നേരിട്ടുള്ള വിൽപന
റീറ്റെയ്ൽ ഔട്ട്‌ലെറ്റുകളിലൂടെയല്ലാതെ ഉപഭോക്താക്കളുടെ വീടുകളിലേക്കും തൊഴിലിടങ്ങളിലേക്കും സാധനങ്ങളും സേവനങ്ങളും നേരിട്ട് എത്തിക്കുന്നതിനെയാണു ഡയറക്റ്റ് സെല്ലിംഗ് (Direct Selling) എന്നു വിളിക്കുന്നത്. [1]
ചരിത്രം
[തിരുത്തുക]1982-ൽ യുറേക്ക ഫോബ്‌സ് സ്ഥാപിതമാകുന്നതോടെയാണ് ഇന്ത്യയിൽ ഡയറക്റ്റ് സെല്ലിംഗിന്റെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1990-കളിലെ ഉദാരവൽക്കരണത്തോടെ നിരവധി കമ്പനികൾ ഇന്ത്യൻ വിപണിയിലേക്കെത്തിയതു മേഖലയിൽ കാര്യമായ വളർച്ചയ്ക്കു കാരണമായി. ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ച ആദ്യ പ്രമുഖ ആഗോള ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായിരുന്നു ആംവേ. 1995-ലായിരുന്നു ഇത്. തുടർന്ന് 1996-ൽ എവോൺ, ഒറിഫ്‌ളേം, ടപ്പർവെയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലേക്കെത്തി. ഏതാണ്ട് ഇതേ സമയത്തു തന്നെ ഈ വിതരണ രീതി സ്വീകരിച്ചു കൊണ്ട് ഇന്ത്യൻ കമ്പനിയായ മൊഡികെയറും രംഗത്തെത്തി.
പ്രവർത്തനരീതി
[തിരുത്തുക]ഇവിടെ വിൽക്കുന്ന ആളു തന്നെയാണ് നേരിട്ടു ഉൽപ്പന്നത്തെക്കുറിച്ചു വിശദീകരിക്കുന്നതും അതിനെ പരിചയപ്പെടുത്തുന്നതും. വളരെ പാരമ്പര്യമുള്ള ഒരു വിൽപ്പനാ രീതിയാണിത്. പരമ്പരാഗത കൺസ്യൂമർ ഗുഡ്‌സ് റീറ്റെയ്ൽ മോഡലിനോട് ഇതിനു സാമ്യമുണ്ട്.
നേരിട്ടുള്ള വിൽപ്പന കേരളത്തിൽ
[തിരുത്തുക]ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ദക്ഷിണേന്ത്യ. പല പ്രമുഖ കമ്പനികളും അവരുടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചതും ഇവിടുന്നു തന്നെ. ഇന്ത്യയുടെ മൊത്തം ഡയറക്റ്റ് സെല്ലിംഗ് വിപണിയിലേക്ക് 25 ശതമാനം സംഭാവന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തെ ഉയർന്ന സാക്ഷരതയും ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനവുമുള്ള സംസ്ഥാനത്തു വർഷങ്ങളായി പ്രവർത്തിക്കുന്ന വിപണി 2010 വരെ വളരെ വേഗതയിലുള്ള വളർച്ചയാണു നേടിയത്. 2010-ലെ സാമ്പത്തിക വർഷത്തിൽ അതുവരെയുള്ളതിൽ ഏറ്റവുമധികം വളർച്ചയിലേക്കാണു സംസ്ഥാനം എത്തിയത്. 2,900-3000 മില്ല്യൺ രൂപ അതായത് രാജ്യത്തെ ഡയറക്റ്റ് സെല്ലിംഗ് വ്യവസായത്തിന്റെ ഏഴ് ശതമാനമാണു സംസ്ഥാനം സംഭാവന ചെയ്തത്. [2]
എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി വ്യവസായം പിന്നോട്ടാണ്. ഡയറക്റ്റ് സെല്ലിംഗിന് കൃത്യമായ നയങ്ങൾ രൂപപ്പെടുത്താത്തതാണു സ്ഥിരമായി വിപണി താഴേക്കു പോകുന്നതിന്റെ കാരണം. നയങ്ങളിലെ അവ്യക്തത നല്ല രീതിയിൽ നടത്തുന്ന കമ്പനികളെയും തട്ടിപ്പു കമ്പനികളെയും വേർതിരിച്ചറിയുന്നതിനും നിയമം നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലേക്കും നിയമപാലകരെ എത്തിച്ചു. 2011-12 കാലയളവിലാണു ഡയക്റ്റ് സെല്ലിംഗിനെതിരേ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയതെന്ന് പ്രമുഖ മാനേജ്‌മെന്റ് വിദഗ്ദ്ധനും എഴുത്തുകാരനും സംരംഭകനുമായ സജീവ് നായർ ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി വ്യവസായം 700-750 മില്ല്യൺ രൂപയിലേക്കു വീണു. ”ഇന്ത്യയിൽ എല്ലായിടത്തും വളരെ നല്ല രീതിയിൽ ഈ ബിസിനസ് നടന്നു കൊണ്ടിരുന്ന സമയത്ത് കേരളത്തിൽ മാത്രമാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. ലോകത്ത് എല്ലായിടത്തും, ഇന്ത്യയുടെ എല്ലാ ഭാഗത്തും നന്നായി മുന്നോട്ട് പോകുന്ന മേഖലയ്ക്കു കേരളത്തിൽ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്ന ചോദ്യമാണ് അന്ന് ഏറെയും ഉയർന്നു കേട്ടത്. ആ ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്താനായിട്ടില്ല. പല കേസുകളും ഉണ്ടായതു പരാതികൾ ലഭിച്ചതു കൊണ്ടു മാത്രമായിരുന്നില്ല. സ്വമേധയാ കേസെടുത്ത നിരവധി സന്ദർഭങ്ങളുമുണ്ടായി.
