നൂറനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂറനാട്

പടനിലം
ചെറുപട്ടണം
Nickname(s): 
പക്ഷിഗ്രാമം, നന്ദികേശ പൈതൃക ഗ്രാമം
Country ഇന്ത്യ
StateKerala
DistrictAlappuzha
വിസ്തീർണ്ണം
 • ആകെ51.12 ച.കി.മീ.(19.74 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ61,188
 • ജനസാന്ദ്രത1,200/ച.കി.മീ.(3,100/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
690504, 690529
വാഹന റെജിസ്ട്രേഷൻKL 31
Lok Sabha constituencyമാവേലിക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറുപട്ടണമാണ് നൂറനാട് [1]. ഓണാട്ടുകര മേഖലയിലെ നൂറനാട് ഗ്രാമപഞ്ചായത്ത്, പാലമേൽ ഗ്രാമപഞ്ചായത്ത്, പള്ളിക്കൽ ഗ്രാമപഞ്ചായത് എന്നിവിടങ്ങളിലായി ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നു. പ്രസിദ്ധമായ പടനിലം പരബ്രഹ്മ ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ശിവരാത്രി കെട്ടുകാഴ്ച നടക്കുന്നത് പടനിലം ക്ഷേത്രത്തിലാണ് . കേരളത്തിൽ ശിവരാത്രി ദിനം ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ ആലുവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്നത് പടനിലം കെട്ടുകാഴ്ചക്കാണ്. ഓണാട്ടുകരയുടെ തനതു കലയായ കെട്ടുകാള നിർമ്മാണത്തിനുള്ള പ്രാധാന്യം മൂലം കേരള സർക്കാർ നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. പടനിലം ക്ഷേത്രത്തിനു ചുറ്റുമുള്ള 18 കരകൾ ചേർന്നതാണ് നൂറനാട് പ്രദേശം

മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയുടെ ഭാഗമാണ് നൂറനാട് പ്രദേശം. ചെറു കുന്നുകളും വയലുകളും കൃഷിയിടങ്ങളുമായി ഫലഭൂയിഷ്ഠമായ ഭൂമിയാണ് ഈ പ്രദേശത്തിനുള്ളത്. നൂറനാട് ഗ്രാമത്തിന്റെ വടക്കേ അതിരിലൂടെ അച്ചൻകോവിലാർ പടിഞ്ഞാറേക്ക് ഒഴുകുന്നു

ചരിത്രം[തിരുത്തുക]

ആദ്യ കാലത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു നൂറനാട്. കൊല്ലം ജില്ലയിൽപ്പെട്ട നൂറനാട് കേന്ദ്രമാക്കി കൊല്ലവർഷം 1078-ൽ (1902) ഒരു റവന്യു ഡിവിഷൻ രൂപീകരിക്കപ്പെട്ടു. അത് നൂറനാട് സബ്ഡിസ്ട്രിക്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്ത് അടൂർ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു നൂറനാട്. നൂറനാട്, ഭരണിക്കാവ്, താമരക്കുളം, ചുനക്കര, പാലമേൽ , തോന്നല്ലൂർ , കുളനട, വള്ളികുന്നം, ശുരനാടിന്റെ കുറേ ഭാഗങ്ങൾ എന്നീ പകുതികളിൽ നിന്നും (വില്ലേജാഫീസുകൾക്ക് പകുതി കച്ചേരി എന്ന് വിളിച്ചിരുന്നു) നൂറ് റവന്യു കരകൾ ഉൾപ്പെടുത്തി നൂറ് നാട് എന്ന് നാമകരണം ചെയ്യപ്പെട്ടു. നൂറ് (100) നാട് ലോപിച്ചാണ് പിൽക്കാലത്ത് നൂറനാട് ഉണ്ടായത്.

പണ്ടുകാലത്ത് കരുനാഗപ്പള്ളി കഴിഞ്ഞാൽ രണ്ട് സബ്‌രജിസ്ട്രാർ ആഫീസുകളാണ് ഉണ്ടായിരുന്നത്. നൂറനാടും മാവേലിക്കരയും. നൂറനാട് സബ്‌ജില്ലയുടെ ചരിത്ര പ്രാധാന്യവും വിസ്തൃതിയും മനസ്സിലാക്കിയാണ് ഒന്നാമത്തെ അഞ്ചലാഫീസ് നൂറനാട് സ്ഥാപിതമായത്. 1957 ആഗസ്റ്റ് 17 ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ നൂറനാട്, ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെട്ടു.

