതിയുടെ അന്തിമവിധിക്കുവിധേയം എന്നൊരു മുദ്രകൂടി കാണും. ഇതുമൂലം ഈ പട്ടയഭൂമികൾ വിൽക്കാനോ ബാങ്കിൽ പണയപ്പെടുത്തി വായ്‌പ എടുക്കാനോ കർഷകർക്കാകില്ല.

പ്രാധാന്യം[തിരുത്തുക]

കേരളത്തിലെ സർക്കാരുകൾ പട്ടയവിതരണം പ്രധാന തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കാറുണ്ട്. ഭൂരഹിതരും, മിച്ചഭൂമിയും ആനുപാതികമായി ഏറെയുള്ള ഇടുക്കി, വയനാട് ജില്ലകളിൽ പട്ടയം സജീവപ്രശ്നമാണ്. 2007-ൽ അച്ചുതാനന്ദൻ മന്ത്രിസഭ മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വേളയിൽ, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം എം.ഐ. രവീന്ദ്രൻ എന്ന അഡീഷണൽ തഹസീൽദാർ, അവിടെ നൽകിയ പട്ടയങ്ങൾ വിവാദമാവുകയും രവീന്ദ്രൻ പട്ടയം എന്ന പേരിൽ തിരിച്ചറിയപ്പെട്ട് വരികയും ചെയ്തുവരുന്നു[1].

ആധാരം[തിരുത്തുക]

പട്ടയത്തിൽ നിന്ന് വ്യത്യസ്തമായി ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്. ഒസ്യത്ത് വഴിയോ, കൈമാറ്റം വഴിയോ നടക്കുന്ന ഭൂമിയിടപാടുകൾ ഇത്തരത്തിൽ സർക്കാർ അംഗീകാരം നേടേണ്ടതാണ്. ഒരേ സ്ഥലത്തിന്റെ പഴയ ആധാരങ്ങൾ നിലവിലുണ്ടെങ്കിൽ അവയെ മുന്നാധാരം എന്ന് പറയപ്പെടുന്നു.

തണ്ടപ്പേര്[തിരുത്തുക]

Wiktionary
Wiktionary
തണ്ടപ്പേര് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ "തണ്ടപ്പേര്" എന്ന് വിളിക്കുന്നു. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്ന് വിളിക്കാറുണ്ട്. യുണീക് തണ്ടപ്പേർ നമ്പർ കാർഡ് എന്ന പേരിൽ കേരളാ റവന്യൂ വകുപ്പ് തിരിച്ചറിയൽ കാർഡും നൽകുന്നുണ്ട്[2][3]. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനു പുറമേ, തിരിച്ചറിയൽ അടയാളമായും ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡ് വിഭാവനം ചെയ്തിരിക്കുന്നത്[4].

രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ "പോക്ക് വരവ് ചെയ്യൽ" അഥവാ "പേരിൽ കൂട്ടൽ" എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ "പട്ടയദാരൻ" എന്നാണ് വിളിക്കുക.

അവലംബം[തിരുത്തുക]

  1. എബി പി. ജോയി (2013 ഒക്ടോബർ 25). "TOP STORIES TODAY Oct 25, 2013 'രവീന്ദ്രൻപട്ടയങ്ങൾ ' നൽകിയ രവീന്ദ്രൻ , പട്ടയത്തിനായി അലയുന്നു". മാതൃഭൂമി. Archived from the original on 2013-11-02. Retrieved 2013 ഒക്ടോബർ 25. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "യുണീക് തണ്ടപ്പേര് നന്പർ കാർഡ് വരുന്നു". മലയാള മനോരമ. Yahoo.com. 2012 മെയ് 21. Retrieved 2014 മാർച്ച് 17. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. വി.ബി.ഉണ്ണിത്താൻ (2012 സെപ്റ്റംബർ 11). "സർട്ടിഫിക്കറ്റുകൾക്ക് ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട". മാതൃഭൂമി. Archived from the original on 2012-09-12. Retrieved 2014 മാർച്ച് 17. {{cite news}}: Check date values in: |accessdate= and |date= (help)
  4. "യുണിക് തണ്ടപ്പേര് നമ്പർ കാർഡ്" (PDF). കേരള നിയമസഭ. 2012 ഡിസംബർ 20. Retrieved 2014 മാർച്ച് 17. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പട്ടയം&oldid=3776758" എന്ന താളിൽനിന്ന് ശേഖരിച്ചത്