പട്ടടക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടടക്കല്ലിലെ വിരൂപാക്ഷാക്ഷേത്രം

കർണാടകയിലെ വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഗ്രാമങ്ങളിൽ ഒന്നാണ്‌ പട്ടടക്കൽ (കന്നട: - ಪಟ್ಟದ್ಕಲ್ಲು, പട്ടദകല്ലു). ബാഗൽക്കോട്ട് ജില്ലയിൽ മാലപ്രഭ നദിയോട് ചേർന്നാണ് ഈ പുരാതനഗ്രാമം സ്ഥിതി ചെയ്യുന്നത്. ഐഹോൾ ബദാമി ഹൈവേയുടെ ഇടയിലായി ഐഹോളിൽ നിന്നും പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം. ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയിരുന്നു പട്ടടക്കൽ. ചാലൂക്യസംസ്കാരത്തിന്റെ അവശേഷിപ്പായി നിരവധി ക്ഷേത്രങ്ങളുടെ ഒരു സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു. ക്ഷേത്രങ്ങളെല്ലാം തന്നെ ഏഴും എട്ടും നൂറ്റാണ്ടുകളിലായി പണികഴിപ്പിച്ചവയാണ്. ഇവ എല്ലാം ഇന്തോ-ആര്യൻ, ദ്രാവിഡസംസ്‌കാരം എന്നിവയുടെ വശ്യഭംഗി നിറഞ്ഞവയാണ്. ഒരുക്ഷേത്രത്തിൽ ഒഴികെ മറ്റൊന്നിലും ആരാധന നടന്നുവരുന്നില്ല. 1987 - ഇൽ യുനെസ്‌കോ പട്ടടക്കലിനെ ലോകപൈതൃക സ്വത്തായിട്ട് ആംഗീകരിച്ചിട്ടുണ്ട്. കർണാടകയിലെ വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പട്ടടക്കൽ. ഇവിടെ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ മറ്റൊരു പ്രധാന പുരാധനഗ്രാമമായ ബദാമിയിൽ എത്തിച്ചേരാം.

ക്ഷേത്രങ്ങൾ[തിരുത്തുക]

ചാലൂക്യരാജവംശത്തിലെ രാജാക്കന്മാർ ഓരോയുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓർമ്മയ്‌ക്കായി പണിതുണ്ടാക്കിയതാണ് ഈ ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രസമുച്ചയത്തിലെ വിരൂപാക്ഷാക്ഷേത്രത്തിനു മുന്നിലായി ഒരു വിജയസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. പുരാതന കർണാടക ലിപിയിൽ ആ വിജയത്തെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നു. വിരൂപാക്ഷാക്ഷേത്രം, സംഗമേശ്വരക്ഷേത്രം, മല്ലികാർജ്ജുനക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, കടസിദ്ദ്വേശ്വരക്ഷേത്രം, ജംബുലിംഗ്വേശ്വരക്ഷേത്രം, ഗൽഗനാഥക്ഷേത്രം, ജൈനനാരായണക്ഷേത്രം എന്നിവയാണു പട്ടടക്കലിലെ പ്രധാനക്ഷേത്രങ്ങൾ. അതിൽ ജൈനനാരായണക്ഷേത്രം കുറച്ചകലെയായി സ്ഥിതിചെയ്യുന്നു. പൂർണമായും കല്ലിൽ നിർമ്മിച്ച ഒരു ഗോവണി ഈ ക്ഷേത്രത്തിൽ ഉണ്ട്. എല്ലാ ക്ഷേത്രങ്ങളും പിൽക്കാലത്ത് മറ്റു രാജാക്കന്മാരാൽ തകർക്കപ്പെട്ടവയാണ്. പൂർണമായും വൻ‌കല്ലുകളിൽ മാത്രം തീർത്തവയാണ് ഓരോ ക്ഷേത്രങ്ങളും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടടക്കൽ&oldid=2373328" എന്ന താളിൽനിന്നു ശേഖരിച്ചത്