പണ്ടുകാലത്ത് ഒരു ആലിൻചുവട്ടിൽ ഏതാനും കാട്ടുകല്ലുകളാൽ ഉണ്ടാക്കപ്പെട്ട ഒരു തറയായിരുന്നു ഇന്ന് നാം കാണുന്ന നൂറനാട്-പടനിലം പരബ്രഹ്മ ക്ഷേത്രം. ഇപ്പോഴത്തെ ഇടപ്പോൺ - പാറ റോഡ് ക്ഷേത്രത്തിന് തൊട്ടു മുൻവശത്തു കൂടിയായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. നൂറനാടിന്റെ ഭരണ സിരാകേന്ദ്രവും ചരിത്രം ഉറങ്ങുന്നതുമായ സ്ഥലമാണ് പടനിലം. കരക്കാർ ക്ഷേത്രാവകാശത്തിനു വേണ്ടി കരമത്സരം നടത്തി കലഹത്തിലേർപ്പെട്ട് പട നയിച്ചിരുന്നതിനാൽ ‘പടനില’മായി എന്ന ഒരു ഐതിഹ്യവും, കായംകുളം രാജാവിന്റെ പട കിടന്ന സ്ഥലമായതിനാൽ ‘പടനില’മായി എന്ന ഒരു ചരിത്രവും കേട്ടുകേഴ്‌വിയിലൂടെ നാട്ടിൽ നിറഞ്ഞു നിൽക്കുന്നു. തിരുവിതാംകൂറിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളിൽ ഒന്നായിരുന്നു കായംകുളം (ഓണാട്ടുകര).

കൃഷിയും, അതുമായി ബന്ധപ്പെട്ടുള്ള തൊഴിലുകളും ചെയ്ത് ഉപജീവനം കഴിച്ചു പോന്നിരുന്നവരായിരുന്നു നൂറനാട്ടെ ജനങ്ങൾ. പഞ്ചായത്തിൽ കുന്നുകളും, താഴ്വരകളും, കുറ്റിക്കാടുകളും, വൻമരങ്ങളും, വള്ളിപ്പടർപ്പുകളും കാണപ്പെട്ടിരുന്നതായും, വന്യമൃഗങ്ങൾ ഉണ്ടായിരുന്നതായും സ്ഥലനാമങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും (ഉദാഹരണം : പുലിക്കുന്ന്, പുലിമേൽ , തത്തമുന്ന, പന്നിത്തടം, കടമാൻകുളം, മയിലാടും കുന്ന്, കരിമാൻ കാവ് തുടങ്ങിയവ). ആദ്യകാലങ്ങളിൽ ഓരോ പ്രദേശത്തിനും (കര) നാട്ടുപ്രമാണിമാരായിരുന്നവർ ഭരണകർത്താക്കളായിരുന്നു.

തിരുവിതാംകൂറിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോയിരുന്ന വളരെ പ്രധാനപ്പെട്ട രാജപാതയായിരുന്നു ഇന്നു കാണുന്ന കായംകുളം-പുനലൂർ റോഡ് (കെ പി റോഡ് ). ഇന്നത്തെപോലെതന്നെ തമിഴ്നാട്, കർണ്ണാടകം തുടങ്ങി അന്യനാടുകളിൽ നിന്നും വരുന്ന വഴിയാത്രക്കാർ ചരക്കുകൾ അന്യനാടുകളിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും ഈ രാജപാതയാണ് ഉപയോഗിച്ചിരുന്നത്. മറ്റൊരു പ്രത്യേകത ഈ പാതയ്ക്ക് ഇരുവശങ്ങളിലും വഴിയാത്രക്കാർക്ക് തണലേകുന്നതിന് ഫലവൃക്ഷങ്ങൾ (ചോല മരങ്ങൾ) വച്ചുപിടിപ്പിക്കുകയും, ഇന്നത്തെപ്പോലെ വാഹന സൗകര്യമില്ലാതിരുന്ന അക്കാലത്ത് തലച്ചുമടുമായി വരുന്നവർക്ക് ചുമടിറക്കി വയ്ക്കുന്നതിനുള്ള ചുമടുതാങ്ങികളും വഴിയോര വിശ്രമ കേന്ദ്രങ്ങളും (സത്രങ്ങളും) ഉണ്ടായിരുന്നു എന്നുള്ളതുമാണ്. അന്നു നട്ടുവളർത്തിയിട്ടുള്ള വൃക്ഷങ്ങൾ പാതയുടെ ഇരുവശങ്ങളിലുമായി ഇന്നും തണലേകി നിൽക്കുന്ന കാഴ്ച കാണാവുന്നതാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നാടുഭരിച്ചിരുന്ന കാലത്താണ് ഈ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചത്. നൂറനാട്ടുനിന്നും അന്യനാടുകളിലേക്ക് തപാൽ ഉരുപ്പടികൾ അഞ്ചലോട്ടക്കാരൻ കൊണ്ടുപോയിരുന്നത് ഈ പാതയിൽക്കൂടി ആയിരുന്നു.

