Jump to content

പഞ്ചമുഖമിഴാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചമുഖമിഴാവ്

അഞ്ചു വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണമാണ് പഞ്ചമുഖമിഴാവ് അഥവാ കടമുഴ. പഞ്ചമുഖവാദ്യം, ഐം-മുഖ മുഴവം, കടപഞ്ചമുഖി എന്നീ പേരുകളുമുണ്ട്. മണ്ണുകൊണ്ട് ഘടാകൃതിയിൽ മെനഞ്ഞെടുത്ത പ്രധാനഭാഗവും അതിനു മുകളിലായി നാട്ടിയിരിക്കുന്ന അഞ്ച് നാളികളുമാണ് ഇതിന്റെ ഭാഗങ്ങൾ. വലിച്ചുമുറുക്കിയിരിക്കുന്ന മൃഗചർമ്മത്തിൽ ശബ്ദമുണ്ടാക്കിയാണ് ഈ മിഴാവ് ഉപയോഗിക്കുന്നത്. താണ്ഡവനൃത്തം, ചടുലനൃത്തങ്ങൾ എന്നിവയ്ക്ക് ഈ വാദ്യം ഉപയോഗിക്കുന്നു, പ്രായേണ അന്യം നിൽക്കുന്ന വാദ്യവാദന സമ്പ്രദായമാണ് പഞ്ചമുഖമിഴാവിന്റേത്.

തമിഴ് വാദ്യോപകരണങ്ങളിൽ പഞ്ചമുഖ മിഴാവ്‌

[തിരുത്തുക]

മിഴാവ് എന്ന മലയാള പദം തമിഴിലെ മുഴവം (മുഴക്കം) എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കണം. ചോഴമണ്ഡലം എന്നറിയപ്പെട്ട, തമിഴ്‌നാട്ടിലെ ചോഴ രാജഭരണ പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിൽ മാത്രം ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പഞ്ചമുഖ വാദ്യം, ഐം-മുഖ മുഴവം എന്നീ പേരുകളിൽ ഉപയോഗിച്ചു വന്ന തോൽ വാദ്യോപകരണമാണ് പഞ്ചമുഖ മിഴാവ്. തമിഴ് സാഹിത്യത്തിൽ കുടമുഴ, കുടപഞ്ചമുഖി എന്നിങ്ങനെ പല പേരുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പഞ്ചമുഖ മിഴാവ് ഇന്ന് തമിഴ്‌നാട്ടിലെ വിരലിലെണ്ണാവുന്ന ചില മഹാക്ഷേത്രങ്ങളിൽ മാത്രമാണുപയോഗിക്കുന്നത്.

പഞ്ചമുഖ വാദ്യം എന്നും അറിയപ്പെടുന്ന ഈ വാദ്യോപകരണം വലിയ ലോഹനിർമിതമായ ഒരു ഭരണിയുടെ രൂപത്തിലാണ് നിർമ്മിക്കുന്നത്. പ്രത്യേക പീഠത്തിലോ നാലുചക്രങ്ങളുള്ള ഒരു സംവിധാനത്തിലോ ആണ് ഈ വാദ്യം സ്ഥാപിക്കുന്നത്. അഞ്ച് മുഖങ്ങൾക്കും ശിവന്റെ മുഖങ്ങളുടെ പേരുകളാണത്രേ നൽകപ്പെട്ടിരിക്കുന്നത്. ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിങ്ങനെയാണ് മുഖങ്ങളുടെ പേരുകൾ. ഓടുകൊണ്ടുണ്ടാക്കുന്ന ഭാഗത്തുനിന്ന് അഞ്ച് നാളികൾ മുകളിലേയ്ക്ക് ഉയർന്നു നിൽക്കും. ഇവ മൃഗത്തോലുകൊണ്ടാണ് മൂടിയിരിക്കുന്നത്. തോൽ മുറുക്കിയ മുഖങ്ങളെല്ലാം സാധാരണഗതിയിൽ ഒരേ നിരപ്പിലായിരിക്കും. ചില ഉപകരണങ്ങളിൽ മദ്ധ്യത്തിലുള്ള മുഖം മറ്റു മുഖങ്ങളേക്കാൾ അൽപ്പം ഉയർന്നാണ് നിൽക്കുന്നത്. [1]

നിലവിലുള്ള ഉപയോഗം

[തിരുത്തുക]

തിരുവാരൂർ, തിരുത്തുറൈപൂണ്ടി എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളിൽ ഇന്നും പഞ്ചമുഖ മിഴാവ് ഉപയോഗിക്കുന്നുണ്ട്. തിരുവാരൂർ ക്ഷേത്രത്തിലുള്ള പഞ്ചമുഖ മിഴാവ് ഏറെ സവിശേഷതകളുള്ളതാണ്. പാമ്പു വരിഞ്ഞു മുറുക്കിയതു പോലെയാണ് ഈ മിഴാവിന്റെ ഒരു മുഖം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ മുഖം സ്വസ്തിക ചിഹ്നം പോലെയും, മൂന്നാമത്തെ മുഖം താമരപ്പൂവിന്റെ ആകൃതിയിലും, നാലാമത്തെ മുഖം സാധാരണ രൂപത്തിലുമാണെങ്കിൽ, നടുവിൽ ഉള്ള അഞ്ചാമത്തെ മുഖം താരതമ്യേന കൂടുതൽ വലിപ്പം ഉള്ളതായി കാണുന്നു.

മാനിന്റെ തോൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പഞ്ചമുഖ മിഴാവ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ ഈ ക്ഷേത്രത്തിലുണ്ട്.

രണ്ട് കൈകളുമുപയോഗിച്ചാണ് ഈ ഉപകരണം വായിക്കുന്നത്. ഒറ്റയ്ക്കും ശുദ്ധമദ്ദളത്തിനൊപ്പവും വായിക്കാറുണ്ട്. തബലയുടെ ശബ്ദവുമായി ഇതിന് സാമ്യമുണ്ടത്രേ. മൃഗത്തോൽ അയയ്ക്കുകയോ മുറുക്കുകയോ ചെയ്ത് ശബ്ദം നിയന്ത്രിക്കാവുന്നതാണ്. ഈ വാദ്യം വായിക്കാൻ പരമ്പരാഗതമായി അനുവാദം ലഭിച്ചവരെ പരശൈവർ എന്നാണ് വിളിക്കുന്നത്. [1]

2010-ൽ കോയമ്പത്തൂരിൽ നടന്ന തമിഴ് ക്ലാസിക്കൽ മഹാസമ്മേളനത്തിൽ 700 മുതൽ 800 വർഷം വരെ പഴക്കമുള്ള ചില സംഗീതോപകരണങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. അക്കൂട്ടത്തിൽ, മുഴുവനായും ചെമ്പു കൊണ്ടു നിർമ്മിച്ച, ഒന്നര മെട്രിക് ടൺ ഭാരമുള്ള പഞ്ചമുഖ മിഴാവ് ഏറെ ശ്രദ്ധയാകർഷിച്ച ഒരു ഇനമായിരുന്നു.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ചെന്നൈയിലെ സർക്കാർ മ്യൂസിയത്തിലെ വെബ് സൈറ്റ് പഞ്ചമുഖ വാദ്യം എന്ന തലക്കെട്ട് കാണുക

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഘോരശിവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പഞ്ചമുഖമിഴാവ്&oldid=3127735" എന്ന താളിൽനിന്ന് ശേഖരിച്ചത്