നുസ ലെംബോംഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്തോനേഷ്യയിലെ ബാലിയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് നുസ ലെംബോംഗൻ . നുസ പെനിഡ ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ദ്വീപുകളുടെ (നൂസ ദ്വീപസമൂഹം) സമൂഹത്തിൻ്റെ ഒരു ഭാഗമാണിത്, അതിൽ നുസ പെനിഡ, നുസ ലെംബോംഗൻ, നുസ സെനിംഗൻ എന്നീ മൂന്ന് ദ്വീപുകളിൽ ഏറ്റവും പ്രസിദ്ധമാണ് - "നുസ ദ്വീപുകൾ" എന്നറിയപ്പെടുന്നു. [1] ഈ ദ്വീപസമൂഹം ലെസ്സർ സുന്ദ ദ്വീപുകളുടെ ഭാഗമാണ്.

ഭരണകൂടം[തിരുത്തുക]

ഭരണപരമായി, നുസ ലെംബോംഗൻ ദ്വീപ് ക്ലങ്കുങ് റീജൻസിയുടെ ഒരു ജില്ലയുടെ ഭാഗമാണ്. ഈ ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ചെറിയ കടൽത്തീര ദ്വീപുകളിൽ ഒന്നാണ് നുസ ലെംബോംഗൻ, മറ്റുള്ളവ നുസ പെനിഡ, നുസ സെനിംഗൻ എന്നിവയാണ്. [2] ആ ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും നുസ ലെംബോംഗൻ ദ്വീപിൽ ആണ് ഉള്ളത്. കൂടാതെ ബാലി, ലോംബോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികൾക്ക് ഏറ്റവും കൂടുതൽ താമസ സൗകര്യങ്ങളും ഭക്ഷണ സൗകര്യങ്ങളും ഇവിടെ ഉള്ളതിനാൽ നുസ ദ്വീപുകളിലേക്കുള്ള സന്ദർശകരുടെ ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. [3]

ഭൂമിശാസ്ത്രം[തിരുത്തുക]

നുസ ലെംബോംഗൻ റീഫ്, ബാലി, ഇന്തോനേഷ്യ
സസ്പെൻഷൻ ബ്രിഡ്ജിന്റെ സ്ഥാനം കാണിക്കുന്ന ഭൂപടം, ലെംബോംഗനെ അടുത്തുള്ള ഒരു ദ്വീപുമായി (താഴെ മധ്യഭാഗം) ബന്ധിപ്പിക്കുന്നു; 2016ൽ പാലം തകർന്നെങ്കിലും പുനർനിർമിച്ചു.
നുസ ലെംബോംഗൻ നുസ സെനിംഗൻ പാലം
തെക്ക്-പടിഞ്ഞാറ് നുസ ലെംബോംഗനിൽ ഉള്ള കിഴുക്കാംതൂക്കായ ചുണ്ണാമ്പുകല്ല് മലഞ്ചെരിവ്‌
നുസ ലെംബോംഗനിലെ ജംഗട്ട് ബട്ടു ഗ്രാമം

നുസ ലെംബോംഗന്റെ വിസ്തീർണ്ണം ഏകദേശം 8 ചതുരശ്ര കിലോമീറ്ററാണ്. അവിടുത്തെ സ്ഥിരമായ ജനസംഖ്യ 5,000 ആയി കണക്കാക്കപ്പെടുന്നു. [4] ബദുങ് കടലിടുക്കിന്റെ പന്ത്രണ്ട് കിലോമീറ്റർ നുസ ലെംബോംഗനെ ബാലി ദ്വീപിൽ നിന്ന് വേർതിരിക്കുന്നു. വെളുത്ത മണൽ ബീച്ചുകളും താഴ്ന്ന ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള മലഞ്ചെരിവ്‌ ഉള്ള പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടതാണ് ദ്വീപ്. ന്യൂസ ലെംബോംഗനെ നുസ സെനിംഗനിൽ നിന്ന് വേർതിരിക്കുന്നത് ഒരു ആഴം കുറഞ്ഞ അഴിമുഖ ചാലിലൂടെയാണ്. ഇവിടെ താഴ്ന്ന വേലിയേറ്റം ഉള്ള സമയത്ത് ജലഗതാഗതം ചെയ്യാൻ കഠിനമാണ് . നുസ ലെംബോംഗനിൽ സ്ഥിരമായ ജലപാതകളൊന്നുമില്ല. നുസ ലെംബോംഗനെയും നുസ സെനിംഗനെയും ബന്ധിപ്പിക്കുന്ന ഒരു തൂക്കുപാലമുണ്ട്. ആ തൂക്ക് പാലത്തിലൂടെ കാൽനടയായും മോട്ടോർ ബൈക്കിലും മാത്രം സഞ്ചരിക്കുവാൻ അനുവദിക്കുന്നു.