നൂറനാട് പടനിലത്ത് രാജാവിന്റെ പടക്കുതിരകളെ കുളിപ്പിക്കുവാൻ ഒരു വലിയ ചിറ പോലുള്ള കുളം ഉപയോഗിച്ചിരുന്നു. ഇതിനെ പിൽക്കാലത്ത് പൊട്ടൻചിറ എന്ന് വിളിച്ചുപോന്നു. നാലു നൂറ്റാണ്ട് മുമ്പാണ് പടനിലത്ത് പടയൊഴിഞ്ഞത് (കായംകുളം രാജാവിന്റെ പടയെ പിൻവലിക്കപ്പെട്ടത്). തദവസരത്തിൽ നൂറനാട്ട് ഇന്നത്തെപ്പോല ജനവാസമുണ്ടായിരുന്നില്ല. ഏതാനും പ്രമാണി കുടുംബങ്ങളും അവരുടെ ശിൽബന്ധികളും സഹായികളും, അവരാൽ നയിക്കപ്പെട്ട കായിക അഭ്യാസികളുടേയും കാലമായിരുന്നു. രാജാവ് ഒഴിഞ്ഞ പടനിലത്തിന്റെ അവകാശികളാകുവാൻ കരക്കാർ തെക്കും വടക്കുമായി മത്സരത്തിൽ ഏർപ്പെട്ടു. അങ്ങനെയും പടനിലം എന്ന പേര് വന്നു. ആദ്യകാലത്ത് 22 കരകളായിരുന്നു. കര കൂടാനും കരയിറങ്ങാനും ഇന്നും നിബന്ധനകൾ നിർബന്ധമാണ്. തെക്കും വടക്കുമുളള കരക്കാർ തമ്മിലുള്ള പടവെട്ടിൽ വടക്കേക്കര ക്ഷീണിച്ചപ്പോൾ ചത്തിയറക്കാരെ (ശക്തിച്ചിറ ലോപിച്ചാണ് ചത്തിയറ ആയത്) ഒളിച്ചു കടത്തിക്കൊണ്ടുവന്നു. അതിന്റെ ഓർമ്മയ്ക്കായി വൃശ്ചികം ഒന്നാം തീയതി പടനിലം ക്ഷേത്രത്തിൽ കര കൂടുമ്പോൾ ചത്തിയറക്കാർ വാദ്യമേളങ്ങളോടുകൂടി പറയംകുളം വരെ വരികയും അതിനുശേഷം ശബ്ദമുണ്ടാക്കാതെ നെടുകുളഞ്ഞി മുറിയിലെത്തി സംഭാരവും കുടിച്ച് ക്ഷീണം തീർത്തശേഷം നടുവിലേമുറിയിലെത്തി വിശ്രമിച്ച് കഞ്ഞികുടിയും കഴിഞ്ഞ് ശാസ്താംതറ വഴി മേളത്തോട് കൂടി ആശാൻമുക്കിലെത്തുന്നു. അവിടെ നിന്നും വടക്കേ കരക്കാരുമായി ചേർന്ന് തെക്കോട്ട് അമ്പലത്തിലേക്ക് ഒരു പൂവൻകോഴിയുമായി യാത്രയാകും. അമ്പലത്തിലെത്തി ഇരുകരക്കാരും പ്രദക്ഷിണം വച്ച് കോഴിയെ അമ്പലത്തിലേക്ക് പറപ്പിച്ച് തിരികെയെടുത്ത് രണ്ടു കരക്കാരും ചേർന്ന് രണ്ടായി വലിച്ചുകീറും. അതിനുശേഷം കര കൂടി നാല്പത്തൊന്നു ദിവസത്തെ ഉത്സവം നിശ്ചയിച്ച് പിരിയുന്നു. ഇന്ന് ഈ ചടങ്ങ് ഒരു സ്മൃതിയായി മാത്രം നിലനിൽക്കുന്നു.

