നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജ്യോതിഷ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു നെടുമ്പയിലാശാൻ എന്നറിയപ്പെട്ടിരുന്ന നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812).

ജീവിതരേഖ[തിരുത്തുക]

തിരുവല്ലാത്താലൂക്കിൽ പ്രസിദ്ധ ജ്യോത്സ്യനായ രാമനാശാന്റെ മകനായി ജനിച്ചു. കോഴിക്കോട് ശൂലപാണി വാരിയരുടെ പക്കൽ നിന്നും വടക്കൻ ഗണന സമ്പ്രദായത്തിലുള്ള ജ്യോതിശാസ്ത്രം പഠിച്ചു. ആറന്മുളയായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. വലിയ ശിഷ്യ സമ്പത്തിനുടമയായിരുന്നു.[1]

കൃതികൾ[തിരുത്തുക]

  • ഭാഷാ ജാതക പദ്ധതി
  • ഭാഷാ പഞ്ചബോധ ഗണിതം
  • കണക്കുശാസ്ത്രം
  • ഭാഷാഗോളയുക്തി
  • മർമ്മചികിത്സ
  • ആറന്മുളവിലാസം ഹംസപ്പാട്ട്
  • വിഷ്ണുകേശാദിപാദ - പാദാദികേശസ്തോത്രം
  • ഷഡങ്കരനാഥകീർത്തനം

ആറന്മുളവിലാസം ഹംസപ്പാട്ടു്[തിരുത്തുക]

ആറന്മുളക്ഷേത്രത്തിലെ പല ഐതിഹ്യങ്ങളെയും രേഖപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിത്. ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ശിഷ്യ പരമ്പരകളെക്കുറിച്ചും ഇതിൽ സൂചനയുണ്ട്. ആ ശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു:

രാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി-

രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരുദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്
ഹൃൽഗതഭാവജ്ഞനായ്ഗണിതതത്ത്വജ്ഞനായ്
താഴാത കീർത്തിയോടും നാവായിക്കുളത്തുള്ളോ
രാഴാതിപ്രവരനാം ഗുരുവെ വന്ദിക്കുന്നേൻ.

ആയവൻതന്റെ ഗുരുഭൂതനായുള്ള ദേഹ-
മായതമതികളാൽ പൂജിതനായുള്ളവൻ
കോലത്തുനാട്ടു തൃപ്പാണിക്കരെപ്പൊതുവാള-
ക്കാലത്തെഗ്ഗുരുവരന്മാരിൽവേച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെ ഗുരുവാകും തൽപദം വണങ്ങുന്നേൻ.

പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി-
യതിമാനുഷനവൻ സകലവിദ്യാത്മകൻ,
അൻപത്തിമൂന്നു വയസ്സിരട്ടിയിരുന്നുള്ള
മേല്പുത്തൂർപട്ടേരിക്കും ഗുരുവായിരുന്നവൻ
തന്നുടെ പാദപത്മയുഗളം വിശേഷിച്ചു-
മെന്നുടെ മനക്കാമ്പിൽസ്സന്തതം നിനയ്ക്കുന്നേൻ.

ഈ വരികളിൽനിന്നു് അച്യുതപ്പിഷാരടിയുടെ ശിഷ്യൻ കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാളും അദ്ദേഹത്തിന്റെ ശിഷ്യൻ ചിറയിൻകീഴ് താലൂക്കിൽ നാവായിക്കുളത്തു് ആഴാതി (കുരുക്കൾ)യും, അദ്ദേഹത്തിന്റെ ശിഷ്യൻ മാവേലിക്കരെ ചെറിയനാട്ടു പുലിമുഖത്തു പോറ്റിയും ആയിരുന്നു. പുലിമുഖത്തു പോറ്റിയുടെ കാലം 861 മുതൽ 933 വരെയായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമായ രാമനാശാൻ പോറ്റിയുടെ ശിഷ്യനായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ ശിഷ്യൻ ആറന്മുള മംഗലശ്ശേരി ദക്ഷിണാമൂർത്തി മൂത്തതു്, മൂത്തതിന്റെ ശിഷ്യൻ മാന്നാർ നാലേക്കാട്ടിൽ ബാലരാമൻപിള്ള, സംപ്രതിപ്പിള്ള, അദ്ദേഹത്തിന്റെ ശിഷ്യൻ കിളിമാനൂർ വിദ്വാൻ ചെറുണ്ണി കോയിത്തമ്പുരാൻ, എന്നിങ്ങനെ ആ പരമ്പര പിന്നെയും തുടരുന്നു.[2]

അവലംബം[തിരുത്തുക]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 3. കേരള സാഹിത്യ അക്കാദമി. pp. 555–563.
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം. കേരള സാഹിത്യ അക്കാദമി.