ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുളള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. 'ആന ഉണ്ടാർന്ന' തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞു പാത്തുമ്മ അത് 'കുയ്യാന' (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം.
കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. നിഷ്കളങ്കയും നിരക്ഷരയുമായ അവൾ നിസ്സാർ അഹമ്മദ് എന്നു പേരായ വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഈ നോവൽ നിരക്ഷരത അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നു പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.