വ്യജൻമാരെ തിരിച്ചറിയാം
[തിരുത്തുക]നെറ്റ്‌വർക്ക് മാർക്കറ്റിംഗ് രംഗത്ത് ലക്ഷക്കണക്കിന് ആൾക്കാർ പ്രവർത്തിക്കുന്നുണ്ട്. സ്വയം തൊഴിൽ ആയി കണ്ട് പ്രവർത്തിക്കുന്ന ഈ വിതരണക്കാർക്കു പലപ്പോഴും നല്ല കമ്പനികളെ തിരിച്ചറിയാൻ സാധിക്കാറില്ല. അങ്ങനെ ആണ് ഇവർ പല തട്ടിപ്പുകളിലും വീഴുന്നത്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന മാർഗനിർദ്ദേശങ്ങളും ഈ ബിസിനസ് രംഗത്തെ പ്രഗല്ഭരുടെ അഭിപ്രായങ്ങളും ചേർത്തു ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനികളെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം.
1. പ്രസ്തുത കമ്പനി എത്ര നാളായി പ്രവർത്തിക്കുന്നു. പുതിയ കമ്പനികളിൽ എപ്പോഴും റിസ്‌ക് കൂടുതലാണ്. മിക്ക കമ്പനികളും ഒന്നോ രണ്ടോ പേര് ചേർന്നു തട്ടിക്കൂട്ടുന്നതായിരിക്കും.
2. കമ്പനിയുടെ പ്രൊമോട്ടർമാരുടെ പശ്ചാത്തലം. പ്രൊഫഷണലായി കമ്പനികൾ നടത്തി പരിചയം ഇല്ലാത്തവരാണെങ്കിൽ വളരെ കരുതലോടെ തീരുമാനം എടുക്കണം.
3. ഉത്പന്നങ്ങൾ ദൈനംദിന ഉപയോഗത്തിനുള്ളതാണെന്ന് ഉറപ്പു വരുത്തുക. ഒരു തവണ മാത്രം വാങ്ങുക, പിന്നെ ഒരിക്കലും വാങ്ങിയില്ലെങ്കിലും നെറ്റ്‌വർക്കിൽ നിന്നും വരുമാനം കിട്ടും എന്നു പറയുന്ന എല്ലാ പദ്ധതികളും തട്ടിപ്പാണ്.
4 . വിതരണക്കാരന് ലഭിക്കുന്ന വരുമാനം ഉത്പന്നങ്ങൾ സ്വയം വിൽക്കുന്നതിൽ നിന്നും നെറ്റ്‌വർക്കിൽ ഉള്ളവർ വിൽക്കുന്നതിൽ നിന്നും ആവണം. കൂടുതൽ ആൾക്കാർ നെറ്റ്‌വർക്കിൽ ചേരുന്നതു കൊണ്ടാണു വരുമാനം വരുന്നതെങ്കിൽ അതു പൂർണമായും തട്ടിപ്പാണ്.
5.. ഉത്പന്നങ്ങൾക്ക് 100 % മണി ബാക്ക് ഗ്യാരന്റി ഉണ്ടെന്ന് ഉറപ്പു വരുത്തുക.
6. കമ്പനി വിൽക്കുന്ന ഉത്പന്നങ്ങൾ സ്വന്തം ട്രേഡ്മാർക്കിൽ ഉള്ളത് ആണ് അഭികാമ്യം
7. നെറ്റ്‌വർക്കിൽ ചേരുന്ന സമയത്തു ഒരു പാക്കേജ് വാങ്ങുക, മറ്റുള്ളവരെ കൊണ്ടു പാക്കേജ് വാങ്ങിപ്പിക്കുക, അതിലൂടെ വരുമാനം ഉണ്ടാക്കുക എന്ന രീതി തീർത്തും സംശയത്തോടെ വീക്ഷിക്കേണ്ടതാണ്. ഇവിടെ പലപ്പോഴും ഈ പാക്കേജ് ഒരു പ്രഹസനം മാത്രമാണ്; ഉത്പന്നങ്ങളുടെ പാക്കേജ് ആയാൽ പോലും.
8 കമ്പനിക്കു കേരളത്തിൽ സ്വന്തം ഓഫീസ് ഉണ്ടെന്ന് ഉറപ്പു വരുത്തുക.
