പട്ടത്തിപ്പാറ വെള്ളച്ചാട്ടം
തൃശ്ശൂർ ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം[1]. വെള്ളായനി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്നു. തൃശൂർ നഗരത്തിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്[1]. ജലം നിരവധി തട്ടുകളിലായി പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. എങ്കിലും പ്രധാനമായി മൂന്നു തട്ടുകളിലായാണ് ജലം പതിക്കുന്നത്. ദൂരെ നിന്നുമുള്ള വീക്ഷണത്തിൽ പ്രത്യേകിച്ച് മഴക്കാലത്ത് ഈ തട്ടുകൾ അദൃശ്യമായി ഒറ്റ വെള്ളച്ചാട്ടമായി ദൃശ്യമാകുന്നു. ഇതിലൂടെ വെള്ളച്ചാട്ടത്തിനു കൂടുതൽ ഉയരമുള്ളതായി അനുഭവവേദ്യമാകുന്നു. എന്നാൽ മരങ്ങളും കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതിനാൽ ഈ പൂർണ്ണമായ ദൃശ്യം അസാധ്യമാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാണഞ്ചേരി പഞ്ചായത്ത് പട്ടത്തിപ്പാറയിൽ തടയണ നിർമ്മിച്ചിരുന്നു. കാർഷികാവശ്യങ്ങൾക്ക് ഈ വെള്ളമാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്. കാലവർഷം മുതൽ സജീവമാകുന്ന ഈ വെള്ളച്ചാട്ടം ജനുവരി മാസം വരെ സജീവമാണ്.
പേരിനു പിന്നിൽ
[തിരുത്തുക]ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകൊടിക്കാനായി കാട്ടിലേക്കു സഞ്ചരിച്ചു മടങ്ങവേ ഈ വെള്ളച്ചാട്ടത്തിൽ വീണു മരണമടഞ്ഞെന്നും അതിൽ നിന്നുമാണ് ഈ പേരു ലഭിച്ചതെന്നും കരുതപ്പെടുന്നു.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]- തൃശൂർ നഗരത്തിൽ നിന്നും പാലക്കാട് ദേശീയപാതയിലൂടെ സഞ്ചരിച്ച് മണ്ണുത്തി, മുടിക്കോട് എന്നീ ജംഗ്ഷനുകൾ കഴിഞ്ഞ് ചെമ്പ്രൂത്ര അമ്പലത്തിന്റെ സമീപത്തു കൂടിയുള്ള പാതയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിലെത്തിച്ചേരാം[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "www.mathrubhumi.com". Archived from the original on 2012-11-27. Retrieved 2012-11-06.