പഞ്ചരത്നകീർത്തനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജ സ്വാമികൾ രചിച്ച കീർത്തനങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് പഞ്ചരത്നകീർത്തനങ്ങൾ അഥവാ പഞ്ചരത്നകൃതികൾ അഥവാ ത്യാഗരാജപഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്.

ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമായ ശ്രീരാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, അസാധാരണനൈപുണ്യം പ്രകടിപ്പിക്കുന്ന കീർത്തനങ്ങളാണിവ. എല്ലാ കീർത്തനങ്ങളും ആദി താളത്തിലാണു് ക്രമപ്പെടുത്തിയിട്ടുള്ളതു്. ഓരോന്നിലേയും സാഹിത്യത്തിനു് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള രാഗങ്ങളാണു് ഈ കീർത്തനങ്ങളിൽ തെരഞ്ഞെടുത്തിട്ടുള്ളതു്. തിരുവയ്യാറിലെ ത്യാഗരാജ ആരാധനയിൽ ഉൾപ്പെട്ട ശിഷ്യസംഘങ്ങളുടെ അനൈക്യം ഒഴിവാക്കാനായി, ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ, പങ്കെടുക്കുന്ന എല്ലാർക്കും ഒരുമിച്ച് ഭജനപോലെ പാടുവാൻ പറ്റുന്ന ഏറ്റവും ലക്ഷണമൊത്ത അഞ്ചു കീർത്തനങ്ങളായി 1941-ൽ തെരഞ്ഞെടുത്തതിനുശേഷം പഞ്ചരത്നകൃതികളുടെ പ്രചാരം കർണ്ണാടകസംഗീതലോകത്തിൽ ഗണ്യമായി ഉയർന്നു.

എല്ലാവർഷവും ജനുവരി മാസത്തിൽ തിരുവയ്യാറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന ത്യാഗരാജ ആരാധനയിൽ സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഒരുമിച്ചിരുന്ന് പഞ്ചരത്ന കീർത്തനങ്ങൾ പാടുന്ന പതിവ് ഉണ്ട്.

താഴെ പറയുന്നവയാണ് പഞ്ചരത്ന കീർത്തനങ്ങൾ:

  1. ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട)
  2. ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള)
  3. സാധിംചെനെ ഓ മനസാ (രാഗം: ആരഭി)
  4. കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി)
  5. എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു (രാഗം: ശ്രീ)


ഈ പഞ്ചരത്നകൃതികൾക്കായി ഉപയോഗിച്ചിരിക്കുന്ന അഞ്ച് രാഗങ്ങളും ഘനരാഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ പഞ്ചരത്നകൃതികളെ 'ഘനരാഗപഞ്ചരത്നകൃതികൾ' എന്നു പറയാറുണ്ട്.

ത്യാഗരാജ സ്വാമികൾ സമാധിയടഞ്ഞ പുഷ്യബഹുളപഞ്ചമി ദിവസത്തിൽ തിരുവയ്യാറിൽ നടക്കുന്ന ത്യാഗരാജ ഉത്സവത്തിൽ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്നകൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. തിരുവയ്യാറിൽ ഇന്നു നിലവിലുള്ള രീതിയിൽ പഞ്ചരത്നകീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി തുടങ്ങിവെച്ചതു് 1941-ൽ ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ ഇവയെ ഒരുമിച്ചുപാടുവാൻ ഏറ്റവും യുക്തമായ അഞ്ചുകീർത്തനങ്ങളായി ഇവ തെരഞ്ഞെടുത്തതിനുശേഷമാണു്. സംഘഭേദമില്ലാതെ, പങ്കെടുക്കുന്ന എല്ലാ സംഗീതകാരന്മാർക്കും ഒരുമിച്ച് ഒരു ഭജന പോലെ പാടുവാൻ ഇതു സൗകര്യപ്രദമായി.

ത്യാഗരാജ സ്വാമികളുടെ മറ്റുകൃതികളെ അപേക്ഷിച്ച് ഈ കൃതികൾ ദൈർഘ്യമേറിയതാണ്.


ഘനരാഗപഞ്ചരത്നകൃതികൾ കൂടാതെ വേറെയും പഞ്ചരത്നകൃതികൾ പ്രചാരത്തിൽ ഉണ്ട്. അത് താഴെ പറയുന്നവ ആണ്.

  • കോവൂർ പഞ്ചരത്നകൃതികൾ
  • തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ
  • ലാൽ‌ഗുഡി പഞ്ചരത്നകൃതികൾ
  • ശ്രീരംഗ പഞ്ചരത്നകൃതികൾ

ഇതിൽ കോവൂർ പഞ്ചരത്നകൃതികൾ അദ്ദേഹംwho കോവൂർ സന്ദർശിച്ചപ്പോൾ കോവൂർ സുന്ദര മുതലിയാരുടെ കൂടെ താമസിക്കുമ്പോഴും, തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ വീണാകുപ്പയ്യരുടെ കൂടെ താമസിക്കുമ്പോഴും, ലാൽ‌ഗുഡി കൃതികൾ ശിഷ്യനായ ലാൽ‌ഗുഡി രാമയ്യയുടെ ക്ഷണപ്രകാരം അവിടെ താമസിക്കുമ്പോഴുമാണ് രചിച്ചതത്രെ.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പഞ്ചരത്നകീർത്തനങ്ങൾ എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചരത്നകീർത്തനങ്ങൾ&oldid=2487143" എന്ന താളിൽനിന്നു ശേഖരിച്ചത്