Jump to content

ന്യൂറോഫിസിയോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യ നാഡീവ്യവസ്ഥയുടെ ഘടനയെക്കാൾ നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്ന ശരീരശാസ്ത്രത്തിന്റെയും ന്യൂറോ സയൻസിന്റെയും ഒരു ശാഖയാണ് ന്യൂറോഫിസിയോളജി.[1] ന്യൂറോളജിക്കൽ രോഗങ്ങളുടെ രോഗനിർണയത്തിനും നിരീക്ഷണത്തിനും ഇത് സഹായിക്കുന്നു. ചരിത്രപരമായി, ഇത് ഇലക്‌ട്രോഫിസിയോളജിയുമായി കൂടുതൽ ബന്ധം പുലർത്തുന്നു. മോളാർ (ഇലക്ട്രോഎൻസെഫലോഗ്രാം, ഇഇജി) മുതൽ സെല്ലുലാർ (സിംഗിൾ ന്യൂറോണുകളുടെ ഗുണങ്ങളുടെ ഇൻട്രാ സെല്ലുലാർ റെക്കോർഡിംഗ്), പാച്ച് ക്ലാമ്പ്, വോൾട്ടേജ് ക്ലാമ്പ്, എക്സ്ട്രാ സെല്ലുലാർ സിംഗിൾ യൂണിറ്റ് റെക്കോഡിംഗ്, ലോക്കൽ ഫീൽഡ് പൊട്ടൻഷ്യലിൻ്റെ യൂണിറ്റ് റെക്കോർഡിംഗ് എന്നിവയെല്ലാം ഇതിൻ്റെ ഭാഗമാണ്. എന്നിരുന്നാലും, ന്യൂറോൺ ഒരു ഇലക്ട്രോകെമിക്കൽ യന്ത്രമായതിനാൽ, അവയ്ക്ക് കാരണമാകുന്ന ഉപാപചയ, തന്മാത്രാ പ്രക്രിയകളിൽ നിന്ന് വൈദ്യുത സംഭവങ്ങളെ വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാൽ, മസ്തിഷ്ക പ്രവർത്തനം പരിശോധിക്കുന്നതിനായി ന്യൂറോഫിസിയോളജിസ്റ്റുകൾ നിലവിൽ രസതന്ത്രം (കാൽസ്യം ഇമേജിംഗ്), ഭൗതികശാസ്ത്രം (ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്, എഫ്എംആർഐ), മോളിക്യുലർ ബയോളജി (സൈറ്റ് ഡയറക്റ്റ് മ്യൂട്ടേഷനുകൾ) എന്നിവയിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.[2]

"നാഡി" എന്നർത്ഥം വരുന്ന ഗ്രീക്ക് പദമായ νεῦρον, ജീവനുള്ള സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവ് ആയ ഫിസിയോളജി (φύσις എന്നാൽ "പ്രകൃതി" എന്നും -λογία "അറിവ്" എന്നും അർത്ഥമാക്കുന്നു) എന്നീ വാക്കുകളിൽ ചേർന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്.

ചരിത്രം[തിരുത്തുക]

ബിസി 4,000 മുതൽ ന്യൂറോഫിസിയോളജി ഒരു പഠന വിഷയമാണ്.