നൂറനാടിന്റെ കിഴക്ക് ഭാഗത്തുള്ള കരിങ്ങാലിപ്പുഞ്ചയിൽ പള്ളിമുക്കത്ത് വടക്കുവശത്തെത്തിയാൽ പിന്നെ ജലമാർഗ്ഗമില്ലായിരുന്നു. അതുകൊണ്ട് ഒരു വലിയ തോടു വെട്ടി നൂറനാടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പെരുവേലിൽ ചാലുമായി കൂമ്പിളൂർച്ചിറ വഴി യോജിപ്പിച്ചു. പകലും രാത്രിയുമായി വെട്ടിയുണ്ടാക്കിയ തോടിന് “പാണ്ടിയാൻ തോട്” എന്നു വിളിക്കുന്നു.

നൂറനാട് ജംഗ്ഷന് സമീപമുള്ള വില്ലേജ് ആഫീസും, മാർക്കറ്റും (ചന്ത) സ്ഥിതി ചെയ്യുന്ന സ്ഥലം, രാജവാഴ്ചക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിനുള്ള സത്രങ്ങളും (സർക്കീട്ട് ഹൗസ്) വണ്ടിപ്പുരയുമുള്ള സ്ഥലമായിരുന്നു. സർക്കാർവക ഒന്നര ഏക്കർ സ്ഥലമായിരുന്നു അന്ന് ഇതിനായി നീക്കിവച്ചിരുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചം കാണുന്നതിന് ഈ സത്രത്തിനു മുന്നിൽ ഉണ്ടായിരുന്ന വിളക്കുമരത്തിന്റെ അവശിഷ്ടങ്ങൾ നൂറനാട് പോലീസ് സ്റ്റേഷനു മുൻവശം ഇന്നും നിൽക്കുന്നത് കാണാൻ കഴിയും. സത്രം സൂക്ഷിപ്പുകാർ ഒറ്റദിവസവും മുടങ്ങാതെ ഈ വിളക്ക് കത്തിച്ചുപോന്നിരുന്നു.

മാവേലിക്കര താലൂക്കിലെ രണ്ടാമത്തെ പ്രവൃത്തി കച്ചേരിയും നൂറനാട്ടായിരുന്നു. ഇവിടുത്തെ പ്രവൃത്തിയാരുടെ അധികാരപരിധിയിലായിരുന്ന നൂറനാട് പ്രവൃത്തി കച്ചേരിയെ രാജവാഴ്ചയുടെ അവസാനകാലം നൂറനാട് വില്ലേജ് എന്നും, പാലമേൽ വില്ലേജ് എന്നും രണ്ടായി വിഭജിച്ചിരുന്നതായും കാണുന്നു. പഞ്ചായത്തിലെ സ്ഥലങ്ങളിൽ ഏറിയ പങ്കും ജന്മിമാരുടെ വക ആയിരുന്നു. അവർ ഈ സ്ഥലങ്ങളെല്ലാം അന്നുണ്ടായിരുന്ന നാട്ടുപ്രമാണിമാർക്ക് കൃഷിചെയ്യുന്നതിനായി കൊടുത്തു. കാലം കുറെ കഴിഞ്ഞപ്പോൾ ഈ സ്ഥലങ്ങളെല്ലാം നാട്ടുപ്രമാണിമാർ കൈവശത്തിലാക്കിയതായും പറഞ്ഞുകേൾക്കുന്നു.

വൈദേശിക മേധാവിത്വത്തിനും, സി.പി.യുടെ കിരാതവാഴ്ചക്കും എതിരായുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് 1938 മുതൽ തുടക്കം കുറിച്ചിരുന്നതായി കാണാം. അന്ന് നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ വില്ലേജുകൾ കേന്ദ്രീകരിച്ച് താലൂക്കടിസ്ഥാനത്തിൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ കമ്മിറ്റി ചാരുംമൂട് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. പട്ടികജാതിയിൽപ്പെട്ടവർക്കു നേരെ അന്നു നിലനിന്നിരുന്ന അയിത്തത്തിനും മറ്റുമെതിരായി അവരെ സംഘടിപ്പിച്ച് 1931-ൽ ചീനിവിള ചാത്തന്റെ നേതൃത്വത്തിൽ അയ്യൻകാളിയെ പോയി കാണുകയും, മറ്റപ്പളളിയിൽ അദ്ദേഹം വന്ന് ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചതായും അറിയുന്നു.

