Jump to content

നെയ്യാറ്റിൻ‌കര വാസുദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെയ്യാറ്റിൻകര വാസുദേവൻ
പശ്ചാത്തല വിവരങ്ങൾ
ജനനം(1939-12-25)25 ഡിസംബർ 1939
നെയ്യാറ്റിൻകര, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
ഉത്ഭവംകേരളം, ഇന്ത്യ
മരണം13 മേയ് 2008(2008-05-13) (പ്രായം 68)
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ

കേരളത്തിലെ വളരെ പ്രശസ്തനായ ഒരു കർണാടക സം‌ഗീതജ്ഞനായിരുന്നു നെയ്യാറ്റിൻകര വാസുദേവൻ (1939-2008). കർണ്ണാനന്ദകരമായ സ്വരവും, ഭാഷാവ്യാകരണത്തിലെ അപാരമായ പാണ്ഡിത്യവും വരദാനമായി ലഭിച്ച അദ്ദേഹം‌, ഉന്നതകുലജാതർ മാത്രം അരങ്ങുവാണിരുന്ന കർണാടക സം‌ഗീതമേഖലയിൽ, സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായ ഏതാനും ചിലരിലൊരാളാണ്‌.

ജീവിതരേഖ

[തിരുത്തുക]

1939 ഡിസംബർ 25-ന് തെക്കൻ തിരുവിതാംകൂറിലെ (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ), നെയ്യാറ്റിൻ‌കരയിലുള്ള ഒരു ഇടത്തരം‌ കുടുംബത്തിലാണ്‌ വാസുദേവൻ ജനിച്ചത്. നാരായണനും ജാനകിയുമായിരുന്നു മാതാപിതാക്കൾ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും പിന്നീട് രാമനാട് കൃഷ്ണനിൽ നിന്നും അദ്ദേഹം‌ സംഗീതം അഭ്യസിച്ചു. കെ.ജെ. യേശുദാസ്, എം.ജി. രാധാകൃഷ്ണൻ, തിരുവിഴ ജയശങ്കർ, രവീന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ആലാപന ശൈലിയിലെ പ്രത്യേകതയും മധുരമായ ശബ്ദവും അദ്ദേഹത്തെ കേൾവിക്കാരുടെ പ്രിയങ്കരനാക്കി.

തൃപ്പൂണിത്തുറ ആർ‌.എൽ.വി സം‌ഗീത കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായും‌, ആകാശവാണിയിൽ "എ" ഗ്രേഡ് ആർട്ടിസ്റ്റായും‌ അദ്ദേഹം‌ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റേഡിയോ പരിപാടികളിലൂടെ സംഗീതം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തിനു അനേകം ശിഷ്യന്മാരുണ്ട്. ശ്രീവത്സൻ മേനോൻ, മുഖത്തല ശിവജി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്.

സ്വാതിതിരുനാൾ കൃതികൾക്ക് ഏറെ പ്രചാരം നൽകിയ ഇദ്ദേഹത്തെ 2006-ൽ കേരള സർക്കാർ സ്വാതി പുരസ്‌കാരം നൽകി ആദരിച്ചു.

2004-ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച[1] നെയ്യാറ്റിൻകര വാസുദേവൻ, 2008 മെയ് 13-ന് 68-ആം വയസ്സിൽ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചു.[2] [3] പരേതയായ അമ്മുക്കുട്ടിയാണ് ഭാര്യ. ജയരാജ്, ബാബുരാജ് എന്നീ രണ്ട് ആൺമക്കൾ അദ്ദേഹത്തിനുണ്ട്.

അവലം‌ബം‌

[തിരുത്തുക]
  1. http://en.wikipedia.org/wiki/Padma_Shri_Awards_%282000%E2%80%932009%29
  2. "Neyyattinkara Vasudevan dead". Archived from the original on 2008-05-22. Retrieved 8 ഓഗസ്റ്റ് 2010.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-30. Retrieved 2010-08-13.