ദ്വീപിൽ മൂന്ന് പ്രധാന ഗ്രാമങ്ങളുണ്ട്. ജംഗട്ട് ബട്ടുവും മഷ്റൂം ബേയും ദ്വീപിലെ വിനോദസഞ്ചാര അധിഷ്ഠിത വ്യവസായത്തിന്റെയും പ്രവർത്തനങ്ങളുടെയും കേന്ദ്രങ്ങളാണ് [5] അതേസമയം അവിടെ ജനിച്ച് വളർന്നവരായ നാട്ടുകാർ ഭൂരിഭാഗവും ലെംബോംഗൻ ഗ്രാമത്തിലാണ് താമസിക്കുന്നത്.

കിഴക്ക്, ലോംബോക്ക് കടലിടുക്ക് മൂന്ന് ദ്വീപുകളെയും ലോംബോക്കിൽ നിന്നും വേർതിരിക്കുന്നു, കൂടാതെ ഇന്തോമലയൻ മണ്ഡലത്തിലെ ജന്തുജാലങ്ങളും ഓസ്‌ട്രലേഷ്യയിലെ വ്യത്യസ്തമായ ജന്തുജാലങ്ങളും തമ്മിലുള്ള ജൈവ ഭൂമിശാസ്ത്രപരമായ വിഭജനത്തെ അടയാളപ്പെടുത്തുന്നു. ഈ രണ്ട് പ്രധാന ബയോമുകൾക്കിടയിൽ ഒരു സംക്രമണ മേഖല ആദ്യമായി നിർദ്ദേശിച്ച ആൽഫ്രഡ് റസ്സൽ വാലസിന്റെ പേരിലാണ് ആ സംക്രമണം വാലസ് ലൈൻ എന്നറിയപ്പെടുന്നത്.

ദ്വീപിന്റെ വടക്ക്-കിഴക്ക് ഭാഗത്തായുള്ള താരതമ്യേന വലിയ കണ്ടൽക്കാടുകൾ ഉണ്ട്, മൊത്തം 212 ഹെക്ടർ [6]കണ്ടൽക്കാടുകളുണ്ട്.

കിഴക്കൻ-തീരത്തുള്ള ബാലി റിസോർട്ട് പട്ടണമായ സനൂറിൽ നിന്നാണ് നുസ ലെംബോംഗനിലേക്ക് സ്ഥിരമായി സ്പീഡ് ബോട്ട് സർവീസ് നടത്തുന്നത്. ക്രോസിംഗ് സമയം ഏകദേശം 30 മിനിറ്റാണ്, പകൽ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ സ്പീഡ് ബോട്ട് സർവീസ് പ്രവർത്തിക്കുന്നു. ബാലി തുറമുഖ പട്ടണമായ പഡാങ് ബായിയിൽ നിന്ന് ദിവസവും വലിയ ചരക്ക് ബോട്ടുകൾ സർവീസ് നടത്തുന്നു.

ദ്വീപിൽ വളരെ കുറച്ച് കാറുകൾ മാത്രമേ ഉള്ളൂ. ദ്വീപിന്റെ വലിപ്പം കുറവായതിനാൽ സ്കൂട്ടറുകളും കാൽനടയുമാണ് അവിടുത്തെ മുഖ്യമായ ഗതാഗത രീതി.

പ്രാദേശിക സമ്പദ്വ്യവസ്ഥ[തിരുത്തുക]