സാംസ്കാരിക രംഗത്ത് ജനങ്ങളിൽ വായനാശീലവും അറിവും പകർന്നു കൊടുക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി കാവുമ്പാട് കേന്ദ്രീകരിച്ച് സുഭാഷ് ഗ്രന്ഥശാല സ്ഥാപിതമായി. രണ്ടാംലോക മഹായുദ്ധത്തെ തുടർന്ന് നാട്ടിലാകെ പടർന്നു പിടിച്ച പട്ടിണി പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. അരിയും മറ്റു സാധനങ്ങളും കിട്ടാതായി. ഈ ദുരിതം കണ്ട് എരുമക്കുഴി പ്രദേശത്തെ ഉണ്ണിയുടെയും മറ്റും നേതൃത്വത്തിൽ ഏതാനും പേർ ഒത്തൊരുമിച്ച് കാവുമ്പാട്ട് ദേശാഭിമാനി സ്റ്റോർ എന്ന പേരിൽ ഒരു സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നു. ജനങ്ങൾക്കാകെ ആശ്വാസമായിരുന്നു ഈ സ്ഥാപനം. 1946-ൽ നടന്ന പുന്നപ്ര-വയലാർ സമരത്തിനു ശേഷം ചേർത്തല താലൂക്കിലെ ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലുമായി. അന്ന് 8 മണിക്കൂർ കൊണ്ട് ഒരു ലോറി ഭക്ഷണ സാധനങ്ങൾ പഞ്ചായത്തിൽ നിന്നും സംഭരിച്ച് നൽകിയ സംഭവം ജനങ്ങളുടെ മനുഷ്യ സ്നേഹത്തിന്റെയും ദേശ സ്നേഹത്തിന്റെയും മകുടോദാഹരണമാണ്.

പടനിലം ശിവരാത്രി[തിരുത്തുക]

നൂറനാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പടനിലം ശിവരാത്രി. നൂറനാട്ടെ 16 കരക്കാരും പടുകൂറ്റൻ കെട്ടുകാളകളെ നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. 50 അടിക്കുമുകളിൽ ഉയരമുള്ള കെട്ടുകളകൾ വരെ പടനിലം ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. കാളകെട്ടിനുള്ള പ്രാധാന്യം മൂലം നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭീമാകാരന്മാരായ ജോടിക്കാളകളെ ചെറുതും വലുതുമായ വഴികളിലൂടെ കൈക്കരുത്തും യന്ത്രസഹായവും ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത് കാണുവാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവരാത്രിക്ക് എത്തുന്നു.

പടനിലം പരബ്രഹ്മ ക്ഷേത്രം[തിരുത്തുക]

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു.

ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു. ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്.

കരിങ്ങാലിച്ചാൽ തണ്ണീർത്തടം[തിരുത്തുക]

കേരളത്തിന്റെ പക്ഷി ഗ്രാമം എന്ന വിശേഷണം നൂറനാടിന് ലഭിക്കുന്നതിൽ മുഖ്യ കാരണമാണ് വിശാലമായ കരിങ്ങാലിച്ചാൽ തണ്ണീർത്തടം. ഏകദേശം 13 ചതുരശ്ര കിലോമീറ്ററിന് മുകളിൽ വിസ്തീർണ്ണം ഉള്ള, നെൽപ്പാടങ്ങളും നീർച്ചാലുകളും ആഴമുള്ള വെള്ളക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ മനോഹരമായ പ്രദേശമാണിത്.

നൂറനാട്, പാലമേൽ പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലുമായാണ് കരിങ്ങാലിപ്പുഞ്ച സ്ഥിതി ചെയ്യുന്നത്. ഓണാട്ടുകരയുടെ നെല്ലറയാണ് ഈ പ്രദേശം. പ്രധാനമായും ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള 4 മാസം ഇവിടെയുള്ള നെൽപ്പാടങ്ങളിൽ കൃഷി നടക്കുന്നു. ഇതിനു സഹായമായി കല്ലട ഇറിഗേഷൻ പദ്ധതിയുടെ (KIP) വലതുകര കനാലിലൂടെ ഈ സമയത്ത് തെന്മല അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കുന്നു. നിരവധി ഉപ കനാലുകളിലൂടെ പ്രധാന കനാലിൽനിന്ന് വെള്ളം കരിങ്ങാലിച്ചാലിൽ എത്തുന്നു. വടക്ക് ഐരാണിക്കുഴി പാലം വഴി അച്ചൻകോവിൽ ആറിൽ നിന്നുള്ള ജലവും കരിങ്ങാലിച്ചാലിലേക്ക് എത്തുന്നു. മഴ ഏറിയ സമയങ്ങളിൽ ജലനിരപ്പ് വളരെയധികം ഉയരാൻ ഇത് ഇടയാക്കുന്നു.