ബിസിയുടെ ആദ്യ വർഷങ്ങളിൽ, മിക്ക പഠനങ്ങളും മദ്യം, പോപ്പി ചെടികൾ തുടങ്ങിയ വ്യത്യസ്ത പ്രകൃതിദത്ത വസ്തുക്കൾ സൃഷ്ടിക്കുന്ന മയക്കങ്ങളെ കുറിച്ചായിരുന്നു. ബിസി 1700-ൽ എഡ്വിൻ സ്മിത്ത് സർജിക്കൽ പാപ്പിറസ് എഴുതപ്പെട്ടു. പുരാതന ഈജിപ്തുകാർ നാഡീവ്യവസ്ഥയെ എങ്ങനെ മനസ്സിലാക്കിയെന്ന് മനസ്സിലാക്കുന്നതിൽ ഈ പാപ്പിറസ് നിർണായകമായിരുന്നു. ഈ പാപ്പിറസ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തലയ്ക്കുണ്ടാകുന്ന പരിക്കുകളെക്കുറിച്ചുള്ള വ്യത്യസ്ത പഠനങ്ങൾ പരിശോധിച്ചു. ബിസി 460 മുതൽ, ഹിപ്പോക്രാറ്റസ് അപസ്മാരത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങി, അതിന്റെ ഉത്ഭവം തലച്ചോറിൽ നിന്നാണെന്ന് സിദ്ധാന്തിച്ചു. മസ്തിഷ്കം സംവേദനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ നിന്നാണ് ബുദ്ധി ഉരുത്തിരിഞ്ഞതെന്നും ഹിപ്പോക്രാറ്റസ് സിദ്ധാന്തിച്ചു. ഹിപ്പോക്രാറ്റസും അതുപോലെ മിക്ക പുരാതന ഗ്രീക്കുകാരും, വിശ്രമവും സമ്മർദ്ദരഹിതമായ അന്തരീക്ഷവും ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ചികിത്സിക്കാൻ സഹായിക്കുന്നതിൽ നിർണായകമാണെന്ന് വിശ്വസിച്ചു. ബിസി 280-ൽ, ചിയോസിലെ ഇറാസിസ്ട്രാറ്റസ്, തലച്ചോറിലെ വെസ്റ്റിബുലാർ പ്രോസസ്സിംഗിൽ വിഭജനങ്ങളുണ്ടെന്ന് സിദ്ധാന്തിച്ചു, അതുപോലെ തന്നെ സംവേദനം അവിടെ ഉണ്ടെന്ന് നിരീക്ഷണത്തിൽ നിന്ന് അനുമാനിച്ചു.

177-ൽ ഗാലൻ, അരിസ്റ്റോട്ടിൽ സിദ്ധാന്തിച്ചതുപോലെ, ഹൃദയത്തിൽ നിന്ന് വ്യത്യസ്തമായി തലച്ചോറിൽ മനുഷ്യ ചിന്തകൾ സംഭവിക്കുന്നുവെന്ന് സിദ്ധാന്തിച്ചു. വിഷ്വൽ സിസ്റ്റത്തിന് നിർണായകമായ ഒപ്റ്റിക് കയാസം 100 CE യിൽ മരിനസ് കണ്ടെത്തി. ഏകദേശം 1000 എഡിയിൽ, ഐബീരിയയിൽ താമസിക്കുന്ന അൽ-സഹ്‌റാവി ന്യൂറോളജിക്കൽ ഡിസോർഡേഴ്സിനുള്ള വിവിധ ശസ്ത്രക്രിയാ ചികിത്സകളെക്കുറിച്ച് എഴുതാൻ തുടങ്ങി. 1216-ൽ, തലച്ചോറിന്റെ വിവരണം ഉൾപ്പെടുന്ന യൂറോപ്പിലെ ആദ്യത്തെ അനാട്ടമി പാഠപുസ്തകം മോണ്ടിനോ ഡി ലൂസി എഴുതി. 1402-ൽ പ്രവർത്തനം തുടങ്ങിയ സെന്റ് മേരി ഓഫ് ബെത്‌ലഹേം ഹോസ്പിറ്റൽ (പിന്നീട് ബ്രിട്ടനിലെ ബെഡ്‌ലാം എന്നറിയപ്പെട്ടു) മാനസികരോഗികൾക്കു മാത്രമായി പ്രവർത്തിക്കുന്ന ആദ്യത്തെ ആശുപത്രിയായിരുന്നു.

