നോർമൻ (ജനത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കിംഗുകളുടെ പിൻതലമുറക്കാരായിരുന്ന ഒരു മദ്ധ്യകാല യൂറോപ്യൻ ജനവിഭാഗമായിരുന്നു നോർമനുകൾ. ഇവരിൽനിന്നാണ് വടക്കൻ ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തിന് ആ പേര് ലഭിച്ചത്‌. പത്താം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധത്തിലാണ് ഇവർ ഒരു പ്രത്യേക ജനതയായി രൂപപ്പെട്ടുവന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

"വടക്കൻമാർ" എന്നർത്ഥം വരുന്ന "നോർറ്റ്മാന്നി" എന്ന പദത്തിൽനിന്നാണ് നോർമൻ എന്ന പേരുവന്നിട്ടുള്ളത്.

പ്രാധാന്യം[തിരുത്തുക]

മദ്ധ്യകാല യൂറോപ്പിന്റെ രാഷ്ട്രീയ, സൈനിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയവരായിരുന്നു നോർമനുകൾ. ക്രിസ്തുമത ഭക്തിയ്ക്കും യുദ്ധവീര്യത്തിനും പേരുകേട്ടവരായിരുന്നു ഇവർ. തങ്ങൾ വാസമുറപ്പിച്ച പ്രദേശത്തെ റൊമാൻസ് ഭാഷ അവർ വേഗംതന്നെ സ്വായത്തമാക്കുകയും അവരുടെതായ ഭാഷാരൂപം നോർമൻ എന്ന പേരിൽ ഒരു പ്രമുഖ സാഹിത്യഭാഷയായി രൂപപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഭരണാധികാരികളുമായുള്ള ഒരുടമ്പടി പ്രകാരം അവർ സ്ഥാപിച്ച നോർമാണ്ടി നാട്ടുരാജ്യം മദ്ധ്യകാല ഫ്രാൻസിലെ ഏറ്റവും വലിപ്പമേറിയ ഫീഫുകളിൽ ഒന്നായിരുന്നു.[1] വാസ്‌തുവിദ്യ, സംഗീത പാരമ്പര്യം, സൈനിക നേട്ടങ്ങൾ, മുതലായവയിൽ നോർമനുകൾ പ്രശസ്തരായിരുന്നു. സിസിലിയും തെക്കൻ ഇറ്റലിയും ഇംഗ്ലണ്ടും നോർമനുകൾ കീഴടക്കുകയുണ്ടായി. ഈ മേഖലകളിൽനിന്ന് നോർമനുകളുടെ സ്വാധീനം ക്രമേണ ബ്രിട്ടൻറെ മറ്റുഭാഗങ്ങളിലേയ്ക്കും അയർലണ്ടിലേയ്ക്കും ഏഷ്യാ മൈനറിലെ കുരിശുയുദ്ധ നാട്ടുരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു.[2]

നോർമൻ സംസ്കാരം[തിരുത്തുക]

നോർമൻ കാലത്തിന്റെ പ്രധാന ശേഷിപ്പ്: ലണ്ടനിലെ ടവർ ഓഫ് ലണ്ടൻ, ട്രെയ്റ്റർ ഗേറ്റ്.

വാസ്തുവിദ്യ[തിരുത്തുക]

വാസ്തുവിദ്യാശൈലികളുടെ ചരിത്രത്തിൽ ഒരു പ്രത്യേക ഘട്ടമായിട്ടാണ് നോർമൻ വാസ്തുവിദ്യ കണക്കാക്കപ്പെടുന്നത്. ജനലുകൾക്കും വാതിലുകൾക്കും മുകളിലുള്ള വൃത്താകൃതിയിലുള്ള കമാനങ്ങൾ ഇവരുടെ പ്രത്യേകതയായിരുന്നു. ഇറ്റലിയിലാകട്ടെ ഇവർ ബൈസൻറൈൻ, ലൊംബാർഡിയൻ, ഇസ്ലാമിക വാസ്തുവിദ്യകൾ സംയോജിപ്പിച്ച് ഒരു പുതിയ ശൈലിയ്ക്ക് തുടക്കമിട്ടു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോർമൻ_(ജനത)&oldid=3798235" എന്ന താളിൽനിന്ന് ശേഖരിച്ചത്