ഉള്ളടക്കത്തിലേക്ക് പോവുക

പടയണിപ്പാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയോ അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളോ അവതരിപ്പിക്കുമ്പോൾ പിന്നണിയിൽ പാടുന്ന പാട്ടുകളോ ചൊൽവഴക്കങ്ങളോ ആണ് പടയണിപ്പാട്ടുകൾ. ദേവതാസ്തുതികൾ മുതൽ സാമൂഹികവിമർശനങ്ങൾ വരെ ഇതിന്റെ ഭാഗമായി വരാറുണ്ട്. [1]

ചലനാത്മകമായ പടയണി എന്ന അനുഷ്ഠാന ആവിഷ്കരണത്തിന് ഉണർവും ഊർജ്ജവും പകരുന്ന ശാബ്ദികോപാധിയെന്ന നിലയിലാണ് പടയണിപ്പാട്ടുകളുടെ സ്ഥാനം. അതാതുസമയത്തിലും സന്ദർഭത്തിലും പാടേണ്ട പാട്ടുകൾക്ക് നിയതത്വമുണ്ട്. പടയണിയെ പടയണിയാക്കുന്ന വൈവിധ്യമാർന്ന മറ്റു ഘടകങ്ങളോടുബന്ധപ്പെടുത്തി മാത്രമേ പാട്ടുകളെക്കുറിച്ച് ചിന്തിക്കാനാവൂ. വടക്കൻപാട്ടുകളുടേയും തെക്കൻപാട്ടുകളുടേയും കൂട്ടത്തിൽ ഇവയെ ഉൾപ്പെടുത്താനാവില്ല. അനുഷ്ഠാനത്തിന്റെ പശ്ചാത്തലവും അന്തരീക്ഷവും സൃഷ്ടിക്കുന്നതിന് പടയണിപ്പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പാട്ടുകളിലെ ഭാഷയ്ക്ക് മാറ്റം സംഭ വിക്കുന്നതുകാണാം. എന്നാൽ അടിസ്ഥാനതാളങ്ങളിൽ മാറ്റം വരുന്നില്ല.

ഏറ്റവും കൂടുതൽ പാട്ടുകളുളളത് ഭൈരവിക്കോലത്തിനാണ്. രണ്ടാംസ്ഥാനം കാലൻ കോലത്തിനാണ്. പടയണിയുടെ അനുഷ്ഠാനത്തെയും ആവിഷ്ക്കാരത്തേയും അനുസരിക്കുന്നതാണ് പടയണിപ്പാട്ടുകൾ. നാടൻപാട്ടുകൾക്ക് ഉണ്ടാവേണ്ട പല സവിശേഷതകളും പടയണിപ്പാട്ടുകൾ ഉൾക്കൊള്ളുന്നു. എന്നാൽ നാടൻപാട്ടുകൾക്കില്ലാത്ത പല ഘടകങ്ങളും പടയണിപ്പാട്ടിലുണ്ട്.


വാമൊഴിയായി തലമുറകളിലൂടെ കൈമാറി വന്നവയാണ് പടയണിപ്പാട്ടു കൾ. ഇവയുടെ പാഠഭേദങ്ങളല്ലാതെ ശുദ്ധപാഠം ഇന്നുലഭ്യമല്ല. പുതിയ പാട്ടുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തുമാത്രമാണ് ഇവയുടെ ശേഖര ണത്തിലും മുദ്രണത്തിലും ഗവേഷകരുടെ ശ്രദ്ധ പതിയാൻ തുടങ്ങിയത്. തമിഴ് സ്വാധീനമുള്ള മധ്യകാല മലയാള ഭാഷയോട് അടുപ്പം പുലർത്തുന്നവയാണ് പടയണിപ്പാട്ടുകൾ. അവയിൽ ഏറിയപങ്കും അജ്ഞാത കർതൃകങ്ങളാണ്. പലകാലങ്ങളിൽ പലദേശക്കാരായ കവികൾ എഴുതിയവ ആയി രിക്കണം അവ. പാട്ടുകളിൽ പുലവൃത്തപ്പാട്ടുകളാണ് പ്രാചീനം. അതിൽത്തന്നെ കൃഷിപ്പാട്ടുകൾ ആദ്യം ഉണ്ടായി. പിന്നീട് പ്രണയഗീതങ്ങളും പ്രതികാരഗീത ങ്ങളും രചിക്കപ്പെട്ടു. തത്വചിന്താപരമായ ഗാനങ്ങളാവണം അവസാനം ഉണ്ടായത്.

പടയണിയുടെ ആവിർഭാവകാലത്ത് നിലനിന്ന ഭഗവതീസ്തുതിപരങ്ങളായ എല്ലാ പാട്ടുകളും പടയണിപ്പാട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പടയണിയാശാന്മാരും കരപ്രഭുക്കന്മാരും രചിച്ചിട്ടുളള പാട്ടുകൾ പടയണിപ്പാട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഭാവവും താളവും ഒത്തിണങ്ങിയ അതിസുന്ദരകാവ്യങ്ങളായ പടയണിപ്പാട്ടുകൾ രംഗത്തിളകിയാടുന്ന കഥാപാത്രങ്ങളുടെ ശാരീരിക ചലനങ്ങളോട് ബന്ധപ്പെടുത്തി യാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ കവിതയും ഭാവാത്മകങ്ങളായ ഓരോ പ്രവൃത്തിയായി നിലകൊള്ളുന്നു. ഭീകരതയ്ക്കും ആലസ്യത്തിനും ശാന്തതയ്ക്കും അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നവയാണ് പടയണിപ്പാട്ടുകൾ. ആവുന്നത് ഉച്ചത്തിലാണ് പാട്ടുകൾ പാടുന്നത്. പടയണി പാട്ടുകളിൽ പുതിയ ദേവതകളെക്കുറിച്ചുളള സ്തുതികളുമുണ്ട്. ഇവ പിന്നീട് കൂട്ടിച്ചേർത്തതാവാം. ആചാരങ്ങളുടെ സങ്കലനം, ആരാധനാക്രമങ്ങൾ, വിശ്വാ സങ്ങൾ എന്നിവ പടയണിപ്പാട്ടുകളിൽ ദൃശ്യമാണ്. പ്രകൃതിശക്തികളുടെ സന്നി വേശം പാട്ടുകളിൽ അവിടവിടെ ദൃശ്യമാകുന്നു.


അവലംബം

[തിരുത്തുക]
  1. "Online Thesis Search Results". www.mgutheses.in. {{cite web}}: |first1= missing |last1= (help)
"https://ml.wikipedia.org/w/index.php?title=പടയണിപ്പാട്ടുകൾ&oldid=4460145" എന്ന താളിൽനിന്ന് ശേഖരിച്ചത്