1504-ൽ, ലിയോനാർഡോ ഡാവിഞ്ചി മനുഷ്യ വെൻട്രിക്കിൾ സിസ്റ്റത്തിന്റെ മെഴുക് കാസ്റ്റ് ഉപയോഗിച്ച് മനുഷ്യശരീരത്തെക്കുറിച്ചുള്ള തന്റെ പഠനം തുടർന്നു. 1536-ൽ നിക്കോളോ മാസ നാഡീവ്യവസ്ഥയിൽ സിഫിലിസ് പോലുള്ള വിവിധ രോഗങ്ങളുടെ പ്രത്യാഘാതങ്ങൾ വിവരിച്ചു. വെൻട്രിക്കുലാർ അറകളിൽ സെറിബ്രോസ്പൈനൽ ദ്രാവകം നിറഞ്ഞിരിക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചു. 1542-ൽ, ജീൻ ഫെർണൽ എന്ന ഫ്രഞ്ച് ഫിസിഷ്യനാണ് തലച്ചോറുമായി ബന്ധപ്പെട്ട ശാരീരിക പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഫിസിയോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1543-ൽ ആൻഡ്രിയാസ് വെസാലിയസ് ഡി ഹ്യൂമാനി കോർപോറിസ് ഫാബ്രിക്ക എഴുതി, അത് ശരീരഘടനയെക്കുറിച്ചുള്ള പഠനത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഈ പുസ്തകത്തിൽ, പീനൽ ഗ്രന്ഥിയെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു, കൂടാതെ ബേസൽ ഗാംഗ്ലിയയും ആന്തരിക കാപ്‌സ്യൂളും ചേർന്ന് നിർമ്മിച്ച കോർപ്പസ് സ്ട്രിയാറ്റം വരയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1549-ൽ ജേസൺ പ്രാറ്റെൻസിസ് ഡി സെറിബ്രി മോർബിസ് പ്രസിദ്ധീകരിച്ചു. ന്യൂറോളജിക്കൽ രോഗങ്ങൾക്കായി നീക്കിവച്ച ഈ പുസ്തകം ന്യൂറോ രോഗലക്ഷണങ്ങളും ഗാലൻ, മറ്റ് ഗ്രീക്ക്, റോമൻ, അറബിക് എഴുത്തുകാരിൽ നിന്നുള്ള ആശയങ്ങളും ചർച്ച ചെയ്തു. വിവിധ മേഖലകളുടെ ശരീരഘടനയും നിർദ്ദിഷ്ട പ്രവർത്തനങ്ങളും ഇത് പരിശോധിച്ചു. 1550-ൽ ആൻഡ്രിയാസ് വെസാലിയസ് ഹൈഡ്രോസെഫാലസ് എന്ന തലച്ചോറിൽ ദ്രാവകം നിറയുന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഒരു കേസിൽ പ്രവർത്തിച്ചു. അതേ വർഷം തന്നെ, ബാർട്ടലോമിയോ യൂസ്റ്റാച്ചി ഒപ്റ്റിക് നാഡിയെക്കുറിച്ച്, പ്രധാനമായും തലച്ചോറിലെ അതിന്റെ ഉത്ഭവത്തെ കേന്ദ്രീകരിച്ചു പഠിച്ചു. 1564-ൽ, ഗിയുലിയോ സിസാരെ അരൻസിയോ ഹിപ്പോകാമ്പസ് കണ്ടെത്തി, അതിന്റെ ആകൃതി ഒരു കടൽ കുതിരയോട് സാമ്യമുള്ളതിനാൽ അതിന് ആ പേര് നൽകി.

1621-ൽ, റോബർട്ട് ബർട്ടൺ ദി അനാട്ടമി ഓഫ് മെലാഞ്ചോലി പ്രസിദ്ധീകരിച്ചു, അത് ഒരാളുടെ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളുടെ നഷ്ടം വിഷാദത്തിലേക്ക് നയിക്കുന്നതു വിവരിക്കുന്നു. [3] 1649-ൽ റെനെ ഡെസ്കാർട്ടസ് പീനൽ ഗ്രന്ഥിയെക്കുറിച്ച് പഠിച്ചു. അവിടെയാണ് ചിന്തകൾ രൂപപ്പെടുന്നത് എന്നും അത് തലച്ചോറിന്റെ "ആത്മാവ്" ആണെന്നും അദ്ദേഹം തെറ്റായി വിശ്വസിച്ചു. 1658-ൽ, ജോഹാൻ ജേക്കബ് വെപ്പർ ഒരു രോഗിയുടെ തകർന്ന രക്തക്കുഴൽ അദ്ദേഹത്തിന് അപ്പോപ്ലെക്സി അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാക്കിയതായി വിശ്വസിച്ചു.

