Jump to content

ഇന്ത്യയിലെ ജനവംശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെഗ്രോയിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരിത്രാതീതകാലം മുതൽ പല സമയത്തായി ഈ ഉപഭൂഖണ്ഡത്തിൽ കുടിയേറിയിട്ടുള്ള വിവിധ ജനവംശങ്ങളുടെ മിശ്രിതമാണ് ഇന്ത്യയിലെ ജനത. ഇവിടെ എത്തിച്ചേർന്ന ക്രമത്തിൽ ഈ ജനവംശങ്ങൾ താഴെക്കൊടുത്തിരിക്കുന്ന നാലെണ്ണം ആണ് [1]‌. .

  1. നീഗ്രോയ്ഡ്
  2. ഓസ്ട്രലോയ്ഡ്
  3. ദ്രാവിഡർ
  4. ആര്യന്മാർ
  5. മംഗോളിയൻ

ഇന്ത്യയിലേക്കെത്തിയ ഓരോ ജനവംശത്തിന്റേയും കടന്നുവരവിന്റെ പ്രധാന ചാലകശക്തി, കൃഷിക്കനുയോജ്യമായ ഉത്തരേന്ത്യയിലെ ഫലഭൂയിഷ്ടമായ സമതലമായിരുന്നു . കൂടുതൽ കാര്യക്ഷമമായ ആയുധങ്ങളും സാങ്കേതികതയും ഉപയോഗിച്ച് ഓരോ പുതിയ വംശവും മുൻപ് ഇവിടെ വാസമുറപ്പിച്ചവരെ താരതമ്യേന ദുർഘടമായ മേഖലകളിലേക്ക് പ്രയാണം ചെയ്യിച്ചു.

ആദ്യകാല ഗിരിവർഗ്ഗജനങ്ങളെ ദ്രാവിഡർ മദ്ധ്യേന്ത്യയിലെ വനമേഖലയിലേക്ക് തുരത്തിയോടിച്ചു. തൽഫലമായി ജീവിതം കൂടുതൽ ദുഷ്കരമായ ഈ മേഖലയിലെത്തിയ ജനങ്ങൾ വേട്ടയാടിയും, ഭക്ഷണം ശേഖരിച്ചും മറ്റും അവികസിതമായ ജീവിതം നയിച്ചു പോന്നു. ആര്യന്മാരെത്തി ദ്രാവിഡരെ തുരത്തിയപ്പോൾ ഡെക്കാനിലാണ് അവർ എത്തിച്ചേർന്നത്. അങ്ങനെ ഡെക്കാനും, ദക്ഷിണേന്ത്യയും ഇത്തരത്തിൽ പലായനം ചെയ്ത വർഗ്ഗങ്ങളുടെ അധിവാസകേന്ദ്രമായി മാറി.

നീഗ്രോയ്ഡ്

[തിരുത്തുക]

ഇന്ത്യയിൽ ആദ്യമായി വാസമുറപ്പിച്ച ജനവംശമാണ്‌ നീഗ്രോയ്ഡുകൾ. ആഫ്രിക്കയിൽ നിന്നെത്തിയ ഈ വംശജർക്ക് ആ ഭൂഖണ്ഡത്തിലെ ജനങ്ങളോട് രൂപസാദൃശ്യമുണ്ട്. ഈ വംശത്തിലെ വളരെക്കുറച്ചാളുകളേ ഉപഭൂഖണ്ഡത്തിൽ ഇപ്പോൾ കണ്ടുവരുന്നുള്ളൂ. എങ്കിലും ആൻഡമാൻ ദ്വീപിലെ തദ്ദേശവാസികൾ ഈ വംശത്തിൽപ്പെട്ടവരാണ്‌[1].

ഓസ്ട്രലോയ്ഡ്

[തിരുത്തുക]

ഓസ്ട്രേലിയയിലെ തദ്ദേശവംശജരുമായി വളരെ അടുപ്പമുള്ള ഈ ജനവംശം, സാംസ്കാരികമായും അവരോളം തന്നെയേ പുരോഗതി പ്രാപിച്ചുള്ളൂ. മദ്ധ്യേന്ത്യയിലെ ഗിരിവംശജർ ഈ വർഗ്ഗത്തില്പ്പെടുന്നു. ശ്രീലങ്കയിലെ വെദ്ധാകളും ഈ വംശത്തില്പ്പെടുന്നവരാണ്‌[1].