9 നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനികൾ ഏറ്റവും അധികം സംശയത്തിന്റെ നിഴലിൽ ആവുന്നത് ഉത്പന്നങ്ങളുടെ അമിതമായ വില ഈടാക്കുന്നതിൽ കൂടിയാണ്. ഇന്ന് ഏറ്റവും ഗുണനിലവാരമുള്ള ഉത്പന്നങ്ങളും മിതമായ നിരക്കിൽ ഇന്ത്യയിൽ ലഭ്യമാണ്. അതു കൊണ്ടു തന്നെ അമിത വില ഈടാക്കുന്ന കമ്പനികളെ ഒഴിവാക്കുക.
10. വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്ന തരത്തിലുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന കമ്പനികളെ ഒഴിവാക്കുക. ഉത്പന്നങ്ങളുടെ വിൽപ്പനയെ ആധാരമാക്കി ഉണ്ടാക്കിയിരിക്കുന്ന വരുമാന പദ്ധതി ആണെങ്കിൽ മാജിക്കൽ വരുമാനമൊന്നും ഒരു കമ്പനിക്ക് തരുവാൻ സാധിക്കില്ല. 40%ൽ കൂടുതൽ വരുമാനം വാഗ്ദാനം ചെയ്യുന്ന വരുമാന പദ്ധതികൾ ഒന്നും നിലനിൽക്കുന്നതല്ല. മോഹനവാഗ്ദാനങ്ങളിൽപ്പെടാതെ സൂക്ഷിക്കുക.
തൊഴിലവസരങ്ങൾ
[തിരുത്തുക]അധിക വരുമാന മാർഗ്ഗമായി നിലനിൽക്കുന്നതിനോടൊപ്പം തന്നെ നേരിട്ടും തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഡയറക്റ്റ് സെല്ലിംഗിലെ ഭൂരിഭാഗം കമ്പനികളും പല പ്രവർത്തനങ്ങൾക്കായും തൊഴിലാളികളെ പുറം കരാർ ഏൽപ്പിക്കുകയാണ്. അങ്ങനെ ഈ ശൃംഖലയുമായി ബന്ധപ്പെട്ടു നിരവധി തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത കൂടിയുള്ള മേഖലയാണിതെന്നു സിഐടിയുവിനു കീഴിലുള്ള എംഎംഇയുവിന്റെ ജനറൽ സെക്രട്ടറി സുരേഷ് പാലത്തും ചൂണ്ടിക്കാണിക്കുന്നു. വലിയ രീതിയിൽ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നതു നിഷേധിക്കുന്നില്ലെന്നും എന്നാൽ ചൂഷണമില്ലാത്ത കമ്പനികളിൽ ജോലി ചെയ്തു പതിനായിരക്കണക്കിന് ആളുകൾ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സർക്കാർ ഖജനാവിലേക്ക്
[തിരുത്തുക]ഈ ശൃംഖലയിൽ നിന്നു നികുതി മുഖാന്തരം സർക്കാരിലേക്കു സംഭാവന എത്തും. 2014 സാമ്പത്തികവർഷത്തെ മാത്രം ഡയറക്റ്റ് സെല്ലിംഗ് വ്യവസായത്തിൽ നിന്നുള്ള പരോക്ഷനികുതി സംഭാവന 70-80 മില്ല്യൺ രൂപയായിരുന്നു.
വെല്ലുവിളികൾ
[തിരുത്തുക]പരമ്പരാഗതമായി കൺസ്യൂമർ വ്യവസായങ്ങൾ നേരിടുന്നതുപോലെയുള്ള വെല്ലുവിളികളെല്ലാം ഡയറക്റ്റ് സെല്ലിംഗിലും പ്രകടമാണ്. നിർമ്മാണ സാഹചര്യങ്ങൾ ശരിയാക്കുന്നതിനും ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ടൊക്കെ നിരവധി പ്രശ്‌നങ്ങൾ വ്യവസായം നേരിടുന്നുണ്ടെങ്കിലും ഒരു റെഗുലേറ്ററി അതോറിറ്റിയുടെ അഭാവമാണു മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. അതുകൊണ്ടു തന്നെ പല കമ്പനികളും കള്ള കമ്പനികളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇന്ത്യയിൽ ഈ വ്യവസായത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകണമെങ്കിൽ നിലവിലുള്ള നയങ്ങളിൽ ചില ഭേദഗതികൾ വരുത്തുന്നതുൾപ്പെടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വരുത്തേണ്ട മാറ്റങ്ങൾ നിരവധിയാണ്. വ്യത്യസ്തമായ ഒരു നയരൂപരേഖ ഉണ്ടാകുമ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട അതിശയോക്തികൾക്കു വിരാമമാകും, ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കും.
അവലംബം
[തിരുത്തുക]- ↑ 2016 മാതൃഭൂമി [1] Archived 2019-07-05 at the Wayback Machine. ശേഖരിച്ചത് 2019-07-05
- ↑ ഫ്യൂച്ചർ കേരള [2] Archived 2019-07-05 at the Wayback Machine. ശേഖരിച്ചത് 2019-ജൂലൈ-05