1749-ൽ, ഡേവിഡ് ഹാർട്ട്ലി ഒബ്സർവേഷൻസ് ഓൺ മാൻ (മനുഷ്യനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ) പ്രസിദ്ധീകരിച്ചു, അത് ഫ്രെയിം (ന്യൂറോളജി), കടമ (ധാർമ്മിക മനഃശാസ്ത്രം), പ്രതീക്ഷകൾ (ആത്മീയത) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സൈക്കോളജി എന്ന ഇംഗ്ലീഷ് പദം ആദ്യമായി ഉപയോഗിച്ചതും ഈ പുസ്തകമാണ്. 1752-ൽ സൊസൈറ്റി ഓഫ് ഫ്രണ്ട്സ് പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ മാനസികരോഗികൾക്ക് വൈദ്യചികിത്സ മാത്രമല്ല, പരിചാരകരും സുഖപ്രദമായ ജീവിത സാഹചര്യങ്ങളും നൽകാൻ ഉദ്ദേശിച്ചു ഒരു അഭയകേന്ദ്രം ആരംഭിച്ചു. 1755-ൽ, ജീൻ-ബാപ്റ്റിസ്റ്റ് ലെ റോയ് മാനസികരോഗികൾക്കായി ഇലക്ട്രോകൺവൾസീവ് തെറാപ്പി ഉപയോഗിക്കാൻ തുടങ്ങി, പ്രത്യേക കേസുകളിൽ ഇന്നും ഈ ചികിത്സ ഉപയോഗിക്കുന്നു. 1760-ൽ ആർനെ-ചാൾസ് സെറിബെല്ലത്തിലെ വിവിധ മുറിവുകൾ മോട്ടോർ ചലനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചു. 1776-ൽ Vincenzo Malacarne (it) സെറിബെല്ലത്തെ തീവ്രമായി പഠിക്കുകയും അതിന്റെ പ്രവർത്തനത്തെയും രൂപത്തെയും അടിസ്ഥാനമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

1784-ൽ, ഫെലിക്സ് വിക്-ഡി അസൈർ മിഡ് ബ്രെയിനിൽ ഒരു കറുത്ത നിറമുള്ള ഘടന കണ്ടെത്തി.[4] 1791-ൽ സാമുവൽ തോമസ് വോൺ സോമ്മറിംഗ് ഈ ഘടനയെ സബ്സ്റ്റാന്റിയ നിഗ്ര എന്ന് വിളിച്ചു. [5] അതേ വർഷം തന്നെ, വിഘടിച്ച തവളകളുടെ ഞരമ്പുകളിൽ വൈദ്യുതിയുടെ പങ്ക് ലൂയിജി ഗാൽവാനി വിവരിച്ചു. 1808-ൽ, ഫ്രാൻസ് ജോസഫ് ഗാൾ ഫ്രെനോളജിയെക്കുറിച്ച് പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യക്തിത്വത്തിന്റെയും തലച്ചോറിന്റെ പ്രവർത്തനത്തിന്റെയും വ്യത്യസ്ത വശങ്ങൾ നിർണ്ണയിക്കാൻ തലയുടെ ആകൃതി നോക്കുന്ന തെറ്റായ ശാസ്ത്രമായിരുന്നു ഫ്രെനോളജി. 1811-ൽ ജൂലിയൻ ജീൻ സീസർ ലെഗല്ലോയിസ് മൃഗങ്ങളുടെ വിഘടനത്തിലും മുറിവുകളിലും ശ്വസനത്തെക്കുറിച്ച് പഠിക്കുകയും മെഡുള്ള ഒബ്ലോംഗറ്റയിൽ ശ്വസന കേന്ദ്രം കണ്ടെത്തുകയും ചെയ്തു. അതേ വർഷം തന്നെ, സുഷുമ്നാ നാഡിയുടെ ഡോർസൽ, വെൻട്രൽ വേരുകൾ തമ്മിലുള്ള പ്രവർത്തനപരമായ വ്യത്യാസങ്ങളെ താരതമ്യപ്പെടുത്തി ബെൽ-മഗൻഡി നിയമം എന്ന് പിന്നീട് അറിയപ്പെട്ട പ്രവർത്തനത്തെ കുറിച്ചുള്ള പഠനം ചാൾസ് ബെൽ പൂർത്തിയാക്കി. 1822-ൽ, കാൾ ഫ്രീഡ്രിക്ക് ബർഡാക്ക് ലാറ്ററൽ, മീഡിയൽ ജെനിക്കുലേറ്റ് ബോഡികളെ വേർതിരിച്ചു, ഇത് പിന്നീട് സിങ്ഗുലേറ്റ് ഗൈറസ് എന്ന് നാമകരണം ചെയ്തു. 1824-ൽ, എഫ്. മാഗൻഡി, ബെൽ-മഗൻഡി നിയമം പൂർത്തിയാക്കാൻ സന്തുലിതാവസ്ഥയിൽ സെറിബെല്ലത്തിന്റെ പങ്കിന്റെ ആദ്യ തെളിവ് പഠിക്കുകയും ഹാജരാക്കുകയും ചെയ്തു. 1838-ൽ തിയോഡോർ ഷ്വാൻ തലച്ചോറിലെ വെള്ളയും ചാരനിറത്തിലുള്ളതുമായ ദ്രവ്യത്തെ പഠിക്കാൻ തുടങ്ങി, ഒപ്പം അദ്ദേഹം മയലിൻ ഉറ കണ്ടെത്തി. മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ ആക്സോണുകളെ മൂടുന്ന ഈ കോശങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഷ്വാൻ കോശങ്ങൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1848-ൽ, പിന്നീട് ക്ലാസിക്കൽ ന്യൂറോഫിസിയോളജി രോഗിയായി മാറിയ ഫിനാസ് ഗേജിന്റെ തച്ചോറിൽ ഒരു സ്ഫോടന അപകടത്തിൽ ഇരുമ്പ് ടാപ്പിംഗ് വടി തുളച്ചുകയറി. പെരുമാറ്റം, തീരുമാനമെടുക്കൽ, അനന്തരഫലങ്ങൾ എന്നിവയും പ്രീഫ്രോണ്ടൽ കോർട്ടക്സും തമ്മിലുള്ള ബന്ധത്തിൽ അദ്ദേഹം ഒരു മികച്ച കേസ് പഠനമായി മാറി. 1849-ൽ, ഹെർമൻ വോൺ ഹെൽംഹോൾട്ട്സ് ശരീരത്തിലെ വൈദ്യുതി പഠിക്കുമ്പോൾ തവള നാഡി പ്രേരണകളുടെ വേഗത പഠിച്ചു.