ദ്രാവിഡർ

[തിരുത്തുക]

ബി.സി.ഇ. 3500-നു മുൻപാണ് ദ്രാവിഡർ ഏഷ്യാ മൈനറിൽ നിന്നും ഇന്ത്യയിലെത്തിയത്. ഒരിടത്ത് സ്ഥിരതാമസമാക്കിയുള്ള വികസിതമായ ജീവിതരീതി ഇന്ത്യയിൽ ആദ്യമായി എത്തിച്ചത് ദ്രാവിഡരാണ്. സിന്ധൂനദിയുടെ ഫലഭൂയിഷ്ടമായ തടത്തി വാസമുറപ്പിച്ച ദ്രാവിഡർ മോഹൻ‌ജൊ-ദാരോ പോലെയുള്ള സമ്പൽ‌സമൃദ്ധമായ നഗരങ്ങൾ സ്ഥാപിച്ചു[1].

ആര്യന്മാരുടെ കടന്നുവരവു മൂലമോ, സിന്ധൂനദിയിലെ വൻ‌ വെള്ളപ്പൊക്കം മൂലമോ ഉത്തരേന്ത്യയിലെ ദ്രാവിഡർക്ക് ക്ഷയം സംഭവിച്ചതായി കരുതുന്നു. ഇന്ന് ഇന്ത്യയിലെ ജനസംഖ്യയിലെ 20% വരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലാണ് പ്രധാനമായും കണ്ടുവരുന്നത്[1].

ആര്യന്മാർ

[തിരുത്തുക]

മദ്ധ്യപൂർവദേശത്തുനിന്നാണ് ആര്യന്മാർ ഇന്ത്യയിലെത്തിയത്. ഉപഭൂഖണ്ഡത്തിൽ ഹിന്ദുമതത്തിന് അടിത്തറപാകുന്നതിന് ആര്യന്മാരുടെ കടന്നുവരവ് കാരണമായി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുകൂടെ പ്രവേശിച്ച ആര്യന്മാർ അവിടെ അധിവസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് പലായനം ചെയ്യിച്ചു. പുതിയ നാട്ടിലെത്തിയ ആര്യന്മാർ തദ്ദേശീയരുമായി ഇണങ്ങിച്ചേരുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. മറിച്ച് അവരെ അധഃകൃതസമൂഹമായും ജാതിഭ്രഷ്ടരായും കണക്കാക്കി.

കന്നുകാലി വളർത്തലായിരുന്നു ആര്യന്മാരുടെ പ്രധാന തൊഴിൽ. ഇതുവഴി കൂടുതൽ വികസിച്ച ഒരു സംസ്കാരം ഇന്ത്യയിലെത്തിച്ചു. ഗണിതശാസ്ത്രത്തിൽ ഇന്ത്യയിലെ ആര്യന്മാരുടെ സംഭാവന വിലപ്പെട്ടതാണ്. ദശാംശസമ്പ്രദായം കണ്ടുപിടിച്ചത് അവരാണ്. അതുപോലെ ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അനവധി കണ്ടെത്തലുകൾ അവർ നടത്തി[1].

മംഗോളിയൻ

[തിരുത്തുക]

ഇന്ത്യയിലെ മറ്റൊരു പ്രധാനപെട്ട നരവംശ വിഭാഗമാണ് മംഗോളിയൻ ജനവിഭാഗം. ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ആയ, സിക്കിം, അസം, അരുണാചൽ പ്രദേശ്, നാഗാലാ‌ൻഡ്, മണിപ്പൂർ, മിസോറാം, മേഖലയ, കേന്ദ്രഭരണ പ്രദേശം ആയ ലദാക് എന്നിവിടങ്ങളിൽ ആണ് മംഗോളിയൻ വംശജർ ഇന്ത്യയിൽ കൂടുതൽ ആയി കണ്ടു വരുന്നത് എങ്കിലും പശ്ചിമ ബംഗാൾ, ഡെക്കാൻ പീഡഭൂമി എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 1–2. {{cite book}}: Cite has empty unknown parameter: |coauthors= (help)