പക്ഷി നിരീക്ഷകരുടെ പറുദീസയാണ് നൂറനാട്. ദേശാടനപ്പക്ഷികൾ ഉൾപ്പടെ അനവധി ഇനം പക്ഷികളെ ഇവിടെ കാണാനാകും. പ്രമുഖ പക്ഷി നിരീക്ഷകനായ ശ്രീ പി. കെ. ഉത്തമൻ, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിൽ (Journal of The Bombay Natural History Society) 1988 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലൂടെയാണ് നൂറനാട് പക്ഷി നിരീക്ഷകരുടെ ഇടയിൽ പ്രസിദ്ധി നേടുന്നത്. Great Egret (പെരുമുണ്ടി), Little egret (ചിന്നമുണ്ടി), Siberian stonechat, Alpine swift, Eurasian Marsh Harrier, Indian Pitta, Oriental Darter, brown backed needletail (വലിയ മുൾ‌വാലൻ ശരപ്പക്ഷി), Black headed ibis, Red-wattled Lapwing (ചെങ്കണ്ണി തിത്തിരി), Common iora തുടങ്ങി നൂറുകണക്കിന് പക്ഷി വർഗ്ഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നു.

മൺമറഞ്ഞ വ്യക്തിത്വങ്ങൾ[തിരുത്തുക]

 1. പി.കെ.പി പോറ്റി
 2. ഗീവർഗീസ് കൊച്ചുകുഞ്ഞ് ആശാൻ (ആശാൻ മുക്ക്. പടനിലം)
 3. വേണാട് ശിവൻകുട്ടി
 4. പി.കെ.വർഗ്ഗീസ് ഗ്രീൻലാൻഡ് (തോമസ്)
 5. കൊയ്‌പ്പള്ളി മഠം നാരായണ ഭട്ടതിരിപ്പാട്
 6. കടയിക്കാട്ട് ജി ജനാർദ്ദനൻ ഉണ്ണിത്താൻ
 7. തമ്പി നാരായണൻ
 8. നൂറനാട് ഹനീഫ് (നോവലിസ്ററ്)

പ്രശസ്ത വ്യക്തിത്വങ്ങൾ[തിരുത്തുക]

 1. അജന്താലയം (മംഗളം ചാനൽ)
 2. വിശ്വൻ പടനിലം(കഥാകൃത്ത്,നോവലിസ്റ്റ്)
 3. റജി വി ഗ്രീൻലാൻഡ് (കവിത, കഥാ കൃത്ത്, പുസ്തക നിരൂപണം)
 4. ശ്രീജ പിള്ള ( കവയത്രി)
 5. രേഖ ആർ താങ്കൾ (കവയത്രി)
 6. ഇടപ്പോൺ അജികുമാർ (കഥാകൃത്ത്)
 7. ബിജി വർഗീസ് ഗ്രീൻലാൻഡ്(ദൂരദർശൻ,ആകാശവാണി ലേഖകൻ)
 8. കൃഷി മന്ത്രി പി പ്രസാദ്
 9. പ്രമോദ് നാരായൺ എം എൽ എ

11. നൂറനാട് പ്രദീപ് ‌ (നാടക നടൻ,സംവിധായകൻ,തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആർട്ടിസ്റ്റ് )

12.[ നൂറനാട് സുകു (നാടക സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ)]-https://sites.google.com/view/nooranadsuku/home

അവലംബം[തിരുത്തുക]

 1. "Census of India:Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

1. Website of Palamel grama panchayath https://panchayat.lsgkerala.gov.in/palamelpanchayat/history/ Archived 2022-07-20 at the Wayback Machine.

2. Website of Nooranad grama Panchayath https://panchayat.lsgkerala.gov.in/nooranadpanchayat/history/ Archived 2021-12-28 at the Wayback Machine.

3. "The Hindu" article about Bird village of Kerala. www.thehindu.com/news/national/kerala/nooranad-becomes-hub-of-avian-beauties/article32016449.ece/amp/

"https://ml.wikipedia.org/w/index.php?title=നൂറനാട്&oldid=3899023" എന്ന താളിൽനിന്ന് ശേഖരിച്ചത്