1849-ന് മുമ്പുള്ള ന്യൂറോഫിസിയോളജിയിലെ എല്ലാ സംഭവവികാസങ്ങളും ഇവിടെ സൂചിപ്പിച്ചിട്ടില്ലെങ്കിലും, തലച്ചോറിനെയും ശരീരത്തെയും കുറിച്ചുള്ള പഠനത്തിന് മുകളിൽ പരാമർശിച്ച സംഭവവികാസങ്ങൾ വളരെ പ്രധാനമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Luhmann HJ (2013). "Neurophysiology". Encyclopedia of Sciences and Religions. Encyclopedia of Sciences and Religions. pp. 1497–1500. doi:10.1007/978-1-4020-8265-8_779. ISBN 978-1-4020-8264-1.
  2. Teyler, T. J. (2001-01-01), Smelser, Neil J.; Baltes, Paul B. (eds.), "In Vitro Neurophysiology", International Encyclopedia of the Social & Behavioral Sciences (in ഇംഗ്ലീഷ്), Oxford: Pergamon, pp. 7251–7254, ISBN 978-0-08-043076-8, retrieved 2022-04-03
  3. Horwitz, Allan V.; Wakefield, Jerome C.; Lorenzo-Luaces, Lorenzo (2016-04-07). "History of Depression". In DeRubeis, Robert J.; Strunk, Daniel R. (eds.). The Oxford Handbook of Mood Disorders (in ഇംഗ്ലീഷ്). Vol. 1. Oxford University Press. pp. 10–23. doi:10.1093/oxfordhb/9780199973965.013.2. ISBN 978-0-19-997396-5.
  4. "Félix Vicq d'Azyr (1746-1794): early founder of neuroanatomy and royal French physician". Childs Nerv Syst. 27 (7): 1031–4. July 2011. doi:10.1007/s00381-011-1424-y. PMID 21445631.
  5. Swanson, LW. Neuroanatomical terminology : a lexicon of classical origins and historical foundations. Oxford University Press, 2014. England ISBN 9780195340624

ഉറവിടങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂറോഫിസിയോളജി&oldid=3974923" എന്ന താളിൽനിന്ന് ശേഖരിച്ചത്