നുസ ലെംബോംഗനിലെ കടൽപ്പായൽ കൃഷി

നുസ ലെംബോംഗനിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ പ്രധാനപ്പെട്ട ടൂറിസം അടിസ്ഥാന സൗകര്യങ്ങളുള്ള മൂന്ന് അയൽ ദ്വീപുകളിൽ ഒന്നാണ് നുസ ലെംബോംഗൻ. കപ്പൽ അവശിഷ്ടങ്ങൾ, വിള്ളലുകൾ എന്നിവയുൾപ്പെടെ പ്രശസ്തമായ സർഫ് ബ്രേക്കുകളുള്ള നുസ ലെംബോംഗൻ ലോക പ്രശസ്തമായ സർഫിംഗ് കേന്ദ്രമായി അറിയപ്പെടുന്നു. [7] ലോകോത്തര നിലവാരത്തിലുള്ള സ്കൂബ ഡൈവിംഗിനും പവിഴപ്പുറ്റുകളിൽ സ്നോർക്കെല്ലിംഗിനും പേരുകേട്ടതാണ് ഈ ദ്വീപ്. [8] ദ്വീപിൽ ഉപജീവനത്തിനു വേണ്ടിയുള്ള കൃഷിയും മത്സ്യബന്ധനവുമുണ്ട് [9] കൂടാതെ 2015 വരെ കടൽപ്പായൽ കൃഷി ഒരു സൂക്ഷ്മവ്യവസായമായിരുന്നു, 2015 ഓടെ ടൂറിസവും മലിനീകരണവും കാരണം അത് പ്രായോഗികമല്ലാതായി. [10]

ദ്വീപിൽ നിരവധി അതിഥി മന്ദിരങ്ങളും ഒരു ചെറിയ ജിമ്മും ഉണ്ട്. [11]

നുസ ലെംബോംഗനിലെ വെള്ളത്തിൽ സമുദ്രത്തിലെ സൂര്യ മത്സ്യം.

സംരക്ഷണ പ്രശ്നങ്ങൾ[തിരുത്തുക]

ദ്വീപിലെ വിനോദസഞ്ചാരത്തിന്റെ ഭാവി നിലവാരം നിലനിർത്തുന്നതിന് സമുദ്ര സംരക്ഷണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു, 2009 ഫെബ്രുവരിയിൽ, നുസ ലെംബോംഗനിൽ നിന്നുള്ള ഒരു പ്രാദേശിക എൻ‌ജി‌ഒ, ദി നേച്ചർ കൺസർവൻസി കോറൽ ട്രയാംഗിൾ സെന്റർ, നുസ ലെംബോംഗനിൽ ഒരു കമ്മ്യൂണിറ്റി സെന്റർ തുറന്നു. നുസ ലെംബോംഗന്റെയും നുസ പെനിഡയുടെയും ചുറ്റുമുള്ള ജലാശയങ്ങളിൽ കുറഞ്ഞത് 247 തരം പവിഴ ഇനങ്ങളും 562 തരം പവിഴ മത്സ്യങ്ങളുടെ ഇനങ്ങളും ഉണ്ട്. [12]

മറ്റ് സംരക്ഷണ സംരംഭങ്ങളിൽ തെക്ക് പടിഞ്ഞാറൻ തീരത്തെ സൺസെറ്റ് ബീച്ചിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി ആമകളുടെ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്ന് വിടുന്ന പദ്ധതി ഉൾപ്പെടുന്നു. [13] [14]

റഫറൻസുകൾ[തിരുത്തുക]

 1. Post, The Jakarta. "Administration to improve access to Nusa Penida".
 2. Government Office of the Regency of Klungkung Archived 2009-12-15 at the Wayback Machine.
 3. "Lembongan Island - What to do". Hotels.com. Hotels.com. ശേഖരിച്ചത് 26 February 2022.
 4. Sunset (27 May 2009). "All about Nusa Lembongan".
 5. "Nusa lembongan Property: all about Nusa Lembongan". മൂലതാളിൽ നിന്നും 2017-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-11-18.
 6. "Survey and Condition of the Mangrove Forest at Nusa Lembongan and Nusa Ceningan" (PDF). മൂലതാളിൽ (PDF) നിന്നും 2009-09-20-ന് ആർക്കൈവ് ചെയ്തത്.
 7. ""Even The Old Guys Are Saying The Wedge Is Back!"". Surfline. Surfline. ശേഖരിച്ചത് 26 February 2022.
 8. "Indonesia leads the way in restoring coral reefs, scientists say". Al Jazeera. Al Jazeera. ശേഖരിച്ചത് 26 February 2022.
 9. Post, The Jakarta. "Residents lack tools to monitor destructive fishing".
 10. "Report On The Training Course On gracilaria Algae Manila, Philippines 1–30 April 1981".
 11. "Gyms of the World". മൂലതാളിൽ നിന്നും 2021-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-11-18.
 12. "Coral Triangle Center - Ensuring coral reefs for life".
 13. Sunset (6 July 2009). "Visitors to Nusa Lembongan doing their bit to save sea turtles".
 14. Post, The Jakarta. "Baby sea turtles head off on a big adventure".
"https://ml.wikipedia.org/w/index.php?title=നുസ_ലെംബോംഗൻ&oldid=3823715" എന്ന താളിൽനിന്ന് ശേഖരിച്ചത്